
മണ്ണിനെ വെറും കൃഷിയിടമല്ല, ജീവിക്കുന്ന ഒരു വീട് ആക്കുന്ന കൃഷി
ആഫ്രിക്കൻ മണ്ണിൽ
എന്റെ ലൊറാത്തോ..കൃഷി ചെയ്യുന്നത്
പച്ചക്കറികൾ മാത്രമല്ല
ഭാവിയാണ്.
അവളുടെ കയ്യിലെ തൈക്കത്തി
ഒരു ആയുധം പോലെ തോന്നും.
പക്ഷേ അവൾ മുറിക്കുന്നത്
ചെടിയുടെ ജീവൻ അല്ല,
വിശപ്പിന്റെ വേരുകളാണ്.
ചെറിയ ഉയർത്തിയ തടങ്ങളിൽ
തക്കാളി, ഇലക്കറികൾ, ഔഷധച്ചെടികൾ,
ഒന്നിനൊന്ന് കാവലായി വളരുന്നു.
ഒരു ചെടിക്ക് കീഴിൽ
മറ്റൊരു ചെടിയുടെ വേര്.
ഒരു ചെടിയുടെ ഇല
മറ്റൊന്നിന് തണൽ.
മണ്ണിൽ വീഴുന്ന ഓരോ ഉണങ്ങിയ ഇലയും
ലൊറോത്തോയ്ക്ക് മാലിന്യമല്ല,
അടുത്ത വിളയുടെ ഭക്ഷണം.
ഇതാണ് അവൾ പറയുന്ന
“ജീവിക്കുന്ന കൃഷി”.
വെള്ളം കുറവുള്ള ആഫ്രിക്കയിൽ
വെള്ളം ഒഴിച്ച് കൃഷി ചെയ്യുന്നതിനു പകരം,
വെള്ളം മണ്ണിൽ പിടിച്ചുനിർത്തുന്ന കൃഷി.
മഴ വന്നാൽ
മണ്ണ് വെള്ളം കുടിക്കും.
വെയിൽ വന്നാൽ
മണ്ണ് ഈർപ്പം സൂക്ഷിക്കും.
ചെടികൾ പരസ്പരം
കാവൽക്കാരാകും.
ലൊറോത്തോ യുടെ കൃഷിയിടത്തിൽ
ഒറ്റ വിളയില്ല.
ഒരു ചെറിയ കാടുപോലെ
പല ജീവൻ ഒരുമിച്ച് വളരുന്നു.
അവൾ എന്നോട് പറഞ്ഞു:
“മണ്ണിനെ ജയിക്കാനല്ല ഞാൻ കൃഷി ചെയ്യുന്നത്.
മണ്ണിനൊപ്പം ജീവിക്കാനാണ്.”
അത് കേട്ടപ്പോൾ
എനിക്ക് മനസ്സിലായി,
ആഫ്രിക്കയിലെ പുതിയ കൃഷി
ട്രാക്ടറിന്റെ വലുപ്പത്തിൽ അല്ല,
ഒരു സ്ത്രീയുടെ മണ്ണിനോടുള്ള ബുദ്ധിയിലാണ്.
ലൊറാത്തോ എന്റെ ആഫ്രിക്കൻ പെണ്ണാണ്.
അവളുടെ കൈയിൽ
ഒരു തൈ മാത്രം.
പക്ഷേ ആ തൈയുടെ ഉള്ളിൽ
ഒരു ഗ്രാമത്തിന്റെ നാളെയുണ്ട്.