
കാലിഫോര്‍ണിയ : മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ദക്ഷിണ കാലിഫോര്‍ണിയയിലും നെവാഡയിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
സെല്‍ഫ് റിയലൈസേഷന്‍ ഫെലോഷിപ്പിന്റെ സഹകരണത്തോടെ എല്‍.എ. ലേക്ക് ഷ്രൈനില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കമ്മ്യൂണിറ്റി നേതാക്കളുമായി കോണ്‍സുറല്‍ ജനറല്‍ ഡോ. കെ.ജെ. ശ്രീനിവാസന്‍ സംവദിക്കുകയും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

ഇതിനുപുറമേ, ലാസ് വെഗാസ്, സാന്‍ ഡീഗോ എന്നിവിടങ്ങളില്‍ 'സ്വസ്ഥ് ഭാരത്, വിക്ഷിത് ഭാരത്' എന്ന പ്രമേയത്തില്‍ ആരോഗ്യ റണ്ണുകളും സംഘടിപ്പിച്ചു. വിവിധ തലമുറകളില്‍പ്പെട്ട നിരവധി ഇന്ത്യന്‍ പ്രവാസി കുടുംബങ്ങള്‍ ഈ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.