
പി.വി. ആല്‍ബി
''തലയെത്രയ്ക്കുയര്‍ന്നാലും
തറയില്‍ കാലുറയ്ക്കണം
വൃക്ഷമെത്ര വളര്‍ന്നാലും
വേരറ്റാല്‍ വീണുതന്നെ പോകും''
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹൈസ്‌കൂളില്‍ പഠിച്ച പാട്ട് ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ജീവിതത്തില്‍ കടന്നുവന്ന വഴികള്‍ പലരും തിരിഞ്ഞുനോക്കാറില്ല. ഒരുപക്ഷേ, അങ്ങിനെ തിരിഞ്ഞുനോക്കിയതുകൊണ്ടാണ് ഇത്തരത്തില്‍ എന്റെ ആത്മകഥ എഴുതാന്‍ എനിക്ക് പ്രേരണനല്‍കിയത്.
ഇന്ന് 2026 ഒക്ടോബര്‍ രണ്ടാം തീയതി. അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍, യോങ്കോഴ്‌സിലുള്ള എന്റെ ആശ്രമത്തില്‍ ഏകനായിരുന്നപ്പോള്‍ നിരവധികാര്യങ്ങള്‍ എന്റെ മനസ്സിലൂടെ ഒരു സിനിമയില്‍ കാണുന്നതുപോലെ കടന്നുവന്നു. ഇതെല്ലാം എങ്ങിനെകുറിച്ചുവച്ച് എഡിറ്റിങ്ങിന് കേരളത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് അയച്ചുകൊടുത്ത് തിരികെ എല്ലാം ടൈപ്പുചെയ്ത് വീണ്ടും എന്റെ മുമ്പില്‍ വന്നുകഴിയുമ്പോള്‍, അക്ഷരത്തെറ്റുകളെല്ലാം തിരുത്തി വീണ്ടും അത് പബ്ലിഷ് ചെയ്യാന്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇ-മലയാളി എന്ന ഓണ്‍ലൈന്‍ പബ്ലിഷര്‍ക്ക് കൊടുത്ത് താല്‍പര്യമുള്ള വായനക്കാരുടെ മുമ്പില്‍ വന്നുകഴിയുമ്പോള്‍, എന്റെ എഴുത്തിനു തെറ്റുപറ്റിയാല്‍ അതിനെ ചോദ്യം ചെയ്യാന്‍ കഴുകന്മാരെപ്പോലെ ഒരുകൂട്ടര്‍ നോക്കി ഇരിപ്പുണ്ട് എന്നും എനിക്കറിയാം.
അങ്ങിനെ ഏതു വെല്ലുവിളികളെയും നേരിടാനുള്ള ജന്മസിദ്ധമായ ഒരുകഴിവ് ഇല്ലായിരുന്നുവെങ്കില്‍ എന്റെ ഈ എഴുപത്തിയേഴാം വയസ്സില്‍ ഇത്രയും കഷ്ടപ്പെട്ട്, പണം മുടക്കി, ഇങ്ങിനെ ഒരു സംരംഭത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് ശാന്തമായി ചിന്തിച്ചാല്‍ തോന്നിപ്പോകും.

MY MATERNAL GRANDFATHER OUSEPH OUSEPH KULANGAR'S MOTHER.
ഒരു ആത്മകഥ എഴുതുക എന്നാല്‍ ഇന്നത്തെക്കാലത്ത് വളരെ പണം മുടക്കുള്ളകാര്യമാണെന്ന് വായനക്കാരുണ്ടോ അറിയുന്നു. ആല്‍ബി സാറിന് ഒരുപേജ് ശരിയായി വരുമ്പോള്‍ പേജിന് 500 രൂപ കൊടുക്കണം. വിവരങ്ങള്‍ മറ്റുള്ളവരില്‍നിന്നും ശേഖരിക്കുന്നതിന് ന്യായമായ യാത്രാചിലവും കൂലിയും കൊടുക്കണം. അമേരിക്കയില്‍ പെന്‍ഷന്‍ പോലുമില്ലാത്ത, ശരിക്കുപറഞ്ഞാല്‍ ഒരു ഹോംലസിനു പോലും കിട്ടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഞാന്‍ തുടങ്ങിവച്ചത് ഉപേക്ഷിക്കണമോ എന്നുവരെ ചിന്തിച്ചുപോയ നിമിഷങ്ങള്‍ ഉണ്ട്.
കെ.പി. കേശവമേനോനും, കേരളത്തിലെ അറിയപ്പെടുന്ന നോവലിസ്റ്റായ ബെന്യാമിനും പ്രശസ്ത എഴുത്തുകാരനായ സക്കറിയായും എഴുതുന്ന ഓരോ പേജിനും വന്‍തുക കിട്ടുമ്പോള്‍, ഒരു സാധാരണക്കാരനായ ഞാന്‍ ജീവിതത്തില്‍ സ്വരൂപിച്ചുവച്ച അവസാനത്തെ ചില്ലിക്കാശുവരെ ചിലവാക്കിയാണ് ഇവിടെവരെ എത്തിയത്. മനസും, പേനയും, ഒരുപോലെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പേനത്തുമ്പില്‍ വരുന്നതെല്ലാം വായനക്കാര്‍ക്കു വെറുപ്പുണ്ടാക്കുന്ന രീതിയില്‍ ആയിരിക്കുമെന്നും എനിക്കുനന്നായറിയാം. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍ ഞാന്‍ സ്‌കൂളില്‍ പഠിച്ച പദ്യശകലം എഴുതാന്‍ കാരണം. ആല്‍ബി സാര്‍ എന്നെ വലിയൊരാളാക്കാനുള്ള ശ്രമമാണ് വാസ്തവത്തില്‍ നടത്തിയത്. പക്ഷേ, ഞാന്‍ എന്നെപ്പറ്റിയും എന്റെ അവസ്ഥയെപ്പറ്റിയും പൂര്‍ണ്ണബോധ്യം ഇല്ലാത്തവനായാല്‍ ഏതു നിമിഷവും ഒരുവടവൃക്ഷത്തിന്റെ വേരുകള്‍ മുറിഞ്ഞാലുണ്ടാകുന്ന പ്രതീതിയായിരിക്കും എനിക്കുണ്ടാകുന്നതെന്നും, വായനക്കാര്‍ പുച്ഛിച്ചുതള്ളുമെന്നും, അവസാനം നിരാശനായിശിഷ്ടകാലം ആരുമറിയാതെ ഇഹലോകവാസം വെടിയേണ്ടിവരുമെന്നും എനിക്ക് നന്നായറിയാം. അതുകൊണ്ടു തന്നെയാണ് എന്റെ ആത്മകഥ മറ്റൊരാളെ പൂര്‍ണ്ണമായും ഏല്‍പിക്കാതെ ഞാന്‍തന്നെ ഏറ്റെടുക്കുന്നത്. ആല്‍ബി സാര്‍ 2024 ല്‍ പൂര്‍ത്തീകരിച്ച് പബ്ലിഷ് ചെയ്യാന്‍ തയ്യാറാക്കി വച്ചിരുന്ന ബുക്ക് വായിച്ചുനോക്കിയപ്പോള്‍ വളരെ നിസ്സാരമായ ഏതാനും തെറ്റുകള്‍ കണ്ടതിനാലാണ് ഇത്രയും കാലമായിട്ടും അത് പബ്ലിഷ് ചെയ്യാതെ വച്ച്, തെറ്റുകള്‍ ദുരീകരിച്ച്, ചേര്‍ക്കേണ്ടവ കാലാനുസൃതമായി കൂട്ടിച്ചേര്‍ത്ത് ഞാന്‍ തന്നെ എഴുതാന്‍ തീരുമാനമെടുത്തത് എന്ന് ആമുഖമായി ഒരിക്കല്‍കൂടി ഞാന്‍ തുറന്നുപറഞ്ഞുകൊള്ളട്ടെ.

MY MATERNAL GRANDFATHER OUSEPH OUSEPH KULANGARA AND GRANDMOTHER ANNA KULANGARA.
ഇനി കഴിഞ്ഞ അദ്ധ്യായത്തിന്റെ ബാക്കി ഇവിടെ എഴുതാമെന്നു കരുതുന്നു. എന്റെ അമ്മയുടെ പിതാവ് കുളങ്ങര ഔസേപ്പ് ഔസേപ്പ് എന്ന പാലക്കാട്ടുമല, മരങ്ങാട്ടുപിള്ളി പ്രദേശത്തുകാര്‍ വിളിച്ചിരുന്ന കുളങ്ങര കൊച്ചട്ടേന്‍ എന്ന എന്റെ വല്ല്യപ്പന്‍. അദ്ദേഹത്തെ ഒരു മഹാനായി മാത്രമേ എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നുള്ളൂ. സാധാരണക്കാരില്‍ കാണാത്ത ഒരു നൂറുകൂട്ടം ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഒരു കൃഷിക്കാരന്‍ മാത്രമായിരുന്നില്ല. ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. വെറുതെ പറയുകയല്ല, ആ മനുഷ്യന്റെ മുഴുവന്‍ ചരിത്രങ്ങളും ഞാന്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയതിന്റെ ആകെത്തുകയാണ് ഈ അദ്ധ്യായത്തില്‍ ഞാന്‍ എഴുതുന്നത്. ആ മനുഷ്യനെ ശരിക്കുമനസ്സിലാക്കാന്‍ ചെറുപ്പത്തില്‍ എനിക്കുപോലും കഴിഞ്ഞിരുന്നില്ല. ഒരു പണക്കാരന്‍ പണിക്കാരെ ഞെക്കിപ്പിഴിഞ്ഞ്, മറ്റുള്ളവരെപറ്റിച്ച് പണക്കാരനായി. അത്രമാത്രമേ ആരും ചിന്തിക്കുകയുള്ളൂ. പക്ഷേ, അദ്ദേഹം നല്ലൊരു മനുഷ്യന്‍ ആയിരുന്നു. അദ്ദേഹത്തെ ആശ്രയിച്ച് മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, ഇലക്കാട്, കുറിച്ചിത്താനം, കുടക്കച്ചിറ, ആണ്ടൂര്‍, ഇല്ലിക്കല്‍, തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങളുണ്ടായിരുന്നു. എന്തിനേറെ, മുളന്തുരുത്തി എന്ന പ്രദേശത്തുനിന്നും കാല്‍നടയായി നാലഞ്ച് ചേട്ടത്തിമാര്‍ കുളങ്ങര തറവാട്ടില്‍വന്ന് അവിടുത്തെ നെല്ല്, കപ്പ ഉണങ്ങിയത്, ചക്കക്കുരു, പയറ്, മുളക്, തേങ്ങാ, എന്നിവ വലിയൊരു ഭാണ്ഡക്കെട്ടാക്കി തലയില്‍ വച്ച് മുളന്തുരുത്തിക്ക് പോയിരുന്നത് നേരിട്ടു കണ്ടിട്ടുള്ളയാളാണ് ഞാന്‍. ആ ചേട്ടത്തിമാര്‍ ഇങ്ങനെ വീടുകളില്‍ നിന്നും ശേഖരിച്ച സാധനങ്ങള്‍ തിരികെ മുളന്തുരുത്തിയില്‍ക്കൊണ്ടുപോയി അവരുടെ കുടുംബാവശ്യങ്ങള്‍ക്ക് എടുത്തശേഷം ബാക്കി വിറ്റുകാശാക്കി അവരുടെ കുട്ടികളെ പഠിപ്പിച്ച് വലുതാക്കി. മക്കളെല്ലാം പിന്നീട് ഗള്‍ഫ് നാടുകളില്‍ പോയി സമ്പന്നരായിമാറിയെന്നുമുള്ള ചരിത്രം ഞാന്‍ കേട്ടിരുന്നു.

WITH MY MOTHER'S YOUNGER SISTER MONIKUNJAMMA & JOSEPH KUREETHADATHIL.
ഈ പറയപ്പെട്ട ക്രിസ്ത്യാനികളായ ചേട്ടത്തിമാര്‍, വെള്ളമുണ്ടും, ചട്ടയുമായിരുന്നു ധരിച്ചിരുന്നത്. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കുളങ്ങര തറവാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ നിരവധിതവണ ഈ ചേട്ടത്തിമാരെകണ്ടിട്ടുണ്ട്. അവര്‍ എല്ലാ വീടുകളിലും ഭിക്ഷതെണ്ടി ഉപജീവനം കഴിക്കുന്നവരല്ലായിരുന്നു. അവര്‍ എന്റെ വല്ല്യപ്പന്റെ വീട്ടിലും, വല്ല്യപ്പന്റെ മൂന്നുപെണ്‍മക്കളുടെ വീടുകളിലുമേ ഇത്തരത്തില്‍ പോയിരുന്നുള്ളു. അവര്‍ ആദ്യം നടന്ന് എന്റെ അമ്മയുടെ ഇളയസഹോദരി ഇലഞ്ഞിയില്‍ ഉള്ള കുരീത്തടത്തില്‍, അതായത് എന്റെ കുഞ്ഞമ്മയെ കെട്ടിച്ചിരുന്നത് കുരീത്തടത്തില്‍ എന്ന വീട്ടിലാണ്. അന്നത്തെക്കാലത്ത് സമ്പന്നമായ കുടുംബം. എന്റെ കുഞ്ഞമ്മയെ ഞങ്ങള്‍ മോനിക്കുഞ്ഞമ്മ എന്നു വിളിച്ചിരുന്നു. കുഞ്ഞമ്മയുടെ ഭര്‍ത്താവിന്റെ പേര് ഐപ്പച്ചന്‍. രണ്ടുപേരും എത്ര നല്ല ആള്‍ക്കാര്‍ ആയിരുന്നു എന്ന് ഞാനിപ്പോഴും ഓര്‍ത്തുപോകുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇലഞ്ഞിയിലുള്ള കൂര് എന്ന പ്രദേശത്തു താമസിച്ചിരുന്ന അവരുടെ വീട്ടിലും പോകാറുണ്ടായിരുന്നു. സമ്പന്നരെങ്കിലും മറ്റുള്ളവരോടു കരുണയുള്ളവരായിരുന്നു എന്റെ പാപ്പനും കുഞ്ഞമ്മയും. എന്റെ വല്യപ്പന്റെ ഇളയ മകള്‍ ആയിരുന്നു മോനിക്കുഞ്ഞമ്മ. രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എങ്കിലും അവരുടെ ഓര്‍മ്മകള്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
മേല്‍പറഞ്ഞ മുളന്തുരുത്തി ചേട്ടത്തിമാര്‍ ആദ്യം കുഞ്ഞമ്മയുടെ വീട്ടില്‍ ചെല്ലും. അവിടുത്തെ മുഴുവന്‍ വിശേഷങ്ങളുമായി ഈ ചേട്ടത്തിമാര്‍ പാലയ്ക്കാട്ടുമലയുള്ള കുളങ്ങര തറവാട്ടില്‍ എത്തും, അവിടുത്തെ വിവരങ്ങളുമായി കടപ്ലാമറ്റത്തുള്ള എന്റെ വീട്ടിലും. എന്റെ വീട്ടില്‍ നിന്നും കിട്ടുന്ന സാധനങ്ങളെല്ലാം കിട്ടിക്കഴിയുമ്പോള്‍ ചേട്ടത്തിമാര്‍ക്ക് എടുപ്പതു ചുമടാകും. ആ ചുമടും ചുമന്ന് ആ ചേട്ടത്തിമാര്‍ നടന്ന്, ചെരുപ്പു പോലുമില്ലാതെ മുളന്തുരുത്തിവരെ എത്തുമ്പോള്‍ യേശുക്രിസ്തു കുരിശുമായി ഗാഗുല്‍ത്താമല കയറിയതിലും വലിയ ഭാരമാണല്ലോ ആ ചേട്ടത്തിമാര്‍ തങ്ങളുടെ കുടുംബങ്ങള്‍ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ചുമക്കുന്നത് എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. അവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഇന്നും മായാതെ എന്റെ മനസ്സില്‍ നില്‍ക്കുന്നു. വാസ്തവത്തില്‍ ഈ ചേട്ടത്തിമാര്‍ ടെലിഫോണ്‍ പോലുമില്ലാത്ത 1950 കളിലെ സന്ദേശവാഹകാരിയിരുന്നു. ഭൂമിയിലെ മാലാഖമാര്‍. എന്റെ ചെറുപ്പത്തില്‍ ഇവര്‍ ഇലഞ്ഞിയിലെയും, കുറവിലങ്ങാട്ടുള്ള എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ വീടുകളിലെ എല്ലാ വാര്‍ത്തകളും ശേഖരിച്ച് കുളങ്ങര തറവാട്ടില്‍കൊണ്ടുവന്ന് എന്റെ വല്ല്യമ്മയോടും വല്ല്യപ്പനോടും പറയാറുണ്ടായിരുന്നത് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. കുളങ്ങര തറവാട്ടിലെ ''ഒരപ്പുര'' വീട്ടില്‍നിന്നും മാറ്റി പണികഴിപ്പിച്ചിട്ടുള്ള, ശരിക്കുപറഞ്ഞാല്‍ പണിക്കാര്‍ക്കു വിശ്രമിക്കാനുള്ള ഒരിടം, അവിടെ ഒരുദിവസം കിടന്നിട്ടായിരിക്കും ഈ ചേട്ടത്തിമാര്‍ പലപ്പോഴും പോയിരുന്നത്. അങ്ങിനെ എന്തുകൊണ്ടും കുളങ്ങര തറവാട് പലരുടെയും ആശാകേന്ദ്രമായിരുന്നു. എന്റെ വല്ല്യപ്പന്‍ അവര്‍ക്ക് ചെറിയ സഹായവും പണമായി കൊടുത്തിരുന്നു.

WITH MY MOTHER MARY JOSEPH KULANGARA.
കുളങ്ങര തറവാട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു കളരിയായിരുന്നു എന്നകാര്യം എന്റെ അമ്മയുടെ സഹോദരപുത്രന്‍ കുളങ്ങര ജോസഫ് പറഞ്ഞപ്പോള്‍ അത് എനിക്ക് പുതിയൊരറിവായിരുന്നു. അക്കാലത്ത്, ഞാനും എന്റെ അമ്മയും ജനിക്കുന്നതിന് മുന്‍പ്, അതായത് 100 വര്‍ഷങ്ങള്‍ക്കുമുന്‍പ്, പാലക്കാട്ടുമല, കുടക്കച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളെ പഠിപ്പിക്കാന്‍ കുളങ്ങരതറവാട്ടില്‍ കൊണ്ടുവന്നിരുന്നു. എന്റെ വല്ല്യപ്പന്റെ അമ്മയുടെ വീട് വലവൂര്‍ തൊടുകയിലേതായിരുന്നു എന്ന് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. അപ്പോള്‍ ആ പ്രദേശങ്ങളിലുള്ള പല വീട്ടുകാര്‍ക്കും പഠിക്കാനായി വല്ല്യപ്പന്റെ അടുക്കല്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുവന്നിരുന്നു. കുളങ്ങര തറവാട്ടില്‍ നിന്നും അധികം അകലെ അല്ലാതെ അരുവിയില്‍ എന്ന വീട്ടിലെ എന്റെ വല്ല്യമ്മയും അങ്ങിനെ എന്റെ വല്ല്യപ്പന്റെ അടുക്കല്‍ പഠിക്കാന്‍ വന്ന ഒരു കുട്ടിയാണ്. അങ്ങിനെ എന്റെ വല്ല്യപ്പന് എന്റെ വല്ല്യമ്മയോട് പ്രത്യേക പ്രേമം തോന്നി. അങ്ങിനെയാണ് വല്ല്യപ്പന്‍ വിവാഹം കഴിക്കുന്നത്.
എന്റെ വല്ല്യപ്പന് നാലു സഹോദരിമാരുണ്ടായിരുന്നു. അവരില്‍ ഒരാളെ നിലയ്ക്കപ്പിള്ളിലും (മരങ്ങാട്ടുപിള്ളി പഞ്ചായത്തിലുള്ള വീടാണ് നിലയ്ക്കപ്പിള്ളി) ഒരാളെ പാലാ രൂപതയില്‍പ്പെട്ട ചക്കാമ്പുഴ എന്ന സ്ഥലത്ത് കൊച്ചുപുരയ്ക്കല്‍ എന്ന വീട്ടിലും, ഒരു സഹോദരിയെ രാമപുരത്തുള്ള ഓലിയേക്കാട്ടില്‍ എന്ന വീട്ടിലും ഇളയ സഹോദരിയെ ഇലക്കാടുപഞ്ചായത്തില്‍പ്പെട്ട പറത്താനത്ത് എന്ന വീട്ടിലുമാണ് വിവാഹം കഴിച്ചയച്ചത്. അങ്ങിനെ നാലു സഹോദരിമാര്‍ക്ക് ആകെയുള്ള സഹോദരന്‍ ആയിരുന്നു എന്റെ വല്ല്യപ്പന്‍. വല്ല്യപ്പന്‍ ഈ നാലു വീട്ടുകാരുമായി നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്നു. വല്ല്യപ്പന്റെ ഈ നാലു സഹോദരിമാരുടെ വീടുകളിലും എന്റെ ചെറുപ്പത്തില്‍ ഞാന്‍ പോയി താമസിച്ചിട്ടുള്ളതാണ്. ജോര്‍ജ്ജ് കുളങ്ങരയുടെ അനുജന്‍ ചാക്കോച്ചന്‍ ആയിരുന്നു എന്റെ ചെറുപ്പക്കാലത്തെ കളിക്കൂട്ടുകാരന്‍. ഞാനും ചാക്കോച്ചനും കൂടി കാല്‍നടയായാണ് രാമപുരം, ചക്കാമ്പുഴ, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയിരുന്നത്. ചെരുപ്പുപോലും ഇല്ലാത്ത ഒരുകാലം, ഇന്നുള്ളവര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത ഒരുകാലം കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ രേഖപ്പെടുത്തുകയാണ്.
എന്റെ വല്ല്യപ്പന്‍ ഉണ്ടായിരുന്നകാലത്ത് ഒരുവര്‍ഷം കുറഞ്ഞത് രണ്ടുവലിയ സദ്യകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അത്തരം സദ്യകള്‍ നടത്തുമ്പോള്‍ സഹോദരിമാരുടെ വീടുകളില്‍ നിന്നും കള്ളപ്പവും നെയ്യപ്പവും ഉണ്ണി അപ്പവുമെല്ലാം മുളകൊണ്ടുള്ള കുട്ടയില്‍ ചുമന്നുകൊണ്ടായിരുന്നു സഹോദരിമാര്‍ സദ്യക്കു മുന്‍പേ എത്തിയിരുന്നത്. അന്നത്തേതുപോലെ ഒരുകാലം ഇന്ന് സാധാരണക്കാര്‍ക്ക് സ്വപ്‌നത്തില്‍പോലും ചിന്തിക്കാവുന്നകാര്യമല്ല.
എന്റെ വല്ല്യപ്പന്‍ ഒരു കൃഷി വിദഗ്ധന്‍ മാത്രം ആയിരുന്നില്ല, ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ആയിരുന്നു. കേരളത്തിലെ ആദ്യകാല ലൈസന്‍സുള്ള ഒരു ചിട്ടി ഇന്നേയ്ക്ക് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പ് ഔസേപ്പ് കുളങ്ങര വളരെ വിജയകരമായി നടത്തിയിരുന്നു എന്നുള്ള വിവരം എന്റെ ആത്മമിത്രങ്ങളും മാതൃസഹോദരപുത്രന്മാരുമായ കുളങ്ങര ചാക്കോച്ചനും ജോസും പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. കേരളത്തിലെ അറിയപ്പെടുന്ന മുത്തൂറ്റ് ചിട്ടിഫണ്ട് 1939 ല്‍ തുടങ്ങുന്നതിന് മുന്‍പ്, കേരളത്തിലെ ലൈസന്‍സ് ഉണ്ടായിരുന്ന ചിട്ടി ഫണ്ട് നടത്തിക്കൊണ്ടിരുന്ന ഒരാളായിരുന്നു എന്റെ വല്ല്യപ്പന്‍ കുളങ്ങര ഔസേപ്പ് ഔസേപ്പ് എന്ന മഹാനായ ആ വ്യക്തി എന്നറിഞ്ഞപ്പോള്‍ വാസ്തവത്തില്‍ എനിക്കു രോമാഞ്ചമുണ്ടായി. ഇതെല്ലാം ഒരു നിമിത്തമായി ഞാന്‍ കരുതുന്നു. കുളങ്ങര തറവാട് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പൊളിച്ചുകൊണ്ടുപോയി സ്ഥാപിച്ചിരിക്കുന്ന വൈക്കം താലൂക്കിലുള്ള മുറിഞ്ഞപുഴ നദിയോടു ചേര്‍ന്നുള്ള ചെമ്പ് എന്ന സ്ഥലം ഒരു പുണ്യഭൂമിയായി മാറാന്‍പോലും മേലായ്കയില്ല. ആ കുളങ്ങര തറവാട്ടില്‍ ജനിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായതുതന്നെ ഒരു ദൈവികനിയോഗമായി ഞാന്‍ കരുതുന്നു.

MY UNCLE PHILIPOSE KULANGARA (SUCCESSOR OF KULANGARA THARAVADU) WITH HIS FAMILY INCLUDING FR. PHILIP KULANGARA AND SR. ALICE KULANGARA. AND SIBLINGS .
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ വല്ല്യപ്പന്റെ പൂര്‍വ്വീകര്‍ ആരായിരുന്നു എന്ന് അന്വേഷിക്കണമെന്ന് എനിക്കുതോന്നി. ഇതിനോടകം 150 രാജ്യങ്ങള്‍ സന്ദര്‍ശിച്ച്, ഇന്‍ഡ്യയിലെ ആദ്യത്തെ 24 മണിക്കൂര്‍ ട്രാവല്‍ ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ ചാനലായ സഫാരി ടിവിയുടെ ഉപജ്ഞാതവും സ്‌പേസ് ടൂറിസത്തിനുവേണ്ടി ഇന്‍ഡ്യയില്‍ നിന്നും ആദ്യമായി പണംമുടക്കി ടിക്കറ്റെടുത്ത ആളുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും അതോടൊപ്പം ഞാനും കുളങ്ങര വല്ല്യപ്പന്റെ കുലത്തില്‍ ജനിക്കാന്‍ കാരണം ദൈവിക നിശ്ചയമല്ലാതെ മറ്റെന്താണ്. ഈ ഭൂമിയില്‍ പലതും നാമറിയാതെ തന്നെ സംഭവിക്കുന്നു. എല്ലാവര്‍ക്കും എല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരുകയില്ല. ഇവിടെ ഒരുകാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ തലമുറയിലുള്ള പലരും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഒരുകാര്യമാണത്. നാം ആരാണെന്നും നമ്മെപ്പറ്റി പൂര്‍ണ്ണമായ അറിവ് ഉണ്ടായിരിക്കുകയും, ചെയ്യുന്നില്ലെങ്കില്‍ നമ്മുടെ ഈലോകജീവിതം പൂര്‍ണ്ണമായിരിക്കുകയില്ല. മഹാന്മാരായി ജീവിച്ചു മണ്‍മറഞ്ഞുപോയ ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍, യേശുക്രിസ്തു ഇവരെല്ലാം തങ്ങള്‍ ആരാണെന്നും തങ്ങളുടെ ദൗത്യം എന്താണെന്നും പൂര്‍ണ്ണമായി മനസ്സിലാക്കിയവരാണ്. ഇന്നത്തെ നമ്മുടെ ലോകത്ത്, ഉദാഹരണത്തിന് കേരളത്തില്‍ ഇത്തരക്കാരായ എത്രപേര്‍ ഉണ്ട്. ഇതിന് ആത്മജ്ഞാനം എന്നും പറയാന്‍ കഴിയും. ഇന്നത്തെ പല നേതാക്കന്മാരും എന്തിനേറെ ഉന്നതസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരും, മന്ത്രിമാര്‍വരെ തങ്ങള്‍ ആരാണെന്നും, തങ്ങള്‍ എന്താണ് സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കടപ്പെട്ടതെന്നും ചിന്തിക്കാതെ കിട്ടിയ സാഹചര്യം വിനിയോഗിച്ച് തങ്ങളുടെയും തങ്ങളുടെ കുടുംബാംഗങ്ങളുടെയും കീശനിറയ്ക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമാണല്ലോ ലോകത്തിലെ അജയ്യനെന്ന് ഒരുകാലത്ത് കേരള ജനത വിശ്വാസിച്ച പിണറായി വിജയനും, എന്തിനേറെ ടോമിന്‍ തച്ചന്‍കരി എന്ന ഐ.പി.എസ്‌ക്കാരനും, ഡി.ജി.പി.വരെയായ മഹാനും അഴിമതിക്കാരനായി മുദ്ര അടിക്കപ്പെട്ടതും, കൈക്കൂലികേസില്‍ പിടിക്കപ്പെട്ടതും. മനുഷ്യന്‍ സത്യസന്ധതയില്ലാതെ, തങ്ങള്‍ ആരാണെന്നും, എന്താണ് നമ്മുടെ കര്‍ത്തവ്യം, അല്ലെങ്കില്‍ കര്‍മ്മം, എന്നും മനസ്സിലാക്കാതെ പണത്തിന്റെ മാത്രം പുറകെ പോകുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ധാര്‍മ്മികമായി അധഃപതിച്ചുപോകുന്നത് എന്നുള്ളകാര്യം ഇവിടെ എഴുതേണ്ടത് ആവശ്യമാണെന്ന് എനിക്കുതോന്നി.
ഇനി മറ്റൊരുകൂട്ടര്‍ നമ്മുടെ ഇടയിലുള്ളത് കഴിവുള്ളവരെ എങ്ങിനെയെങ്കിലും കുഴിയില്‍ വീഴ്ത്തി സ്വയം മിടുക്കരാകാന്‍ ശ്രമിക്കുന്ന ഒരുകൂട്ടരും നമ്മുടെ ഇടയിലുണ്ട്. ആത്മജ്ഞാനം നമുക്കുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ദുഷ്ടപിശാചുക്കളെ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാനും അവരുടെ കെണിയില്‍പ്പെടാതിരിക്കുന്നതിനും നമുക്കു കഴിഞ്ഞെന്നുവരും. യേശുക്രിസ്തു പഠിപ്പിച്ചതും ഇക്കാര്യങ്ങളാണ്. അല്ലാത്തവര്‍ യൂദാസുകളായി ഒടുവില്‍ അവരുടെ മരണസമയത്ത് സ്വര്‍ഗ്ഗത്തിലേക്ക് പോകേണ്ടതിനുപകരം നിത്യനരകാഗ്നിയിലേക്കായിരിക്കും ഇക്കൂട്ടര്‍ പോവുക എന്ന തിരിച്ചറിവെങ്കിലും ഉണ്ടായാല്‍ മനുഷ്യന്‍ രക്ഷപ്പെട്ടേനേ എന്ന് ഈ സാഹചര്യത്തില്‍ എഴുതേണ്ടതാണെന്ന് എന്റെ ഉപബോധമനസ്സില്‍ തോന്നിച്ചതുകൊണ്ടാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതുന്നത്. എന്റെ ആത്മകഥ വായിക്കുന്നതിലൂടെ ഇന്നുള്ളവര്‍ക്ക് സുബോധം ഉണ്ടാകുന്നെങ്കില്‍ ഉണ്ടാവട്ടെ എന്ന വിശ്വാസത്തോടെയാണ് ഞാനിതെഴുതുന്നത്. അല്ലാതെ ആരോടും വെറുപ്പുണ്ടായിട്ടല്ല. സാധിക്കുമെങ്കില്‍ ദുഷ്ടതയില്‍ നിന്നും അകന്നുനില്‍ക്കുക, അത്രമാത്രം.
അമേരിക്കയില്‍ താമസിക്കുന്ന എനിക്ക് കുളങ്ങര എന്നു വീട്ടുപേരുള്ള നിരവധിപേരെ അറിയാം. ചിലര്‍ എന്നോടു ചോദിച്ചു ഞാന്‍ ക്‌നാനായക്കാര്‍ ആണോ എന്ന്. കാരണം അമേരിക്കയിലുള്ള ഞാന്‍ അറിയുന്ന കുളങ്ങരക്കാര്‍ എല്ലാം തന്നെ ക്‌നാനായ വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാരണത്താല്‍ എന്റെ വല്ല്യപ്പന്റെ റൂട്ട് ഒന്നുനോക്കാനും ഞാന്‍ തീരുമാനിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇസ്രായേലില്‍നിന്നും ജലമാര്‍ഗ്ഗത്തിലൂടെ കേരളത്തിലെ കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയ ഒരു യഹൂദന്‍ കുറവിലങ്ങാടിനടുത്ത് കാളിക്കാവ് എന്ന സ്ഥലത്തെത്തി. അക്കാലത്ത് കുറവിലങ്ങാട് നസ്രാണികളുടെ ഒരു കേന്ദ്രമായിരുന്നു. ഏതോ നസ്രാണിയുടെ വീട്ടില്‍ കന്നുകാലികളെ മേയ്ക്കാനും, കൃഷിപ്പണിക്കുമായി നിന്ന സുന്ദരനായ ആ ചെറുപ്പക്കാരനെ വീട്ടുടമസ്ഥനായ സമ്പന്നനായ മുതലാളി തന്റെ സുന്ദരിയായ മകളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അവരുടെ വീട്ടുപേര് ഇതേവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ അറിവില്‍ സന്തോഷ് ജോര്‍ജ്ജ്് കുളങ്ങര അതുകണ്ടുപിടിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. ഏതായാലും പ്രസ്തുത യഹൂദനുണ്ടായ രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ ചേര്‍പ്പുങ്കല്‍ ലക്ഷ്യമാക്കി പോയി, മറ്റെയാള്‍ മണ്ണയ്ക്കനാട് ഒഴാക്കല്‍ താമസം തുടങ്ങി. അയാളുടെ പേര് തൊമ്മന്‍ എന്നായിരുന്നു. തൊമ്മന് രണ്ട് ആണ്‍മക്കള്‍. മൂത്തയാള്‍ ഉലഹന്നാന്‍, രണ്ടാമന്‍ പൈലോ, മൂത്തമകന്‍ ഉലഹന്നാന്‍ മരങ്ങാട്ടുപിള്ളി പ്രദേശത്ത് ആണ്ടൂര്‍ കരയിലുള്ള നിലയ്ക്കപ്പിള്ളിയില്‍ താമസം തുടങ്ങി. ഉലഹന്നാന് നാലുമക്കള്‍ ഉണ്ടായി.
ഈ പറയപ്പെടുന്ന ഉലഹന്നാന്‍ അയാളുടെ പൂര്‍വ്വികരനെപ്പോലെ തന്നെ വീട്ടുപണിക്കും, കന്നുകാലികളെ മേയ്ക്കുന്നതിനും മറ്റു കൃഷിപ്പണികള്‍ക്കുമായി വന്നതാണ്. ബൈബിളിലെ യാക്കോബിനെപ്പോലെ തന്നെ. വീട്ടുടമസ്ഥന് പണിക്കുവേണ്ടിവന്ന ചെറുപ്പക്കാരനെ ഇഷ്ടപ്പെട്ടതിനാല്‍ തന്റെ മകളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അങ്ങിനെയാണ് ഉലഹന്നാന് നാലുമക്കള്‍ ഉണ്ടായത്. ഈ ഉലഹന്നാന്റെ മൂത്തമകന്റെ പേര് ഉലഹന്നാന്‍, രണ്ടാമന്റെ പേര് തൊമ്മന്‍. മൂന്നാമന്റെ പേര് ഔസേപ്പ്. നാലമന്റെ പേര് മത്തായി. മൂത്തമകന്‍ ഉലഹന്നാന്‍ കടപ്ലാമറ്റത്തുള്ള വെട്ടിക്കക്കുഴിയിലേക്കു വിവാഹം കഴിച്ചുമാറി. തൊമ്മന്‍ എന്നയാള്‍ പാലയ്ക്കാട്ടുമല കരോട്ടുകുടകുത്തിയിലേക്ക് അവിടുത്തെ പെണ്ണിനെ വിവാഹം കഴിച്ചുമാറി. ശരിക്കുപറഞ്ഞാള്‍ ദത്തുപോയി. മത്തായി എന്നയാള്‍ താഴത്തുകുട കുത്തിയിലേക്ക് അവിടുത്തെ പെണ്ണിനെ വിവാഹം കഴിച്ചുമാറി. ഔസേപ്പ് എന്ന മകന്‍ കുളങ്ങരയിലേക്കും ഞാന്‍ കേട്ട അറിവ് ഔസേപ്പിനു 2 ഏക്കര്‍ സ്ഥലമേ വീതത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആ ഔസേപ്പ് കല്ല്യാണം കഴിച്ചത് തൊടുകയിലെ പെണ്ണിനെ. അവരുടെ മകനാണ് ഔസേപ്പ്് ഔസേപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എന്റെ വല്ല്യപ്പന്‍.
ചരിത്രം എഴുതണമെങ്കില്‍ വളരെയധികം ഗവേഷണം നടത്തേണ്ടതായിട്ടുണ്ട്. എന്റെ മാതൃസഹോദരപുത്രന്മാരായ ചാക്കോച്ചന്റെയും ജോസിന്റെയും പരിശ്രമഫലമായാണ് ഇത്രയും കാര്യങ്ങള്‍ ശേഖരിച്ചതും ഇവിടെ രേഖപ്പെടുത്തുന്നതും. ആദിമനസ്രാണികള്‍ അധികവും വിവാഹം ചെയ്തിരുന്നത് അവര്‍ക്ക് നന്നായി അറിയാവുന്ന നസ്രാണി കുടുംബങ്ങളില്‍ നിന്നും മാത്രമായിരുന്നു എന്നതും ശ്രദ്ധമായ ഒരുകാര്യമായിരുന്നു. എല്ലാവരും നല്ല അടിയുറച്ച കത്തോലിക്കരും. എന്റെ വല്ല്യപ്പന്‍ ഔസേപ്പ് ഔസേപ്പ് കുളങ്ങര ഇക്കാര്യത്തില്‍ വളരെ നിഷ്്കര്‍ഷയുള്ള ആളായിരുന്നു. വൈകിട്ട് പണിയെല്ലാം കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം കൂടി സന്ധ്യാപ്രാര്‍ത്ഥനയും രാവിലെ 4 മണിയോടുകൂടി ഉണര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയും. വല്ല്യപ്പന് കുളങ്ങര തറവാട്ടിലെ പറമ്പില്‍ത്തന്നെ ഒരുകുരിശു പള്ളി ഉണ്ടാക്കണമെന്നും സാധിക്കുമെങ്കില്‍ അവിടെ ഒരു വൈദികനെ വച്ച് ദിവസവും കുര്‍ബാന ചൊല്ലിക്കണമെന്നും ആഗ്രഹം ഉണ്ടായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അത് സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ടാമത്തെമകന്‍ പീലിപ്പോസ് (ഫിലിപ്പ്), എന്റെ അമ്മയുടെ മൂത്ത ആങ്ങള, പാലയ്ക്കാട്ടുമല പള്ളിയുടെ കുരിശുപള്ളിക്കുള്ള സ്ഥലം കൊടുത്തു ഇപ്പോള്‍ കുരിശുപള്ളിയുമായി എന്നുതന്നെയല്ല കുളങ്ങര തറവാട്ടില്‍ ഒരു വൈദീകനും, ഒരു കന്യാസ്ത്രീയും ഉണ്ടായി. റവ.ഫാ. ഫിലിപ്പ് കുളങ്ങര പാലാ രൂപതയിലെ അറിയപ്പെടുന്ന വൈദികനാണ്. സിസ്റ്റര്‍ ആലീസ് കുളങ്ങര ആദിവാസികേന്ദ്രങ്ങളില്‍ ശുശ്രൂഷ നടത്തുന്ന പേരുകേട്ട ഒരു കന്യാസ്ത്രീയും, എനിക്ക്് ഏറ്റവും പ്രിയപ്പെട്ട സഹോദരുമാണ്. ഇവരെല്ലാമാണ് എന്റെ പ്രധാനശക്തി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ ഫോണിലൂടെ ഇപ്പോഴും ക്ഷേമാന്വേഷണങ്ങള്‍ നടത്താറുണ്ട്.
ഏതായാലും ഇത്രയുംകാര്യങ്ങള്‍ ശേഖരിച്ച് സമയത്തുതന്നെ എനിക്ക് എത്തിച്ചുതന്ന കുളങ്ങര ഫീലിപ്പോസ് മകന്‍ ജോസിനും, കുളങ്ങര ജോസഫ് മകന്‍ ചാക്കോച്ചനും എന്റെ നമോവാകം.
തുടരും...
Read More: https://www.emalayalee.com/writer/114