Image

പൗരന്‍ ആണ് സാര്‍ ! (ദേശീയ രാഷ്ട്രീയം /എസ് ഐ ആര്‍: പി എസ് ജോസഫ്‌)

Published on 06 October, 2026
പൗരന്‍ ആണ് സാര്‍ ! (ദേശീയ രാഷ്ട്രീയം /എസ് ഐ ആര്‍: പി എസ് ജോസഫ്‌)

ആരുടെ അജണ്ടയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പൂര്‍ത്തിയാക്കിയത് ?സുപ്രീം കോടതി ഫോം ആറില്‍ മാറ്റം വരുത്താന്‍ തങ്ങള്‍  നിര്‍ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയതോടെ കമ്മീഷന്റെ നടപടികള്‍ കുടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

അവസാനം സത്യം പുറത്തു വന്നിരിക്കുന്നു .ഇന്ത്യയിലെ വോട്ടര്‍മാരെ അര്‍ദ്ധ നരകത്തിലാക്കിയ , 13.3 കോടി പേരുടെ വോട്ടവകാശം നിഷേധിച്ച 2026 ലെഎസ് ഐ ആര്‍ (SIR) എന്ന തീവ്ര വോട്ട് പരിഷ്ക്കരണ നടപടികള്‍ക്ക് തുല്യ അധികാരമുള്ള മറ്റു രണ്ടു തെരഞ്ഞെടുപ് കമ്മീഷണര്‍മാരുടെ കയ്യൊപ്പ് ഉണ്ടായിരുന്നില്ല .എല്ലാം മുഖ്യ  തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ തന്നിഷ്ട പ്രകാരമുള്ള തീരുമാനമായിരുന്നു.ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ റസിഡെന്റ്  എഡിറ്റര്‍  റിതിക ചോപ്ര നടത്തിയ ഈ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ മന:സാക്ഷിയെ തന്നെ ഉലക്കുന്നതായിരുന്നു .ഇതേ തുടര്‍ന്നു ബംഗാളിലും ബീഹാറിലും മഹാരാഷ്ട്രയിലും നടന്ന  നിയമസഭ  തെരഞ്ഞെടുപ്പു  റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു മമത ബാനര്‍ജിയും തേജസ്വി യാദവും ഉദ്ധവ് താക്കറെയും തന്നെ രംഗത്തെത്തി .തെരഞ്ഞെടുത്തു  നടത്തിയ ഒഴിവാക്കല്‍ മൂലം ചെറിയ വോട്ടുകള്‍ക്ക് തങ്ങളെ പരാജയപെടുത്താന്‍ ബി ജെ പിക്കും ബിജെ പി  മുന്നണികള്‍ക്കും കഴിഞ്ഞുവെന്നു അവര്‍ ആരോപിക്കുന്നു .കണക്കുകളും അവരുടെ അഭിപ്രായത്തെ സാധുകരിക്കുന്നതാണ്.ഇന്ത്യയിലെ രാഷ്ട്രീയ  സംവിധാനത്തെ മുഴുവന്‍ ഉലച്ച ശേഷം ഇപ്പോള്‍ കമ്മീഷന്‍ ചില നടപടികളും ആയി എത്തിയിരിക്കുന്നു അവരുടെ തന്നെ നടപടികളെ കുറിച്ചുള്ള .റിപ്പോര്‍ട്ട്‌ ശരി വെയ്ക്കുന്ന നടപടികള്‍ ആണിവ .പക്ഷെ ആത്യന്തികമായി തെരഞ്ഞെടുപ്പ്  സംവിധാനത്തെ തന്നെ തകര്‍ക്കുന്ന വിധമായിരുന്നു ജനാധിപത്യത്തിന്റെ   കാവല്‍ നായ ആയിരിക്കേണ്ട  കമീഷന്‍ പെരുമാറിയത് .വൈകി എടുത്ത  അപര്യാപ്തമായ ഈ നടപടികള്‍  അനീതിഇല്ലാക്കുന്നില്ല. ഇത് മൂലം നരകത്തീയില്‍ കഴിഞ്ഞവരുടെയും കഴിയുന്നവരുടെയും  വേദന ഇത് കുറക്കുന്നില്ല.ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കൊണ്ടു കേന്ദ്ര വിദ്യാഭ്യാസ  മന്ത്രി ധര്‍മേന്ദ്ര പ്രധാനെ രാജി വെയ്പിക്കുന്നതില്‍ വിജയിച്ച  ജെന്‍ സികളുടെ കോക്രോച്ചു  ജനതാ പാര്‍ട്ടിയും ഗ്യാനേഷ് രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടു രംഗത്ത് എത്തിയിരിക്കുന്നു .

 മുന്നംഗ തെരഞ്ഞെടുപ്പു കമ്മീഷനില്‍ തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണം.അല്ലെങ്കില്‍ രണ്ടുപേരുടെ തീരുമാനത്തിനാണ് മേല്‍ക്കൈ ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷണമാര്‍ ആണവര്‍ .അവര്‍ക്ക് രാഷ്ട്രപതിയോടും അത് വഴി ജനങ്ങളോടും  ആണ് ഉത്തരവാദിത്തം .ആ നിലക്ക് കുറ്റാതീതമായ നടപടികള്‍ ഏകകണ്ഠമായി അവര്‍ എടുക്കേണ്ടതുണ്ട് .എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിഞ്ഞ പത്തു മാസത്തെ തീരുമാനങ്ങളില്‍ 14 -ഇല്‍ പത്തു തവണ കമ്മീഷണര്‍മാരായ വിവേക് ജോഷിയും സുഖ്ബിര്‍ സിംഗ് സന്ധുവും രേഖാമൂലമായി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കമ്മീഷന്‍ അനധികൃതവും നിയവിരുദ്ധവുമായ നടപടികള്‍ കൈകൊണ്ടു എന്നാണു റിപ്പോര്‍ട്ട്‌ പറയുന്നത് . .  

 യഥാര്‍ത്ഥത്തില്‍ എസ് ഐ ആര്‍ ആവശ്യമുള്ളതോ  വേണ്ടതൊ അല്ലെന്നും അത് ഇപ്പോള്‍ നിയവിരുദ്ധവുമാണെന്നും മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ് വൈ ഖുറേഷി പറയുന്നു 1948 -49 കാലത്താണ് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും മാറ്റാനും ഒഴിവാക്കാനും വ്യവസ്ഥ ഉണ്ടാകുന്നത് .എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള റിവിഷന്‍ ആയിരുന്നു ഉദ്ദേശം .1950 ഇലെ ജനപ്രാതിനിധ്യ നിയമത്തില്‍ മാത്രമാണ് തീവ്ര നടപടി എന്ന പരാമര്‍ശം ഉള്ളത് .യഥാര്‍ത്ഥത്തില്‍ 2002 ഇല്‍  ബീഹാറില്‍ സമ്മറി  റിവിഷന്‍ ആണ് നടന്നത് .ഓരോ തവണയും പട്ടിക അപ്ഡേറ്റ് ചെയ്യും അത്ര മാത്രം. കൊട്ടി ഘോഷിച്ച് ബംഗാളിലെ  എട്ടു കോടി ജനങ്ങള്‍ക്കിടയില്‍  നടത്തിയ എസ് ഐ ആറില്‍ 115 ബംഗ്ലാദേശികളെ മാത്രമാണ് കണ്ടെത്താന്‍ ആയതു  എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു .

2002ഇലോ 2005 ഇലോ നടന്ന എസ് ഐ ആര്‍ ആധാരമാക്കി നടത്തിയ  പുതിയ എസ് ഐ ആര്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് .ചുരുക്ക ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇനി എസ് ഐ ആര്‍ നടക്കാനുള്ളൂ .ലക്ഷ്യം സാധിച്ച  ശേഷം ഗോള്‍ പോസ്റ്റ്‌ പഴയ പടി ആക്കാന്‍ ശ്രമിക്കുന്ന  അപൂര്‍വ്വ ദൃശ്യം ആണിത് .ഇത് വരെ നടന്ന എസ് ഐ ആര്‍ റദ്ദ് ചെയ്യുകയോ വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കുകയോ അല്ല നടപടികള്‍ ഇത്തിരി മയപ്പെടുത്തുക മാത്രമാണ് കമ്മീഷന്‍ ചെയ്തത് .ആ നിലക്ക് ഇത് ഒരാളുടെ മാത്രം കൃത്യ വിലോപം ആയി കണക്കാക്കി കൂടാ .വോട്ടര്‍മാരെ തേടി ചെല്ലേണ്ട വോട്ട് അവകാശം മുടക്കുകയായിരുന്നു എന്ന് മുന്‍മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ് വൈ ഖുറേഷി  പറയുന്നു.പുതിയ എസ് ഐ ആറില്‍ മാതാപിതാക്കളില്‍ ഒരാളുടെ എസ് ആര്‍ നിര്‍ബന്ധമായും സൂചിപ്പിക്കണമായിരുന്നു .അപേക്ഷയില്‍  യുക്തിസഹമല്ലാത്ത തെറ്റുകള്‍ പാടില്ലെന്നും ഉണ്ടായിരുന്നു .അതനുസരിച്ച് നടപടികള്‍ കൈക്കൊണ്ടത് കേന്ദ്രീകൃതമായ ഐ ടി സെല്ലും .അതിന്റെ ഒരു ഇര ആയിരുന്നു നോബല്‍ ജേതാവ് അമര്‍ത്യ സെന്‍ തന്നെ  .ദല്‍ഹിയില്‍   എത്തിയപ്പോള്‍ ബി ജെ പി നേതാക്കള്‍ വരെ പുറത്തായി. ഒരു ബൂത്തില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഒഴിവാക്കപ്പെട്ടു .വീടുകള്‍ നഷ്ടപ്പെട്ടു ആശ്രയം ഇല്ലതായവരാണ്  ഇങ്ങനെ ഒഴിവാക്കപ്പെട്ടത് .നിയമം അനുസരിച്ചു  വോട്ടര്‍മാരെ ചേര്‍ക്കാനോ ഒഴിവാക്കാനോ അധികാരമുള്ള എസ് ഡി എം അഥവാ ചീഫ് എലെക്ടോറല്‍ ഓഫീസറുടെ അധികാരം നിയമത്തിനു വിരുദ്ധമായി വെട്ടികുറച്ചത്കൊണ്ടു സംസ്ഥാനതലത്തില്‍ തിരുത്തലിനു വഴി ഇല്ലാതായി .കുറ്റമറ്റ വോട്ടര്‍ പട്ടികയുടെ നട്ടെല്ല് ആയിരുന്നു ഈ സംവിധാനം. മാത്രമല്ല പട്ടികകള്‍ തിരയാനുള്ള സംവിധാനം ഇല്ലാത്ത  പി ഡി എഫ് ആണ് എല്ലാ  വോട്ടര്‍മാര്‍ക്കും  നല്‍കിയത് എന്നതും പ്രശ്നം  രൂക്ഷമാക്കി.അത്ര രഹ്സ്യാല്മകമായിരുന്നു  ഐ ടി സംവിധാനം .

 പശ്ചിമ ബംഗാളില്‍ എതാണ്ട്  ഉറപ്പായിരുന്ന മമത ബാനെര്‍ജിയുടെ വിജയമാണ് വോട്ടര്മാരെ ഒഴിവാക്കലിലൂടെ കവര്‍ന്നതെന്ന് നിരീക്ഷകര്‍ പറയുന്നു .27  ലക്ഷം വോട്ടര്മാരെയാണ് ഇവിടെ ഒഴിവാക്കിയത്  .എന്നിട്ടും നേരിയ വോട്ടുകള്‍ക്കായിരുന്നു മമതയുടെ തോല്‍വി. തോല്‍വി അടയുകയും അധികാരം നഷ്ടപ്പെടുകയും ചെയ്തതോടെ മമതയുടെ ക്യാമ്പില്‍ നിന്നു  ഭൂരിപക്ഷവും എതിര്‍ പാളയത്തില്‍ എത്തി ,ഇപ്പോള്‍ പാര്‍ട്ടി പേരും ചിഹ്നവും വരെ കമ്മീഷന്‍ മരവിപ്പിച്ചിരിക്കുന്നു .ഇവിടെ 16 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കാന്‍ കമ്മീഷന്‍ തന്നെ അപേക്ഷ നല്‍കിയെന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം

   ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് എസ് ഐ ആര്‍ പ്രഖ്യാപിക്കുന്നത് . നിതിഷ് കുമാര്‍ സര്‍ക്കാരിന്റെ വിജയം ഊട്ടി ഉറപ്പിക്കാനുള്ള ശ്രമം എന്നായിരുന്നു അതിനെ പ്രതിപക്ഷം വിശേഷിപിച്ചത് .എസ് ഐ അറിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടു .അവ ഫയലില്‍ സ്വീകരിച്ചെങ്കിലും അത് സ്റ്റേ ചെയ്യാന്‍ നടപടി ഉണ്ടായില്ല .പക്ഷെ കേസ് അവര്‍ സജീവമായി നില നിര്‍ത്തി .ഇതേ തുടര്‍ന്നു നടന്ന എസ് ഐ ആര്‍ വ്യാപകമായ വോട്ടര്‍മാരുടെ   വെട്ടിക്കുറക്കലുകള്‍ കണ്ടു .പശ്ചിമ  ബംഗാളില്‍ പല മണ്ടലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മാര്‍ജിന് തുല്യമായ വോട്ടുകള്‍ ആണ് വെട്ടിക്കുറച്ചതെന്നു മമതയും മഹുവാ മോയിത്രയും കുറ്റപ്പെടുത്തി .പട്ടികയില്‍ നിന്നു ഒഴിവാക്കിയത് ധൃത   ഗതിയില്‍; ആയിരുന്നു എങ്കിലും പുനസ്ഥാപിക്കാനുള്ള ഹര്‍ജികളില്‍ തീരുമാനം വൈകിയായിരുന്നു .സുപ്രീം കോടതി ആവശ്യപ്പെട്ടത്  കൊണ്ടു മാത്രമാണ് അപ്പീല്‍ സംവിധാനം കൂട്ടിയത് .അങ്ങനെ അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും വോട്ടര്‍മാരായി തിരിച്ചെത്തി എന്നത് വോട്ടു ചോര്‍ച്ചയുടെ   ആഘാതം വെളിപ്പെടുത്തുന്നു .മുഴുവന്‍ അപേക്ഷകളും പരിഗണിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് മമതയുടെ മണ്ടലത്തില്‍ അവരുടെ ഭൂരിപക്ഷത്തിലും വലിയ സംഖ്യ  വോട്ടര്മാരെയാണ് പുറത്താക്കിയത്.

കമ്മീഷനിലെ ഈ വിള്ളല്‍ ഏതായാലും പ്രതിപക്ഷ സംഖ്യം ഒന്ന് കൂടി ശക്തമാകാന്‍ കാരണമായി .മമതയും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചു എന്നത് തന്നെ വലിയ വാര്‍ത്തയായി .ഇന്ത്യ സംഖ്യത്തില്‍ വോട്ട് ചോരി മുഖ്യ വെല്ലുവിളിയായി രാഹുല്‍  ഉയര്‍ത്തി കൊണ്ടിരുന്നു .ഇപ്പോള്‍ മറ്റു കക്ഷികളും അവരോടൊപ്പം അണിചേര്‍ന്നിരിക്കുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ മാപ്പ് സാക്ഷിയായി മാറി ഇതിനു ശ്രമിച്ച ബി ജെ പി നേതാക്കളെ വിചാരണ ചെയ്യണം എന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത് .സംശയാസ്പദമായ എസ് ഐ ആര്‍  സസ്പെന്‍ഡ് ചെയ്യുകയും പുറത്തായ 13.3 കോടി വോട്ടര്‍മാരെ പുനസ്ഥാപിക്കുകയും ചെയ്യണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെ  ആവശ്യപ്പെട്ടു .മാച്ച്‌ ഫിക്സിംഗ് ആണ്  നടന്നിരിക്കുന്നതെന്നും ഇതിന്റെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെപുറത്താക്കി ,  പ്രധാന മന്ത്രിനരേന്ദ്ര  മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വെയ്ക്കണമെന്നും പ്രവര്‍ത്തക  സമിതി ആവശ്യപ്പെടുന്നു ..കമ്മീഷണറെ  ഇമ്പീച്ചു  ചെയ്യാന്‍ നടപടി എടുക്കുമെന്ന് പാര്‍ട്ടി  വ്യക്തമാക്കിയിട്ടുണ്ട് .കമ്മീഷന്‍റെ ഇ സി ഐ നെറ്റിന്റെ ചുമതല വഹിച്ചിരുന്ന സീമ ഖന്നയ്ക്ക് നിയമപരിരക്ഷയില്ല അവരേ ഉടനെ അറസ്റ്റ് ചെയ്യണം എന്നാണ് മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടത് .ഇ ആര്‍ ഒ മാരെ മറികടന്നു ഡല്‍ഹിയില്‍ നിന്ന് കേന്ദ്രീകൃതമായി ഇ സി ഐ നെറ്റ് നടപടികള്‍ എടുക്കുകയായിരുന്നു എന്ന് അദേഹം കുറ്റപ്പെടുത്തുന്നു 
 
ഗോവയില്‍ 97 വോട്ടര്‍മാരെ ഒഴിവാക്കിയത് ഇ സി ഐ നെറ്റ് എല്ലാ നിയന്ത്രണവും ഏറ്റെടുത്തു എന്ന് സൂചിപ്പിക്കുന്നു .നിയമം നടപ്പാക്കാന്‍ സഹായിക്കേണ്ട സംവിധാനം സ്വയം അധികാരം ഏറ്റെടുക്കുക എന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായത് .97 വോട്ടര്‍മാരെ ഉള്‍ക്കൊള്ളിക്കണമെന്ന് ഗോവ എലെക്ടോറല്‍ ഓഫീസര്‍ ഏഴു ദിവസത്തിനുള്ളില്‍ എട്ടു തവണ കത്ത് അയച്ചിട്ടും നടപടി ഉണ്ടായില്ല .അവരുടെ പേര് ഇല്ലാതെയാണ് ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് .ഗോവ ഒരു ഉദാഹരണം മാത്രമാകാം .

ഇന്ത്യന്‍ എക്സ്പ്രസ്സിലെ ശക്തമായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു അവസാനം തെരഞ്ഞെടുപ്പു കമ്മീഷന്‍ തിരുത്തല്‍ നടപടികള്‍ പ്രഖ്യാപിച്ചുവെങ്കിലും അത് പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്നു ഖുറേഷി കുറ്റപ്പെടുത്തുന്നു .

എന്തായാലും ഇന്ത്യയുടെ സമൂഹ  മനസാക്ഷിയില്‍ ഇതൊരു വടുവായി എന്നെന്നും നിലനില്‍ക്കും..പക്ഷെ ഇതിന്റെ പ്രത്യാഘാതം ഒരു ജനാധിപത്യ രാജ്യം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. തെരഞ്ഞെടുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ ജനാധിപത്യം  എങ്ങനെ നില നില്‍ക്കും ?എസ് ഐ ആര്‍ മൂലം ബാധിക്കപെട്ട ബീഹാര്‍ ,പശ്ചിമ ബംഗാള്‍ ,തമിഴ് നാട്,  കേരളം ,പുതു ശേരി എന്നീ സംസ്ഥാനങ്ങളിലെ  തെരഞ്ഞെടപ്പ്‌ തന്നെ റദ്ദുചെയ്യണം എന്നാണ് പ്രമുഖ ആക്ടിവിസ്റ്റ് ആയ പറകല പ്രഭാകര്‍ ആവശ്യപ്പെടുന്നത് .അത് നടന്നില്ലെങ്കിലും എസ് ഐ ആര്‍ പൂര്‍ണ്ണമായും പരിശോധനക്ക് വിധേയമാക്കുകയും കുറ്റമറ്റ  വോട്ടര്‍ പട്ടിക പുന സ്ഥാപിക്കുകയും ചെയ്യണം .വോട്ട് കവര്‍ന്നെടുക്കാന്‍ പൊതു സമൂഹം ആരെയും അനുവദിച്ചു കൂടാ.ഭരണ കക്ഷി 97 ശതമാനം നേടുന്ന ഉത്തര കൊറിയയുടെ നിലയിലേക്ക് ഇന്ത്യ താഴരുത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക