
ലൊസാഞ്ചലസിനും(2028) ബ്രിസ്‌ബെയ്‌നിനും(2032) പിന്നാലെ 2036 ഒളിംപിക്‌സ് വേദി ഏതാകും? രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐ.ഓ.സി.)യുടെ തീരുമാനം അറിയാന്‍ 2029 വരെ കാത്തിരിക്കേണ്ടിവരും. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളാണ് വേദിയാകാന്‍ രംഗത്തുള്ളത്. അതത് രാജ്യങ്ങളിലെ ഏതെങ്കിലും നഗരം ആണ് വേദിക്കായി ഉയര്‍ത്തിക്കാട്ടേണ്ടത്. അഹമ്മദാബാദ് ആകും ഇന്ത്യന്‍ നഗരം. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന നഗരമായതിനാല്‍ ഒരുക്കങ്ങള്‍ മുന്‍കൂട്ടി തുടങ്ങും.
ജര്‍മ്മനി, ഹംഗറി, ഖത്തര്‍, ദക്ഷിണകൊറിയ, ദക്ഷിണ ആഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. ഇതില്‍ ജര്‍മ്മനിയില്‍ 1936ല്‍ ബെര്‍ലിനിലും 1972 ല്‍ മ്യൂണിക്കിലും ഗെയിംസ് നടന്നിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ സോള്‍ ആണ് 1988 ലെ ഒളിംപിക്‌സ് വേദിയായത്. ഈ രണ്ട് രാജ്യങ്ങളില്‍ ശീതകാല ഒളിംപിക്‌സും നടന്നിട്ടുണ്ട്. ആഫ്രിക്കയില്‍ ഇതുവരെ ഒളിംപിക്‌സ് നടന്നിട്ടില്ല എന്ന ആനുകൂല്യം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.
ഒക്ടോബര്‍ 31 നു മുമ്പ് പുതുതായി ഏതെങ്കിലും രാജ്യം രംഗത്തുവരുമോയെന്ന് അറിയാനുണ്ട്. ഒക്ടോബര്‍ ആറിന് ഐ.ഓ.സി. പ്രസിദ്ധീകരിച്ച "ഒളിംപിക് ഗെയിംസ് ഹോസ്റ്റ് സെലക്ഷന്‍ ഹാന്‍ഡ് ബുക്കി "ല്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളാണുള്ളത്. ഐ.ഒ.സി.യുടെ ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മിഷനു മുന്നില്‍ ഇന്ത്യയുടെ പദ്ധതി അവതരിപ്പിക്കേണ്ടത് നവംബര്‍ 26നാണ്. 2027 മാര്‍ച്ചില്‍ ആദ്യ കടമ്പ കടന്നോയെന്ന് അറിയാം. അപ്പോഴേക്കും ഐ.ഓ.സി. ഏഴില്‍ നിന്ന് നിശ്ചിത രാജ്യങ്ങളെ ഷോര്‍ട് ലിസ്റ്റ് ചെയ്യും.
2028 ജനുവരിയിലാണ് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങള്‍ അവരുടെ പ്രാഥമിക അവകാശങ്ങളും സാമ്പത്തിക ഉറപ്പുകളും അവതരിപ്പിക്കേണ്ടത്. പിന്നാലെ ഐ.ഓ.സി. സംഘം വേദികള്‍ സന്ദര്‍ശിക്കും. 2028 ഡിസംബറില്‍ ഐ.ഓ.സി. അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കും. പിന്നീടാണ് വോട്ടെടുപ്പ്. ചുരുക്കിപ്പറഞ്ഞാല്‍ 2028 ല്‍ യു.എസില്‍ ഒളിംപിക്‌സ് നടക്കുമ്പോള്‍ എട്ടുവര്‍ഷം അകലെ ആരായിരിക്കും ആതിഥേയര്‍ എന്നതില്‍ വ്യക്തമായ ധാരണ ഉണ്ടാകില്ല. പിന്നെയും കാത്തിരിക്കണം.
ഒളിംപിക്‌സില്‍ മെഡല്‍ ഇല്ലായിരുന്ന കാലത്തുനിന്ന് ഇന്ത്യ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ഒളിംപിക്‌സ് കണക്കിലെടുത്താല്‍ യഥാക്രമം രണ്ട്, ഏഴ്(ഒരു സ്വര്‍ണ്ണം), ആറ് എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇതേ സമയം കഴിഞ്ഞ മൂന്നു ഗെയിംസില്‍ ജര്‍മ്മനി 112, കൊറിയ 73, ഹംഗറി 54, തുര്‍ക്കി 29, ദക്ഷിണാഫ്രിക്ക 19 എന്നിങ്ങനെ മെഡല്‍ നേടി. ഖത്തര്‍ മാത്രമാണ് ഇന്ത്യക്കു പിന്നില്‍; അഞ്ചു മെഡല്‍.
2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു മുമ്പ് 2036 ലെ ഒളിംപിക് വേദി നിര്‍ണ്ണയിക്കുന്നതിനാല്‍ 2030 ലെ പ്രകടനം ഗുണം ചെയ്യില്ല. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞു. ഇനി നിലമെച്ചപ്പെടുത്തി സ്‌പോര്‍ട്‌സില്‍ കരുത്തരെന്നു തെളിയിക്കാന്‍ ഇന്ത്യക്കുള്ള അവസരം 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് തന്നെ. ഇനി രണ്ടുവര്‍ഷമേ ബാക്കിയുള്ളൂ. ഐച്ചി - നഗോയ ഏഷ്യന്‍ ഗെയിംസില്‍ നേരിട്ട തിരിച്ചടികള്‍ മനസ്സിലാക്കി അടിയന്തര തിരുത്തലുകള്‍ വരുത്തണം.
രണ്ടു തവണ ഏഷ്യന്‍ ഗെയിംസും(1951ലും 1982ലും) ഒരിക്കല്‍ കോമണ്‍വെല്‍ത്ത് ഗെയിംസും(2010) നടത്തിയതാണ് മെഗാ കായികമേളകളില്‍ ഇന്ത്യയുടെ സംഘാടക പരിചയം. പക്ഷേ, ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മുങ്ങി നാണക്കേട് വരുത്തി. ഒളിംപിക്‌സ് വേദി ഒരുക്കങ്ങളില്‍ പിഴവുകള്‍ക്കു വലിയ വില നല്‍കേണ്ടി വരും.