
എം.കെ നാരായണമൂർത്തി, പശ്ചിമ ബംഗാളില്‍ നിന്ന്
ചിത്രങ്ങള്‍ :യദുകൃഷ്ണന്‍
പശ്ചിമബംഗാളിൽ ഇപ്പോൾ ദുർഗ്ഗാഷ്ടമി ഉൽസവകാലമാണ്.ബംഗാളികൾ ജാതി-മതവ്യത്യാസമില്ലാതെയാണ് ദുർഗ്ഗാഷ്ടമി ആഘോഷിക്കുന്നത്.കാളിമാതാവിന്റെ വിവിധ അവതാരങ്ങളെ അവതരിപ്പിച്ചു കൊണ്ടുളള പൂജാപന്തലുകൾ നാട്ടിലുടനീളം ഉയർന്നിട്ടുണ്ട്.പൂജാകമ്മിറ്റികൾ പരസ്പരം മൽസരിച്ചാണ് ദുർഗ്ഗാപൂജ നടത്തുന്നത്.സുവേന്ദു അധികാരി ഭരണസാരഥ്യമേറ്റിട്ടുള്ള ആദ്യ പൂജാ ഉൽസവമായതിനാൽ സർക്കാർ പൂജകമ്മിറ്റികൾക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.പക്ഷേ ഇപ്പോൾ മുഖ്യമന്ത്രി തന്നെ പുലിവാൽ പിടിച്ചിരിക്കുകയാണ്.എവിടെ അധികാരത്തിൽ വന്നാലും ഉത്തരേന്ത്യയിലെ ചില സന്യാസിമാരെയും ബാബമാരെയും കെട്ടിയെഴുന്നെള്ളിക്കുന്ന ഒരു ശീലം ബി.ജെ.പിയ്ക്കും ആർ.എസ്.എസിനുമുണ്ട്.അത്തരത്തിൽ ഒരു ബാബയെ മദ്ധ്യപ്രദേശിൽ നിന്നും കൊൽക്കട്ടയിലിറക്കി കളിച്ച കളി ബി.ജെ.പിയ്ക്കുള്ളിൽ തന്നെ വലിയ സംഘർഷങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.മദ്ധ്യപ്രദേശിലെ ഭാഗേശ്വർ ധാം എന്ന മഠത്തിന്റെ അധിപതിയായ ധീരേന്ദ്രകൃഷ്ണ ശാസ്ത്രിയെ പശ്ചിമബംഗാൾ സർക്കാർ തന്നെ ക്ഷണിച്ചു കൊണ്ടു വന്ന് കൊൽക്കട്ടയിൽ വലിയ പരിപാടികൾ സംഘടിപ്പിച്ചു.ഹിന്ദുത്വഭ്രാന്ത് മൂത്ത സന്യാസിയാകട്ടെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയും ചെയ്തു.ദുർഗ്ഗാഷ്ടമികാലത്ത് മൽസ്യവും മാംസവും ഉപയോഗിക്കുന്നത് ചണ്ഡാളന്മാരാണെന്നായിരുന്നു സന്യാസിയുടെ കമന്റ്.ബംഗാളിൽ ദുർഗ്ഗഷ്ടമി പൂജകളുടെ പ്രധാന പ്രസാദം തന്നെ മാംസം ആണ്.ഈ ദിവസങ്ങളിൽ ഒരുക്കുന്ന പ്രത്യേക ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ് മൽസ്യവും മാംസവും.തന്റെ രാഷ്ട്രീയം പറയാനാണ് സന്യാസി ശ്രമിച്ചത്.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ തന്നെ ഇയാളുടെ പ്രസ്താവനയെ എതിർത്തു കൊണ്ട് ആദ്യം രംഗത്തെത്തി.ബംഗാളിന്റെ സംസ്കാരം പുറത്ത് നിന്നും വരുന്നയാൾക്ക് മനസ്സിലാകില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്നും സമിക് ഭട്ടാചാര്യ മുന്നറിയിപ്പ് നൽകി.ഭട്ടാചാര്യയ്ക്ക് പുറമേ നഗരവികസനകാര്യ മന്ത്രി അഗ്നിമിത്ര പാൽ,പശ്ചിമബംഗാൾ ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ദിലീപ് ഘോഷ്,വ്യവസായ വകുപ്പ് മന്ത്രി തപസ് റോയി,പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗവും ബംഗാളിയുമായ സജ്ഞീവ് സന്യാൽ,ബി.ജെ.പിയുടെ തലമുതിർന്ന നേതാവും മുൻത്രിപുര ഗവർണ്ണറുമായിരുന്ന തഥാഗതറോയി എന്നിവരും സന്യാസിയുടെ പ്രസ്താവനയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നു.എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം സുവേന്ദു തുടരുകയാണ്.സന്യാസിയുടെ പ്രസ്താവനയ്ക്കെതിരെ അയാളുടെ ഫോട്ടോ കത്തിച്ച് പ്രതിഷേധിച്ച കോൺഗ്രസ്സുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി.നിയമസഭയിൽ നിന്നു കൊണ്ടാണ് ഇദ്ദേേഹം ഒരു ഉത്തരവ് കൊൽക്കട്ട പോലീസ് കമ്മീഷണർക്ക് വാക്കാൽ നൽകിയത്.അറസ്റ്റിനെ സ്വാഗതം ചെയ്തു കൊണ്ട് കോൺഗ്രസ്സും രംഗത്തെത്തി.

മുഖ്യമന്ത്രി സുവേന്ദു അധികാരി
നേരത്തെ സനാതനധർമ്മം പാലിച്ചു കൊണ്ട് വേണം ദുർഗ്ഗാപൂജകൾ നടത്തണമെന്ന പ്രസ്താവന സുവേന്ദു അധികാരി തന്നെ നടത്തിയിരുന്നു.പൂജയുടെ പന്തലുകൾ ഒരുക്കുമ്പോൾ പോലും ഇത് ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഒരു പൂജാ പന്തലൊരുക്കാൻ സർക്കാർ ഖജനാവിൽ നിന്നും ഒരു ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.ഇതിൽ കനത്ത എതിർപ്പ് ഉയർന്നതോടെ സ്വന്തമായി കാശ് സ്വരൂപിക്കാൻ കഴിയുന്നവരെ ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഇല്ലാത്ത പന്തലുകൾക്ക് ഫണ്ട് അനുവദിച്ചു കൊണ്ട് ഉദ്യോഗസ്ഥർ തന്നെ പണാപഹരണം നടത്തിയെന്ന വാർത്തകളും പുറത്ത് വന്നിട്ടുണ്ട്.ഈ പന്തലുകളിൽ മാംസം വിളമ്പുന്നത് ബംഗാളിൽ പതിവാണ്.സനാതനധർമ്മം പാലിച്ചു കൊണ്ട് മാംസം വിളമ്പുന്ന പുതിയ വിദ്യയ്ക്കും ബംഗാൾ സാക്ഷ്യം വഹിക്കും.മഹാഷ്ടമി എന്ന വിശിഷ്ട ദിവസത്തിൽ ഡി.ജെ പാർട്ടികളും മദ്യവിൽപ്പനയും സർക്കാർ നിരോധിച്ചിട്ടുണ്ട്.എല്ലായ്പ്പോഴും ദുർഗ്ഗാപൂജ നടക്കുമ്പോൾ പന്തലുകൾക്ക് സമീപമായി സി.പി.എം അവരുടെ പ്രസിദ്ധീകരണങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ തുറക്കാറുണ്ട്.ഇതിനവർ നൽകുന്ന പേര് ശാരദോൽസവ് എന്നാണ്.ഇക്കുറി ശാരദോൽസവ് എന്നാണ് പേരെങ്കിൽ പൂജാ കമ്മിറ്റിക്കാർ സി.പി.എമ്മിന് സ്റ്റാളുകൾ അനുവദിക്കരുതെന്നാണ് സുവേന്ദു അധികാരി പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നത്.ദുർഗ്ഗ എന്ന പേര് ഉപയോഗിക്കാൻ സി.പി.എം മടിക്കുന്നത് അവർ സനാതന ധർമ്മത്തെ മാനിക്കാത്തത് കൊണ്ടാണെന്നാണ് മുഖ്യമന്ത്രിയുടെ വിചിത്രമായ വിശദീകരണം.കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഉണ്ടാകുന്നതിന് മുമ്പ് 1908ൽ തന്നെ രബീന്ദ്രനാഥ് ടാഗോർ ശാരദോൽസവ് എന്ന പേരിലുള്ള കൃതി പ്രസിദ്ധീകരിച്ചിരുന്നു എന്നും ബംഗാളിന്റെ ചരിത്രത്തിലും സംസ്കാരത്തിലും മുഖ്യമന്ത്രിയ്ക്ക് വിവരമില്ലെന്നും എഴുതിക്കൊണ്ട് ബംഗാളിലെ പ്രശസ്തനായ ചരിത്രകാരൻ പ്രൊതിമാ സർക്കാർ രംഗത്ത് വന്നു.അദ്ദേഹം ദി ടെലിഗ്രാഫ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ദുർഗ്ഗയുടെ മറ്റൊരു പേരാണ് ശാരദയെന്ന് അറിയാത്തത് മുഖ്യമന്ത്രിയുടെ വിവരമില്ലായ്മ കൊണ്ട് മാത്രമാണെന്ന് തുറന്നടിച്ചു.തങ്ങൾ ഇപ്രാവശ്യവും ശാരദോൽസവ് നടത്തുമെന്നും തടയാമെങ്കിൽ തടഞ്ഞോളു എന്ന മറുപടി സി.പി.എം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി തന്നെ അത് തകർക്കാൻ കാരണമാകുന്ന പ്രസ്താവന നടത്തുന്ന അപൂർവ്വ കാഴ്ചയാണ് വംഗനാട്ടിൽ കണ്ടത്.

അംബാസഡറും സൈക്കില്‍ റിക്ഷയും
തൃണമൂൽ കോൺഗ്രസ്സും സി.പി.എമ്മും തെരുവിൽ പ്രതിഷേധം തുടങ്ങിയതോടെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴയുകയാണ് സുവേന്ദു അധികാരി.ബംഗാളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സന്യാസിയ്ക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിന് പരാതികളുടെ പ്രവാഹവുമാണ്.ആരാണ് ഇയാളെ പോലുളളവരെ സംസ്ഥാനത്തേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ കുനാൽഘോഷ് സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്നു.ബംഗാൾ മുഖ്യമന്ത്രി തന്നെ ബംഗാളികളല്ലാത്ത അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ട് വന്ന് ബംഗാളിലെ ജനങ്ങളെ വേദനിപ്പിക്കുന്നു എന്ന രൂക്ഷപ്രതികരണവും അദ്ദേഹം നടത്തി.സി.പി.എം നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിനെ വലിയൊരു രാഷ്ട്രീയ വിഷയമാക്കി ഈ ഉൽസവകാലത്ത് മാറ്റിയെടുക്കാൻ പ്രതിപക്ഷത്തിന് സാധിക്കുകയും ചെയ്തു.ഈ സംഭവത്തെ കുറിച്ച് പ്രധാനപ്പെട്ട ബി.ജെ.പി നേതാക്കൾ നടത്തിയ പ്രതികരണങ്ങളിലൂടെ മറനീക്കി പുറത്ത് വരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.അധികാരം ലഭിച്ചതിന് ശേഷം പശ്ചിമബംഗാൾ ബി.ജെ.പി ഘടകത്തിലുണ്ടായിരിക്കുന്ന ഗ്രൂപ്പിസമാണത്.മുഖ്യമന്ത്രി സുവേന്ദു അധികാരിയും ബി.ജെ.പി പ്രസിഡന്റ് സമിക് ഭട്ടാചാര്യയും നയിക്കുന്ന രണ്ടു ഗ്രൂപ്പുകളായി ബി.ജെ.പി പശ്ചിമബംഗാൾ ഘടകം മാറിയിരിക്കുന്നു.

കൊല്‍ക്കൊത്തയുടെ വിവിധ ദൃശ്യങ്ങള്‍
തൃണമൂൽ കോൺഗ്രസ്സിൽ നിന്നും എത്തി,മോദി-അമിത് ഷാ ദ്വയത്തിന്റെ സ്വന്തം ആളായി മാറിക്കൊണ്ടാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.തൃണമൂലിൽ നിന്നും പഠിച്ച ജനാധിപത്യ വിരുദ്ധമായ എല്ലാക്കാര്യങ്ങളും അതേപടി പകർത്തുകയാണ് സുവേന്ദു അധികാരി.ഇത് ബി.ജെ.പിയുടെ രീതിയല്ലെന്നാണ് സമിക് ഭട്ടാചാര്യയുടെ നിലപാട്.പതിറ്റാണ്ടുകളായി ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവർത്തിച്ചു വരുന്ന വളരെ മുതിർന്ന നേതാക്കളെ പോലും ഒതുക്കുന്ന സമീപനമാണ് സുവേന്ദുവിന്റേത്.തൃണമൂൽ പിളർത്തി വന്ന ഋതബ്രത ബാനർജി കൂടിയായപ്പോൾ മുഖ്യമന്ത്രി ആണെന്ന നിലപോലും മറന്നുള്ള സമീപനമാണ് അദ്ദേഹം സ്വീകരിച്ചു വരുന്നത്.ബംഗാളിലെ യൂണിവേഴ്സിറ്റികളിൽ സാധാരണയായി ഭരണാധികാരികൾ ഇടപെടാറില്ല.ഇടതു കാലത്തും മമതയുടെ കാലത്തും അങ്ങനെ തന്നെയായിരുന്നു.പക്ഷേ ബി.ജെ.പി ഭരണത്തിലെത്തിയതോടെ ആദ്യം ജാദവ്പൂർ സർവ്വകലാശാലയിൽ ഇടപെട്ടു കൊണ്ടാണ് സുവേന്ദു അധികാരി തന്റെ അമിതാധികാര പ്രവണത കാണിച്ചു തുടങ്ങിയത്.സർവ്വകലാശാലയിലെ ചുമരുകളിൽ വിദ്യാർത്ഥികൾ എഴുതി വച്ചിരുന്നതും വരച്ചു വച്ചിരുന്നതുമായ ഇടതനുകൂല മുദ്രാവാക്യങ്ങളേയും ഹോചിമിന്റെ ഉൾപ്പടെയുളള ചിത്രങ്ങളുടേയും മുകളിൽ വെള്ള പെയിന്റടിക്കാൻ മുഖ്യമന്ത്രി തന്നെ കൊൽക്കട്ട മുനിസിപ്പൽ കോർപ്പറേഷനോട് നിർദ്ദേശിച്ചു.സർവ്വകലാശാലയ്ക്കുള്ളിൽ പ്രവേശിക്കാൻ അധികാരം ഇല്ലാഞ്ഞിട്ടും കോർപ്പറേഷൻ തൊഴിലാളികൾ ഇരുട്ടിന്റെ മറവിൽ ഇവയ്ക്ക് മേൽ പെയിന്റടിച്ചു.വിദ്യാർത്ഥികൾ പിന്നെയും അതേ മുദ്രാവാക്യങ്ങളും പെയിന്റിംഗുകളും പുനർചിത്രണം ചെയ്തു.അതോടെ എ.ബി.വി.പി പ്രവർത്തകരെ കൊണ്ട് യൂണിവേഴ്സിറ്റിയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.ഈ യൂണിവേഴ്സിറ്റിയിലെ മുൻവിദ്യാർത്ഥികളും സമൂഹത്തിൽ വളരെയേറെ ആദരിക്കപ്പെടുന്ന മുൻ അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് താൽക്കാലികമായെങ്കിലും സ്ഥിതിഗതികൾ ശാന്തമായത്.വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള കഠിനശ്രമത്തിലാണ് ബംഗാളിൽ ബി.ജെ.പി ശ്രമിക്കുന്നത്.അതിനാവശ്യമായ അക്കാദമിക്കുകളെ ലഭിക്കാത്തതാണ് ബി.ജെ.പി നേരിടുന്ന പ്രശ്നം.മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരെ എത്തിക്കാമെന്ന് വച്ചാൽ ബംഗ്ളാ ബോധം അപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കും.യൂണിവേഴ്സിറ്റികളിൽ നിന്നും മറ്റു യൂണിവേഴ്സിറ്റികളിലേക്ക് അധ്യാപകരെ മാറ്റുന്ന പതിവ് ബംഗാളിലുണ്ടായിരുന്നില്ല.ഇപ്പോൾ മികവുള്ള അധ്യാപകർ ഒരേ യൂണിവേഴ്സിറ്റിയിൽ മാത്രം തുടരുന്നത് വിദ്യാർത്ഥികളോടുളള അനീതിയാണെന്നാണ് സർക്കാർ നിലപാട്. ഇന്റർ യൂണിവേഴ്സിറ്റി സ്ഥലം മാറ്റങ്ങൾ ആരംഭിച്ചതോടെ മികവുള്ള അധ്യാപകർ പശ്ചിമബംഗാൾ തന്നെ വിടുകയാണ്.തങ്ങൾക്ക് മുന്നിൽ അനന്തമായ മറ്റു സാധ്യതകൾ ഉള്ളപ്പോൾ ഇങ്ങനെയൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിഡ്ഢിത്തരങ്ങൾക്ക് ഇരയാകേണ്ടതില്ലെന്നാണ് അവർ പറയുന്നത്.ബി.ജെ.പിയിലെ സുവേന്ദു വിരുദ്ധരുടെ പിന്തുണയും ഇവർക്കുണ്ട്.ഇത്തരത്തിൽ സ്ഥലമാറ്റം നടത്താൻ നിയമം ഇല്ലാതിരുന്നത് കൊണ്ട് സെപ്റ്റംബർ പത്താം തീയതി നിയമസഭയുടെ പ്രത്യേക സമ്മേളനം രണ്ടു മണിക്കൂർ നേരത്തേയ്ക്ക് കൂടിയാണ് പുതിയ നിയമം പാസാക്കിയത്.ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ബിൽ എന്നാണ് ഈ ബില്ലിന് നൽകിയിരിക്കുന്ന പേര്.അദ്ധ്യാപകരെ മാത്രമല്ല മറ്റു ജീവനക്കാരെയും തോന്നുന്നത് പോലെ സ്ഥലംമാറ്റാൻ ഈ നിയമം പാസ്സാക്കിയതിലൂടെ സർക്കാരിന് സാധിക്കും.

കൊല്‍ക്കൊത്തയുടെ വിവിധ ദൃശ്യങ്ങള്‍
സർവകലാശാലകളിൽ അദ്ധ്യാപക നിയമനം നടത്തുന്നത് പി.എസ്.സി പോലുള്ള സ്ഥാപനങ്ങൾ വഴിയല്ല.സർവകലാശാലകൾ നേരിട്ടാണ്.നിയമനിർമ്മാണത്തിലൂടെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കുകയാണ് ബംഗാൾ സർക്കാർ ചെയ്തിരിക്കുന്നത്.ഇത്തരം പ്രവർത്തികൾ ജാദവ്പൂർ സർവകലാശാല,പ്രസിഡൻസി സർവകലാശാല പോലുളള രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളുടെ നിലവാരം നശിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ വിചക്ഷണന്മാർ അഭിപ്രായപ്പെടുന്നത്.ആഗസ്റ്റ് മാസം ഇരുപതാം തീയതി ജാദവ്പൂർ സർവ്വകലാശാല കാമ്പസിൽ എ.ബി.വി.പി പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തിയിരുന്നു.ഇതിനെതിരെ സർവ്വകലാശാലയിലെ മുതിർന്ന അദ്ധ്യാപകർ ഉൾപ്പടെയുള്ളവർ കാമ്പസിനുള്ളിൽ പ്രകടനം നടത്തിയിരുന്നു.അവരെ ഒരു പാഠം പഠിപ്പിക്കാൻ കൂടിയാണ് ബംഗാൾ സർക്കാരിന്റെ തിരക്കിട്ടുള്ള ഈ നീക്കം.പണ്ട് മമതയും ഇതേ തരത്തിൽ ഒരു നീക്കം നടത്തിയിരുന്നു.ബി.ജെ.പിയ്ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണ്ണമാരെ വച്ച് കളിക്കുന്ന അതേ കളി തന്നെയാണിത്.സർവകലാശാലകൾ വിവിധ ആശയങ്ങളുടെ തർക്കവിതർക്കങ്ങളിലൂടെ കടന്നു പോകുമ്പോൾ മാത്രമേ മികച്ച വിദ്യാഭ്യാസം ലഭ്യമാകൂ എന്നത് ആർക്കും അറിയാവുന്നതാണ്.പക്ഷേ ഏകപക്ഷീയമായി തങ്ങളുടെ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിച്ചേ അടങ്ങുവെന്ന നിലപാട് ബി.ജെ.പി സ്വീകരിച്ചാൽ ധർമ്മേന്ദ്ര പ്രധാന് ഉണ്ടായ വിധി മറ്റുളളവർക്കും ഉണ്ടാകും.ഇടതുപക്ഷ മനസ്ഥിതി പുലർത്തുന്ന അദ്ധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്ന് വീമ്പു പറയാനും സുവേന്ദു അധികാരി തയ്യാറായി.കാവി നിറത്തെ കളിയാക്കുന്ന ഒരുത്തരേയും വെറുതെ വിടില്ലെന്ന് സുവേന്ദു ആവർത്തിച്ചു പറയുന്നതിന് പിന്നിലെ രാഷ്ട്രീയ കാരണം സ്വന്തം പാളയത്തിൽ തന്നെ ഉരുത്തിരിയുന്ന പടയെ പേടിച്ചാണ്.ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ സമിക് ഭട്ടാചാര്യ നാഗ്പൂരിന്റെ പ്രിയപ്പെട്ടവനാണെന്ന് സുവേന്ദു അധികാരിയ്ക്ക് അറിയാം.തന്റെ പല നിലപാടുകളും ആർ.എസ്.എസ് അംഗീകരിക്കുകയില്ലെന്നും അധികാരിയ്ക്ക് അറിയാം.കൂടുതൽ വർഗ്ഗീയത പറഞ്ഞ് സംഘപരിവാരത്തിന്റെ വേണ്ടപ്പെട്ടനാകാനുള്ള ഈ ശ്രമം പക്ഷേ ബംഗാളിലെ ആർ.എസ്.എസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അറിയാം.വിവിധ പാർട്ടികൾ മാറി വന്ന സുവേന്ദു അധികാരിയെ അവർ വിശ്വസിക്കുന്നുമില്ല.ത്രിപുരയിൽ നിന്ന് ബിപ്ളബ്കുമാറിനെ നീക്കിയത് പോലെ താനും നീക്കപ്പെട്ടേക്കാമെന്ന ഭീതി സുവേന്ദു അധികാരിക്കുണ്ട്.കാളീഘട്ടിൽ പോയി മീൻ തിന്നു കാണിച്ചാൽ തീരുന്നതിലും വലിയ പ്രശ്നങ്ങളാണ് സുവേന്ദു അധികാരിയെ കാത്തിരിക്കുന്നത്.

കാളിപൂജ
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയ പ്രചരണത്തിനായി തുടങ്ങിയിരിക്കുന്ന പുതിയ പരിപാടിയാണ് പ്രസിദ്ധമായ റോഡുകളുടെ പേര് മാറ്റൽ.കൊൽക്കട്ട നഗരത്തിന്റെ ചരിത്രത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട റോഡാണ് ലെനിൻ സരണി.അതിന്റെ പേര് ജനസംഘത്തിന്റെ പ്രസിഡണ്ടായിരുന്ന ദേബപ്രസാദ് ഘോഷിന്റെ പേരിലേക്ക് മാറ്റാൻ തീരുമാനിച്ചു.കാൾസ് മാർക്സ് സരണിക്ക് ബംഗാളിലെ വലതുപക്ഷ എഴുത്തുകാരായിരുന്ന രംഗലാൽ ബന്ദോപാധ്യായയുടേയോ മൈക്കൽ മദുസൂദനൻ ദത്തയുടേയോ പേര് നൽകാനാണ് തീരുമാനം.ആഭ്യന്തര തർക്കം കാരണം അതിൽ ഒരു തീരുമാനം വന്നിട്ടില്ല.ഹോചിമിൻ സരണിക്ക് മാർട്ടിൻലൂതർ കിംഗ് ജൂനിയറിന്റെ പേരാണ് തീരുമാനിച്ചിരിക്കുന്നത്. ഭാരത് സേവാശ്രം സംഘ് എന്ന സംഘടനയുടെ തലവൻ കാർത്തിക് മഹാരാജ് എന്ന് അറിയപ്പെടുന്ന സ്വാമി പ്രതിപ്താനന്ദയാണ് പേരു മാറ്റൽ കമ്മിറ്റിയുടെ തലവൻ.കൊൽക്കൊത്തയിലേക്ക് വരുന്ന പ്രസിദ്ധമായ സ്ട്രാൻഡ് റോഡിന്റേയും മയോ റോഡിന്റേയും പേര് സർദാർ പട്ടേൽ റോഡ് എന്ന് നേരത്തെ മാറ്റിയിരുന്നു.മുസ്ളീം നാമത്തിലുള്ള റോഡുകളുടേയും സ്ഥലങ്ങളുടേയും പേരും മാറ്റുമെന്ന് ഇതിനകം അറിയിപ്പ് വന്നു കഴിഞ്ഞു.ടോളിഗഞ്ച്-ഗരിയ റൂട്ടിലോടുന്ന ബ്ളൂലെയിൻ റെയിൽവേയിലെ സ്റ്റേഷനുകളുടെ പേരും മാറ്റണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ബംഗാൾ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

കൊല്‍ക്കൊത്തയുടെ വിവിധ ദൃശ്യങ്ങള്‍
ഭരണം നഷ്ടപ്പെട്ടപ്പോൾ തൃണമൂൽ വിട്ടു വന്നവർ കാണിച്ചു കൂട്ടുന്ന വൃത്തികേടുകൾ ബി.ജെ.പിയ്ക്ക് വലിയ തലവേദനയാകുകയാണ്.ഹഫ്ത പിരിക്കൽ,തട്ടിക്കൊണ്ടു പോകൽ,സ്ത്രീകളെ ഉപദ്രവിക്കൽ,അനധികൃത ഭൂമിയിടപാടുകൾ എന്നു തുടങ്ങി എല്ലാവിധ വൃത്തികേടുകളും ഇവർ നിർബാധം തുടരുന്നു.മമതയേയും കൂട്ടരേയും ജനം തള്ളിയത് ഇത്തരം പ്രവർത്തികൾ സഹിക്കാൻ വയ്യാതെയാണ്.സി.പി.എമ്മിനെ ബംഗാളുകാർ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞതിനും ഇത്തരം പ്രവർത്തികൾ കാരണമായിരുന്നു.ബംഗാളിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തരം ഗുണ്ടാ സംവിധാനം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് മറ്റുള്ളവർക്ക് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.മമതയുടെ വീഴ്ചയോടെ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണ്.അവരുടെ യുവനേതാക്കളായ മീനാക്ഷി മുഖർജിയും ദീപ്സിത ധറിനേയും പോലുള്ളവർ ഇപ്പോൾ ജീവിക്കുന്നത് തെരുവിൽ തന്നെയാണ്.ജനപക്ഷത്ത് നിന്നുള്ള നിരവധി സമരങ്ങളാണ് അവർ നടത്തിവരുന്നത്.പഴയ നേതാക്കളെ പോലെ പല്ലുപോയ സിംഹങ്ങളല്ല ഇവർ.പോലീസിനേയും മറ്റ് പാർട്ടികളിലെ ഗുണ്ടകളേയും കൈകാര്യം ചെയ്യാൻ ഇവർക്കാകുന്നുണ്ട്.പണ്ട് ഭരണം പോയപ്പോൾ മമതയുടെ പാർട്ടിക്കാർ കൈയ്യേറിയ പാർട്ടി ഓഫീസുകൾ തിരിച്ചു പിടിച്ച് ചുവപ്പ് നിറം അടിക്കാൻ ഇപ്പോൾ ബംഗാളിൽ ഇവർക്ക് കഴിയുന്നു.തൃണമൂൽ കോൺഗ്രസ്സിനേറ്റ തിരിച്ചടി ഉപയോഗപ്രദമായിരിക്കുന്നത് സി.പി.എമ്മിനാണ്.ഒരു ലെഫ്റ്റ് എക്കോ സിസ്റ്റം തിരികെയെത്തിക്കാൻ ബംഗാളിലെ സി.പി.എമ്മിന് സാധിച്ചു.പഴയ സി.പി.എം നേതാക്കൾ ചെയ്ത് കൂട്ടിയ അബദ്ധങ്ങൾക്ക് മാപ്പ് പറഞ്ഞു കൊണ്ടാണ് യുവതലമുറയിലെ നേതാക്കൾ പൊതുയോഗങ്ങളിൽ പോലും സംസാരിച്ചു തുടങ്ങുന്നത്.കഴിഞ്ഞ പൊതുതെരഞ്ഞടുപ്പ് ദിനത്തിൽ എം.എ ബേബി തന്നെ ബംഗാളിലെ ജനങ്ങളോട് മാപ്പ് പറഞ്ഞത് ഓർക്കുമെല്ലോ.പഴയകാല നേതാക്കളുടെ പല നിലപാടുകളിലും പുതിയ ചെറുപ്പക്കാർ തൃപ്തരല്ല.അവർ തുറന്ന എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം.അങ്ങനെ വേണ്ടി വരുന്ന അവസരത്തിൽ അത്തരത്തിൽ സംഭവിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.വിദ്യാർത്ഥികളും യുവജനങ്ങളുമാണ് ബി.ജെ.പി സർക്കാരിന്റെ വിവിധതരത്തിലുള്ള ഭീഷണികൾ നേരിടുന്നത്.അതു കൊണ്ട് തന്നെ പഴയ നേതാക്കളുടെ ആവശ്യമില്ലാത്ത ശാഠ്യങ്ങൾക്ക് അവർ വഴങ്ങുകയുമില്ല.പഴയ നേതാക്കളിൽ പലരും പുതിയകാലത്തിനൊത്ത് മാറാത്തത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്.നീണ്ടകാലത്തെ ഭരണം അവരിൽ ചിലരെയെങ്കിലും മാടമ്പി സ്വഭാവമുള്ളവരാക്കിയിട്ടുണ്ട്.നീണ്ട പതിനാറു വർഷങ്ങൾ ഭരണമില്ലാതിരുന്നിട്ടും അവർക്ക് ആ സ്വഭാവം ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പാർട്ടിയെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നവർക്ക് മോശമല്ലാത്ത തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.ഗ്രാമങ്ങളിൽ നഷ്ടപ്പെട്ട ജനസ്വാധീനം തിരികെ പിടിക്കാൻ സാധിക്കുന്നതിന്റെ തെളിവാണ് .

കൊല്‍ക്കൊത്തയുടെ വിവിധ ദൃശ്യങ്ങള്‍
ജന്തർമന്തറിൽ കണ്ട സമരത്തിൽ നിന്നും പാഠം പഠിച്ച ആദ്യപാർട്ടി ബംഗാളിലെ സി.പി.എമ്മാണ്.ജൻസീയെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി ബുദ്ധദേബ് ഭട്ടാചാര്യ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "തലമുറകളുടെ ശബ്ദം"എന്ന പേരിൽ വിവിധ വിഷയങ്ങളിൽ സെമിനാർ ശൈലിയിൽ ചെറുപ്പക്കാർക്കായി ബംഗാളൊട്ടുക്ക് പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇവരിപ്പോൾ.ഐഷി ഘോഷ്,ആകാശ് ഘാർ,പ്രണോയ് ഖർജി,അഫ്രീൻ ബീഗം ശിൽപ്പി,ദീപ്സിതാ ധർ,ശോവിക് ദാസ് ബക്ഷി,ഇഷാനാ സെൻ,അയനാൻഷു സർക്കാർ തുടങ്ങിയ യുവനേതാക്കളാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നതും സംസാരിക്കുന്നതും.പരമ്പരാഗത രീതിയിൽ അല്ല ഇവർ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ആർ.എസ്.എസും ബി.ജെ.പിയും സമൂഹത്തെ എങ്ങനെ വിഷലിപ്തമാക്കുന്നു എന്നതിൽ തുടങ്ങി തൊഴിലില്ലായ്മ,കൂടുതൽ വ്യവസായവൽക്കരണത്തിന്റെ ആവശ്യം വരെ ഈ വേദികളിൽ ചർച്ചയാകുന്നുണ്ട്.ഇടതുരാഷ്ട്രീയം നേരിട്ടു പറയാതെ ചെറുപ്പക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഇവർ ശ്രമിക്കുന്നു.സംസ്ഥാനത്തേയും ബംഗാളിലേയും ബി.ജെ.പി സർക്കാരുകൾ കൈക്കൊള്ളുന്ന നയങ്ങൾ ബംഗാളിന്റെ സാമ്പത്തിക മേഖലയെ തകർക്കുന്ന രീതികളൊക്കെ വളരെ വിശദീകരിച്ചു പറയുന്ന ഈ പരിപാടികളിൽ ചെറുപ്പക്കാർ പങ്കെടുക്കുന്നുമുണ്ട്.ബംഗാളിലെ ഭദ്രലോകത്തിന്റെ കുത്തകയായിരുന്ന സാംസ്കാരിക ചർച്ചകളെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇവർക്ക് സാധിക്കുന്നു.ദി ടെലിഗ്രാഫ് പോലുള്ള വലതുപക്ഷവൽക്കരിക്കപ്പെട്ട പത്രങ്ങൾ പോലും ഈ പരിപാടികളുടെ വാർത്തകൾ വളരെ പ്രാധാന്യത്തോടെ നൽകുന്നുമുണ്ട്.

കൊല്‍ക്കൊത്തയുടെ വിവിധ ദൃശ്യങ്ങള്‍
എന്തായാലും ബംഗാൾ സമൂഹത്തെ വലിയ തോതിൽ വർഗ്ഗീയവൽക്കരിക്കാൻ ബി.ജെ.പിയ്ക്ക് സാധിച്ചിട്ടുണ്ട്.252 മദ്രസകൾ അടച്ചുപൂട്ടാൻ സുവേന്ദു സർക്കാർ തീരുമാനിച്ചതിലൂടെ കാര്യങ്ങളുടെ പോക്ക് എങ്ങനെയായിരിക്കുമെന്ന സൂചനയാണ് മുസ്ളിം സമൂഹത്തിന് അവർ നൽകിയിരിക്കുന്നത്.മാൾഡയെന്ന ഒറ്റ ജില്ലയിലാണ് ഈ പൂട്ടൽ നടന്നിരിക്കുന്നത്.ബംഗ്ളാദേശ് അതിർത്തി പങ്കിടുന്ന ജില്ലയാണിത്.വിഭജനകാലത്ത് ധാരാളം രക്തം വീണ മണ്ണ്.അവിടെയൊരു വർഗ്ഗീയകലാപം സർക്കാർ തന്നെ സൃഷ്ടിച്ചാലും അത്ഭുതത്തിന് വകയില്ല.ടി.എം.സിയിൽ നിന്നും ജയിച്ച ശേഷം മറുകണ്ടം ചാടിയ ജഗദീഷ് ചന്ദ്ര ബർമ്മ ബസൂനിയയ്ക്ക് തന്റെ സ്വന്തം മണ്ഡലമായ കൂച്ച്ബിഹാറിൽ കടക്കാൻ കഴിയാത്ത അവസ്ഥയാണ്.അയാൾക്ക് വോട്ടു ചെയ്ത മുസ്ലീം വോട്ടർമാരാണ് അയാളെ മണ്ഡലത്തിൽ കയറ്റാതിരിക്കുന്നത്.ഇത്തരം സംഭവങ്ങൾ കൊണ്ടുചെന്ന് എത്തിക്കുന്നത് അക്രമങ്ങളിലും കൊലപാതകങ്ങളിലുമായിരിക്കും.ബംഗാളിലെ രാഷ്ട്രീയത്തിന്റെ കൂടെപിറപ്പാണ് അക്രമങ്ങൾ.കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം മറ്റുള്ളവരിൽ ജനിപ്പിക്കുന്നത് ഭയം മാത്രമാണ്.ഒരു കാലത്ത് രാജ്യത്തിന്റെ പലഭാഗത്തുളളവർക്കും തൊഴിലും ജീവിതവും നൽകിയ വംഗനാടിന്റെ മണ്ണിൽ നിന്നും ലക്ഷക്കണക്കിനാളുകൾ അന്യസംസ്ഥാനങ്ങളിലേക്ക് ജീവിതം തേടി പോകുന്ന അവസ്ഥ സൃഷ്ടിച്ചത് ബംഗാളിലെ രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെയാണ്.