Image

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ലക്ഷ്യത്തിന് അരികെയെത്തി (സനില്‍ പി. തോമസ്)

Published on 06 October, 2026
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ലക്ഷ്യത്തിന് അരികെയെത്തി (സനില്‍ പി. തോമസ്)

ജപ്പാനിലെ ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസിനു തിരശ്ശീല വീണു. ഇനി 2030 ല്‍ ഖത്തറിലെ ദോഹയില്‍ ഇരുപത്തൊന്നാം ഗെയിംസ്. പക്ഷേ, അതിനു മുമ്പ് 2028 ല്‍ യു.എസിലെ ലൊസാഞ്ചലസില്‍ ഒളിംപിക്‌സ് നടക്കും. ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴു മെഡലും പാരിസ് ഒളിംപിക്‌സില്‍ ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലുമാണ് ഇന്ത്യക്കു ലഭിച്ചത്. ഈ നില ലൊസാഞ്ചലസില്‍   മെച്ചപ്പെടുത്തണമെങ്കില്‍ ഇപ്പോള്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസ് നിലവാരത്തില്‍ നിന്ന് ഇന്ത്യ ഏറെ മുന്നോട്ടു പോകണം.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റിക്‌സിലും ഷൂട്ടിങ്ങിലും ഇന്ത്യക്കു തിരിച്ചടി നേരിട്ടു. ആര്‍ച്ചറിയും ബോക്‌സിങ്ങും പ്രതീക്ഷ കാത്തു. ഗുസ്തിയിലും ഗോള്‍ഫിലും നില മെച്ചപ്പെടുത്തി. ക്രിക്കറ്റില്‍ ഇരട്ട സ്വര്‍ണ്ണം നിലനിര്‍ത്തി. ഹോക്കിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി. കബഡിയിലും പുരുഷ- വനിതാടീമുകള്‍ സ്വര്‍ണ്ണം നിലനിര്‍ത്തി. ബാഡ്മിന്റനിലും സ്‌ക്വാഷിലും തിരിച്ചടി നേരിട്ടു. ടേബിള്‍ ടെന്നിസ്, റോവിങ്, ഇക്വസ്ട്രിയന്‍ ഇനങ്ങളിലും പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. ആറ് സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മെഡല്‍ ഇല്ല.

നാല്പത് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമാണ് ടെന്നിസില്‍ ഇന്ത്യ മെഡല്‍ ഇല്ലാതെ മടങ്ങിയത്. നീന്തല്‍, സൈക്കിളിങ്, ഫെന്‍സിങ്, ഇ-സ്‌പോര്‍ട്‌സ്, കനൂയിങ് ഇനങ്ങളിലാണ് ഇന്ത്യ മെഡല്‍ ഇല്ലാതെ മടങ്ങിയത്. ബാഡ്മിന്റനിലും ടേബിള്‍ ടെന്നിസിലും റോവിങ്ങിലും ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ ഏറെയുണ്ടായിരുന്നെങ്കിലും ലഭിച്ചത് ഓരോ വെങ്കല മെഡല്‍ മാത്രം. ഹാങ്‌ചോയില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന ചെസും റോളര്‍ സ്‌പോര്‍ട്‌സും ഇത്തവണ മത്സര ഇനമല്ലായിരുന്നു.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഹാങ്‌ചോയില്‍ ആറു സ്വര്‍ണ്ണം കിട്ടിയെങ്കില്‍ ഇത്തവണ സ്വര്‍ണ്ണം നേടിയത് വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ മാത്രം. 2023ല്‍ സ്വര്‍ണ്ണം നേടിയ ജാവലിന്‍ താരങ്ങളായ നീരജ് ചോപ്രയും അന്നു റാണിയും ടീമില്‍ ഇല്ലായിരുന്നു. അവിനാശ് സാബ്ലെ പരുക്കിന്റെ പിടിയില്‍ നിന്നു മോചനം നേടിയിരുന്നില്ലതാനും. മഴ വിനയായെന്ന് ചില താരങ്ങള്‍ക്കു പരാതിയുണ്ട്. പക്ഷേ, ഒരു മത്സരത്തില്‍ മഴ ഒരാളെ മാത്രമല്ല ബാധിക്കുക. അതു പൊതുവായി അത്‌ലിറ്റുകള്‍ നേരിട്ട പ്രശ്‌നമാണ്. ഷൂട്ടിങ്ങില്‍ 2023-ല്‍ ഏഴു സ്വര്‍ണ്ണം നേടിയ ഇന്ത്യക്ക് ഇത്തവണ കിട്ടിയത് മൂന്നു സ്വര്‍ണ്ണം.

താമസസ്ഥലത്തുനിന്ന് മത്സരവേദിയിലേക്കുള്ള നീണ്ട യാത്ര ഷൂട്ടിങ് താരങ്ങളെ വലച്ചിരുന്നു. പാരിസ് ഒളിംപിക്‌സില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ തന്റെ പരിശീലകന്‍ ജസ്പാല്‍ റാണയുടെ അകാല വേര്‍പാടിന്റെ ആഘാതത്തിലായിരുന്നു. പാരിസില്‍ വെങ്കലം നേടിയ സരബ്‌ജ്യോത് സിങ്ങും സ്വപ്‌നില്‍ കുശാലെയും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ സ്വിഫ്റ്റ് കൗറും ഇക്കുറി ടീമില്‍ ഇല്ലായിരുന്നു.


ആര്‍ച്ചറിയില്‍ വിജയിച്ച താരങ്ങള്‍ മാറിയെങ്കിലും ഇന്ത്യ അഞ്ചു സ്വര്‍ണ്ണം എന്ന നേട്ടം ആവര്‍ത്തിച്ചു. ബോക്‌സിങ്ങില്‍ ഇത്തവണ മൂന്നു സ്വര്‍ണ്ണം ലഭിച്ചു. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം പരിശോധിച്ചാല്‍ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച പ്രകടനമാണ് നഗോയയില്‍ കാഴ്ചവച്ചത്. 21 സ്വര്‍ണ്ണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെ ആകെ 85 മെഡല്‍. ഹാങ്‌ചോയില്‍ 28 സ്വര്‍ണ്ണം, 38 വെള്ളി, 41 വെങ്കലം, ആകെ 107 മെഡല്‍. ഇന്ത്യ ഇതുവരെ 2023 ല്‍ മാത്രമാണ് മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി കൈവരിച്ചത്. മെഡല്‍ പട്ടികയിലെ സ്ഥാനം കണക്കിലെടുത്താല്‍ ഇത്തവണ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി.

പക്ഷേ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് 2026 ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 700 ല്‍ അധികം കോടി രൂപയാണ്. പരിശീലനം, അടിസ്ഥാന സൗകര്യം(ഉപകരണങ്ങള്‍ ഉള്‍പ്പെടെ), പരിശീലകര്‍  തുടങ്ങിയവയ്‌ക്കെല്ലാമായിട്ടായിരുന്നിത്. ഖേലോ ഇന്ത്യയില്‍ നിന്ന് 65 പേര്‍ ഉള്‍പ്പെടെ 300 ല്‍ അധികം പുതുമുഖങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. പക്ഷേ, ഒളിംപിക്സിൽ മികവു കാട്ടാൻ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകണം. രണ്ടു വർഷം ബാക്കിയുണ്ട്. പോരായ്മകൾ കണ്ടെത്തി പരിഹരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക