
ഓറഞ്ച്ബർഗ്, ന്യൂയോർക്ക്: റോക്ക്‌ലാൻഡ് ഇന്ത്യൻ സീനിയേഴ്സ് എംപവർമെന്റ് ക്ലബ് (റൈസ് ക്ലബ്) സെപ്റ്റംബർ 30-ന് ഓറഞ്ച്ബർഗിലെ സിതാർ പാലസിൽ ഓണം ആഘോഷിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സൗഹൃദസന്ദേശവും പങ്കുവെച്ച ആഘോഷം അംഗങ്ങൾക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനുമുള്ള അവസരമായി.

ഈശ്വരപ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പത്മ നായർ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് പങ്കെടുത്ത എല്ലാവരും സ്വയം പരിചയപ്പെടുത്തി. പരസ്പരം കൂടുതൽ അടുത്തറിയാനും സൗഹൃദബന്ധങ്ങൾ പുതുക്കാനും ഈ പരിചയപ്പെടുത്തൽ സഹായിച്ചു.

അപ്പുക്കുട്ടൻ നായർ ഹൃദ്യമായ ഓണസന്ദേശം നൽകി. റവ. ഫാ. പൂവത്തുങ്കൽ ഏവർക്കും ഓണാശംസകൾ നേർന്നു. “പാടും പാതിരി” എന്നറിയപ്പെടുന്ന അദ്ദേഹം മനോഹരമായ ഗാനം ആലപിച്ച് ആഘോഷത്തിന് മാധുര്യം പകർന്നു.ഫ്ലോറിഡയിൽ നിന്നെത്തിയ അതിഥികളായ മരിയയും തോമസ് തോട്ടുകടവിലും തങ്ങളുടെ സീനിയർ ക്ലബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. പിക്‌നിക്കുകൾ, കലാപരിപാടികൾ, ക്രൂസ് യാത്രകൾ എന്നിവയുടെ വിശേഷങ്ങൾ അവർ പങ്കുവച്ചു

“മാവേലി നാടു വാണീടും കാലം” എന്ന ഓണപ്പാട്ട് എല്ലാവരും ചേർന്ന് പാടിയത് ആഘോഷത്തിലെ ശ്രദ്ധേയമായ നിമിഷമായി. ജയപ്രകാശിന്റെ കവിതാലാപനം പരിപാടിക്ക് സാഹിത്യഭംഗി പകർന്നു. മത്തായി സാർ രസകരമായ തമാശകൾ പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചു. ഗാനങ്ങളും കവിതയും നർമ്മവും നിറഞ്ഞ പരിപാടികൾ സദസ്സിന് ആസ്വാദ്യകരമായ അനുഭവമായി.

ഡോ. ആനി പോളും സാറാ അമ്പാട്ടും പരിപാടികൾ ഏകോപിപ്പിച്ചു. ആഘോഷത്തിൽ പങ്കെടുത്തവർക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവർക്കും വർഗീസ് ഉലഹന്നാൻ നന്ദി രേഖപ്പെടുത്തി.

മുതിർന്നവരുടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തിയ ഓണാഘോഷം എല്ലാവർക്കും സന്തോഷകരമായ അനുഭവമായി. പരസ്പരസ്നേഹവും സാംസ്കാരിക ഓർമ്മകളും പങ്കുവെച്ച് റൈസ് ക്ലബ് അംഗങ്ങൾ ആഘോഷത്തിൽ സജീവമായി പങ്കെടുത്തു.