Image

'രാഷ്ട്രീയശരി'യെന്ന മിഥ്യയ്ക്ക് അതീതമായ നിരീക്ഷണങ്ങൾ (മുരളി ജെ. നായർ)

Published on 05 October, 2026
'രാഷ്ട്രീയശരി'യെന്ന മിഥ്യയ്ക്ക് അതീതമായ നിരീക്ഷണങ്ങൾ (മുരളി ജെ. നായർ)

പ്രിയസുഹൃത്ത് സുരേന്ദ്രൻ നായരുടെ ലേഖനസമാഹാരം “നിരീക്ഷകൻ്റെ റിപ്പബ്ലിക്ക്” വായിച്ചു.  പ്രതിപാദിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളുടെ വൈവിദ്ധ്യവും ചരിത്രവസ്തുകൾ ധൈര്യപൂർവം വിലയിരുത്താനുള്ള ഗ്രന്ഥകാരൻ്റെ ആർജവവും മനോഹരവും അതേസമയം ലാളിത്യം നിറഞ്ഞതുമായ ഭാഷാശൈലിയുമൊക്കെ ഈ കൃതിയെ അത്യന്തം പാരായണക്ഷമമാക്കുന്നു. ഭാരതീയ മാദ്ധ്യമരംഗത്ത് പൊതുവേയും കേരളത്തിൽ പ്രത്യേകിച്ചും നിലവിലിരിക്കുന്ന വികലമായ “രാഷ്ട്രീയ ശരികൾ”ക്ക് (political correctness) വഴങ്ങാതെ, ആ വേലിക്കെട്ടുകൾക്ക് പുറത്തുനിന്നുകൊണ്ട് ഒരു സമകാലിക ചരിത്രകാരൻ്റെ കൃത്യതയോടെ അദ്ദേഹം കാര്യങ്ങൾ തുറന്നുപറയുന്നു.

ഭഗവദ്ഗീത മുതൽ ഓപ്പറേഷൻ സിന്ദൂർവരെയുള്ള ഭാരത-കേന്ദ്രിത വിഷയങ്ങൾ,  ആദിശങ്കരൻ മുതൽ മന്നത്തു പത്മനാഭൻ വരെയുള്ള മനീഷികളുടെ ജീവിതരേഖകൾ, ഭാരതീയ ചരിത്രകഥനത്തിൽ സംഭവിച്ചിരിക്കുന്ന നിരുത്തരവാദപരമായ അപഭൃംശങ്ങൾ, മതേതരത്തിൻ്റെ പേരിൽ അരങ്ങേറുന്ന ലജ്ജാവഹങ്ങളായ കോമാളിനാടകങ്ങൾ, രാഷ്രീയ-മത മേലാളന്മാരുടെ അവസരവാദിത്വം നിറഞ്ഞ ജല്പനങ്ങളും പ്രവൃത്തികളും, പ്രസിഡൻ്റ് ട്രമ്പ് തിരികൊളുത്തിയ താരിഫ് യുദ്ധം, സ്റ്റേജ് ഷോകൾക്ക് നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്നവരുടെ നിരുത്തരവാദപരവും കൃതഘ്നതനിറഞ്ഞതുമായ പെരുമാറ്റം, അമേരിക്കൻ മലയാളികളുടെ സ്വഭാവവൈചിത്ര്യങ്ങളെപ്പറ്റിയുള്ള കൗതുകകരമായ നിരീക്ഷണങ്ങൾ.... അങ്ങനെ പോകുന്നു വർണ്ണശബളമായ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾ.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യദശകങ്ങളിൽ സംഭവിച്ച ജനാധിപത്യവ്യവസ്ഥയുടെ അപചയം, വോട്ടുബാങ്ക് ലാക്കാക്കി ബോധപൂർവം നിർമ്മിക്കപ്പെട്ട വർഗീയധ്രുവീകരണം, അധികാരത്തിലെത്താനുള്ള ഉദ്യമത്തിൽ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷനേതൃത്വത്തിൻ്റെ അപക്വതദ്യോതിപ്പിക്കുന്ന അക്ഷമ - ഇവയെല്ലാം ചേർന്ന് സംജാതമാക്കുന്ന ഭീതിദമായ സാമൂഹ്യപശ്ചാത്തലം ഈ കൃതി അനാവരണം ചെയ്യുന്നു. (ഒരുദാഹരണം: സന്ദേശ് ഖാലിയിലെ ഷാജഹാൻ ഷെയ്ക് എന്ന സാമൂഹ്യവിരുദ്ധൻ്റെ പടയോട്ടവും അതിന് മുൻ മുഖ്യമന്ത്രി മമതാ ബാനർജിയും അവരുടെ പാർട്ടിയും ചേർന്നു നൽകിയിരുന്ന സംരക്ഷണവും അടങ്ങിയ വിവരണം നട്ടെല്ലുതുളയ്ക്കുന്ന നടുക്കത്തോടെയും അതുളവാക്കുന്ന തീവൃനൊമ്പരത്തോടെയും മാത്രമെ വായിച്ചുതീർക്കാൻ കഴിയൂ).

അക്കാദമിക്ക് സ്വഭാവമുള്ള, ഗൗരവമേറിയ വായനയും അപഗ്രഥനവും ആവശ്യപ്പെടുന്ന വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് സാധാരണ വായനക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ്. ഭാഷയിലെ ലാളിത്യം എടുത്തുപറയേണ്ടിയിരിക്കുന്നു.

മുൻ കാലങ്ങളിലെ, അഴിമതിയിൽ മുങ്ങിയ മുന്നണിരാഷ്ട്രീയത്തിൽ നിന്ന് ഭിന്നമായി, രാജ്യതാല്പര്യങ്ങളും അതിർത്തിസുരക്ഷയും വിദേശനയത്തിലെ ദൃഢതയും സാമ്പത്തികസ്ഥിരതയും സംരക്ഷിക്കാൻ പര്യാപ്തമായ ഒരു ദേശീയനേതൃത്വത്തിൻ്റെ ആഗമനം എങ്ങനെയാണ് ഭാരതത്തെ മാറ്റിമറിച്ചതെന്നും അതുവഴി രാജ്യത്തിൻ്റെ ആഗോള അന്തസ്സ് എത്ര ഉയർന്നെന്നും ഗ്രന്ഥകാരൻ അടിവരയിട്ടു പറയുന്നു. കേവലം വൈകാരികമായ കുറ്റാരോപണങ്ങൾക്കും ആഹ്വാനങ്ങൾക്കും പകരം വസ്തുതകളും ചരിത്രരേഖകളും സാമൂഹികയാഥാർഥ്യങ്ങളും നിരത്തിയുള്ള വാദമുഖങ്ങൾ പ്രതിപാദ്യവിഷയങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

ചരിത്രപരവും സാംസ്കാരികവും അതേസമയം തികച്ചും സമകാലികവുമായ ഒരു പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ട് വർത്തമാനകാല ഭാരതീയ യാഥാർഥ്യങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കാൻ ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വായനക്കരെ പ്രേരിപ്പിക്കുന്നു. ഭാരതത്തിൻ്റെ തനതുസാംസ്കാരികസമ്പത്തായ വൈദികസാഹിത്യം പാശ്ചാത്യവും പൗരസ്ത്യവുമായ അധിനിവേശങ്ങളെ എങ്ങനെ അതിജീവിച്ചു എന്ന് ദാർശനികവും ശാസ്ത്രീയവുമായ കാഴ്ചപ്പാടിൽ ഗ്രന്ഥകാരൻ വിലയിരുത്തുന്നു.

അമേരിക്കൻ പ്രവാസി മലയാള സാഹിത്യഭൂമികയിൽനിന്ന് ഇത്ര ഗൗരവതരമായ ഒരു ലേഖനസമാഹാരം ഉയർന്നുവന്നത് ശുഭോദർക്കമായ ഒരു കാര്യമായി തോന്നുന്നു. മതേതരത്വം വൃണപ്പെടുമോ എന്നു ഭയന്ന് സത്യങ്ങൾ വസ്തുനിഷ്ഠമായി തുറന്നെഴുതാൻ മടിക്കുന്നവർക്ക് ഒരു പ്രചോദനമാകട്ടെ ഈ പുസ്തകം.

ഒന്നുരണ്ടു വിയോജിപ്പുകൾ കൂടി പങ്കുവെച്ചുകൊണ്ട് ഈ ലഘു ആസ്വാദനക്കുറിപ്പ് അവസാനിപ്പിക്കാം. ഗ്രന്ഥകർത്താവ് തുറന്നുകാട്ടുന്ന, ദേശദ്രോഹികളുടെ പിണിയാളുകളായി പ്രവർത്തിക്കുന്ന ചില കപട ബുദ്ധിജീവികളുടെ പേരുകൾ പറയാമായിരുന്നു (കേവല സൂചനകൾക്കുപകരം). അതുപോലെതന്നെ മഹാത്മാഗാന്ധിയെപ്പറ്റിയുള്ള ലേഖനത്തിൽ, പൊതുമണ്ഡലത്തിൽ ഉള്ള സുവിദിതമായ കുറെ സത്യങ്ങൾ കൂടി സാന്ദർഭികമായി പങ്കുവെയ്ക്കാമായിരുന്നു (ഡൊമിനിക് ലാപ്പിയറും ലാരി കോളിൻസും ചേർന്നെഴുതിയ “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” എന്ന പുസ്തകത്തിലെ, ഗവേഷണത്തിൻ്റെ പിൻബലമുള്ള ചില തുറന്നുപറച്ചിലുകൾ ആണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.)  ഒരു പക്ഷെ, സ്മര്യപുരുഷൻ രാഷ്ട്രപിതാവായിപ്പോയതുകൊണ്ട് “നഃ ബ്രൂയാത് സത്യമപ്രിയം” എന്ന ആപ്തവാക്യമായിരിക്കും ഗ്രന്ഥകാരനെ തടഞ്ഞത്.

ഈ പുസ്തകം വ്യാപകമായി വായിക്കപ്പെടട്ടെയെന്നും ഇതിലെ പ്രതിപാദ്യവിഷയങ്ങൾ സത്യസന്ധമായി ചർച്ചചെയ്യപ്പെടട്ടെയെന്നും ആശംസിക്കുന്നു!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക