Image

ഇന്ത്യൻ പ്രൊഫസർക്കെതിരെ വംശീയ പരാമർശം; ഐഐടി ബോംബെ ബിരുദം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

Published on 07 October, 2026
ഇന്ത്യൻ പ്രൊഫസർക്കെതിരെ വംശീയ പരാമർശം; ഐഐടി ബോംബെ ബിരുദം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

അമേരിക്കയിലെ മോണ്ടാന സ്റ്റേറ്റ് സർവകലാശാലയിലെ ഇന്ത്യൻ, ഇന്ത്യൻ വംശജരായ അധ്യാപകരെ ലക്ഷ്യമിട്ട് അമേരിക്കൻ സോഷ്യൽ മീഡിയ ഉപയോക്താവ് നടത്തിയ വംശീയ പരാമർശം വിവാദമായി. എന്നാൽ പരാമർശത്തിന് പിന്നാലെ അധ്യാപകരുടെ അക്കാദമിക് മികവ് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. 

‘Oilfield Rando’ എന്ന പേരിൽ എക്സിൽ സജീവമായ ഉപയോക്താവാണ് മോണ്ടാന സ്റ്റേറ്റ് സർവകലാശാലയിലെ ഇന്ത്യൻ, ഇന്ത്യൻ വംശജരായ അധ്യാപകരുടെ പട്ടിക പങ്കുവച്ചത്. ഇതിൽ അഗ്രികൾച്ചറൽ പ്രോസസ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ശിവാലി ബാനർജിയെയും ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുള്ളയാളാണ് ഡോ. ശിവാലി ബാനർജി. പോസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ അവരുടെ അക്കാദമിക് യോഗ്യതയെ പ്രശംസിക്കുകയും ഐഐടി ബോംബെയിലെ പ്രവേശനത്തിന്റെ കടുത്ത മത്സരസ്വഭാവം ചൂണ്ടിക്കാട്ടുകയും ചെയ്തു. 

ഇന്ത്യൻ വംശജരായ ഉയർന്ന യോഗ്യതയുള്ള ഗവേഷകരും അധ്യാപകരും അമേരിക്കൻ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നൽകുന്ന സംഭാവനകളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ എടുത്തുപറഞ്ഞു. ബാനർജിയെ കൂടാതെ മറ്റ് ഇന്ത്യൻ വംശജരായ അക്കാദമിക് വിദഗ്ധരുടെ വിവരങ്ങളും പോസ്റ്റിൽ പങ്കുവച്ചിരുന്നു.

സംഭവം വംശീയ പരാമർശങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കൊപ്പം അമേരിക്കൻ അക്കാദമിക് രംഗത്ത് ഇന്ത്യൻ വംശജരായ അധ്യാപകരുടെ സാന്നിധ്യവും മികവും വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക