Image

കന്നിമാസത്തിലെ ആയില്യം - നാഗരാജാവിന്റെ ജന്മദിനം (നമുക്കു ചുറ്റും-17: സുധീർ പണിക്കവീട്ടിൽ)

Published on 07 October, 2026
കന്നിമാസത്തിലെ ആയില്യം - നാഗരാജാവിന്റെ ജന്മദിനം (നമുക്കു ചുറ്റും-17: സുധീർ പണിക്കവീട്ടിൽ)

ഇന്നലെ കന്നിമാസത്തിലെ ആയില്യം നാൾ.(October 6) കേരളത്തിലെ നാഗാരാധനയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ് ആയില്യപൂജ. നാഗരാജാവായ വാസുകിയുടെ ജന്മദിനമായും സർപ്പപ്രീതിക്കായുള്ള വിശേഷ ദിവസമായുമാണ് കന്നിമാസത്തിലെ ആയില്യം ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് ഭാരതത്തിലെ ജനങ്ങൾ പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾ സർപ്പങ്ങളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്? അതിന്റെ പിന്നിലുള്ള ഐതിഹ്യം കൗതുകകരമാണ്.
ഇന്ത്യയിലെ സർപ്പ ആരാധന ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്,  അതു വേദ പാരമ്പര്യങ്ങൾക്ക് മുമ്പും സിന്ധു നദീതട നാഗരികത വരെ നീളുന്ന രീതിയിലുള്ളതാണ്. നാഗഗോത്രം എന്നറിയപ്പെടുന്ന ഒരു പുരാതന വംശം യഥാർത്ഥത്തിൽ ഈ സർപ്പ ദേവതകളെ ആദരിച്ചിരുന്നു. കൂടാതെ  ഹിന്ദു ദൈവങ്ങൾക്ക് സർപ്പങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. ശിവൻ തന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്നത് വാസുകിയെയാണ്. വിഷ്ണുവാകട്ടെ, അനന്തൻ (ശേഷനാഗൻ) എന്ന  ബഹുഫണ (ആയിരം തലയുള്ള) സർപ്പത്തിന്മേൽ ശയിക്കുന്നു.

ഹിന്ദു   ആചാരപ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.   ആ പ്രധാനപ്പെട്ട നാഗങ്ങൾ ഇവയാണ്. അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, കാളിയൻ.

(1)ശേഷ നാഗം അഥവാ (അനന്തൻ, ആദിശേഷൻ) ആയിരം തലയുള്ള നാഗം. സർവ്വ നാഗങ്ങളുടെയും രാജാവായാണ്‌ അനന്തൻ അഥവാ ആദിശേഷൻ അറിയപ്പെടുന്നത്‌. അനന്തന്റെ പുറത്ത് സാക്ഷാൽ മഹാവിഷ്ണു ശയിക്കുന്നുവെന്നാണ് വിശ്വാസം. അതാണ്‌ അനന്തശയനം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. (2)വാസുകി:ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു. പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.നാഗങ്ങളുടെ രാജാവാണ് വാസുകി. (3)തക്ഷകൻ:കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു.ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു. (4)കാർക്കോടകൻ:നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഒരു ആപത്തിൽ നിന്നും കാർക്കോടകനെ നളൻ രക്ഷിക്കുന്നു.പകരമായി നളനെ കാർക്കോടകൻ ദംശിക്കുന്നു.ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാൻ സാധിക്കുന്നു. (5)പത്മൻ:ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ. (6) കാളിയൻ:താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുന നദി വിട്ടു പോവുകയും ചെയ്ത നാഗമാണ് കാളിയൻ. (7) (8)ശംഘപാലകൻ: പ്രമുഖനായ മറ്റൊരു അഷ്ടനാഗം.(8)ഗുളികൻ: നാഗങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദൈവം.

കേരളത്തിൽ നാഗപൂജയുടെ ആരംഭം.: ക്ഷത്രിയനിഗ്രഹത്തിന് ശേഷം തനിക്കുണ്ടായ പാപങ്ങൾ തീർക്കാനായി പരശുരാമൻ കടലിൽ നിന്നും മഴു എറിഞ്ഞ് വീണ്ടെടുത്ത ഭൂമിയാണ് കേരളം (ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം). തന്റെ പാപപരിഹാരാർത്ഥം ഈ ഭൂമി അദ്ദേഹം ബ്രാഹ്മണർക്ക് ദാനം ചെയ്തു.   കടലിൽ നിന്ന് ഉയർന്നുവന്ന ഭൂമിയായതിനാൽ തുടക്കത്തിൽ ഈ മണ്ണ് ഉപ്പരസമുള്ളതും (ലവണാംശമുള്ളത്) കൃഷിക്കോ മനുഷ്യവാസത്തിനോ അനുയോജ്യമല്ലാത്തതുമായിരുന്നു.അതിനാൽ ഭൂമി ബ്രാഹ്മണർക്ക് ദാനം  ചെയ്‌തെങ്കിലും അവർ  അത് ഉപേക്ഷിച്ചുപോയി. ഈ പ്രതിസന്ധി പരിഹരിക്കാൻ പരശുരാമൻ തന്റെ ഗുരുവായ പരമശിവനെ ഭജിച്ച് ഉപായം തേടി. ശിവഭഗവാൻ പാർവതിസമേതനായി തന്റെ വെള്ളക്കാളപുറത്ത് എഴുന്നെള്ളി *എന്ത് വേണം ഭാർഗവരാമ? എന്താ എന്നെ സ്മരിച്ചത്?* എന്ന് ചോദിച്ചു. പരശുരാമൻ തന്റെ സംഘടാവസ്ഥ ഭഗവാനോട് വിവരിച്ചപ്പോൾ ശിവൻ പരശുരാമനോട് നൽകിയ നിർദ്ദേശം ഇതായിരുന്നു: നാഗരാജാവായ വാസുകിയെ ആരാധിക്കുക: ഭൂമിയിലെ ഉപ്പരസം മാറ്റാൻ നാഗങ്ങളുടെ (വാസുകിയുടെ) സഹായം തേടാൻ ശിവൻ ആവശ്യപ്പെട്ടു. വാസുകി ഭാർഗ്ഗവരാമാനോട് ചോദിച്ചു.എല്ലാ തറവാടിന്റെയും തെക്കുപടിഞ്ഞാറേ മൂലയിൽ ഞങ്ങൾക്ക് – നാഗങ്ങൾക്ക് – ഒരു സ്ഥാനം തരുമോ? പരശുരാമൻ പ്രസന്നനായി അതിനു അനുമതി നൽകി. അങ്ങനെ ഭവിക്കും,!എങ്കിൽ ആ വീട്ടിൽ സന്തതി, സമ്പത്ത്, എല്ലാ ഐശ്വര്യങ്ങളും ഞങ്ങൾ നിലനിർത്തും. ത്വക്ക് രോഗം, ശിരോരോഗങ്ങൾ ഒന്നും ഇല്ലാതെ, പാണ്ടുരോഗം, കുഷ്ഠം, പുത്രകളത്ര നാശം ഇല്ലാതെ ഞങ്ങൾ നോക്കിക്കോളാം, കേരളക്കരയിൽ എല്ലാ തറവാട്ടിലും തെക്കുപടിഞ്ഞാറേ മൂലയിൽ പാമ്പിൻകാവുകൾ ഉണ്ടായി. ഭൂമിയുടെ ഉപ്പരസം പൂർണ്ണമായി മാറുന്നതിനും മനുഷ്യർക്ക് ഐശ്വര്യത്തോടെ ജീവിക്കുന്നതിനുമായി 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാക്ഷേത്രങ്ങളും പരശുരാമൻ കേരളത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

വാസുകി പരശുരാമനോട് ആവശ്യപ്പെട്ടത് വർഷത്തിൽ ഒരു ദിവസം, അത് നാഗരാജാവിന്റെ പിറന്നാൾ ആയ കന്നിയിലെ ആയില്യത്തിനായാൽ അത്യുത്തമം ഞങ്ങൾക്ക് ഒരു നൂറും പാലും, വെള്ളരി,കവുങ്ങിൻ പൂക്കുല നൽകുക. അതില്ലെങ്കിൽ ഒരു തിരി കത്തിച്ചാൽ പോലും ഞങ്ങൾ പ്രസാദിക്കും. ആ കുടുംബത്തെ ഞങ്ങൾ കാത്തുരക്ഷിക്കും.പറയുന്നത് വാസുകി ആണ്. ഞങ്ങൾ വാക്ക് പാലിക്കും, തന്നുകൂടെ ഭഗവാനേ?* പരശുരാമൻ കൊടുത്ത വാക്ക് ഇന്നും നാഗങ്ങൾ  പാലിക്കുന്നു. എന്നാൽ പുരോഗമനത്തിന്റെ പേരിൽ പാമ്പിൻകാവുകൾ നശിപ്പിക്കുകയും പാമ്പുകളെ ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാകയാൽ നമ്മൾ കാണുന്നത് മക്കൾ മദ്യപാനികൾ, രോഗികൾ, വിധവകൾ ഒക്കെ ആയി മാറുന്ന ദുരവസ്ഥ! അന്ധവിശ്വാസങ്ങൾക്ക് ചിലപ്പോൾ ശക്തിയേറുന്നു.
വടക്കേ ഇന്ത്യയിൽ വളരെ വലിയ ആഘോഷമായി കൊണ്ടാടുന്ന  ഒരു പ്രധാന ഹൈന്ദവ ഉത്സവമാണു നാഗപഞ്ചമി.     ഹൈന്ദവ കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസമാണ് ഇത്  ആചരിക്കുന്നത്. സാധാരണയായി ഇത് ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസങ്ങളിലാണ് വരാറുള്ളത്. ഈ ദിവസം നാഗദേവതകളെ (അനന്തൻ, വാസുകി, തക്ഷകൻ തുടങ്ങിയ നാഗങ്ങൾ) പൂജിക്കുന്നു. നാഗവിഗ്രഹങ്ങൾക്ക് മുകളിൽ പാലും മധുരപലഹാരങ്ങളും അർപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്. ജീവനുള്ള പാമ്പുകൾക്ക് പാൽ നൽകുന്ന രീതിയും ചിലയിടങ്ങളിലുണ്ട്. : നാഗപഞ്ചമി ദിവസം വടക്കേ ഇന്ത്യയിലെ കർഷകർ മണ്ണ് തുരക്കുന്നതോ നിലം ഉഴുതുമറിക്കുന്നതോ ആയ ജോലികൾ പൂർണ്ണമായും ഒഴിവാക്കുന്നു. മണ്ണിൽ ഒളിച്ചിരിക്കുന്ന പാമ്പുകൾക്ക് അബദ്ധത്തിൽ പോലും പരിക്കേൽക്കരുത് എന്ന വിശ്വാസത്തിലാണ് ഇത് ചെയ്യുന്നത്.

കേരളത്തിലെ സർപ്പപൂജയിൽ നിന്ന് വ്യത്യസ്തമാണ് വടക്കേ ഇന്ത്യയിലെ നാഗപഞ്ചമി.  ശ്രീകൃഷ്ണഭഗവാൻ കാളിയൻ  എന്ന  വിഷപ്പാമ്പിന്റെ   അഹങ്കാരം ശമിപ്പിച്ച് കീഴടക്കിയതിന്റെ പ്രതീകമായിട്ടാണ് അവർ നാഗപഞ്ചമി ആഘോഷിക്കുന്നത്. അടുത്ത ഐതിഹ്യം മഹാഭാരതത്തിലെ  ജനമേജയ മഹാരാജാവ് തന്റെ പിതാവ് പരീക്ഷിത്തിനെ തക്ഷകൻ കടിച്ചുകൊന്നതിനു പക പോക്കനായി  ഭൂമിയിലെ പാമ്പുകളെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ 'സർപ്പസത്രം' യാഗം ആസ്തിക മുനി അവസാനിപ്പിച്ചതും നാഗവംശത്തെ രക്ഷിച്ചതും ഈ ദിവസമാണെന്ന വിശ്വാസത്തിൽ നാഗപഞ്ചമി ആഘോഷിക്കുന്നു.
ആയില്യ പൂജയോടനുബന്ധിച്ച് കളമെഴുത്തും (നാഗങ്ങളുടെ രൂപം മണ്ണിൽ വരയ്ക്കുന്നത്), നാഗങ്ങൾക്ക് 'നൂറും പാലും' സമർപ്പിക്കലും പുള്ളുവൻ പാട്ടിന്റെ ഭാഗമായി നടക്കുന്നു. ചിലയിടങ്ങളിൽ സ്ത്രീകൾ സർപ്പം തുള്ളുന്ന ചടങ്ങും ഇതിനോടനുബന്ധിച്ചുണ്ടാകും. നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അനുഗ്രഹം കിട്ടാനുള്ള ഒരു പ്രാർത്ഥനയാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

ശ്രീ നാഗരാജ വാഴ്ക വാഴ്ക
ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക
പുറ്റും മുട്ടയും കാഴ്ച വയ്ക്കാം
ഉപ്പും മഞ്ഞളും നേർച്ച വയ്ക്കാം
കമുകിൻ പൂമാലയിൽ ശോഭിച്ചീടും
കമനീയ രൂപത്തെ കൈ വണങ്ങാം
മാമുനി പുംഗവൻ പരശുരാമൻ
ചേലിൽ പ്രതിഷ്ഠിച്ച ദൈവമല്ലോ
ആയുസ്സും അർത്ഥവും വന്നു ചേരാൻ
ആദിശേഷൻ നിത്യം വാഴ്ക വാഴ്ക
നൂറും പാലും ഇഷ്ട പൂജയാക്കി
വാഴുന്ന തമ്പുരാൻ വാഴ്ക വാഴ്ക
പുത്ര ലാഭത്തോടെനിന്റെമുന്നിൽ
ഉരുളി മലർത്തുന്നേ നാഗരാജ 
ശ്രീ നാഗരാജാ വാഴ്ക വാഴ്ക
ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക

ഏദൻ തോട്ടത്തിലെ പാമ്പിനെ എല്ലാ തിന്മകളുടെയും മൂലകാരണമായാണ് ചിത്രീകരിക്കുന്നത്; എന്നാൽ ഇന്ത്യയിലാകട്ടെ, അവയെ ദൈവികമായ ജീവികളായി ആദരിക്കുന്നു. അവർക്കായി പറമ്പിന്റെ മൂലകളിൽ കൊച്ചു കാവുകൾ ഉണ്ടാക്കുന്നു. പ്രധാനപ്പെട്ട മിക്ക ഹിന്ദു ദേവന്മാരുമായും ദേവിമാരുമായും പാമ്പുകൾക്ക് ബന്ധമുണ്ട്. വിഷപ്പാമ്പുകളുണ്ടെന്ന വിശ്വാസമോ (അല്ലെങ്കിൽ യഥാർത്ഥത്തിൽ അവ അവിടെ ഉണ്ടായിരുന്നിരിക്കാം എന്നതോ)  പരിശുദ്ധമായ പാമ്പിൻ കാവുകളെ  നശിപ്പിക്കുന്നതിൽ നിന്ന് ഒരാളെ തടയുമെന്നത് നിശ്ചയം. ഈ ഭയം കൂടുതൽ ശക്തമാക്കുന്നതിനും അങ്ങനെ വനങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കാനും അന്നത്തെ കാലത്തെ മനുഷ്യർ ധാരാളം കഥകൾ പ്രചരിപ്പിച്ചുകാണും.
സർപ്പ ആരാധനയിൽ വിശ്വസിക്കുകയോ അത് ആചരിക്കുകയോ ചെയ്യണോ എന്നത് പൂർണ്ണമായും സാംസ്കാരികവും മതപരവും വ്യക്തിപരവുമായ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു; കാരണം, ചില മതവിഭാഗങ്ങളിൽ ഇതൊരു പവിത്രമായ ആചാരമാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ ഇതൊരു അപകടകരവും നിരുത്സാഹപ്പെടുത്തേണ്ടതുമായ പ്രവൃത്തിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ശുഭം
 

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-10-07 10:07:27
💥🔥Ok, ഹൈന്ദവ 'പാമ്പിൻപുരാണം' വായിച്ചു. അപ്പോൾ ഒരു ചോദ്യം, 6026 വർഷങ്ങൾക്കു മുൻപ് 'ക്രിസ്തിയനിയുടെ' ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്ന 'Speaking Snake' എങ്ങനെ ഒരു സാത്താന്യ ജീവി ആയി???. ആ പാമ്പ് കാരണമാണല്ലോ മൊത്തം മനുഷ്യ കുലം പാപത്താൽ ഇപ്പോഴും നശിച്ചു മുടിഞ്ഞു കൊണ്ടിരിക്കുന്നതും, പാമ്പ് ദൈവത്താൽ ശപിക്കപ്പെട്ട ഒരു ജീവി ആയി തീർന്നതും, പൊടി തിന്നാനും നിലത്തിഴഞ്ഞു ജീവിക്കാനും വിധിക്കപ്പെട്ടതും ??? ശ്രീ. സുധീറിന്റെ കഥയും, ഞങ്ങളുടെ കഥയും അങ്ങോട്ടു gel ആകുന്നില്ലല്ലോ, sync ആകുന്നില്ലല്ലോ. അതെന്താ അങ്ങനെ??? ✳️Rejice
Sudhir Panikkaveetil 2026-10-07 13:15:44
പ്രിയ ശ്രീ റെജിസ് വായനക്കും പ്രതികരണത്തിനും നന്ദി. പുരാണങ്ങളിലെ ആധികാരികത തേടി പോയാൽ നിരാശയായിരിക്കും ഫലം. നമുക്കറിയാം ഒരാൾ മഴു എറിഞ്ഞാൽ കടൽ മാറിപോകുന്നില്ലെന്നു. ഭൂമി ശാസ്ത്രപരമായ (Geological) മാറ്റങ്ങളിലൂടെ ദശലക്ഷക്കണക്കിനു വർഷങ്ങൾക്ക് മുന്നേ കടൽ പിൻവാങ്ങിയതാകാം കടലിൽ നിന്ന് ഉയര്ന്നുവന്ന പ്രദേശത്തിലെ മണ്ണിനു ലവണരസം ഉണ്ടായിരുന്നിരിക്കാം, അതേപോലെ പാമ്പുകൾ മണ്ണിൽ നിന്നും ഉപ്പു വലിച്ചെടുക്കുമെന്നതിനോട് ശാസ്ത്രം യോജിക്കുന്നില്ല മണ്ണാറശാലയിൽ (പാമ്പാണ് ദേവത) ഉരുളി കമിഴ്ത്തിയാൽ കുട്ടികൾ ഉണ്ടാകുമെന്ന വിശ്വാസം. ഇതൊക്കെ അറിയുക മനസ്സിലാക്കുക എന്നല്ലാതെ ഇതിന്റെ സത്യവും ചരിത്രവുമൊക്കെ അന്വേഷിച്ചാൽ പൂർണ്ണമായ ഉത്തരം കിട്ടുമോ എന്ന് സംശയമാണ്. ശ്രീ റെജിസ് പറഞ്ഞപോലെ പാമ്പ് കൃസ്തുമതത്തിലെ വില്ലനാകുമ്പോൾ നമ്മുടെ കേരളത്തിൽ അതിനെ പൂജിക്കുന്നു മറ്റൊരു മതവിഭാഗം. നമുക്ക് ചുറ്റുമുള്ള കാഴ്ചകളും ഐതിഹ്യങ്ങളും ആസ്വദിക്കുക.
Jayan Varghese 2026-10-07 18:12:41
എന്തിനെക്കുറിച്ചും പഠിക്കുന്നതും സ്വന്തം വിശകലന ശേഷി ഉപയോഗപ്പെടുത്തി വിലയിരുത്തുന്നതിലും തെറ്റൊന്നുമില്ല. എല്ലാ ചങ്ങലകളിൽ നിന്നുമുള്ള മോചനമാണ് മനുഷ്യ വർഗ്ഗത്തിന്റെ അന്തിമ ലക്ഷ്യ സൂത്രം എന്നതിനാൽ തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും കൊണ്ടുള്ള ഒരു ജീവിത രീതി നടപ്പിലാവേണ്ടതുണ്ട്. അതിനു സഹായകങ്ങളായ സന്ദേശ വാഹകർ സാമൂഹ്യ പരിഷ്ക്കർത്താക്കളായി അറിയപ്പെടുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക