
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആകാശവാണി ഭവനിൽ പ്രതിപക്ഷം നടത്തിവന്ന ഒൻപത് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള പ്രമുഖ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവന് അകത്തുണ്ടായിരുന്ന 'ഇന്ത്യ' മുന്നണിയിലെ മുഴുവൻ നേതാക്കളെയും പൊലീസ് ബസുകളിൽ കയറ്റി വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.

പ്രതിഷേധത്തിനിടെ എംപിമാരെ അപമാനിച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് നിങ്ങൾ ‘വോട്ട് മോഷണം’ നടത്തിയെന്ന് അദ്ദേഹത്തോട് പറയുക മാത്രമാണ് തങ്ങൾക്ക് വേണ്ടതെന്നും രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വോട്ട് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്ത പ്രതിപക്ഷ നേതാക്കൾ പകൽ ബാരിക്കേഡുകൾക്ക് മുകളിൽ കയറി ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽക്കണ്ട് ‘വോട്ട് മോഷണം’ നടത്തിയെന്ന് ബോധ്യപ്പെടുത്താതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ.
എ.എ. റഹീം, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി, കല്യാൺ ബാനർജി, ഡെറക് ഒബ്രിയൻ, ഇമ്രാൻ മസൂദ്, പി. സന്തോഷ് എന്നിവരുൾപ്പെടെ നിരവധി എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. കമ്മീഷൻ ആസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവർത്തകരും ആകാശവാണി ഭവന്റെ വളപ്പിൽ പ്രവേശിച്ചത്. പവൻ ഖേര ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഇവരോടൊപ്പമുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രിയങ്കാഗാന്ധി അതിനിടെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിയില്ലെന്നും രാഹുല്‍ അറിയിച്ചു. ഒടുവില്‍ ഈ മാസം 15 ന് സമയം അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ രാഹുല്‍, നാളെത്തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.