
ലാസ് വേഗസ്: വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (CoHNA) പ്രവർത്തനങ്ങളെ അംഗീകരിച്ച് ഒക്ടോബർ 2, 2026 ‘കോഹ്ന ദിനമായി’ പ്രഖ്യാപിച്ച് ലാസ് വെഗാസ് മേയർ ഷെല്ലി ബെർക്ക്ലി.
മേയറുടെ ഓഫീസിൽനിന്ന് പുറപ്പെടുവിച്ച ഔദ്യോഗിക പ്രഖ്യാപനത്തിൽ ഹിന്ദു സമൂഹത്തിനുവേണ്ടിയുള്ള സംഘടനയുടെ സേവനങ്ങൾ, സാമൂഹിക ഇടപെടലുകൾ, പൗരാവകാശ പ്രവർത്തനങ്ങൾ എന്നിവയെ അഭിനന്ദിച്ചു. ഹിന്ദു പൈതൃകം, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ കൂടുതൽ അവബോധവും ധാരണയും വളർത്തുന്നതിൽ കോഹ്ന നടത്തുന്ന പ്രവർത്തനങ്ങളെയും പ്രഖ്യാപനം എടുത്തുപറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെയും പൊതുജന ബോധവത്കരണത്തിലൂടെയും ഹിന്ദു സംസ്കാരത്തോടുള്ള ആദരവും അറിവും വർധിപ്പിക്കാൻ സംഘടന നടത്തുന്ന ശ്രമങ്ങളെ മേയർ പ്രശംസിച്ചു. പൗരജീവിതത്തിൽ അർഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംഘടനയുടെ ഇടപെടലുകൾ ശക്തവും അറിവുള്ളതുമായ സമൂഹങ്ങളുടെ രൂപീകരണത്തിന് നിർണായകമാണെന്നും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.
‘പരസ്പര ബഹുമാനവും സാംസ്കാരിക ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോഹ്നയുടെയും അംഗങ്ങളുടെയും തുടർച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു’ എന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
നെവാഡ സംസ്ഥാന നിയമങ്ങളും ലാസ് വേഗസ് നഗരത്തിന്റെ ചാർട്ടറും മേയർക്ക് നൽകുന്ന അധികാരം ഉപയോഗിച്ചാണ് പ്രഖ്യാപനം പുറപ്പെടുവിച്ചത്.
ഹിന്ദു അമേരിക്കക്കാരുടെ പ്രാതിനിധ്യം, പൗരപങ്കാളിത്തം, സാമൂഹിക അവബോധം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കോഹ്ന, പ്രഖ്യാപനത്തിന് മേയർ ഷെല്ലി ബെർക്ക്ലിക്കും ലാസ് വെഗാസ് നഗരത്തിനും നന്ദി അറിയിച്ചു. ഹിന്ദു പൈതൃകത്തെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഹിന്ദു സമൂഹത്തിന്റെ സേവനത്തിനും നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ പ്രഖ്യാപനത്തെ കാണുന്നതായി സംഘടന വ്യക്തമാക്കി.