Image

ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഒക്ടോബർ 9,10,11 തീയതികളിൽ

സിജോയ് പറപ്പള്ളിൽ Published on 08 October, 2026
ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഒക്ടോബർ 9,10,11 തീയതികളിൽ

ടാമ്പാ: ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ പ്രധാന തിരുനാൾ ആഘോഷങ്ങൾ 2026 ഒക്ടോബർ 9 വെള്ളി, 10 ശനി, 11 ഞായർ തീയതികളിൽ ഭക്തിനിർഭരവും വിപുലവുമായ പരിപാടികളോടെ നടത്തപ്പെടുന്നു. വിശ്വാസത്തിന്റെയും കുടുംബകൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ആഘോഷമായി ഒരുക്കുന്ന മൂന്നു ദിവസത്തെ തിരുനാളിലേക്ക് എല്ലാ ഇടവകാംഗങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക നേതൃത്വം അറിയിച്ചു.

ഒക്ടോബർ 9 വെള്ളിയാഴ്ച 6 മണിക്ക് കൊടിയേറ്റവും 6.15ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് 7.15ന് മരിച്ചുപോയവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും.

ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരാധനയും കുമ്പസാരവും, 6 മണിക്ക് ദേവാലയത്തിൽ മലയാളത്തിൽ ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. ഫാ. ജോസഫ് ചിറപ്പുറത്ത് മുഖ്യകാർമ്മികനായിരിക്കും; ഫാ. സജി മുത്തിരന്തിക്കൽ CFIC വചനസന്ദേശം നൽകും. അതേസമയം ചാപ്പലിൽ യുവജനങ്ങൾക്കായുള്ള വിശുദ്ധ കുർബാനയും സന്ദേശവും ഫാ. ജിമ്മി ജെയിംസിന്റെ കാർമ്മികത്വത്തിൽ നടക്കും. രാത്രി 7.30ന് പ്രദക്ഷിണവും ആശീർവാദവും, തുടർന്ന് 8.15ന് കലാപരിപാടികളും വെടിക്കെട്ടും ഉണ്ടായിരിക്കും. കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവിൽപ്പനയും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാൾ പാട്ടുകുർബാന നടക്കും. ഫാ. അഭിലാഷ് തോമസ് വി.സി. മുഖ്യകാർമ്മികനായിരിക്കും; ഫാ. ജോസ് ചിറപ്പുറത്ത് തിരുനാൾ സന്ദേശം നൽകും. ചാപ്പലിൽ ഇംഗ്ലീഷിലുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 11.45ന് പ്രദക്ഷിണവും സമാപന ആശീർവാദവും തുടർന്ന് 12.30ന് സ്നേഹവിരുന്നും  ഉണ്ടായിരിക്കും.

വിശ്വാസികൾക്ക് കുമ്പസാരത്തിനും ആരാധനയ്ക്കും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ആത്മീയമായി തിരുനാൾ ആഘോഷിക്കുന്നതിനും പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. പ്രദക്ഷിണം, കലാപരിപാടികൾ, വെടിക്കെട്ട്, ഭക്ഷണവിൽപ്പന, സ്നേഹവിരുന്ന് എന്നിവയും മൂന്നു ദിവസത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

“One Faith, One Family in Christ — ഒരേ വിശ്വാസത്തിൽ, ഒരേ കുടുംബമായി ക്രിസ്തുവിൽ” എന്ന ആത്മീയ ചൈതന്യത്തിൽ, പുതിയ ദേവാലയ നിർമ്മാണമെന്ന ഇടവകയുടെ വലിയ സ്വപ്നത്തിലേക്കുള്ള കൂട്ടായ യാത്രയ്ക്കും ഈ തിരുനാൾ കൂടുതൽ കരുത്തേകും. ഇടവകയിലെ വിവിധ കൂടാരയോഗങ്ങളുടെയും സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ഇടവക വികാരി റവ. ഫാ. ജോസഫ് മാത്യു ആദോപ്പിള്ളിയും, കൈക്കാരന്മാരായ ജോസ്മോൻ തത്തംകുളം, കിഷോർ വട്ടപ്പറമ്പിൽ, ബേബി മാക്കിൽ, റെനി പച്ചിലമാക്കിൽ, പാരിഷ് കൌൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നവർ നേതൃത്വം നൽകും.

 

ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഒക്ടോബർ 9,10,11 തീയതികളിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക