
ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം ഡാളസിൽ പ്രത്യേക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
"എണ്ണി എണ്ണി സ്തുതിക്കുവാൻ", "നീയെൻ സ്വന്തം നീയെൻ പക്ഷം", "നിനക്കായ് കരുതും അവൻ", "പിളർന്നതാം പാറയെ" തുടങ്ങിയ അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവാണ് ജെ. വി. പീറ്റർ. അനേകം പ്രതിഭകളെ വാർത്തെടുത്ത ഗോസ്പൽ ട്യൂണേഴ്സ് (Gospel Tuners) എന്ന ക്രിസ്തീയ മ്യൂസിക്കൽ ബാൻഡിന്റെ സാരഥിയുമായിരുന്നു അദ്ദേഹം. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ജീവിതത്തെയും സംഗീത പൈതൃകത്തെയും ആദരിച്ചുകൊണ്ട് ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ 'ക്രോസ്സ്‌റിവർ വോയ്‌സ് ഡാളസ്' (Crossriver Voice Dallas) ആണ് ഈ സ്മരണാഞ്ജലി ഒരുക്കുന്നത്.
നവംബർ 8, ഞായറാഴ്ച ഡാളസിലെ റോലറ്റിലുള്ള ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും പ്രശസ്ത ഗാനങ്ങളും അവയുടെ പിറകിലുള്ള പശ്ചാത്തല സാക്ഷ്യങ്ങളും മാത്രമായിരിക്കും ഈ സംഗീത സായാഹ്നത്തിന്റെ പ്രധാന ആകർഷണം. 'ഗോസ്പൽ ട്യൂണേഴ്സ്'മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും ഈ സ്മരണാഞ്ജലി സംഗീതവിരുന്നിൽ പങ്കുചേരും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോൺസ് പി. മാത്യൂസ്: 214-298-5415 (tel:214-298-5415)
മാത്യു കോശി: 972-415-6587 (tel:972-415-6587)