
മാജിക്കൽ റിയലിസം ലാറ്റിനമേരിക്കൻ സാഹിത്യം വിട്ടു കേരളത്തിലെ സിപിഐ(എം) അന്തപ്പുരങ്ങളിലേക്കു കുടിയേറി എന്നാണ് കരുതേണ്ടത്.
കേരളത്തിലെ സിപിഐ (എം) നേരിടുന്ന പ്രതിസന്ധിയെ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനുമുള്ള ചിന്താപരമായ ഉപകരണങ്ങൾ എവിടെയാണ് ലഭ്യമാകുക? സാധാരണനിലയിലുള്ള രാഷ്ട്രീയ വിശകലനരീതികൾ കൊണ്ടു വിശദീകരിക്കാൻ കഴിയാത്തവിധം സങ്കീർണമാണ് അവിടെ പ്രശ്നങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടികൾക്കു ശേഷം പാർട്ടി കേന്ദ്രക്കമ്മിറ്റി പോലും കണ്ടെത്തിയ സത്യം അതാണ്. കേന്ദ്രക്കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ അതു തുറന്നു പറയുന്നുമുണ്ട്. അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വിധമുള്ള ഗുരുതരമായ ഒരു അസ്തിത്വ പ്രതിസന്ധി തന്നെയാണ് കേരളത്തിൽ പാർട്ടി നേരിടുന്നതെന്ന് കമ്മിറ്റി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ബ്രാഞ്ച് തലം മുതൽ നടത്തിയ പരിശോധനകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് നേരത്തെ ഒരു തെറ്റുതിരുത്തൽ രേഖ തയ്യാറാക്കിയിരുന്നു. അതിൽ ഒട്ടകപ്പക്ഷിയുടെ നയമാണ് സംസ്ഥാന നേതൃത്വം സീകരിച്ചതെന്നു സംസ്ഥാനകമ്മറ്റിയിൽ പലരും കുറ്റപ്പെടുത്തി. ഗുരുതരമായ പല വിഷയങ്ങളിലും ആരോപണങ്ങൾ കൃത്യമായി രേഖപ്പെടുത്താതെയും തെറ്റുകൾക്ക് ഉത്തരവാദികൾ ആരാണെന്നു വ്യക്തമാക്കാതെയും അവ്യക്തമായ ഒരു രേഖയാണ് സംസ്ഥാന നേതൃത്വം കോഴിക്കോട്ടു ആസൂത്രണം ചെയ്ത വിശാല സംസ്ഥാനകമ്മിറ്റി യോഗത്തിനു മുന്നിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയത്. പ്രശ്നങ്ങളെ ലഘൂകരിച്ചു കാണാനുള്ള ശ്രമമാണ് അതു നടത്തുന്നതെന്നും ഇത്തരമൊരു രേഖ ഒരു തിരുത്തൽ നടപടിക്കും പാർട്ടിയെ സഹായിക്കുകയില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ മാത്രമല്ല, സെക്രട്ടറിയറ്റിലും പല അംഗങ്ങളും തുറന്നടിച്ചു. തുടർന്നാണ് ജൂലൈ മാസത്തിൽ കേന്ദ്രകമ്മിറ്റി യോഗം ചേർന്നു തയ്യാറാക്കിയ രേഖയുടെ പശ്ചാത്തലത്തിൽ വിശാല സംസ്ഥാനകമ്മിറ്റിയുടെ പരിഗണനക്കായി പുതുക്കിയ രേഖ തയ്യാറാക്കിയത്. അതിൽ നേരത്തെ പാർട്ടി കണ്ടെത്തിയതും കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയതുമായ വസ്തുതകൾ കൂടി കൂട്ടിച്ചേർത്തു. രണ്ടു ദിവസമായി പത്തുമണിക്കൂറോളമാണ് വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും വർഗ-ബഹുജന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തത്.

കോഴിക്കോട്ടെ യോഗത്തിൽ നിശിതമായ വിമർശനങ്ങളുണ്ടായി എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. താൻ അടക്കമുള്ള നേതാക്കൾ വിമർശന വിധേയരായി. എന്നാൽ ആർക്കൊക്കെ എതിരെ എന്തൊക്കെ വിമർശനങ്ങളാണ് ഉയർന്നത് എന്നൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ അനൗപചാരികമായി പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഏറ്റവും മുതിർന്ന നേതാവ് പിണറായി വിജയൻ മുതൽ വിവിധ ജില്ലകളിലെ നേതാക്കൾ വരെ വിമർശനത്തിനു വിധേയരായി.
അതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ സാധാരണ പതിവുള്ള രീതികളാണ്. എന്നാൽ ഇത്തവണ അതുകൊണ്ടൊന്നും പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുകയില്ല എന്ന് കേന്ദ്രകമ്മിറ്റി രേഖയിൽ തന്നെ സൂചിപ്പിച്ചിരുന്നു. കൃത്യമായ തിരുത്തലുകളാണ് വേണ്ടതെന്നു അതിൽ സൂചിപ്പിക്കുകയുണ്ടായി. എന്തൊക്കെ വിഷയങ്ങളിലാണ് പാർട്ടി പ്രത്യേകശ്രദ്ധ നൽകേണ്ടതെന്നും അതിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയെന്നും കേന്ദ്രകമ്മറ്റി സൂചിപ്പിക്കുന്നുണ്ട്.
ഉദാഹരണത്തിന് കണ്ണൂരിൽ പാർട്ടിയുടെ കോട്ടകളിൽ സംഭവിച്ച തിരിച്ചടിക്കു കാരണം പാർട്ടിയുടെ തന്നെ അംഗങ്ങളും അനുഭാവികളും പാർട്ടിക്കെതിരെ തിരിഞ്ഞതാണ് എന്നു കേന്ദ്രകമ്മിറ്റി കണ്ടെത്തി. എന്നാൽ സംസ്ഥാന കമ്മറ്റി അതിൽ ഒരു അഴകൊഴമ്പൻ നയമാണ് സ്വീകരിക്കാൻ ശ്രമിച്ചത്. പാർട്ടി അംഗങ്ങൾ ഉടക്കാൻ കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളായിരുന്നു. പയ്യന്നൂരിൽ രക്തസാക്ഷിഫണ്ട് മുക്കിയ കക്ഷിയെ തന്നെ സ്ഥാനാർത്ഥിയാക്കി നിശ്ചയിച്ചു. അതിനു പിന്നിലെ യഥാർത്ഥ കാരണം ഫണ്ട് മുക്കൽ പരിപാടിയിൽ സംസ്ഥാന-ജില്ലാ നേതൃത്വത്തിലെ പലരും ഉൾപ്പെട്ടതാണെന്നു പ്രദേശത്തെ അണികൾക്കു ബോധ്യമുണ്ടായിരുന്നു. അതേപോലെ തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് വേറെ ആളില്ലാഞ്ഞിട്ടല്ല. മറിച്ചു സ്വന്തം കളത്രത്തിനു ഉയർന്ന പദവികൾ നേടിയെടുക്കാനുള്ള സംസ്ഥാന സെക്രട്ടറിയുടെ തിടുക്കമായിരുന്നു. കഴിഞ്ഞ തവണ മറ്റൊരു പിബി അംഗം ഇക്കാര്യത്തിൽ മാതൃക കാണിച്ചതുമാണ്. എ വിജയരാഘവന്റെ ഭാര്യക്കു മന്ത്രി ആകാമെങ്കിൽ എന്തുകൊണ്ട് തനിക്ക് പാടില്ല എന്ന് എം വി ഗോവിന്ദന്റെ നല്ലപാതി ചോദിച്ചാൽ എന്താണ് മറുപടി? അതിനാൽ സ്ഥാനാർഥി നിർണയം കുടുംബകാര്യമായി മാറി. അണികൾ ഉടക്കുകയും ചെയ്‌തു.

ഈ കാര്യത്തിൽ സംസ്ഥാനകമ്മറ്റി ഒരു മുടന്തൻ ന്യായമാണ് വിശദീകരണമായി നൽകിയത്. ജില്ലാക്കമ്മിറ്റിക്കാണ് സ്ഥാനാർഥിനിർണയ ചുമതല. അവർ നൽകിയ ലിസ്റ്റ് തങ്ങൾ മാറ്റമില്ലാതെ അംഗീകരിച്ചു. അതിൽ എന്താണ് കുഴപ്പം എന്നാണ് ഗോവിന്ദൻ പാർട്ടിരേഖയിൽ വിശദീകരിച്ചത്. സെക്രട്ടറിയുടെ ഭാര്യ ആയിപ്പോയി എന്നതുകൊണ്ട് ശ്യാമള മാഡത്തിന് മന്ത്രിയായി ഇരിക്കാനുള്ള അവസരം കൈമോശം വരുന്നത് എങ്ങനെ അംഗീകരിക്കാനാവും? അങ്ങനെ സംഭവിച്ചാൽ നാളെ പാർട്ടി സെക്രട്ടറിമാർക്കു പെണ്ണുകെട്ടാൻ ആളെക്കിട്ടാത്ത അവസ്ഥ വരികയില്ലേ?
പക്ഷേ സംസ്ഥാന നേതൃത്വത്തിന്റെ ഇത്തരം വാദങ്ങൾ കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞു. അവർ പറഞ്ഞത്, ഇങ്ങനെയൊരു നിഷേധ പ്രചാരണം എതിരാളികൾ നടത്താനിടയാവും എന്നു ഉറപ്പുള്ള സ്ഥിതിക്ക് അത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ്. വിവാദ സ്ഥാനാർത്ഥികളെ ജില്ലാകമ്മിറ്റി നിർദേശിച്ചാൽ തന്നെ അത് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ഇടപെടേണ്ടതായിരുന്നു എന്നാണ് കേന്ദ്രകമ്മിറ്റി രേഖയിൽ ചൂണ്ടിക്കാട്ടിയത്. അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയും അതേ കാര്യം പരസ്യമായി പറഞ്ഞു.
എന്നാൽ അതൊന്നും സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ല. അവരിൽ പലരും കേന്ദ്രനേതൃത്വത്തെ ധിക്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പിബി അംഗവും മുൻമുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിശാല സംസ്ഥാന കമ്മിറ്റിക്കു മുന്നോടിയായി പയ്യനൂരിലും തളിപ്പറമ്പിലും നടത്തിയ പ്രസംഗങ്ങൾ അതാണ് സൂചിപ്പിച്ചത്. ഈ പ്രദേശങ്ങളിൽ പാർട്ടി അംഗങ്ങൾ പാർട്ടിക്കെതിരെ വോട്ടുചെയ്തു. അവർ അക്ഷന്തവ്യമായ തെറ്റാണ് ചെയ്തത്. അത്തരക്കാർ പശ്ചാത്തപിച്ചു പാർട്ടിയിലേക്കു തിരിച്ചുവരികയാണ് നല്ലത് എന്നാണ് അദ്ദേഹം ഏതാണ്ടൊരു താക്കീതിന്റെ സ്വരത്തിൽ പ്രസ്താവിച്ചത്.
എന്നാൽ വിശാല സംസ്ഥാനകമ്മിറ്റി ചേർന്നപ്പോൾ കാര്യങ്ങൾ കുറെയൊക്കെ മാറിമറിഞ്ഞു. പിണറായിയും എം വി ഗോവിന്ദനും സ്വീകരിച്ച നയങ്ങൾ കടുത്ത വിമർശനം ഏറ്റുവാങ്ങി. പാർട്ടിക്കു തെറ്റുകൾ സംഭവിച്ചതായും അതിന് ഉത്തരവാദികളെ കണ്ടെത്തി നടപടികൾ സ്വീകരിക്കണം എന്നുമാണ് യോഗത്തിൽ പൊതുവായി ഉയർന്ന ആവശ്യം. അതിനാൽ സംസ്ഥാന സെക്രട്ടറിക്കെതിരെ ശാസനയടക്കമുള്ള ചില നടപടികളും സ്വീകരിച്ചിട്ടുണ്ട്. തോമസ് ഐസക്കും ടി പി രാമകൃഷ്ണനും സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്നും പുറത്തുപോയതാണ് മറ്റൊരു വിശേഷം. തങ്ങൾ പുതിയ അംഗങ്ങൾക്കു വേണ്ടി സ്വമേധയാ മാറി എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. ശരിയാവാം; തെറ്റാവാം. പക്ഷേ എന്തുകൊണ്ട് രണ്ടുപേർ മാത്രം പുറത്തായി എന്ന ചോദ്യം അന്തരീക്ഷത്തിൽ നിൽക്കുന്നു. രണ്ടുപേരും നേതൃത്വത്തിന് അഹിതമായ ചില നിലപാടുകൾ സമീപദിവസങ്ങളിൽ സ്വീകരിച്ചിരുന്നു എന്നതൊരു സത്യമാണ്. മിണ്ടാതെ നിന്ന മറ്റുള്ളവർക്കാർക്കും സ്ഥാനചലനം ഉണ്ടായിട്ടുമില്ല.
പക്ഷേ ഏറ്റവും പ്രസക്തമായ ചോദ്യം മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനെതിരെ എന്തുകൊണ്ട് ഒരു നടപടിയും പരസ്യവിമർശനവും ഉണ്ടായില്ല എന്നതാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ പാർട്ടി തന്നെ കണ്ടെത്തിയ പല വീഴ്ചകൾക്കും അദ്ദേഹത്തിനു നേരിട്ട് ഉത്തരവാദിത്വമുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ യാതൊരു നടപടിയുമില്ല താനും. ഒരുപക്ഷേ മാന്യമായി റിട്ടയർ ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കുക എന്ന നയം പാർട്ടി കൈക്കൊണ്ടതാവാം. അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം അടക്കം അദ്ദേഹം നേരിടുന്ന പലവിധ പ്രതിസന്ധികൾക്കിടയിൽ പാർട്ടി ഇടപെടുന്നത് ഒഴിവാക്കുന്നതാവും ബുദ്ധി എന്നു ചിന്തിച്ചതാവാം. സ്ഥിതിഗതികളുടെ പോക്കു കാണുമ്പോൾ പിണറായിക്ക് ഇനിയുള്ള നാളുകളിൽ സ്വന്തം കുടുംബത്തെ ജയിലറയിൽ നിന്നും കാത്തുരക്ഷിക്കൽ തന്നെ വലിയൊരു ചുമതലയായി വരാനാണ് ഇടയുള്ളത്.
കോഴിക്കോട്ടെ മഹാജാഥയും പ്രസംഗങ്ങളും കഴിഞ്ഞു പാർട്ടിക്കാരൊക്കെ വീട്ടിൽപ്പോയി. എന്നാൽ പാർട്ടിയിൽ എന്തെങ്കിലും തിരുത്തൽ സംഭവിച്ചുവോ? പാർട്ടി അതിന്റെ ജനകീയ പിന്തുണയും വിപ്ലവോർജവും വീണ്ടെടുത്തു സമരമുഖങ്ങളിൽ ഇരമ്പിക്കയറാൻ തുടങ്ങിയോ? അങ്ങനെയൊന്നും സംഭവിച്ചില്ല. പകരം നേതാക്കളുടെയും മക്കളുടെയും ബിസിനസ്സ് സംരംഭങ്ങളുടെ അത്ഭുതകഥകൾ നാട്ടുകാർക്കു വിശദീകരിച്ചു കൊടുക്കുന്ന തിരക്കിലാണ് പല നേതാക്കളും. കോഴിക്കോട്ടു നിന്ന് ഇത്തവണ ജയിച്ച ഒരേയൊരു നേതാവ് ബേപ്പൂരിൽ മത്സരിച്ച മുൻമന്ത്രി റിയാസാണ്. അദ്ദേഹത്തിന്റെ മുഖ്യജോലി ഭാര്യ വീണാ വിജയന്റെ ബിസിനസ്സ് സാമ്രാജ്യത്തെ പൊതുസമൂഹത്തിൽ പ്രതിരോധിക്കലാണ്. ഇ.ഡി പുറത്തുവിട്ട ചില രേഖകളിൽ അവർ ഹവാലപ്പണം ഗൾഫിലേക്കു കൈമാറിയ വിവരമുണ്ട്. അത് കോടികൾ വരുമെന്നാണ് രേഖകൾ പറയുന്നത്. എന്നാൽ റിയാസ് പറയുന്നത് അതൊക്കെ ഭാവിയിൽ ബിസിനസ്സിൽ കിട്ടാൻ പോകുന്ന ലാഭം സംബന്ധിച്ച കണക്കുകൂട്ടലുകൾ മാത്രമാണെന്നാണ്! ഭാവിയിൽ കിട്ടാൻ പോകുന്ന ലാഭം നേരത്തെക്കൂട്ടി ഗൾഫിലേക്കു കടത്താൻ സാധിക്കുന്ന ബിസിനസ് ഏത്? രാഷ്ട്രീയം, അല്ലാതെ വേറെന്ത്? സത്യത്തിൽ മാജിക്കൽ റിയലിസം ലാറ്റിനമേരിക്കൻ സാഹിത്യം വിട്ടു കേരളത്തിലെ സിപിഐ(എം) അന്തപ്പുരങ്ങളിലേക്കു കുടിയേറി എന്നാണ് കരുതേണ്ടത്. മക്കോണ്ടോ അല്ലാതെ മറ്റേതു നാട്ടിൽ ഇത്തരം ബിസിനസ്സ് സംരംഭങ്ങൾ കണ്ടെത്താൻ കഴിയും?