
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്ദറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കേസിന്റെ അന്വേഷണം ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. തെരഞ്ഞെടുപ്പ് അട്ടിമറികളും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും ആരോപിച്ചായിരുന്നു ശനിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സമരം നടന്നത്.
എസിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ ലൈംഗികമായി അതിക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെ ഒരു എസിപി മോശമായി തള്ളുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തതായി ഒരാള്‍ വെളിപ്പെടുത്തി. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച ഡല്‍ഹി പൊലീസ്, കേസില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഔദ്യോഗികമായി അറിയിച്ചു.
പൊലീസിന്റെ നടപടിയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 'ഞെട്ടലും നിരാശയും' രേഖപ്പെടുത്തി. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരമൊരു പെരുമാറ്റം സ്വാഭാവികവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും, തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കാത്തത് മാധ്യമസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയാണെന്നും പിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്നതിനാല്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിശദീകരണം ആവശ്യപ്പെട്ടു. 'വനിത മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച പരാതിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകളായി മാധ്യമപ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയാണ്. എഫ്‌ഐആര്‍ ഇടുകയെന്നത് പൊലീസിന്റെ പ്രാഥമിക ചുമതലയല്ലേ? അതുപോലും ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. ക്യാമറകള്‍ പിടിച്ചെടുക്കുകയും മാധ്യമപ്രവര്‍ത്തകരെ വലിിച്ചിഴയ്ക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും ഭയപ്പെടുന്ന സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നത്? അമിത് ഷാ ജീ, താങ്കള്‍ ഇതിന് മറുപടി പറഞ്ഞേ തീരൂ' - രാഹുല്‍ എക്‌സില്‍ കുറിച്ചു.