Image

മായാതരംഗം (കവിത: അമിത്രജിത്ത്)

Published on 08 October, 2026
മായാതരംഗം (കവിത: അമിത്രജിത്ത്)

ശാന്തമെന്നോതി നീ നീട്ടിയ നിൻ മണൽ-

ത്തിട്ടയിൽ കാൽവെച്ച മാത്രയിലോർത്തു ഞാൻ;

ചടുലമാം പ്രാണന്റെ കപടമാം സുസ്മിതം,

തടമടിയ്ക്കാതെയാഴ്ത്തുന്നൊരീ മർത്ത്യത!

ആഴങ്ങൾ തൻ ഉള്ളിൽ ആരുമറിയാതെ ആവർത്തിച്ചൂറുന്ന ശോകവേഗങ്ങളിൽ, വാക്കു കൊണ്ടാർദ്രമായ് പിന്നോട്ട് വലിഞ്ഞിട്ട്-

യത്നം വെടിഞ്ഞു നീ പായുന്നതെങ്ങോട്ട്?

പെട്ടെന്നുറങ്ങുന്ന വൻതിരമാലയായ്

പൊട്ടിത്തെറിക്കുന്നു നിൻ ഹൃദയേച്ഛകൾ;

തഞ്ചത്തിൽ വഞ്ചിച്ചു നെഞ്ചകം പൊള്ളിക്കും

വഞ്ചകക്കടലിന്റെ ചതിയാണീ മാനുഷം!

അടിയൊഴുക്കിൽ പെട്ട ജീവന്റെ വ്യഗ്രത,

അലകളായ് വന്നെന്റെ തീരത്തെ നക്കുന്നു.

കള്ളക്കടലിന്റെ കാപട്യ ശൈലിയിൽ

കണ്ണീരിലേറ്റുന്നു കല്ലുവെച്ചീ ജന്മം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക