
വാഷിംഗ്ടൺ: ഫ്രാൻസിൽ ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന വൻകിട വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കുടിയേറ്റവും ഇസ്ലാമികാധിപത്യവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിൻറെ പരാമർശം. ഫ്രാൻസിലെ പ്രതിഷേധങ്ങൾ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കല്ലെന്നും, രാജ്യത്ത് ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. അനിയന്ത്രിതമായ കുടിയേറ്റമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഫണ്ടില്ലായ്മ, അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ തിരക്ക്, തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കെതിരെ ഫ്രാൻസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത്.
ഫ്രാൻസിലെ പ്രക്ഷോഭം "നിയന്ത്രണാതീതമായ വൻതോതിലുള്ള കുടിയേറ്റത്തിന്റെ" ഫലമാണെന്നും ഫ്രാൻസ് പിടിച്ചെടുക്കാൻ ഇസ്ലാം ലക്ഷ്യമിടുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.
"ഫ്രാൻസിൽ സംഭവിക്കുന്നത് നിയന്ത്രണാതീതമായ വൻതോതിലുള്ള കുടിയേറ്റമല്ലാതെ മറ്റൊന്നുമല്ല. ഇത് സ്കൂളുകളെക്കുറിച്ചുള്ള പ്രശ്നമല്ല, മറിച്ച് ഒരുകാലത്ത് മഹത്തായിരുന്ന രാജ്യത്തെ ഇസ്ലാം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്! പ്രസിഡന്റ് ഡി.ജെ.ടി." - എക്സിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.
ഫ്രാൻസിൽ സ്കൂളുകളിലെ ഫണ്ടില്ലായ്മയ്ക്കും അധ്യാപകരുടെ കുറവിനും ക്ലാസ് മുറികളിലെ തിരക്കിനും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കുമെതിരെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. സെപ്റ്റംബറിൽ പാരീസ് മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ഒക്ടോബർ 6 ആയപ്പോഴേക്കും 30ലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇതിന് പിന്തുണയുമായി ട്രേഡ് യൂണിയനുകളും മറ്റ് പൊതുമേഖലാ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.
ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോവൽ ബാറോട് രംഗത്തെത്തി. ഫ്രാൻസിന്റെ ആഭ്യന്തര സാഹചര്യം വ്യാഖ്യാനിക്കാൻ പുറത്തുനിന്നുള്ളവരെ അനുവദിക്കില്ലെന്നും രാജ്യം സ്വന്തം കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫ്രാൻസിൽ പ്രതിഷേധവുമായി രംഗത്തുള്ളത്