
മില്‍പിറ്റസ്: മലയാളി യുവതികളായ അഞ്ജന ഹരിയെയും ആന്‍ മേരി മാത്യുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ അനില ബേബിയുടെ അടുത്ത കോടതി ഹിയറിങ് ഇന്ന്, ഒക്ടോബര്‍ 8-ന് നടക്കും. നവംബര്‍ 17-ന് നടത്താനിരുന്ന ഹിയറിങ് പ്രതിഭാഗത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് നേരത്തെയാക്കുകയായിരുന്നു. എന്നാല്‍, ഹിയറിങ് തീയതി മാറ്റിയതിനു പിന്നിലെ പ്രധാന കാരണം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഒക്ടോബര്‍ 8-ലെ നടപടിയില്‍ പ്രതിക്ക് ക്രിമിനല്‍ കേസ് നേരിടാനുള്ള മാനസിക ശേഷിയെക്കുറിച്ച് സംശയം (doubt as to competency) രേഖപ്പെടുത്തുന്നതിനുള്ള നടപടികളാണ് പ്രധാനമായും നടക്കുകയെന്ന് സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സിന്തിയ സുമിഡ അസൈന്‍ ചെയ്ത പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഇ-മലയാളിയോട് വ്യക്തമാക്കി.
പ്രതിഭാഗമാണ് ഒക്ടോബര്‍ 8-ലേക്ക് ഹിയറിങ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കേസിന്റെ നിലവിലെ ഘട്ടത്തില്‍ പ്രതിഭാഗം ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സുമിഡ വ്യക്തമാക്കി. ഇതോടെ, നേരത്തെ നവംബര്‍ 17-ന് നിശ്ചയിച്ചിരുന്ന plea hearing-ന് പകരം ഒക്ടോബര്‍ 8-ലെ നടപടികള്‍ കേസിന്റെ മറ്റൊരു നിര്‍ണായക നിയമഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഇവിടെ കോമ്പിറ്റന്‍സി എന്നത് പ്രതിക്ക് മാനസിക രോഗമുണ്ടോ എന്നതുമാത്രം പരിശോധിക്കുന്നതല്ല. തനിക്കെതിരായ ക്രിമിനല്‍ നടപടികളുടെ സ്വഭാവവും അര്‍ഥവും മനസ്സിലാക്കാനും അഭിഭാഷകനുമായി യുക്തിപൂര്‍വം സഹകരിച്ച് പ്രതിരോധം നടത്താനും പ്രതിക്ക് നിലവില്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാന നിയമചോദ്യം. കാലിഫോര്‍ണിയ നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക നടപടിക്രമമാണ് നിലവിലുള്ളത്.
കോടതിയില്‍ കോമ്പിറ്റന്‍സി സംബന്ധിച്ച് സംശയം ഉയര്‍ന്നാല്‍, അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും ആവശ്യമായാല്‍ പ്രത്യേക കോമ്പിറ്റന്‍സി ഹിയറിങ് നടത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. അത്തരം ഹിയറിങ്ങില്‍ പ്രതി കോമ്പിറ്റന്റ് ആണെന്ന് നിയമപരമായി കണക്കാക്കുന്നതാണ് പ്രാഥമികമായ നടപടി.കോമ്പിറ്റന്‍സി തെളിയിക്കേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഒക്ടോബര്‍ 8-ന് തന്നെ അനില ബേബി 'മാനസികമായി അയോഗ്യ'യാണെന്ന് കോടതി പ്രഖ്യാപിക്കുമെന്ന് അര്‍ഥമില്ല. പകരം, അത്തരമൊരു സംശയം ഔദ്യോഗികമായി രേഖപ്പെടുത്തി കോമ്പിറ്റന്‍സിസംബന്ധിച്ച തുടര്‍നടപടികള്‍ ആവശ്യമാണോ എന്നതിലേക്കാണ് കേസ് നീങ്ങുക.
നിലവിലെ വിവരമനുസരിച്ച് പ്രതിഭാഗം ഇതുവരെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ഒക്ടോബര്‍ 8-ന് ജാമ്യം ലഭിക്കുമെന്നോ ജാമ്യാപേക്ഷ പരിഗണിക്കുമെന്നോ ഇപ്പോള്‍ പറയാനാവില്ല. രണ്ട് കൊലക്കുറ്റങ്ങളിലാണ് അനില ബേബിക്കെതിരെ കേസ് നിലവിലുള്ളത്. കോമ്പിറ്റന്‍സി സംബന്ധിച്ച ഹിയങിങ് ആവശ്യമായി വന്നാല്‍, കേസിന്റെ സാധാരണ ക്രിമിനല്‍ നടപടികള്‍ അതിന്റെ ഫലം വരുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. പ്രതി കോമ്പിറ്റന്‍സിയില്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തിയാല്‍, വീണ്ടും കേസ് നേരിടാന്‍ യോഗ്യയാകുന്നതുവരെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് കേസ് മാറാം.
ആഗസ്റ്റ് 28-ന് മില്‍പിറ്റാസില്‍ അഞ്ജന ഹരി വാഹനമിടിച്ച് കൊല്ലപ്പെട്ടതും അതേ ദിവസം സാനോസെയില്‍ ആന്‍ മേരി മാത്യു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അനില ബേബിക്കെതിരെ രണ്ട് മര്‍ഡര്‍ കൗണ്ട്‌സ് ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 8-ന് സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് രണ്ട് കൊലക്കുറ്റങ്ങളും ഔദ്യോഗികമായി ചുമത്തിയിരുന്നു.