Image

റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനങ്ങൾ പലതും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തേക്കുമെന്നു സർവേകൾ (പിപിഎം)

Published on 06 October, 2026
റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനങ്ങൾ പലതും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തേക്കുമെന്നു സർവേകൾ (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു ഒരു മാസം പോലുമില്ല എന്നിരിക്കെ റിപ്പബ്ലിക്കൻ കോട്ടകളിലേക്കു ഡെമോക്രാറ്റിക് പാർട്ടി ഇരച്ചു കയറുന്നുവെന്നു സൂചന. റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനങ്ങൾ പലതും ഡെമോക്രാറ്റുകൾ പിടിച്ചെടുക്കും എന്നാണ് കാണുന്നത്.

വിലക്കയറ്റം, സമ്പദ് വ്യവസ്ഥയിലുള്ള അസംതൃപ്തി, രാഷ്ട്രീയ തീവ്രവാദത്തോടുള്ള മടുപ്പ്, പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പ് ഇവയൊക്കെ റിപ്പബ്ലിക്കൻ പാർട്ടിക്കു പാരയാവുന്നു.  

സെനറ്റ് സീറ്റുകളിൽ കാണുന്ന ലീഡും ഡെമോക്രാറ്റുകൾക്കു ശുഭ പ്രതീക്ഷയാണ്. കോൺഗ്രസിന്റെ നിയന്ത്രണം അവർ കൈയ്യടക്കിയാൽ പ്രസിഡന്റ് ട്രംപ് കനത്ത വെല്ലുവിളി നേരിടും.

ഏറ്റവും ഒടുവിലത്തെ വിലയിരുത്തൽ ന്യൂ യോർക്ക് ടൈംസ്/സിയന്ന യുണിവേഴ്സിറ്റിയുടേതാണ്.

അയോവയിൽ ഡെമോക്രാറ്റിക് ഗവർണർ സ്ഥാനാർഥി വമ്പിച്ച ലീഡ് തുറന്നിട്ടുണ്ട്. ടെക്സസിൽ ഗവർണർ ഗ്രെഗ് ആബട്ടിന്റെ ഉറച്ചതെന്നു കരുത്തപ്പെട്ട കസേര ഇളകുന്നു. ഒഹായോവിൽ ഡെമോക്രാറ്റ് ഓരോ സർവേയിലും ലീഡ് കാണിക്കുന്നു. അലാസ്കയിലും ഡെമോക്രാറ്റ് ആണ് ലീഡിൽ. കൻസാസ് ആണ് ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കു പിടിച്ചെടുക്കാൻ സാധ്യത കാണുന്ന സീറ്റ്.

ആബട്ട് ഡെമോക്രാറ്റ് ജീന ഹിനോജോസയുടെ പിന്നിലാണെന്നു പോളിംഗ് കാണിക്കുന്നു. ഹിനോജോസ തീവ്ര ഇടതു പക്ഷമാണെന്ന പ്രചാരണം 28% പേരെ മാത്രമേ ബാധിച്ചിട്ടുള്ളൂ. ആബട്ട് തീവ്ര വലതുപക്ഷമാണെന്നത് 45% പേർക്കു പക്ഷെ പ്രശ്നമാവുന്നു. റിപ്പബ്ലിക്കൻ കോട്ടയായി കരുതപ്പെടുന്ന ടെക്സസിൽ ഇങ്ങിനെയൊരു വെല്ലുവിളി ആബട്ട് പ്രതീക്ഷിച്ചതല്ല.

രണ്ടു പതിറ്റാണ്ടായി ഡെമോക്രാറ്റുകൾ വിജയം കാണാത്ത അയോവയിൽ സ്റ്റേറ്റ് ഓഡിറ്റർ റോബ് സാൻഡ് റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥി സാക് ലാനേക്കാൾ ബഹുദൂരം മുന്നിലാണ്.

ഒഹായോയും രണ്ടു പതിറ്റാണ്ടായി റിപ്പബ്ലിക്കൻ ആയിരുന്നു. സുഗമമായ വിജയം പ്രതീക്ഷിച്ച വിവേക് രാമസ്വാമി ഇപ്പോൾ ഡെമോക്രാറ്റ് ആമി ആക്ടണിൽ നിന്നു കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ടൈംസ്/സിയന്ന പോളിൽ ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ 2024. ട്രംപിന്റെ കൂടെ നിന്ന 11% പേരും സ്വതന്ത്ര വോട്ടർമാരിൽ നല്ലൊരു ഭാഗവും മുൻ ഹെൽത്ത് ഡയറക്റ്ററായ ആക്ടനെ പിന്തുണയ്ക്കുന്നു.  

അലാസ്‌കയിൽ ഡെമോക്രാറ്റ് ജോനാഥൻ ക്രീസ്-ടോംകിൻസ് മൂന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു മേലാണ് ലീഡ് സ്ഥാപിച്ചിട്ടുള്ളത്. റാങ്ക്ഡ് ചോയ്സ് നിലവിലുള്ള അലാസ്‌കയിൽ ഡെമോക്രാറ്റുകൾ ഒറ്റക്കെട്ടായപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി മൂന്നായി ഭിന്നിച്ചു നില്കുന്നു.

കൻസാസിൽ റിപ്പബ്ലിക്കൻ ടൈ മാസ്റ്റേഴ്സൺ 4% ലീഡ് നേടിയിട്ടുണ്ട്. ഡെമോക്രാറ്റിക് ഗവർണർ ലോറ കെല്ലി പിരിയുന്ന ഒഴിവിൽ അവർ ഇറക്കിയത് സംസ്ഥാന ജനപ്രതിനിധി സിൻഡി ഹോൾഷെറെയാണ്. വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു എന്നാണ് കാണുന്നത്.

Democrats have edge in Governor races 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക