Image

പാറേൽ മരിയൻ തീർഥാടന കേന്ദ്ര സമുച്ചയം നവംബർ 2026-ൽ യാഥാർഥ്യമാകുന്നത് നാടിന് നേട്ടമോ? നഷ്ടമോ? (അവലോകനം: ജോർജ് നെടുവേലിൽ)

Published on 07 October, 2026
പാറേൽ മരിയൻ തീർഥാടന കേന്ദ്ര സമുച്ചയം നവംബർ 2026-ൽ യാഥാർഥ്യമാകുന്നത് നാടിന് നേട്ടമോ? നഷ്ടമോ? (അവലോകനം: ജോർജ് നെടുവേലിൽ)

രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട, തുടങ്ങിയും മുടങ്ങിയുമുള്ള നിർമ്മാണ പ്രവർത്തനനങ്ങൾക്കും, കാത്തിരുപ്പുകൾക്കും വിരാമമിട്ടുകൊണ്ട് ചങ്ങനാശ്ശേരിയിലെ മരിയൻ തീർഥാടന കേന്ദ്രം 2026 നവംബർ 21-ന് കൂദാശ ചെയ്യപ്പെടുമെന്ന മംഗളവാർത്ത അനേകരുടെ മനം കുളിർപ്പിക്കുന്നതാണ്. ആ ശുഭദിനത്തിൻറെ മുന്നോടിയായി ചങ്ങനാശ്ശേരി അതിരൂപാതയിലെ ദൈവജനത്തോട് രൂപതാമേലാളന്മാർ നൂറുദിന പ്രാർത്ഥനാ യജ്ഞത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഭക്തി കുത്തിയൊഴുകുന്ന ദിനങ്ങളായിരിക്കും കൂദാശകർമ്മങ്ങൾക്കു മുമ്പുള്ള നൂറുദിനങ്ങൾ എന്നാണ് ഒരു പുരോഹിതന്റെ നിരീക്ഷണം! ഭക്തി ലഹരി തലയ്ക്കു പിടിച്ചതുകൊണ്ടോ മസ്തിഷ്ക്കപ്രഷാളനത്തിനു വശംവദരായതുമൂലമോ ചില സ്ത്രീകൾ മരിയൻ ഭക്‌തിയുടെ മഹാത്മത്തെയും മായാജാലത്തെയും യൂട്യുബിലും മറ്റും വിശദീകരിച്ചുതുടങ്ങിയിരിക്കുന്നത് കാണുകയുണ്ടായി.

സഭാംഗങ്ങളെ വിശ്വാസികളെന്നു വിശേഷിപ്പിക്കുന്നത് രണ്ടാം വത്തിക്കാൻ സൂനഹദോസ് തള്ളിക്കളഞ്ഞതാണ്.സഭാംഗങ്ങളെ ദൈവജനമെന്നാണ് സൂനഹദോസ് വ്യാഖ്യാനിച്ചതും വിശേഷിപ്പിച്ചതും.സൂനഹദോസിൻറെ സമാപനസായാഹ്നം മുതൽ സൂനഹദോസ് കൈക്കൊണ്ട തീരുമാനങ്ങൾ അട്ടിമറിക്കുന്നതിലാണ്ചില മെത്രാന്മാർ ജാഗരൂകരായിരിക്കുന്നത്. ദൈവജനത്തെ സേവിക്കുവാൻ അവർക്കു താല്പര്യമില്ല. മൊണ്ണവിശ്വാസികളെ അടിമകളാക്കി അടക്കിഭരിക്കാനാണ് അവർക്കുമോഹം. ഇന്ത്യയിലെ മെത്രാൻമ്മാരിലേറെയും മേൽപ്പറഞ്ഞ വിഭാഗത്തിൽ വിരാജിക്കുന്നവരാണ്.

മഹാനായ മാർട്ടിൻ ലൂതറിന്റെ മതനവീകരണസംരംഭത്തിന്റെ അഞ്ഞൂറാം വാർഷികം 2017-ൽ ആഘോഷിക്കുന്നതിനു നാന്ദിയായി ഒരു സംവത്സരം നീണ്ടുനിന്ന ആഘോഷങ്ങളാണ് ആഗോളതലത്തിൽ അരങേറിയത്. ആംഗല ആഖ്യായികാ പ്രസ്ഥാനത്തിൻറെ മഹാറാണിയായ ജെയിൻ ഓസ്റ്റിൻറെ ഇരുനൂറ്റിയന്പതാം ജന്മവാർഷികാഘോഷങ്ങളും ലോകത്തെമ്പാടുമുള്ള ആരാധകർ ഒരു വർഷം മുൻപേ അടിച്ചുപൊളിച്ചു തുടങ്ങിയിരുന്നു. എന്തിന്, നമ്മുടെ രാജ്യത്തു് കേന്ദ്ര മന്ത്രിസഭയും സംസ്ഥാന മന്ത്രിസഭകളും ആദ്യത്തെ നൂറുദിനങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്താറുണ്ടല്ലോ!  

ലോകരക്ഷകനായ യേശുവിൻറെ അമ്മയായ മറിയത്തിൻറെ നാമധേയത്തിൽ, ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളത്തിൽ, ബഹുനിലകളിൽ പണിതുയർത്തിയിരിക്കുന്ന ബ്രഹ്മാണ്ഡമായ തീർത്ഥാടന സമുച്ചയതിന്റെ കൂദാശാകർമ്മത്തിനു നാന്ദിയായി രൂപതയിലെ ദൈവജനം നൂറുദിന പ്രാർഥനായജ്ഞത്തിലേർപ്പെടുന്നത് എന്തുകൊണ്ടും ന്യായവും യുക്തവും, ഫലദായകവുമാണെന്നതിൽ സംശയമില്ല. ഇക്കാര്യത്തിന് ആഹ്വാനംചെയ്ത രൂപതാതലവന്മാർക്ക് അഭിവാദനങ്ങൾ നേരാതെ വയ്യ! നിർമ്മാണത്തിന്റെ അന്ത്യഘട്ടമിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുന്ന മരിയൻ സമുച്ചയത്തിന്റെ മലയാള മനോരമയിൽ കാണാനിടയായ ആകാശദ്രശ്യം ഏവരെയും വിവിധ കാരണങ്ങളാൽ അത്ഭുതസ്ഥബ്ദരാക്കാൻ പോരുന്നതാണ്.ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മൂന്നുനിലമന്ദിരം കണ്ടിരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഗ്രാമീണ സ്ത്രീയായിരുന്നു യേശുവിൻറെ മാതാവായ മറിയം. എന്നാൽ, പിൽക്കാലത്ത് എത്രയെത്ര ബ്രഹ്‌മാണ്ഡമായ അംബരചുംബികളാണ് അവരുടെ പേരിൽ ഇഹത്തിൽ ഉയർന്നുവന്നിട്ടുള്ളത്-വന്നുകൊണ്ടിരിക്കുന്നത്. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചുകേരളത്തിലെ ചങ്ങനാശ്ശേരി പട്ടണത്തിനും അതിനുള്ള ഭാഗ്യം ഇതാ സമാഗതമായിരിക്കുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ്, കത്തോലിക്കാസഭയിലെ സമുന്നതനേതാവായിരുന്ന ശ്രീ. പി. ജെ സെബാസ്റ്റിയൻ -പുല്ലാംകളം - ഇമ്മാതിരി വേളകളിൽ "ചങ്ങനാശ്ശേരിപ്പട്ടണമേ! എൻ്റെ ജനമേ! ഇതാ നമ്മുടെ ധന്യമുഹൂർത്തം" എന്നുൽഘോഷിക്കുന്നതു ശ്രവിച്ചു് രോമാഞ്ചം കൊണ്ടിരുന്നത് ഓർമ്മയിലേക്ക് ഓടിവരുമ്പോൾ ലേഖകൻ പുളകിത ഗാത്രനാകുന്നു. എന്നാൽ, എന്തുകൊണ്ടോ, പാറേൽ മരിയൻ തീർഥാടനകേന്ദ്രം ദിവസങ്ങൾക്കുള്ളിൽ കൂദാശ ചെയ്യപ്പെടുമെന്നുള്ള വാർത്ത മറ്റുപലരെയുംപോലെ എന്നെയും പുളകിതനാക്കുന്നില്ല!

ഒരു തീർഥാടനകേന്ദ്രമെന്നതിനുപരിയായി കോടികളുടെ വരുമാനം മനസ്സിൽകണ്ട്‌ വിധവയുടെ ചില്ലിക്കാശും, കല്ലുവെട്ടുന്നവൻറെ വിയർപ്പിൽ കുതിർന്ന നോട്ടുകളും, റബ്ബറുവെട്ടുകാരൻറെ റബ്ബറിൻറെ ഒട്ടലും ഗന്ധവുമുള്ള  നോട്ടുകളും, പണക്കാരുടെ, പുത്തൻ മണം പേറുന്ന നോട്ടുകെട്ടുകളും, വിദേശസംഭാവനയിൽനിന്നും വകതിരിച്ച കോടികളും മുടക്കി പടുത്തുയർത്തിയ ഒരു മനോഹര കച്ചവടസമുച്ചയമായേ ലേശമെങ്കിലും ചിന്തിക്കുന്നവർക്ക് കാണാനാവൂ! ഒരു കച്ചവടസമുച്ചയം രോമഹർഷമുണ്ടാക്കാൻ പര്യാപ്തമല്ല. രക്ഷകനായ യേശുവിൻറെ മാതാവിനെ മറയാക്കിക്കൊണ്ട് കോടികളുടെ കച്ചവടം ലക്ഷ്യമാക്കുന്ന പള്ളിമേലാളന്മാർക്ക് വിശ്വാസം യേശുവിലല്ല! മാമോനിലാണ് അവരുടെ വിശ്വാസവും ആശ്വാസവും! യേശുവിനെ അവർ ആയിരംകാതം അകലെ മാറ്റി നിറുത്തിയിരിക്കുന്നു.

മൂന്നാംനിലയിൽ ഒരേസമയം മൂവായിരം ഭക്തജനങ്ങളെ ഉൾക്കൊള്ളാവുന്ന ദേവാലയം, രണ്ടാംനിലയിൽ നിത്യാരാധനചാപ്പലും കുമ്പസാരവേദിയും, താഴത്തെ നിലയിൽ ഭൂഗർഭക്കപ്പേള എന്നിവയാണ് സമുച്ചയത്തിന്റെ മുഖമുദ്ര. തീർഥാടനകേന്ദ്രത്തിന്റെ അസാധാരണത്വം ഉയർത്തിക്കാണിക്കുന്നതിനായി സൃഷ്ടികർമ്മത്തെയാണ് കൂദാശ വേളയിൽ മാതൃകയാക്കിയിരിക്കുന്നത്.സമുച്ചയത്തിന്റെ കൂദാശാകർമ്മം നവംബർ 21നു ആരംഭിച്ചു് ഡിസംബർ 24-ന് സമാപിക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാളത്തനിമയുടെ മകുടോദാഹരണമായ കൊടിമരം വെഞ്ചരിപ്പിനും ഒരു ദിനം നിശ്ചയിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ അന്ന്യംനിന്നുകൊണ്ടിരിക്കുന്ന കൂദാശയാണ് കുമ്പസാരം.കേരളത്തിലെ വ്യത്യസ്ഥ കൃസ്തീയമതവിഭാഗങ്ങളിൽപ്പെട്ടവർ കുമ്പസാരത്തിനെതിരെ നിശിതമായവിർശനവും, കഠിനമായ എതിർപ്പുമായി മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്. മനുഷ്യത്വത്തിൻറെ ശ്രേഷ്ടതക്ക് പുല്ലുവിലകൽപ്പിക്കാത്ത ക്രൂരതയാണ്‌ കുമ്പസാരം. എതിർക്കപ്പെട്ട കൂദാശയുടെ സ്വീകാര്യത ഉയർത്തുന്നതു ലക്ഷ്യമിട്ട്, നിത്യാരാധാനാചാപ്പൽ എന്നു വിശേഷിപ്പിച്ചിരിക്കുന്ന കുമ്പസാരവേദി ഈ സമുച്ചയത്തിന്റെ ഭാഗമാണെത്രേ! നിർമ്മിതിയും, നിർമ്മാണച്ചിലവും (ഊഹം) കൂദാശയും, വിദേശനിർമ്മിതമായ മറിയത്തിൻറെ മൂന്നു പ്രതിമകളിൽനിന്നും