Image

തമിഴക താര രാഷ്ട്രീയം : ദൃശ്യതയും അദൃശ്യതയും (പുസ്തകലോകം: ആർ ചന്ദ്രബോസ്)

Published on 07 October, 2026
തമിഴക താര രാഷ്ട്രീയം : ദൃശ്യതയും അദൃശ്യതയും (പുസ്തകലോകം: ആർ ചന്ദ്രബോസ്)

തമിഴ് നാടിന്റെ തനതായ രാഷ്ട്രീയ സ്വത്വത്തിന്റെയും  സിനിമയും രാഷ്ട്രീയവും പരസ്പരം ആശ്ലേഷിച്ചതിന്റെയും ചരിത്രം അടിപ്പടവാക്കിക്കൊണ്ടാണ് അനീഷിന്റെ അന്വേഷണം.

 

തമിഴ് നാടിന്റെ താര രാഷ്ട്രീയ സംസ്കാരത്തിൽ ദൃശ്യതയിൽപ്പെടാത്ത വസ്തുതകൾ മറനീക്കിക്കാണിക്കുന്ന പുസ്തകമാണ് , ടി. അനീഷിന്റെ 'പരാജിതനായകർ - തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ. ചരിത്രപരതയോടും വസ്തുതാപരമായും വിശകലനപരമായും ജനകീയ ശൈലിയിൽ രചിച്ച വേറിട്ട രാഷ്ട്രീയ സംസ്കാര പഠനഗ്രന്ഥം. തമിഴകത്തെ താര രാഷ്ട്രീയത്തെക്കുറിച്ച് നിലനിൽക്കുന്ന പൊതുബോധത്തെ റദ്ദു ചെയ്യുന്നു ഈ കൃതി , മാത്രമല്ല ഗ്രൗണ്ട് സീറോയിൽ നിന്നുകൊണ്ട് ജനപക്ഷ യാഥാർത്ഥ്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ സംസ്കാര പഠനമെന്ന നിലയിലും ഇത് പ്രാധാന്യമർഹിക്കുന്നു.
  
ചലച്ചിത്രത്തിലെ താര നായകരുടെ രാഷ്ട്രീയ പ്രവേശവും അധികാരത്തിലേക്കുള്ള ആരോഹണാവരോഹങ്ങളും പുറമെ നോക്കിയാലൊരു സിനിമാറ്റിക് വിസ്മയമാണ്. അടിത്തട്ടിലെ തമിഴ് ജനത ഇതിന്റെ പേരിൽ അവമതിക്കപ്പെടുന്നുമുണ്ട്. താരത്തിളക്കത്തിന്റെ മായിക പ്രഭയിൽ മതിമയങ്ങി വരെന്നും സിനിമ ഭ്രാന്തമായ ആവേശവും മതവും വിശ്വാസവും ആരാധനയുമാക്കിത്തീർത്തവരെന്നും അക്കാദമിക് ചർച്ചകളിൽ ഉയർന്നു കേൾക്കാറുണ്ട്. ഇതിന്റെയെല്ലാം നിജസ്ഥിതിയിലേക്കുള്ള സഞ്ചാരമാണ് അനീഷിന്റെ പുസ്തകം. തമിഴ് നാടിന്റെ തനതായ രാഷ്ട്രീയ സ്വത്വത്തിന്റെയും  സിനിമയും രാഷ്ട്രീയവും പരസ്പരം ആശ്ലേഷിച്ചതിന്റെയും ചരിത്രം അടിപ്പടവാക്കിക്കൊണ്ടാണ് അനീഷിന്റെ അന്വേഷണം.

ദേശീയ രാഷ്ട്രീയ ധാരയോടു വിഘടിച്ചും ചിലപ്പോഴൊക്കെ സന്ധിചെയ്തും അതേ സമയം ദ്രാവിഡ സ്വത്വത്തിൽ നിന്നു വ്യതിചലിക്കാതെയും അടിസ്ഥാന വർഗ്ഗ ജനതയുടെ വിമോചന സ്വപ്നങ്ങളിൽ പ്രതീക്ഷയർപ്പിച്ചും രൂപമാർജ്ജിച്ചതാണ് ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനം. തമിഴ് നാടിന്റെ രാഷ്ട്രീയ ഭാഗധേയത്തെ രൂപപ്പെടുത്തിയത് ദ്രാവിഡ സ്വത്വരാഷ്ട്രീയമത്രെ. ഭാഷയിലും സംസ്കാരത്തിലും അതിരറ്റ് ഊറ്റം കൊള്ളുന്ന വരേണ്യ ആര്യ വംശീയ പ്രത്യയ ശാസ്ത്രങ്ങളെ അതിർക്കുന്ന ദ്രാവിഡ ദേശീയതയ്ക്കായി ഉടലും ഉയിരും അർപ്പിക്കുന്ന രാഷ്ട്രീയ ബോധ്യം.തികച്ചും ,തീവ്ര വൈകാരികതയാണ് അതിന്റെ ഭാഷയും ഭാഷണവും. ജാതി മതാതീതമായ മാനവികത ഉയർത്തിപ്പിടിക്കുന്ന, എല്ലാത്തരം അധിനിവേശങ്ങളെയും ചെറുക്കുന്ന, അധ:സ്ഥിതരുടെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും വിമോചനത്തിന് ഊന്നൽ നൽകുന്ന , സാമൂഹിക നീതി, ജാതിവിരുദ്ധത,യുക്തിചിന്ത, എന്നീ ആശയങ്ങളിൽ കിളിർത്ത , തനതായ സാമൂഹിക ക്ഷേമ മാതൃകകൾ ഏറ്റെടുക്കുന്ന, പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ രാഷ്ട്രീയ ഭാവനയിൽ പിറന്ന ദ്രാവിഡ കഴകം എല്ലാ വിഭാഗം ജനങ്ങളുടെയും താങ്ങും തണലുമായി രുന്നു വിമോചന പ്രതീക്ഷയായിരുന്നു. ഒരു ജനതയെ അക്ഷരാർത്ഥത്തിൽ വൈകാരികമായി കൂട്ടി യോജിപ്പിക്കാൻ കഴിഞ്ഞ രാഷ്ട്രീയ പ്രസ്ഥാനം അപൂർവങ്ങളിൽ അപൂർവ്വമാണെന്നു പറയാം.

ദ്രാവിഡ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിലേക്ക് ജനതയെ അണിചേർക്കാൻ ആദ്യം ജനപ്രിയ കലാരൂപമായ നാടകത്തെയും പിന്നീട് സിനിമയെയും പ്രചരണ സാമഗ്രികളായി ഉപയോഗിച്ചു തുടങ്ങുന്നതോടെയാണ്, ദ്രാവിഡരാഷ്ട്രീയ ചരിത്രത്തിന്റെ പുതു യുഗം ആരംഭിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭാഷാ ദേശീയതയുടെ തിരുപ്പിറവി മുതൽ തമിഴ് നാട് രാഷ്ട്രീയം സിനിമാറ്റിക് യുഗത്തിലേക്ക് പ്രവേശിക്കുന്നു.
 
ദ്രാവിഡ രാഷ്ട്രീയത്തിന്റെ തീവ്ര പ്രവർത്തകരായ അണ്ണാദുരൈയും കരുണാനിധിയുമാണ് വാണിജ്യ സിനിമയുടെ രചയ്താക്കളായി, പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തൂലിക ചലിപ്പിച്ചത്. രാഷ്ട്രീയ പ്രത്യയ ശാസ്ത്ര നിർമ്മിതിയും കച്ചവട കലയും , മാധ്യമങ്ങളും സമ്മതി നിർമ്മിതിയും തുടങ്ങി മാധ്യമ പഠനത്തിന്റെയും പ്രത്യയ ശാസ്ത്ര പഠനത്തിന്റെയും പരികല്പനകൾ പ്രയോഗതലത്തിൽ സാക്ഷാൽക്കരിക്കപ്പെടുന്ന ഭൂമികമായി തമിഴകം മാറുന്നു. 1950 കൾക്കു ശേഷം ഇന്നുവരെ താര രാഷ്ട്രീയത്തിന്റെ പ്രഭാവം ഇവിടെ കാണാം.ജനകീയ
മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയസംസ്കാര പ്രചാരം  ജനതയുടെ ബോധരൂപീകരണത്തിൽ ഇടപെടുന്നതെങ്ങനെ എന്ന് വിപുലമായ പഠനങ്ങൾക്കു വിധേയമായിട്ടുണ്ട്. സംസ്കാര പഠനമെന്ന ജ്ഞാന മേഖലയുടെ ഭാഗമാണത്. മാർക്സിസവും സാഹിത്യവും എന്ന ഗ്രന്ഥത്തിൽ റെയ്മണ്ട് വില്യംസ് നിരീക്ഷിച്ചിട്ടുള്ളതു പോലെ, വിശ്വാസ സംഹിതകളെ വളർത്തിയെടുക്കുന്ന, കപട വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രത്യേക അർത്ഥങ്ങളും ആശയങ്ങളും ഉല്പാദിപ്പിക്കുന്ന പ്രത്യയ ശാസ്ത്ര ഉപകരണമായി സിനിമ ഉപയോഗിച്ചതിന്റെ ചരിത്രവർത്തമാനങ്ങൾ നമുക്ക് മുന്നിലുണ്ട്. തമിഴ് സിനിമയിൽ ഇതിന്റെ പ്രവർത്തനം പ്രത്യേകം പഠിക്കപ്പെടേണ്ടവയാണ്.

ദ്രാവിഡ കഴകം, ദേശീയ വംശീയ സ്വത്വവാദം സിനിമയിലൂടെ പ്രചരിപ്പിച്ചു. സമ്മത നിർമ്മിതിയുടെയും ജനതയുടെ മാനസികവും സാമൂഹികവുമായ ബോധത്തെ സ്വാധീനിക്കുന്നതിന്റെയും വിവിധ തലങ്ങളും അവിടെ കാണാം. രാഷ്ട്രീയ ലക്ഷ്യത്തിലൂന്നിയായിരുന്നു , ആദ്യകാലത്ത് അതെല്ലാം.

  എന്നാൽ പിന്നീട് നിക്ഷിപ്ത താല്പര്യങ്ങളും താര മത്സരങ്ങളും രാഷ്ട്രീയ പടലപിണക്കങ്ങളും തമിഴ് ചലച്ചിത്ര വ്യവസായത്തെ ഒരു ചന്ത പോലെയാക്കിത്തീർത്തു.മാത്രമല്ല ജനപ്രീതിയുടെയും താരപരിവേഷത്തിന്റെയും ബലപരീക്ഷണ വേദിയായി. ദ്രാവിഡ കഴകത്തിന്റെ പിളർപ്പിലേക്കും താരകേന്ദ്രിതമായി പുതിയ ദ്രാവിഡ പാർട്ടികളുടെ രൂപീകരണത്തിലേക്കുമാണ് അതൊക്കെ നയിച്ചത്. എം.ജി ആർ മുതൽ ജോസഫ് വിജയ് വരെയുള്ള താരങ്ങൾ അധികാരക്കസേരയിലെത്തിയതിന്റെ ചരിത്രത്തിലേക്കു നോക്കി താരത്തിളക്കമാണ് തമിഴ് നാടിന്റെ രാഷ്ട്രീയം എന്ന് ഒരാഖ്യാനം ഉയർന്നുവന്നതിന്റെ കാരണം ഇതാണ്.എന്നാൽ ആഖ്യാനങ്ങളിൽ ഇടം കിട്ടാതെ പോയ താര രാഷ്ട്രീയ കഥ കൂടി തമിഴ് നാടിന് പറയാനുണ്ട്. ജനതയുടെ വേറിട്ട രാഷ്ട്രീയ ബോധത്തെ അടയാളപ്പെടുത്തുന്ന ഒന്ന്. താര രാഷ്ട്രീയത്തിലെ അദൃശ്യതയുടെ ആഖ്യാനമാണ് പരാജിതനായകരിൽ അനീഷ് നിർവ്വഹിക്കുന്നത്.

  താരങ്ങളുടെ രാഷ്ട്രീയമോഹങ്ങളും ജനതയുടെ പ്രതീക്ഷകളും തമ്മിൽ ഇടഞ്ഞ് എട്ടു നിലയിൽ പൊട്ടിയ താര രാഷ്ട്രീയത്തിന്റെ കഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. അധികാര രാഷ്ട്രീയ മത്സരത്തിൽ പൊലിഞ്ഞു പോയ താരങ്ങളെ ഒന്നൊന്നായി എടുത്തു കാട്ടിക്കൊണ്ട് തമിഴ് ജനതയുടെ രാഷ്ട്രീയ അബോധത്തിന്റെ ഭൂപടം വരയ്ക്കുകയാണ്. താര രാഷ്ട്രീയത്തിന്റെ വൈകാരിക ചരിത്രമാണ് ഇവിടെ സൂക്ഷ്മ വിശദാംശങ്ങളോടെ പറയുന്നത്. താരമായാലും അല്ലെങ്കിലും രാഷ്ട്രീയക്കാരിലെ ഉണ്മയും ആത്മാർത്ഥതയും സത്യസന്ധതയും തിരിച്ചറിയുവാനുള്ള വിവേകം എന്നും തമിഴ് ജനതയ്ക്കുണ്ട്. അനീഷ്എഴുതുന്നു" ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷ നിലനിർത്തിയവരെ നിരുപാധികമായി പിന്തുണച്ചും അധികാര നേട്ടത്തിനായി താരപ്രഭ കാണിച്ച് മോഹിപ്പിച്ചവരെ നിഷേധിച്ചും തന്നെയാണ് തമിഴ് ജനത അവരുടെ രാഷ്ട്രീയ സമ്മതിദാനം രേഖപ്പെടുത്തിയത്. അതിഭൗതിക നായകത്വത്തോടുള്ള ആരാധനയാണ് തമിഴരെ നയിക്കുന്നതെന്ന മുൻ വിധിയാണ് തമിഴ് നാട് രാഷ്ട്രീയത്തെ സിനിമ വിഴുങ്ങി എന്ന വിമർശനത്തിനു ഹേതു. താരപരിവേഷം മാത്രം മുതലീടാക്കി രാഷ്ട്രീയ പരീക്ഷണത്തിനു പുറപ്പെട്ട് പരാജയമടഞ്ഞ സൂപ്പർ താരങ്ങളെയും അവർ രൂപവത്ക്കരിച്ച് മിന്നിപ്പൊലിഞ്ഞു പോയ സംഘടനകളും അതിനുദാഹരണമാണ്"(പു.20 ) സിനിമയിൽ കിട്ടിയ താരപരിവേഷം മൂലധനമാക്കിരാഷ്ട്രീയത്തിലേക്ക് വന്ന പലർക്കും ജനവിശ്വാസം ആർജ്ജിക്കാൻ കഴിഞ്ഞില്ല. അതിന്റെ നാൾവഴികളും കഥകളും പരാജയങ്ങളുമാണ് ഹൃദ്യമായി ആഖ്യാനം ചെയ്യുന്നത്. സ്വന്തം താരപരിവേഷം മൂലധനമാക്കി ജനവിശ്വാസം ആർജ്ജിക്കാൻ ശ്രമിച്ച താരങ്ങളിൽ എം ജി ആറും ജയലളിതയും ജോസഫ് വിജയും ഒഴികെ എല്ലാവരും കാലിടറി വീണവരാണ് എന്ന് അനീഷ് വസ്തുതകൾ നിരത്തി സ്ഥാപിക്കുന്നു.

ശിവാജി ഗണേശൻ, എസ്.എസ്.രാജേന്ദ്രൻ ,കെ.ഭാഗ്യരാജ്, ടി.രാജേന്ദർ, ശരത് കുമാർ, കമൽഹാസൻ, വിജയകാന്ത്, കാർത്തിക്, കരുണാസ്, സീമാൻ, രജിനികാന്ത് തുടങ്ങിയ താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതിവിഗതികളും പൊലിഞ്ഞു പോയ സ്വപ്നങ്ങളും സസ്പെൻസ് നിറഞ്ഞ ചലച്ചിത്ര കഥ പോലെ ആഖ്യാനം ചെയ്യുകയാണ്.

ആദ്യ കാലത്ത് ഡിഎം.കെയുടെ പ്രചാരണ വേദികളിൽ നിറഞ്ഞു നിന്ന ശിവാജി ഗണേശൻ, തമിഴകത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് നിഷ്കാസിതനായതിന്റെ യഥാർത്ഥ വസ്തുതകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു ' തമസ്കരിക്കപ്പെട്ട രാഷ്ട്രീയ നായകൻ എന്ന ആദ്യ അധ്യായം.

ഓരോരുത്തരുടെയും താരപരിവേഷം രൂപപ്പെട്ടതിന്റെ ചരിത്രം രസകരമായി പറയുന്നു. ഒരർത്ഥത്തിൽ തമിഴ് സിനിമയുടെ ചരിത്രം സമാന്തരമായി ഇതിൽ വിന്യസിക്കപ്പെടുന്നുണ്ട്. കേവലം കെട്ടുകാഴ്ചകൾക്കപ്പുറത്ത് തമിഴ് ജനതയുടെ സാംസ്കാരിക സ്വത്വത്തെയും ഇച്ഛകളെയും സ്വപ്നങ്ങളെയും വെള്ളിത്തിരയിൽ പൊലിപ്പിച്ചു കാട്ടി ഓരോ നടന്മാരും താര ബിംബങ്ങളായി മാറിയതിന്റെ സൂക്ഷ്മ വിവരണവും അനീഷ് നിർവ്വഹിക്കുന്നു. ഒരർത്ഥത്തിൽ പരാജിതനായകരുടെ ചലച്ചിത്രത്തിലെയുംരാഷ്ട്രീയത്തിലെയും ദൃശ്യ ജീവചരിത്രം കൂടിയാകുന്നു ഈ കൃതി. താരങ്ങളുടെ ജീവിത വഴികളും സാമൂഹിക രാഷ്ട്രീയ വംശീയ പശ്ചാത്തലവും കഠിനാധ്വാനത്തിലൂടെയും സവിശേഷ മാനറിസങ്ങളിലൂടെയും ജനമനസ്സുകളിൽ തിരയിളക്കങ്ങൾ സൃഷ്ടിച്ചതിന്റെ അനുഭൂതി ചരിത്രവും ആഖ്യാനത്തിൽ ഇടകലർന്നു വരുന്നു. അതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്.

1950കൾ മുതലുള്ള ദേശീയ രാഷ്ട്രീയ ചലനങ്ങളും സാന്ദർഭികമായി സൂചിപ്പിക്കപ്പെടുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് രാഷ്ട്രീയ നാടകങ്ങളുടെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി വന്നവർ ശിവാജിയും എസ്.എസ്.ആറും ഭാഗ്യരാജും കമലും ഒക്കെയുള്ളവർ ജനമനസ്സിൽ ഇടം നേടിയ താര ബിംബങ്ങൾ മണ്ണിലുറയ്ക്കാതെ കട പുഴകി വീണതിന്റെ കഥ , സംഭവ ബഹുലമാണ്. സത്യസന്ധതയും ആത്മാർത്ഥതയും സംശയിക്കപ്പെട്ടു അവരെ ജനത തിരസ്കരിച്ചു. തിരസ്കാരങ്ങളുടെ കയ്പൻ ആഖ്യാനങ്ങൾ ശരിക്കും ഒരു ജനതയുടെ രാഷ്ട്രീയ ഇച്ഛയുടെ ചരിത്രമാകുന്നു. തങ്ങൾക്ക് ജീവിക്കാൻ , പ്രതീക്ഷയർപ്പിക്കാൻ വിഗ്രഹങ്ങൾ വേണം പക്ഷേ കളവരുത് നിലപാടുകളിൽ ഉറച്ചുനിൽക്കണം, ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്ക് എന്നും 'രത്തത്തിൻ രത്തമാന ഉടപ്പിറപ്പുകളേ, എന്നും വിളിക്കുബോൾ അവർ പുളകിതരാവും, ജീവിതയാഥർത്ഥ്യങ്ങളുടെ രാഷ്ട്രീയ പ്രതലങ്ങളിൽ ചങ്കുറപ്പും ആത്മാർത്ഥതയും കാട്ടിയില്ലെങ്കിൽ എല്ലാ അവസരവാദികളായ താരങ്ങളെയും നിഷ്കാസിതരാക്കും. ജനാധിപത്യത്തിൽ ജനതയാണ് പ്രധാനം അവരുടെ ഇച്ഛയാണ് , പ്രതീക്ഷയാണ് എല്ലാം തീരുമാനിക്കുന്നത് എന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നു ടി അനീഷിന്റെ പരാജിത നായർ തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ എന്ന കൃതി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക