
1999-ലെ ആ വേനൽക്കാലം ഞങ്ങളുടെ ഓർമ്മകളിൽ അത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു. വാർഷിക പരീക്ഷ കഴിഞ്ഞാൽ കിട്ടുന്ന ഒരു സാധാരണ അവധിക്കാലം ആയിരുന്നില്ല അത്തവണത്തെ വെക്കേഷൻ. ഒരുപാട് കൂടി ആലോചനകൾക്കും ഞങ്ങൾ കുട്ടികളുടെ നിരന്തരമായ ചർച്ചകൾക്കും ഒടുവിൽ ഒരു തീരുമാനത്തിലെത്തി—ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തുക!
1998 ലെ ഡിസംബറിലെ തണുത്ത കാറ്റേറ്റ് സ്കൂൾ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഞങ്ങളിൽ ആരുടെയോ തലയിൽ ആ ആശയം ഉദിച്ചത്. പക്ഷേ, ആ നിമിഷം മുതൽ അത് ഞങ്ങളുടെ എല്ലാവരുടെയും സ്വപ്നമായി മാറി.
അടുത്ത ചോദ്യം, ഗ്രൗണ്ട് എവിടെ എന്നതായിരുന്നു.
മാവച്ചൻകുന്നിൻപുറത്തെ ചരിഞ്ഞ പ്രതലം ക്രിക്കറ്റിന് പറ്റിയതായിരുന്നില്ല. അങ്ങനെ ഞങ്ങളുടെ കണ്ണുകൾ താഴെ തോട്ടിൻകരയോട് ചേർന്നുള്ള ആ വയലിലേക്ക് തിരിഞ്ഞു. അന്ന് ആ കണ്ടം ഉപേക്ഷിക്കപ്പെട്ടിട്ട് രണ്ടുമൂന്ന് വർഷമേ ആയിരുന്നുള്ളൂ. ചുറ്റുമുള്ള വയലുകളിൽ മകരക്കൊയ്ത്ത് കഴിഞ്ഞ് പാടങ്ങൾ ഒഴിഞ്ഞുകിടക്കുന്ന കാലം. ഞങ്ങൾ അവിടെ പിച്ച് ഒരുക്കി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചു.
ആ വയലിൽ ആദ്യമായി പിച്ച് ഒരുക്കിയത് ഞങ്ങളാണോ അതിനു മുമ്പ് മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പ്രാദേശിക ചരിത്രകാരന്മാരുടെ ഇടയിൽ ഇന്നും തർക്കമുണ്ടാകാം. എങ്കിലും ഞങ്ങളുടെ ചരിത്രത്തിൽ അത് ഞങ്ങളുടെ സ്വന്തം ഹോം ഗ്രൗണ്ടായിരുന്നു.
അങ്ങനെ 1999-ലെ വേനലവധിക്കായി ഞങ്ങൾ നേരത്തെ തന്നെ അവിടെയെത്തി, പിച്ച് ശരിയാക്കി. ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓരോ ടീമിൽ നിന്നും ചെറിയൊരു തുക ഫീസായി വാങ്ങി. ആ പണം കൊണ്ട് ടൂർണമെന്റിൽ ജയിക്കുന്ന ടീമിന് ഒരു ബാറ്റും, 'മാൻ ഓഫ് ദി മാച്ചി'നും 'മാൻ ഓഫ് ദി സീരീസി'നും ചെറിയ ട്രോഫികളും നൽകാമെന്ന് തീരുമാനിച്ചു.
ബാറ്റ് എവിടെനിന്ന് വാങ്ങണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് വലിയ ചർച്ചയൊന്നും വേണ്ടിവന്നില്ല—കൊല്ലം കുമാർ തിയേറ്ററിനടുത്തുള്ള സ്പോർട്സ് ലാൻഡ്!
അവിടെച്ചെന്ന് ഞങ്ങൾ ഒരു Reebok ബാറ്റും രണ്ട് ചെറിയ ട്രോഫികളും വാങ്ങി. തിരികെ ബസിൽ കയറിയതുമുതൽ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ആ ബാറ്റിലായിരുന്നു. അതുവരെ ഞങ്ങൾ കളിച്ചിരുന്നത് തടി ചെത്തിയുണ്ടാക്കിയ നാടൻ ബാറ്റുകളിലായിരുന്നു. അതിനിടയിലേക്ക് ആ റീബോക്ക് ബാറ്റ് കടന്നുവന്നപ്പോൾ അത് ഞങ്ങൾക്ക് ഒരു അത്ഭുതവസ്തുവായി തോന്നി. വാങ്ങിയത് സമ്മാനമായി നൽകാനാണെന്ന കാര്യം പോലും ഞങ്ങൾ മറന്നുതുടങ്ങി.
അതിനിടയിലാണ് പ്രകാശിന്റെ ആ പ്രഖ്യാപനം വന്നത്:
"ഇത് നമുക്ക് തന്നെ കളിച്ചു വാങ്ങണം!"
ആരും എതിർത്തില്ല. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു—ഞങ്ങളുടെ ടീം! 'Royal Eleven'.
പേരിൽ രാജകീയത ഉണ്ടായിരുന്നെങ്കിലും കളിയിൽ അത്ര വലിയ മികവൊന്നും ഞങ്ങൾക്കില്ലായിരുന്നു. ടൂർണമെന്റിൽ ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളിൽ എത്തിയാൽ തന്നെ വലിയ കാര്യം. 'താഴാംപണയിലെ സച്ചിൻ' എന്ന് ഞങ്ങൾ വിളിച്ചിരുന്ന സനലിന്റെ നേതൃത്വത്തിലുള്ള ടീമും, പൊടിമോന്റെ 'കുറ്റിയിൽമുക്ക്' ടീമും ഞങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു.
അപ്പോഴാണ് വരുൺ ആ നിർദ്ദേശം മുന്നോട്ടുവച്ചത്:
"പുറത്തുനിന്ന് നല്ല കളിയറിയാവുന്ന രണ്ടുമൂന്ന് പേരെ ഇറക്കിയാലോ?"
വരുണും എന്റെ ചേട്ടൻ രാജീവുമായിരുന്നു ടൂർണമെന്റിന്റെ പ്രധാന സംഘാടകർ. (ഇവിടെ ഒരു കാര്യം പറയാതെ വയ്യ: ലളിത് മോദി ഐ.പി.എൽ എന്ന ആശയം സ്വപ്നം കാണുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ്, വിദേശ കളിക്കാരെ ഉൾപ്പെടുത്തി മത്സരം ജയിക്കാനുള്ള ആശയം ഞങ്ങളുടെ നാട്ടിലെ പിള്ളേർ സെറ്റിൽ ഉദിച്ചു കഴിഞ്ഞിരുന്നു!)
വരുണിന് കരിക്കോട് ഭാഗത്ത് ഒട്ടേറെ സൗഹൃദങ്ങളുണ്ടായിരുന്നു. ചെറുപ്പം മുതൽ പേരൂരിലെ പ്രിയദർശിനി സ്കൂളിൽ (ഇന്നത്തെ പേരൂർ അമൃത വിദ്യാലയം) പഠിച്ചതുകൊണ്ടായിരുന്നു അത്. ഞങ്ങളുടെ നാട്ടിൽ നിന്ന് കരിക്കോടേക്ക് മൂന്നോ നാലോ കിലോമീറ്റർ മാത്രം ദൂരം. അന്ന് കൊല്ലം ജില്ലാ ക്രിക്കറ്റ് കൗൺസിലിന്റെ ദീർഘകാല അമരക്കാരനായിരുന്ന നിയാസ് സാറിന്റെ നിരവധി ശിഷ്യന്മാർ അവിടെയുണ്ടായിരുന്നു; അവരിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ കളിച്ചവരുമുണ്ടായിരുന്നു.
വരുൺ അവരിൽ നിന്ന് രണ്ടുപേരെ കൊണ്ടുവരാമെന്ന് ഏറ്റു. പറഞ്ഞതുപോലെ അവൻ വാക്ക് പാലിക്കുകയും ചെയ്തു:
അരുൺ പരമേശ്വരൻ, രത്തൻ കുമാർ.
അരുൺ അന്ന് അണ്ടർ-16 ഡിസ്ട്രിക്റ്റ് പ്ലെയറായിരുന്നു (ഇന്ന് ലണ്ടനിൽ ക്രിക്കറ്റ് കോച്ചാണ്). രത്തൻ മഹാരാഷ്ട്ര ടീമിന്റെ മുൻ അണ്ടർ-16 പ്ലെയറും. അവർ രണ്ടുപേരും വന്നതോടെ ഞങ്ങളുടെ കളിയുടെ നിലവാരം തന്നെ മാറി! അവരുടെ ബാറ്റിങ്ങും ഫീൽഡിങ്ങും കണ്ടപ്പോഴാണ് പ്രൊഫഷണൽ ക്രിക്കറ്റ് എന്താണെന്ന് ഞങ്ങളിൽ പലരും ആദ്യമായി മനസ്സിലാക്കുന്നത്.
ക്വാർട്ടറും സെമിയും വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ കടന്നു. അങ്ങനെ ഫൈനൽ!
എതിരാളികൾ—പൊടിമോന്റെ നേതൃത്വത്തിലുള്ള കുറ്റിയിൽമുക്ക് ടീം. പൊടിമോൻ അന്ന് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു ബാറ്റ്സ്മാനായിരുന്നു. ഫോമിലായാൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിവുള്ളയാൾ.
അപ്പോഴേക്കും അരുണും രത്തനും ഞങ്ങളുടെ ടീമിലെ അംഗങ്ങളെപ്പോലെയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫൈനൽ ജയിക്കണമെന്ന ആഗ്രഹം ഞങ്ങളെക്കാൾ കൂടുതൽ അവർക്കായിരുന്നു. അവർ രണ്ടുപേരെക്കൂടി ടീമിലേക്ക് കൊണ്ടുവന്നു: മംഗോളിയനും ഷാനവാസും. ('മംഗോളിയൻ' കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു അപകടത്തിൽ മരിച്ചിരുന്നു, ഈ പേര് ശരിക്കും അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല, എങ്കിലും ആ പേരിലാണ് അദ്ദേഹം ഇന്നും ഞങ്ങളുടെ ഓർമ്മയിൽ ജീവിക്കുന്നത്).
ഇരുവരും ശക്തരായ ബൗളർമാരായിരുന്നു. "പൊടിമോനെ ഫോമിലേക്ക് കടത്തിവിടരുത്"—അതായിരുന്നു തന്ത്രം. അന്ന് ഞങ്ങൾ കാണിച്ച ആ പ്രൊഫഷണലിസം ജീവിതത്തിന്റെ മറ്റേതെങ്കിലും മേഖലയിൽ പിന്നീട് എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഇന്നും സംശയമാണ്!
ഫൈനൽ തുടങ്ങി. മംഗോളിയന്റെ ബൗളിംഗ് പൊടിമോന് പരിചിതമായിരുന്നു; എന്നാൽ ഷാനവാസിനെ അദ്ദേഹം ആദ്യമായാണ് നേരിടുന്നത്. ഷാനവാസിന്റെ കൃത്യതയാർന്ന ബൗളിംഗിൽ പൊടിമോന്റെ വിക്കറ്റ് വീണു! അത്രയും മതിയായിരുന്നു, ഞങ്ങൾ പകുതി വിജയം ഉറപ്പിച്ചു. പിന്നീട് അരുണിന്റെയും രത്തന്റെയും ബാറ്റിംഗ് കൂടി ചേർന്നതോടെ വിജയം ഞങ്ങളുടെ കൈകളിലെത്തി.
ഒടുവിൽ ഞങ്ങൾ ആഗ്രഹിച്ചതുതന്നെ സംഭവിച്ചു—ആ റീബോക്ക് ബാറ്റ് ഞങ്ങൾ തന്നെ നേടി! രത്തൻ ഏറ്റവും കൂടുതൽ റൺസ് നേടി 'മാൻ ഓഫ് ദി സീരീസ്' ആയി.
എന്നാൽ ഒരു ടൂർണമെന്റ് ജയിച്ചതിനേക്കാൾ വലിയൊരു സമ്മാനം ഞങ്ങൾക്ക് അന്ന് കിട്ടിയിരുന്നു—നല്ല കുറെ പുതിയ കൂട്ടുകാരെ! അവരിൽ പലരും പിന്നീട് ജീവിതത്തിന്റെ പല വഴികളിലേക്ക് പിരിഞ്ഞുപോയെങ്കിലും, ആ ടൂർണമെന്റ് ഞങ്ങളുടെ സൗഹൃദങ്ങളുടെ ഒരു പുതിയ വാതിൽ തുറന്നുതന്നു. പിന്നീട് ഞാൻ ചത്തനാംകുളം സ്കൂളിലും കൊല്ലം എസ്.എൻ. കോളേജിലുമൊക്കെ പഠിക്കാൻ പോയപ്പോൾ കരിക്കോട് എനിക്കൊരു 'സെക്കൻഡ് ഹോം' പോലെയായി മാറി.
ടൂർണമെന്റ് ജയിച്ചതിന്റെ ആവേശം അടങ്ങുന്നതിന് മുൻപേ, 1999 മെയ് 14-ന് ഇംഗ്ലണ്ടിൽ ലോകകപ്പ് ആരംഭിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു; തുടക്കം തന്നെ തോൽവി. പിന്നീട് സൂപ്പർ സിക്സിൽ പുറത്താകുന്നതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു. എങ്കിലും പാകിസ്താനെ തോൽപ്പിച്ചതിന്റെ ആവേശം അതുമതിയാരുന്നു ആ ലോകകപ്പിന്റെ ഓർമ്മയ്ക്ക്.
അന്നത്തെ ലോകകപ്പ് പാട്ടുകൾ പോലും ആ കാലത്തിന്റെ ഭാഗമാണ്. ശങ്കർ മഹാദേവന്റെ "Come on India, dikha do..." എന്ന ആവേശ വരികളും, മലയാളി ഗായകൻ കെ.കെയുടെ "Josh of India" എന്ന ബി.സി.സി.ഐ ഔദ്യോഗിക ഗാനവും ഇന്നും ഉള്ളിൽ മുഴങ്ങുന്നുണ്ട്.
കാലം പിന്നെയും കടന്നുപോയി. ആ വയലിലെ പിച്ചിൽ എത്രയോ ക്രിക്കറ്റ് മത്സരങ്ങൾ നടന്നു, എത്രയോ ടീമുകൾ വന്നു, എത്രയോ ബാറ്റുകളും പന്തുകളും ആ മണ്ണിൽ വീണു... എങ്കിലും 1999-ലെ ആ ആദ്യ ടൂർണമെന്റ് ഇന്നും മനസ്സിൽ വേറിട്ടുനിൽക്കുന്നു. കാരണം അന്ന് ക്രിക്കറ്റ് ഞങ്ങൾക്ക് ഒരു കളി മാത്രമായിരുന്നില്ല, അത് ഞങ്ങളുടെ ലോകം തന്നെയായിരുന്നു!
വാസ്തവത്തിൽ, 1999 എന്ന വർഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്ന് എല്ലാവർക്കും അറിയാമല്ലോ; ഒരു നൂറ്റാണ്ട് അവസാനിച്ച് പുതിയൊരു സഹസ്രാബ്ദത്തിലേക്ക് ലോകം കടക്കാൻ ഒരുങ്ങിയിരുന്ന കാലമായിരുന്നു അത്. രണ്ടായിരം ആണ്ടോടെ ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അക്കാലത്ത് ശക്തമായിരുന്നു. ചില മതഗ്രന്ഥങ്ങളെ മുൻനിർത്തിയുള്ള അത്തരം പ്രചാരണങ്ങൾ കുട്ടികളായ ഞങ്ങളുടെ മനസ്സുകളിലും ചെറിയൊരു ഭയം വിതച്ചിരുന്നു.
പക്ഷേ, ലോകം അവസാനിച്ചില്ല!
പകരം, 1999-ന്റെ അവസാന രാത്രിയെ പിന്നിട്ട് ലോകം പുതിയൊരു മില്ലേനിയത്തിലേക്ക് നടന്നുകയറി. ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മുതിർന്നവരോടൊപ്പം മാവച്ചൻകുന്നിൻപുറത്ത് പന്ത്രണ്ടും പതിമൂന്നും പതിന്നാലും വയസ്സിനിടയിലുള്ള ഞങ്ങളുടെ ഒരു പിള്ളേർ സെറ്റും ഉണ്ടായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, 1999 ഞങ്ങളുടെ ബാല്യത്തിന്റെ അവസാനത്തോടടുത്ത ഒരു കാലമായിരുന്നു എന്ന് തോന്നാറുണ്ട്. ലോകം പുതിയൊരു കാലത്തിലേക്ക് കടന്നതുപോലെ ഞങ്ങളുടെ ജീവിതത്തിലും അതുവരെ ഉണ്ടായിരുന്ന പലതും അവസാനിക്കുകയായിരുന്നു. സ്കൂളുകൾ മാറി, കൂട്ടുകാർ പിരിഞ്ഞു, പുതിയ സൗഹൃദങ്ങൾ വന്നു. പിന്നീട് കോളേജും ജോലിയും നഗരങ്ങളും ജീവിതത്തിരക്കുകളും... ആ വയലും മാവച്ചൻകുന്നും പതിയെ പഴയതുപോലല്ലാതായി മാറി.
പക്ഷേ, ചില വൈകുന്നേരങ്ങൾ ഒരിക്കലും അവസാനിക്കാറില്ല! ചില ശബ്ദങ്ങൾ കാലത്തിനപ്പുറവും കേൾക്കാം:
ഒരു സ്കൂൾ വരാന്തയിൽ വീശിയിരുന്ന ഡിസംബറിന്റെ തണുത്ത കാറ്റ്, പിച്ച് ഒരുക്കിയ വയലിന്റെ ചേറ്റുമണം, ക്രിക്കറ്റ് പന്ത് ബാറ്റിൽ കൊള്ളുന്ന ശബ്ദം, പൊടിമോന്റെ വിക്കറ്റ് വീണപ്പോൾ ഉയർന്ന ആഹ്ലാദം, രത്തന്റെ ബാറ്റിംഗ്, മംഗോളിയന്റെയും ഷാനവാസിന്റെയും ബൗളിംഗ്, ഒടുവിൽ ഞങ്ങളുടെ കൈയിലെത്തിയ ആ Reebok ബാറ്റ്...
ചില ഓർമ്മകൾ അങ്ങനെയാണ്, അവയ്ക്ക് പ്രായമാകില്ല. 1999-ലെ ആ വേനലും, ആ വയലും, ആ ക്രിക്കറ്റും, ഒടുവിൽ ഞങ്ങൾ സ്വന്തമാക്കിയ ആ റീബോക്ക് ബാറ്റും—ജീവിതം എത്ര ദൂരം മുന്നോട്ടുപോയാലും എന്റെ ഓർമ്മകളിൽ എന്നും ഒരു വേനലവധിയുടെ നിറപ്പകിട്ടോടെ തന്നെ നിലനിൽക്കും!
Rajesh AR