തെരഞ്ഞെടുത്ത പ്രതിമയും, ഫ്രാൻസിസ് പാപ്പാ വാഴ്ത്തിയ അൾത്താര ശിലയും അത്ഭുതമാക്കിയതിലൂടെ തീർഥാടനകേന്ദ്രം ഒരു അത്യൽത്ഭുത കേന്ദ്രമായിരിക്കുമെന്ന സന്ദേശം നല്കിക്കഴിഞ്ഞിരിക്കുന്നു - സാക്ഷാൽ കച്ചവടകേന്ദ്രത്തിൻറെ പ്രതീതി സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. അത്ഭുതസ്തബ്ധരായ ആയിരക്കണക്കിന് ദൈവജനം തീർഥാടകരായി അണയും. സെക്യൂരിറ്റി ക്യാമറായുടെ സംരക്ഷണം ഉറപ്പാക്കിയ ഭീമാകാരമായ ഭണ്ടാരക്കുറ്റികൾ നിറഞ്ഞുകൊണ്ടേയിരിക്കും. അരമനയിലെ തിരുമേനിയും പുരോഹിതന്മാരും സന്തോഷചിത്തരാകും. എല്ലാമെല്ലാം പാറേലമ്മയുടെ അനുഗ്രഹത്താൽ! ആയിരങ്ങൾ കാഴ്ചക്കാരായി കടന്നുവരും മേരീഭക്തർ തീർഥാടകരായി ഓടിയെത്തും കച്ചവടക്കാർ കഴുകനെപ്പോലെ വട്ടമിടും.വന്നവരെല്ലാം സന്തോഷമായി തിരിച്ചുപോകും. ഈ പ്രക്രിയ അങ്ങനെ തുടർന്നുപോകും. കച്ചവടസമുച്ചയത്തിൻറെ പേരും പേറിക്കഴിയുന്ന അമ്മ അചിരേണ വിസ്മൃതിലായെന്നുവരാം. എന്നാലെന്ത്! ഭണ്ടാരക്കുറ്റി സ്ഥലത്തെ പ്രധാന ദിവ്യനായി വാഴ്ത്തപ്പെടുമല്ലോ, നിലനിൽക്കുമല്ലോ! Mission accomplished!

സമുച്ചയത്തപ്പറ്റിയുള്ള രൂപതാ വിജ്ഞാപനങ്ങളിൽ പലകാര്യങ്ങളെപ്പറ്റിയും പ്രത്യേകതകളെപ്പറ്റിയും എടുത്തുപറയുന്നുണ്ട്. എന്നാൽ, നിർമ്മാണച്ചിലവിൻറെ കാര്യത്തിൽ രൂപതയും ബന്ധപ്പെട്ട പുരോഹിതരും തീർത്തും മൗനം പാലിക്കുന്നു. സംശയത്തിനതു സാഹചര്യമൊരുക്കുന്നു. ദൈവത്തിൻറെയും സഭയുടേയും പേരിൽ അരങേറുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും അങ്ങാടിപ്പാട്ടാണ്.കത്തോലിക്കാസഭയുടെ ഡിക്ഷനറിയിൽ ഇടംനേടാത്ത രണ്ടു വാക്കുകളുണ്ട്-ഉത്തരവാദിത്വവും(accountability) സുതാര്യതയും. ചെക്കർക്ക് ടിക്കറ്റ് എഴുതുകയോ? ദൈവത്തിനോട് കണക്കുചോദിക്കുകയൊ? ഇതാണ് തിരുമേനിമാരുടെയും, പിതാക്കന്മാരുടെയും പുരോഹിതന്മാരുടെയും ഭാവം. ഒരു പക്ഷെ, ദൈവദൂഷണമായിട്ടായിരിക്കും ദൈവത്തിൻറെ പ്രതിപുരുഷന്മാരെന്നവകാശപ്പെടുന്നവർ ഇതിനെ കാണുന്നതും കാണിക്കുന്നതും. കൃസ്തുമതത്തിന്റെ`സുവർണ്ണകാലഘട്ടത്തിൽ, യൂറോപ്പിലെ രാജാക്കന്മാരെയും ചക്രവർത്തിയെയും മാർപാപ്പാമാർ വാഴിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. മാർപ്പാപ്പാമാരെ സന്തോഷിപ്പിക്കാനും അവരുടെ പ്രീതി പിടിച്ചുപറ്റാനുമായി മത്സരിച്ചിരുന്ന രാജാക്കന്മാരും, പ്രഭുക്കളും, പ്രജകളെ പിഴിഞ്ഞുണ്ടാക്കിയ പണമുപയോഗിച്ചു് അംബരചുംബികളായ ബ്രഹ്‌മാണ്ഡ ദേവാലയങ്ങൾ - ജർമ്മനിയിലെ കൊളോണിലും, ഇറ്റലിയിലെ വത്തിക്കാനിലും, മിലാൻ നഗരത്തിലും, സ്പെയിനിലെ സെവില്ലേ നഗരത്തിലും, ബാസിലോണിയായിലും, ഫ്രാൻസിലെ നോറ്റർഡേമിലും പടുത്തുയർത്തിയിരുന്നു. അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ തിരുശേഷിപ്പുകൾ സൂക്ഷിക്കലും,വിശ്വാസതീഷ്ണതയുടെ സ്മരണ നിലനിറുത്തലും സഭയുടെ ശക്തി പ്രകടനവുമായിരുന്നു. തിരുശേഷിപ്പുകളിൽ കന്യകാമറിയത്തിന്റെ മുലപ്പാൽ, യേശുവിനെ കുരിശ്ശിൽ തറക്കാൻ ഉപയോഗിച്ച ആണികൾ, യേശുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിനു പ്രതിഫലമായി ലഭിച്ച നാണയത്തുട്ടുകൾ എന്നിവ ഉൾപ്പെട്ടിരുന്നു. 'ശ്രീ ഭൂവിലസ്ഥിര' എന്ന് കുമാരൻ ആശാൻ പാടിയത് ആ പള്ളികളുടെ കാര്യത്തിൽ അന്ന്വർത്ഥമായിരിക്കുന്നു. അവയിൽ മിക്കതും ഇപ്പോൾ പരിപാവനമായ പള്ളികളോ തീർഥാടനകേന്ദ്രങ്ങളോ അല്ല. ലോകത്തിൻറെ നാനാഭാഗങ്ങളിൽനിന്നുമുള്ള പതിനായിരങ്ങളെ മാടിവിളിക്കുന്നുണ്ടെങ്കിലും തിരുശേഷിപ്പുകളെ വണങ്ങാനോ, വിശ്വാസദാർഢ്യം വിളിച്ചറിയിക്കാനോ,ആത്മീയ ഉണർവ് ഉൾക്കൊള്ളാനോ അവരിൽ ഭൂരിപക്ഷത്തിനും താല്പര്യമില്ല. 

കാഴ്ച്ചകൾകാണാനും കലാ സൗന്ദര്യം ആസ്വദിക്കാനും ജീവിതം അടിച്ചുപൊളിക്കാനുമാണ് ആണുംപെണ്ണും അവിടങ്ങളിലേക്ക് അണയുന്നത്. പത്തും പതിനഞ്ചും യൂറോയുടെ ടിക്കറ്റെടുത്താണ് വിയന്ന (ആസ്ട്രിയ) യിലെ സെയിന്റ് സ്റ്റീഫൻ കത്തീദ്രലിൽ സ്ഥാപിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആടുന്ന പള്ളിമണി(swinging church bell കാണുന്നതെങ്കിൽ, മറ്റൊരു തീർഥാടനകേന്ദ്രത്തിലെ ആകർഷണം ലോകത്തിലെ ഏറ്റവും വലിയ ധൂമക്കുറ്റിയായിരിക്കും.സ്പെയിനിലെ സാൻറ്റിയാഗോ കംപോസ്റ്റിലോ കത്തീദ്രലിലെ ഓടുന്ന ധൂമക്കുറ്റി ലോകപ്രസിദ്ധമാണ്. ജർമ്മനിയിലെ പാസ്സാവു നഗരത്തിലെ സെന്റ് സ്റ്റീഫൻ പള്ളിയിലെ വലിയ പിയാനോ (largest piano) പണം വാരുന്ന മറ്റൊരു അത്ഭുതക്കാഴ്ചയാണ്. ("ഡാന്യൂബിന്റെ നാട്ടിൽ") എന്ന ശീർഷത്തിലുള്ള ലേഖകൻറെ യാത്രാവിവരണത്തിൽ ഈ പള്ളി അതിശയങ്ങളെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്) യൂറോപ്പിലെ ക്രിസ്തീയതക്കു സംഭവിച്ച തകർച്ചയുടെയും വീഴ്ചയുടെയും പാതയിലൂടെ-  അതിവേഗത്തിൽ- സഞ്ചരിക്കുന്ന കൃസ്തീയ സഭകളിലാണ് കേരളത്തിലെ ക്രിസ്ത്യാനികൾ എന്നഭിമാനിക്കുന്നവർ ഇന്ന് കുടുങ്ങിക്കഴിയുന്നത്. യുവതിയെ  അരമനയിൽതാമസിപ്പിച്ച ആരോപണം,മെത്രാനും കന്യാസ്ത്രിയുമായി ബന്ധിച്ചുള്ള കോടതികയറിയ ലൈഗികാരോപണം, വൈദീകനും കുടുംബിനിയുടെ കൊലപാതകവുമായി ബന്ധിച്ചുള്ള കോടതിക്കേസ്സ്, വൈദീകനുംകന്യാസ്ത്രിയുമായുള്ള ലൈഗികബന്ധത്തിനിരയായ കന്യാസ്ത്രിയുടെപേരിൽ നീണ്ടുനിന്ന കോടതിവ്യവഹാരവും വിധിയും, കർദിനാൾ പ്രതിയായ ഭൂമികുംഭകോണവും നികുതിവെട്ടിപ്പും വ്യാജരേഖചമക്കലും, സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിൽ സഹോദര സഭകൾ തമ്മിലുള്ള കയ്യാങ്കളികളും കോടതിയുദ്ധങ്ങളും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വൈദീകൻ സമ്മാനിച്ച വിശുദ്ധഗർഭവും അനന്തര വിശുദ്ധ ഇടപെടലുകളും, കുരിശുനാട്ടിയുള്ളവനഭൂമി ക്കയ്യേറ്റങ്ങൾ, കൂദാശകളുടെയും ശവസംസ്‌ക്കാരത്തിന്റേയും പേരിൽ പുരോഹിതർ  നടത്തുന്ന കൊള്ളകളും കൊള്ളരുതായ്മകളും, പരസ്യമായി പറയാൻ ലജ്ജിക്കേണ്ട മറ്റനേക മ്ലേച്ഛതകൾ - ഇവയൊക്കെ സഭാംഗങ്ങൾക്കു നാണക്കേടിനും നിരാശതക്കും കാരണമാകുന്നു.അന്യമതക്കാർക്ക് ഉതുപ്പിന് ഹേതുവാകുന്നു. 

പണ്ഡിതനും, പക്വമതിയും, നാലു പതിറ്റാണ്ടോളം കൃസ്തീയ പുരോഹിതനുമായിരുന്ന പ്രഫസർ വത്സൻ തമ്പുവിന്റെ വളരെ കൃത്യമായ നിരീക്ഷണം ക്രിസ്താനിയായതിനാൽ നാണക്കേടു സഹിച്ചു കഴിയുന്ന ഓരോ കൃസ്ത്യാനിയുടെയും അടിയന്തിര ശ്രദ്ധയ്ക്ക് വിഷയമാകേണ്ടതാണ്. "മുത്തുകളും ഉഛിഷ്ടവും തമ്മിൽ തിരിച്ചറിയാൻ കഴിവില്ലാത്ത, ജന്തുക്കൾക്കു സമാനമായ ആർത്തിപൂണ്ട, ധാർമ്മികത തൊട്ടുതേച്ചിട്ടില്ലാത്ത പറ്റമാണ് കേരളത്തിലെ ദൈവജനത്തെ ഇന്ന് നയിക്കുന്നത്, അല്ലെങ്കിൽ ഒരു സംഘം കുരങ്ങൻമാരാൽ പിച്ചിച്ചീന്തപ്പെടുന്ന പൂമാലയാണ് കേരളത്തിലെ ക്രിസ്തുമതാനുയായികൾ". ഇത്തരത്തിലുള്ള സഭാമേലാളൻമ്മാരുടെ മേൽനോട്ടത്തിൽ പാറേൽ മരിയൻ തീർഥാടനകേന്ദ്രം പോലുള്ള മഹത്തായ നിർമ്മിതികളുടെ ആയുസ്സിനെക്കുറിച്ചു ആശങ്കപ്പെടേണ്ടിയിരിക്കുന്നു! 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-07 09:54:58
💥🔥മതം വളരുകയും നിലനിൽക്കുകയും ചെയ്യണമെങ്കിൽ കച്ചവടം കൂടിയേ തീരൂ. അതിനായി ഒരു മിടുക്കൻ ദൈവത്തെയും കൂടെ കൂട്ടണം . ഒരിടത്തും ഫ്രീ ലഞ്ച് സെർവ് ചെയ്യപ്പെടുന്നില്ല . ചെറു ചില്ലറ സഹായങ്ങൾ ഒക്കെ കത്തോലിക്കാ സഭ സമൂഹത്തിനു ചെയ്യുന്നുണ്ടെന്നുള്ള കാര്യം വസ്തുതയല്ലേ???എല്ലാത്തിനും ഒരു price tag ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. വിറ്റ വില മൈനസ് വാങ്ങിയ വില = ലാഭം. ഒരു പ്രസ്ഥാനം ഓടണമെങ്കിൽ ലാഭം ഉണ്ടായേ പറ്റൂ. പൈസ കയ്യിൽ ഇല്ലാത്തവൻ പള്ളിയിൽ പോകണ്ടാ. അതല്ലേ അതിന്റെ ഒരിത്. ‼️ ആരും നിർബന്ധിക്കുന്നില്ലല്ലോ. ആ അമ്മൂമ്മകഥയിൽ വിശ്വസിക്കുന്നവർ മാത്രം അങ്ങോട്ടേയ്ക്ക് തള്ളിപ്പിടിച്ച് പോയാൽ മതിയല്ലോ, അല്ലേ??...ആ കെട്ടു കഥകളിൽ രമിക്കുന്നവരല്ലേ പൈസ പിരിക്കുന്നതും, കെട്ടിടം പണിയുന്നതും അതിൽ അത്ഭുതം നടക്കുന്നുണ്ടെന്നു അവകാശപ്പെടുന്നതും????‼️ ചെല്ല്, ചെന്നു കേറി കൊടുക്ക്‌.. ലോകത്തിലെ ഒരേ ഒരു അത്ഭുതം എന്നു പറഞ്ഞാൽ "അത്ഭുതങ്ങൾ ഒന്നും ലോകത്തിൽ നടക്കുന്നില്ലാ എന്നുള്ളതാണ്.". കഥ എന്തുമായിക്കോട്ടെ, കത്തോലിക്കാർ കെട്ടിയുണ്ടാക്കിയ പള്ളിക്കൂടങ്ങളും ആശുപത്രികളുമേയുള്ളൂ 'അന്നും' ഇന്നും ഇന്ത്യയിൽ നല്ല രീതിയിൽ നടന്നു പോകുന്നത്. പിന്നെ, അമ്മയെ വണങ്ങുന്ന കാര്യം - അത്‌ ഒരുതരം dash ഏർപ്പാടാകുന്നു.♦️ {അമ്മ അത്ഭുതങ്ങൾ ചെയ്യുന്ന സ്ത്രീ ആയിരുന്നുവെങ്കിൽ, കത്തോലിക്കർക്ക് ഈ സ്ക്കൂളും ആശുപത്രിയും ഒന്നും കെട്ടേണ്ടി വരില്ലായിരുന്നു.♦️ തലക്കകത്തു മണ്ണില്ലാത്തവർക്ക് ദൃഷ്ട്ടാന്തമുണ്ട്. ഈ പാറേൽ പള്ളി നിർമിക്കാൻ ഈ മറിയാമ്മ ഒരു ചെറിയ ഇഷ്ടിക കഷണം പോലും താഴേക്കു ഇട്ടുകൊടുത്തിട്ടില്ല ഇന്നു വരെയും. എല്ലാം ബംഗാളികൾ കെട്ടിപ്പൊക്കിയത്.... 90 കോടി ഭാരത രൂപായിൽ കൂടുതൽ already ചിലവായിട്ടുണ്ട് എന്നാണ് ,ചങ്ങനാശേരി ബിഷപ്പ് ഹൌസിൽ നിന്നും "വിവരാവകാശ നിയമ" പ്രകാരമുള്ള അന്വേഷണത്തിന് കിട്ടിയ മറുപടി ശ്രീമാൻ തറയിൽ പിതാവിൽനിന്നും. റെജീസ് 🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക