
കാലിഫോർണിയ/കൊച്ചി: പ്രശസ്ത സാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനും ഇൻഷുറൻസ് മേഖലയിൽ സംഘടന കെട്ടിപ്പടുത്തവരിൽ പ്രമുഖനുമായ കണ്ണൻ മേനോൻ (88) കൊച്ചിയിൽ അന്തരിച്ചു.
കൈരളി യൂ എസ് ടീമിൽ ഉൾപ്പെട്ടിരുന്ന മേനോൻ കുറച്ചു ദിവസം മുൻപാണ് കാലിഫോർണിയയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. സാധാരണ രണ്ട് വർഷത്തിൽ ഒരിക്കൽ കൊച്ചിയിൽ എത്തി സൗഹൃദങ്ങൾ പുതുക്കുന്ന ശീലമുള്ള ആളാണ്. നാട്ടിൽ വരുമ്പോൾ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകുക എന്നതും പതിവായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ തന്റെ സ്വന്തം പുസ്തകശേഖരവും, അത് സൂക്ഷിക്കാനുള്ള ഷെൽഫുകളും എറണാകുളം പബ്ലിക്ക് ലൈബ്രറിയ്ക്ക് അദ്ദേഹം നൽകിയിരുന്നു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് കണ്ണൻ മേനോൻ ശ്രദ്ധേയനായിരുന്നു .
കഴിഞ്ഞ വർഷമാണ് കണ്ണൻ മേനോന്റെ പത്നി വിലാസിനി കണ്ണൻ മേനോൻ കാലിഫോർണിയയിൽ വച്ച് അന്തരിച്ചത്.
സഹോദരി ബേബി മേനോനുമായി ചേർന്നു നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. കണ്ണൻ മേനോൻ-ബേബി മേനോൻ ടീം ഒരു കാലത്ത് മലയാളം ചെറുകഥാ രംഗത്ത് വലിയ സംഭാവനകൾ നൽകിയവരാണ്. നോവലുകളും ചെറുകഥ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളാ സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. ദീർഘകാലം യൂണിയന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയി സേവനമനുഷ്ടിച്ചു.
സെപ്റ്റംബർ 26 ന് നടന്ന സംഘടയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുവാൻ കാലിഫോർണിയയിൽ നിന്നും എത്തിയതായിരുന്നിരുന്നു മേനോൻ.
നാഷണൽ ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനും എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായിരുന്ന കണ്ണൻമേനോൻ പുരോഗമന സാഹിത്യ സംഘം സംസ്ഥാന ട്രഷററും ആയിരുന്നിട്ടുണ്ട്.
മക്കൾ: ഡോ: രാധിക മേനോൻ (ഫ്ലോറിഡ), സുപ്രിയ മേനോൻ (സാൻഫ്രാൻസിസ്കോ) മരുക്കൾ: സതീഷ് മേനോൻ (ഫ്ലോറിഡ), രാധാകൃഷ്ണ മേനോൻ (സാൻഫ്രാൻസിസ്കോ)
അദ്ദേഹത്തിന്റെ ഭൗതികശരീരം ഒക്ടോബർ ഏഴിന് ബുധനാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന് സമീപമുള്ള പള്ളിയിൽ ലൈനിലെ ശ്രേയസ് വീട്ടിൽ പൊതുദർശനം. സംസ്കാരം 3 മണിക്ക് രവിപുരം ശ്മശാനത്തിൽ.