
ഭരണത്തില്‍ നാല് മാസം പൂര്‍ത്തിയാക്കുന്ന വി ഡി സര്‍ക്കാര്‍ ശക്തമായ ഒരു നടപടിയും എടുക്കാതെ മറ്റൊരു സാധാരണ സര്‍ക്കാര്‍ എന്ന നിലയിലേക്ക് തരം താഴുന്ന സ്ഥിതിയാണ് കാണുന്നത് .മുന്‍ നിലപാടുകളില്‍ നിന്നുള്ള യൂ ടെണ്‍ മാത്രമല്ല ,പുതിയ നയ പരിപാടികളുടെ അഭാവവും പുതിയ സര്‍ക്കാരിനെ വലയ്ക്കുന്നു .
അധികാരം ആളുകളെ എങ്ങനെ മാറ്റും എന്നറിയാന്‍ ആക്ടന്‍ പ്രഭുവിന്‍റെ വാക്കുകള്‍ ആശ്രയിക്കണമെന്നില്ല .അധികാരത്തിന്‍റെ ആകര്‍ഷണം എത്ര വലുതാണെന്ന് അത് നഷ്ടപ്പെടുന്നവരോടു ചോദിച്ചാല്‍ മതി .കൊടി വെച്ച കാറും സല്യുട്ട് ചെയ്യുന്ന ആള്‍ക്കാരും എവിടെ നിന്നോ വരുന്ന അജ്ഞാതരായ അഭ്യുദയകാംക്ഷികളും അവതാരങ്ങളും അധികാരം കിട്ടുമ്പോള്‍ രംഗപ്രവേശം ചെയ്യും .സമ്പത്തിലും സമൃദ്ധിയിലും ജീവിച്ചു അറിവില്ലായ്മയുടെ കയത്തില്‍ കൂടി അധികാരത്തില്‍ എത്തുന്ന സുഖലോലുപതയുടെ പര്യായമായ പഴയകാല രാജകുമാരന്മാരുടെ കഥയല്ല ഇവിടെ പറയുന്നത് .മിനിട്ടിനു മിന്ട്ടിനു നെഹ്രുവിനെ ഉദ്ധരിക്കുകയും എണ്ണിയാല്‍ ഒടുങ്ങാത്ത പുസ്തകങ്ങള്‍ പാരായണം നടത്തുകയും ചെയ്തിട്ടുള്ള അഭിനവ രാജകുമാരനും വഴിതെറ്റുന്നു .ആകാശങ്ങളോടുള്ള അഭിനിവേശം നിമിത്തം വീണത് വിദ്യയാക്കാന്‍ വൃഥാശ്രമം നടത്തുന്നു ..
വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ കേരളത്തില്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ,പതിവ് നടപടികളില്‍ നിന്ന് മാറി ചിന്തിക്കുന്ന ഒരു സര്‍ക്കാര്‍ വരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ .ഭരണത്തില്‍ പരിചയം ഇല്ലെങ്കിലും അധികാര ദാസന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 25 വര്‍ഷമായി റിങ്ങില്‍ നിന്ന് തന്നെ വീക്ഷിച്ചു വന്ന ഒരു ഭരണാധികാരി കേരളത്തിനു വലിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് തന്നെയായിരുന്നു എല്ലാവരും കരുതിയത് .പക്ഷെ ഭരണത്തില്‍ നാല് മാസം പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ശക്തമായ ഒരു നടപടിയും എടുക്കാതെ മറ്റൊരു സാധാരണ സര്‍ക്കാര്‍ എന്ന നിലയിലേക്ക് തരം താഴുന്ന സ്ഥിതിയാണ് കാണുന്നത് .മുന്‍ നിലപാടുകളില്‍ നിന്നുള്ള യൂ ടെണ്‍ മാത്രമല്ല ,പുതിയ നയ പരിപാടികളുടെ അഭാവവും പുതിയ സര്‍ക്കാരിനെ വലയ്ക്കുന്നു .

പരിചയ സമ്പന്നനായ അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല തുടങ്ങി വെച്ച മയക്കു മരുന്ന് വേട്ടക്കായുള്ള ഓപ്പറേഷന്‍ തൂഫാന്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി പറയാനാവുന്നത്.ഒരു പക്ഷെ ആരോഗ്യമേഖലയില്‍ കെ മുരളിധരന്‍ നടത്തുന്ന മാറ്റങ്ങളും ശ്രദ്ധേയമാണ് .എങ്കിലും മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ക്ക് കുട പിടിക്കുന്ന മന്ത്രി എന്ന നിലയിലാണ് അദേഹത്തിന്റെ പ്രശസ്തി .ഇപ്പോള്‍ ഇതാ തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കുന്നതിനാണ് ഈ വട്ടിയൂര്‍ക്കാവ് എം എല്‍ ഏ യുടെ പിന്തുണ .ഏതാണ്ട് ഭൂരിപക്ഷം കോണ്‍ഗ്രസ് മന്ത്രിമാരുടെ പിന്തുണ ഇല്ലാത്ത മുഖ്യമന്ത്രിക്ക് കെ മുരളിധരന്‍ എങ്കിലും സഹായ വേലി കെട്ടുന്നു എന്ന് ആശ്വസിക്കാം .
കോണ്‍ഗ്രസ് നിയമസഭ കക്ഷിയില്‍ ചെറിയ വിഭാഗത്തിന്റെ മാത്രം പിന്തുണ ഉണ്ടായിരുന്ന വി ഡി സതീശന്‍ ജനങ്ങളുടെ മുഖ്യമന്ത്രി എന്ന നിലയില്‍ ആണ് അധികാരം ഏറ്റെടുത്തത് .അതിനു ഘടക കക്ഷികളും മുസ്ലിം ലീഗും പ്രത്യേകം അദ്ദേഹത്തെ സഹായിച്ചു.ഇത്തരം ഒരു സാഹചര്യത്തില്‍ തന്‍റെ യശോധാവള്യം കൊണ്ടു മറ്റുള്ളവരെ തന്‍റെ വരുതിയില്‍ പെടുത്താന്‍ ആയിരിക്കണം വി ഡി സതീശന്‍ ശ്രമിക്കേണ്ടിയിരുന്നത് .കേരളത്തിന്‍റെ മുഖഛായ തന്നെ മാറാന്‍ കഴിയുന്ന പദ്ധതികളും പ്രവര്‍ത്തികളുമായിരുന്നു സാധാരണക്കാര്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചത് .ആശമാരുടെ ശമ്പളം തെല്ലു വര്‍ദ്ധിപ്പിക്കുകയും സ്ത്രീകള്‍ക്ക് സൗജന്യ കെ എസ് ആര്‍ ടി സി യാത്ര നടപ്പാക്കുകയും ചെയ്തുവെങ്കിലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഇനിയും അകലെയാണ് .25ലക്ഷം ആരോഗ്യ ഇന്ഷുറന്സ് ഇപ്പോഴും കടലാസില്‍ തന്നെയാണ് .ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചിട്ടില്ല .അഞ്ചു ലക്ഷം രൂപയുടെ യുവ സംരംഭക വായ്പ ഇനിയും രൂപം കൊണ്ടിട്ടില്ല എന്തിനു വളരെ പെട്ടെന്നു നടത്താവുന്ന അക്കാദമി നിയമങ്ങള്‍ പോലും പോലും എത്രയോ വൈകിയാണ് പ്രഖ്യാപിച്ചത്.
ഐ ഐ എമ്മില്‍ ഭരണം നടത്താന്‍ പരിശീലനവും പ്രൊഫസര്‍ അറ്റ് പ്രാക്ടീസ് ബിരുദവും നേടിയ നമ്മുടെ ഭരണാധികാരികള്‍ എന്തായാലും ഒരു വികസന പദ്ധതിയും തുടങ്ങിവെച്ചിട്ടില്ല .ആന്ധ്രയില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ വ്യത്യസ്തമാണ് ഇവിടെ കാര്യങ്ങള്‍ .ഹൈ സ്പീഡ് ട്രെയിന്‍ വേണ്ടെന്നു വെച്ചത് നേട്ടമായി കാണാമെങ്കിലും അതിനു ബദലോ അല്ലാതെയോ ഉള്ള എതെങ്കിലും പദ്ധതി കൊണ്ടു വരാന്‍ സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞോ എന്നത് വലിയ ചോദ്യമാണ് .സമുദ്രത്തില്‍പൊന്നുവിളയിക്കാനുള്ള ശ്രമം എത്രമാത്രം പ്രായോഗികമാകും എന്നും അറിയണം എന്തായാലും അദാനി തങ്ങളുടെ ഓഹരിയില്‍ 49 ശതമാനവും വിറ്റു 15000 കോടിയോളം കണ്ടെത്തി ലക്ഷ്യം വിജയിപ്പിച്ചു കഴിഞ്ഞു .സര്‍ക്കാര്‍ അത് അന്വേഷിക്കാന്‍ ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചിരിക്കുന്നു കഴിഞ്ഞ സര്‍ക്കാര്‍ തന്നെ തള്ളിക്കളയാന്‍ നിര്‍ബ്ബന്ധിതമായ പി എം ശ്രീ പദ്ധതിയില്‍ നിന്നുള്ള കോടികളില്‍ ആണ് സര്‍ക്കാരിന്‍റെ കണ്ണ് .ആത്യന്തികമായി മുഖ്യമന്ത്രിയും ലീഗുമായുള്ള ബന്ധത്തില്‍ പോലും ഇത് ഇടങ്കോല്‍ ഇടാം.നിയമ വകുപ്പിലെ നിയമനങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ എതിര്‍പ്പിനു തന്നെ പാത്രമായിരിക്കുന്നു .

എന്തായാലും അത്ര വലിയപ്രാധാന്യം ഒന്നും ഇല്ലാത്ത മുവാറ്റുപുഴ ജില്ലക്കു വേണ്ടിയും അത് വഴി തിരൂര്‍ ജില്ലക്ക് വേണ്ടിയും വാക്കാല്‍ പച്ചകൊടി കാട്ടിയിരിക്കുന്നു വി ഡി എസ് .ജില്ലകളുടെ അഭാവമല്ല അവിടത്തെ സൌകര്യങ്ങളുടെ അഭാവമാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന് ഇടുക്കിയും വയനാടും കാസര്‍കോടും പറഞ്ഞു തരും ദുരിതങ്ങള്‍ പ്രവചിക്കുന്നതിനോ സഹായം എത്തിക്കുന്നതിനോ അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നതിണോ ഈ കൊച്ചു കേരളത്തില്‍ നമ്മുടെ സര്‍ക്കാരിന് കഴിയുന്നില്ല .അല്ലെങ്കില്‍ മലപ്പുറത്തേക്ക് എന്തിനാണ് മുഖ്യമന്ത്രി തന്നെ വിമാനത്തില്‍ അടിയന്തിരമായി ഓടിയെത്തെണ്ടി വന്നത് ?ചെങ്ങന്നൂരിലും മറ്റും മന്ത്രിക്കു പോലും വൈകി മാത്രം എത്താന്‍ കഴിഞ്ഞത് ?ഹെലികോപ്റ്ററോ വിമാനമോ ഉള്ളതോ ഇല്ലാത്തതോ അല്ല ,വേണ്ട നടപടികള്‍ എടുക്കാന്‍ മതിയായ സംവിധാനമോ ഡെലിഗെഷനോ ഇല്ല എന്നതാണ് കേരളത്തെ അലട്ടുന്ന വലിയ പ്രശ്നം.
മാത്രമല്ല ഇത് വി ഡി സതീശന്‍ സര്‍ക്കാരിനെ മുള്‍ മുനയിലാക്കുകയും ചെയ്തു .ആദ്യ ഹെലികോപ്ടര്‍ യാത്ര ചികിത്സയില്‍ കഴിഞ്ഞ ഭാര്യ പിതാവിനെ കാണാനായിരുന്നു എന്ന ആരോപണത്തിന്റെ തിര അടങ്ങുന്നതിനു മുന്‍പാണ് അജ്ഞാതന്റെ ഔദാര്യത്തില്‍ ഇരുപതു ലക്ഷം രൂപ ചെലവ് വരുന്ന ഒരു വിമാനയാത്ര മുഖ്യമന്ത്രി നടത്തിയത് .മലപ്പുറത്തു പ്രളയ ദുരന്തത്തില്‍ പെട്ടവരെ കാണാന്‍ അടിയന്തിരമായി അവിടെയെത്താന്‍ ചിപ്സന്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിമാനത്തില്‍ അദ്ദേഹം പോയി എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തെ വിഷമ വൃത്തത്തില്‍ ആക്കുന്നത് .വിമാനം നല്‍കിയ കേളച്ചന്ദ്ര ഏവിയേഷന്‍ ചിപ്സന് നല്‍കിയ ഇന്‍വോയിസ് നാടെങ്ങും പ്രചരിക്കുന്നുണ്ട് .തന്‍റെ മണ്ടലത്തിലെ വോട്ടര്മാരുടെ വിമാനമായിരുന്നു അതെന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. പക്ഷെ വിമാന യാത്രക്ക് പണം നല്‍കിയത് ഒരു അജ്ഞാതന്‍ ആണെന്ന് മുഖ്യമന്ത്രി പതിവുപോലെ പറയുന്നു .സംസ്ഥാനത്തിനു ഓസില്‍ കിട്ടിയ ഒരു കാര്യമാണിത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം ഏതായാലും ജി എസ് ടി ഇനത്തില്‍ കര്‍ണാടകത്തിനും കേന്ദ്രത്തിനും ഇതില്‍ ഗുണം ലഭിച്ചുവെന്ന് അവകാശപ്പെടാം. കേരളവുമായി ഉള്ള ഹെലികൊപ്റ്ററിന്റെ കരാര്‍ കാലാവധി അവസാനിപ്പിച്ച ചിപ്പ്സനാണ് വിമാനം സംഘടിപ്പിച്ചത് എന്നത് ഇടപാടിനു ഒരു ദുരൂഹത നല്‍കുന്നു .പക്ഷെ അത് ഒരു അജ്ഞാതന്റെ പറ്റില്‍ എഴുതിയിരിക്കുക യാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ .
ഒരിക്കലും ഒരിടത്തും ഫ്രീ ലഞ്ച് ലഭിക്കില്ല എന്നത് മാനേജ്മെന്റിലെ അടിസ്ഥാന പ്രമാണമാണ്.എവിടെയെങ്കിലും വെച്ചു ആഹാരം തരുന്നവന്‍ അത് മുതലാക്കിയിരിക്കും എന്ന് വിവക്ഷ .അത് അറിയാത്തവര്‍ അല്ലല്ലോ നമ്മുടെ രാഷ്ട്രീയക്കാര്‍. ശശിധരന്‍ കര്‍ത്താമാരുടെ പഴകിയ റൂള്‍ഡ നോട്ടുബൂക്കില്‍ ഔദാര്യം പറ്റിയവരുടെ പേര് എപ്പോഴും ഭീഷണിയായി ഉണ്ടാകും എന്ന് അവര്‍ ഓര്‍ക്കണം .ഉന്നതമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അടിയന്തിരാവശ്യം അനുസരിച്ചു എന്ത് സൌകര്യവും ഉപയോഗിക്കാന്‍ അനുവാദമുണ്ട് .മാത്രമല്ല മറ്റുള്ളവരുടെ ഔദാര്യം കൈപ്പറ്റരുതെന്നു സര്‍ക്കാരിന്റെ കോഡ് ഓഫ് കോണ്ടക്ടില്‍ പറയുന്നുമുണ്ട് .ഇത് സൗജന്യമായി വിമാന ടികെറ്റ് വാങ്ങി വിദേശ യാത്ര നടത്തുന്ന മന്ത്രിമാര്‍ക്കും സുഹൃത്തുക്കളുടെ റേഞ്ച് റോവര്‍ കാര്‍ ഉപയോഗിക്കുന്നവര്‍ക്കും ബാധകമാണ് .പകരത്തിനു പകരം ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയാലും അതൊരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും ..പകരം ഇനിയും സൌജന്യം വാങ്ങി വിദേശ യാത്ര ചെയ്യാനാണ് മുഖ്യമന്ത്രി തന്‍റെ സഹപ്രവര്‍ത്തകരെ ഉപദേശിക്കുന്നത് .തന്‍റെ സുഹൃത്തില്‍ നിന്നു സെന്റോ വിമാന ടിക്കറ്റോ വാങ്ങി ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കി എന്ന ആരോപണത്തിന്റെ പേരിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രയെ ലോക്സഭയില്‍ നിന് പുറത്താക്കിയത് ..അത് പ്രതികാരനടപടി ആയിരുന്നുവെങ്കിലും അതൊരു ധാര്‍മ്മിക പ്രശ്നം തന്നെയായിരുന്നു എന്ന് മറക്കരുത് .
അധികാരത്തില്‍ കയറിക്കൂടിയ ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ പറ്റിയ ഒരു വലിയ കാലയളവ് അല്ല നാല് മാസങ്ങള്‍ .പക്ഷെ പോകുന്ന പോക്ക് കണ്ടാല്‍ ഇതും ഒരു സാധാരണ സര്‍ക്കാര്‍ ആയി അഞ്ചു കൊല്ലം ഭരിക്കാനാണ് ഇട .അല്ലെങ്കില്‍ ഈ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി മാറേണ്ടിയിരിക്കുന്നു .മാസങ്ങള്‍ മുന്നില്‍ ഉണ്ട് എങ്കിലും ഓരോ നിമിഷവും ശ്രദ്ധാപൂര്‍വ്വം വിനിയോഗിച്ചില്ലെങ്കില്‍ അത് വിനാശത്തിലേക്കായിരിക്കും എന്ന് തിരിച്ചറിവ് മന്ത്രിസഭക്ക് ഉണ്ടാകണം .തുടക്കത്തില്‍ കര്‍ക്കശമായ നടപടികള്‍ കൈക്കൊള്ളാനുള്ള നല്ല അവസരമാണ് കയ്യില്‍ നിന്ന് വഴുതി പോകുന്നതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം ..
ഒരു ഭരണാധികാരിയുടെ ഔന്നത്യം അളക്കുന്നത് ജനഹൃദയങ്ങളില്‍ താന്‍ എങ്ങനെ പ്രതിഷ്ടിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് .കരുത്തുറ്റ .നടപടികള്‍ കൊണ്ടും ശക്തമായ നിലപാടു കൊണ്ടും നവീന ആശയങ്ങള്‍ കൊണ്ടും അതിനു കഴിയണം .നല്ല ഉപദേശകരേ നിയോഗിച്ചും സൌഹൃദ സൌജന്യത്തിനു പിന്നാലെ പായുന്ന സഹപ്രവര്‍ത്തകരെ നിയന്ത്രിച്ചും വേണം അത് കൈവരിക്കാന്‍. ആത്യന്തികമായി കേരളത്തിന്റെ മുഖച്ഛായ മാറ്റാനും മുഖ്യമന്ത്രിക്ക് കഴിയണം .അതിനു ഖജനാവില്‍ നിന്ന് എത്ര തുക വിനിയോഗിച്ചാലും അധികമാവില്ല .