
തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷുമാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലേഖ ആശുപത്രിയിൽ കഴിയുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിശദീകരണം നൽകിയത്.
കുറച്ചു ദിവസങ്ങളായി തുടരുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ ശരിയായ രീതിയിൽ നിർവഹിക്കാൻ സാധിക്കുമോ എന്ന ഉത്കണ്ഠയും മാനസിക വിഷമവും മാത്രമാണ് ശ്രീലേഖയ്ക്കുണ്ടായിരുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ഈ വിഷയം തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് അവർ ചെയ്തത്. എന്നാൽ, നിർഭാഗ്യവശാൽ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും വലിയ മാധ്യമ ചർച്ചകൾക്ക് വഴിവെക്കുകയുമായിരുന്നുവെന്നും സുരേഷ് ചൂണ്ടിക്കാട്ടി. ശ്രീലേഖ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ശ്രീലേഖ എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുത്ത് ജനസേവന രംഗത്തേക്ക് മടങ്ങിയെത്താൻ സാധിക്കട്ടെ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആശംസിച്ചു. രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകൾക്ക് പിന്നാലെ നേതൃത്വം അനുനയ നീക്കങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ പ്രതികരണം. നിലവിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, ചികിത്സ പൂർത്തിയാക്കി ശ്രീലേഖ ഉടൻതന്നെ സജീവ രാഷ്ട്രീയത്തിലേക്കും നഗരസഭയിലെ പൊതുപ്രവർത്തനത്തിലേക്കും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.