
ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് തെരേസാ ടോമിൻ്റെ കവിതകളുടെ പ്രത്യേകത. അധ്യാപികയായി മൂന്നര പതിറ്റാണ്ടുകാലം സേവനമനുഷ്ഠിച്ചതിനാൽ ജീവിതത്തിൻ്റെ വ്യത്യസ്ത വഴികളിലുള്ള മനുഷ്യരുടെ ജീവിതത്തെ നേരിട്ട് മനസ്സിലാക്കാൻ കവയിത്രിക്ക് കഴിഞ്ഞിട്ടുണ്ട്. അനുഭവങ്ങളുടെ കരുത്ത് കവിതയിൽ വായിച്ചെടുക്കാനാവും.
ചെറിയ കാഴ്ചകളുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന വലിയ ജീവിതത്തെ കണ്ടെത്തുന്നിടത്താണ് തെരേസാ ടോമിൻ്റെ കവിത ആരംഭിക്കുന്നത്. ചുറ്റുമുള്ള ലോകത്തെ അത്ഭുതത്തോടെ നോക്കുകയും അതിൻ്റെ മുറിവുകളെ കരുതലോടെ ചേർത്ത് പിടിക്കുകയും ചെയ്യുന്നതാണ് ഈ കവിതകളുടെ അടിസ്ഥാന സ്വഭാവം.
'എൻ്റെ കവിത' എന്ന രചനയിൽ തൻ്റെ കാവ്യനിലപാട് വ്യക്തമാക്കുന്നുണ്ട്. സ്വന്തന്ത്രമായ ആകാശ വിതാനങ്ങളിലാണ് കവിതയ്ക്ക് ചിറകുകൾ മുളയ്ക്കുന്നത്, എങ്കിലും പേടിച്ചരണ്ട മാൻപേടകൾക്കും, വിഷമേറ്റ് പിടയുന്ന നിസ്സഹായർക്കും, നീറിപ്പുകയുന്ന കനലുകൾക്കും ഒപ്പമാണ് കവിത നിലകൊള്ളുന്നത് എന്ന് കവയിത്രി ഉറപ്പിക്കുന്നു.
'എന്നെ ഞാൻ ഓർമ്മിപ്പിക്കുന്നത് ' എന്ന കവിത അത് എന്തിനാണ് അല്ലെങ്കിൽ ഇത് എന്തിനാണ് എന്നൊക്കെ ജീവിതത്തെക്കുറിച്ച് വ്യാകുലപ്പെട്ടുകൊണ്ട് ചോദിക്കുന്നു. എങ്കിലും കവിത പ്രത്യാശയിലാണ് അവസാനിക്കുന്നത്. കടൽ കാണൂം വരെ പുഴ ഒഴുകണം. ഇടമുറിയാതെ പുഴ ഒഴുകുമ്പോൾ, പുഴയ്ക്കു മീതെ വാൾമുന വേണ്ട. തടസ്സപ്പെടുത്താത്ത, തടസ്സപ്പെടാത്ത ഒഴുക്കുതന്നെയാണ് ജീവിതത്തിൻ്റെ നീതിയെന്ന് കവിത സമർത്ഥിക്കുന്നു.

'പച്ച' എന്ന കവിതയിൽ വേനലിൽ കരിഞ്ഞാലും വസന്തത്തിൽ വർണ്ണങ്ങളണിഞ്ഞാലും പ്രകൃതിക്ക് വീണ്ടും പച്ച പുതയ്ക്കാനാണ് കൊതിയെന്ന് കവയിത്രി നിരീക്ഷിക്കുന്നു. 'പിന്നെയും പച്ച' എന്ന ആവർത്തനത്തിൽ ജീവൻ പരാജയം സമ്മതിക്കാത്തതിൻ്റെ താളമുണ്ട്. പച്ച ഒരു നിറമല്ല. എല്ലാം അവസാനിച്ചെന്ന് തോന്നിത്തുടങ്ങുന്നിടത്തുനിന്ന് വീണ്ടും മുളപൊട്ടുന്ന ഭൂമിയുടെ തുടിപ്പാണ്.
'അവൾ' എന്ന കവിതയിലെ സ്ത്രീ തീർത്ഥക്കുളക്കരയിലെ പടവുകളിൽ ഏകാന്തതയുടെ കാവൽക്കാരിയായി ഇരിക്കുന്നു. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും മനസ്സു കൊടുക്കാൻ മറന്നിരിക്കുന്നു. കാലമേൽപ്പിച്ച ആഘാതങ്ങൾ ഏറ്റുവാങ്ങി കുടുംബവും പരിചരണവും നഷ്ടപ്പെട്ട് തടവറയ്ക്കുള്ളിൽ തളയ്ക്കപ്പെട്ടവൾ. എന്നാൽ അവളുടെ ഏറ്റവും വലിയ തടവറ ചുറ്റുമുള്ള മതിലുകളല്ല, തന്നിലേക്കു തന്നെ ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ്. ദീർഘമായ അവഗണന ഒരാളെ സ്വന്തം ഉള്ളിലേക്ക് പിൻവലിക്കുന്നതിൻ്റെ മനഃശാസ്ത്രം സൂക്ഷമമായി ഈ കവിതയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
'മഴയത്ത്' എന്ന കവിതയിൽ ബാല്യകാലത്തെ മഴയിലേക്കു മടങ്ങാനുള്ള ആഗ്രഹമാണ്. വാഴയില ചൂടി നടക്കാനും, ആലിപ്പഴം പെറുക്കി നുണയാനും മനസ്സു കൊതിക്കുന്നു. എന്നാൽ പഴയ മഴയുടെ ഓർമ്മയിലേക്ക് പ്രളയവും തീമഴയും കടന്നു വരുന്നു. ഒന്നിൽ കളിയുടെ കുളിരുണ്ട്, മറ്റൊന്നിൽ ദുരന്തത്തിൻ്റെ ഭയമുണ്ട്. എങ്കിലും എല്ലാം അറിഞ്ഞ ശേഷവും ഒരിക്കൽ കൂടി വാഴയില ചൂടി ചെറുമഴയത്തു നടക്കണമെന്ന നൊസ്റ്റാൾജിയ കവിതയിൽ സൂക്ഷിക്കുന്നു.
'റാണി' എന്ന കവിതയിൽ ഒരു പെൺകുട്ടിയുടെ ബാല്യവും പിതാവിൻ്റെ കരുതലും ഒരു നാട്ടുപാതയുടെ ഓർമ്മയിൽ ചേർത്തു വെച്ചിരിക്കുന്നു. ഞൊറിയിട്ട പാവാടയും മുത്തുമാലയും കിലുങ്ങുന്ന പാദസ്വരവും റിബൺ ചാർത്തിയ മുടിയും കൈയിൽ പുസ്തകവും പിടിച്ച് അവൾ പള്ളിക്കുടത്തിലേക്കു പോകുന്നത് ഒരു റാണിയേപ്പോലെയാണ്. ഈ റാണിത്വം രാജാധികാരത്തിൻ്റേതല്ല, പിതാവിൻ്റെ സ്നേഹദൃഷ്ടി മകൾക്കു സമ്മാനിച്ച ആത്മാഭിമാനമാണ്. അവൾ അമ്മയില്ലാത്ത കുട്ടിയാണെന്നറിയുമ്പോഴാണ് ആ റാണിയുടെ പിതാവിൻ്റെ കരുതലിൻ്റെ ആഴം വായനക്കാർക്ക് അനുഭവിക്കാനാവുന്നത്.
'കുമിളകൾ' എന്ന കവിത കുമിളകളുടെ ക്ഷണികമായ ആയുസ്സിനെ ഓർത്തുള്ള വ്യാകുലപ്പെടലല്ല. ഉള്ള കാലയളവിൽ ചുറ്റുമുള്ള ലോകത്തെ പ്രതിഫലിപ്പിക്കാൻ ആ കുമിളകൾക്ക് സാധിച്ചു എന്നതാണ് അടിവരയിടുന്നത്. ദൈർഘ്യമല്ല ജീവിതത്തിൻ്റെ മൂല്യം നിർണ്ണയിക്കുന്നത്. കുമിളകൾ പൊട്ടിപ്പോയാലും അത് നൽകിയ വർണ്ണദൃശ്യം അതുകണ്ടവരുടെ ഓർമ്മയിൽ ശേഷിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.
'ഇൻഡോർ പ്ളാൻ്റ്' എന്ന കവിത സ്ത്രീജീവിതത്തെക്കുറിച്ചുള്ള ഏറെ ശക്തമായ രൂപകമാണ്. ചട്ടിയിൽ ഒതുക്കി ചട്ടം നിശ്ചയിച്ചവർക്ക് ചെടിയുടെ ഉള്ളിൽ നിന്നുള്ള പ്രതിഷേധം കേൾക്കാനാകുന്നില്ല. കാട്ടിൽ വളരേണ്ട ചെടിയെ സ്വീകരണമുറിയിലെ അലങ്കാരമാക്കിയപ്പോൾ അതിൻ്റെ സ്വത്വം നഷ്ടപ്പെടുന്നു. സ്ത്രീയെ വീടിൻ്റെ അഭിമാനമെന്നു പറയുമ്പോഴും അവളുടെ വേരുകളും ആകാശവും മുറിച്ചുകളയപ്പെടുന്നുണ്ടെന്ന് കവിത ഓർമ്മിപ്പിക്കുന്നു.
'കൊട്ടാരത്തിലെ പട്ടി' അധികാരത്തോടും ചേർന്നു നിൽക്കുന്നവരുടെ നിശ്ശബ്ദതയെക്കുറിച്ചുള്ള ശക്തമായ രാഷ്ട്രീയരൂപകമാണ്. 'ഒന്ന് കുരയ്ക്കാൻ കഴിയുമോ കൊട്ടാരപ്പട്ടി നിനക്കെന്നെങ്കിലും?' എന്ന് കൊട്ടാരത്തിലെ പട്ടിയെപ്പോലെ അധികാരത്തിൻ്റെ സൗകര്യങ്ങൾക്കു പകരമായി ശബ്ദം ഉപേക്ഷിച്ച പൊതുപ്രവർത്തകരോടും കലാകാരന്മാരോടും എഴുത്തുകാരോടും വായനക്കാരോടും കവിത ചോദിക്കുന്നു.
'മറവി' എന്ന കവിത അവന് കൈവിട്ടുപോയ ഓർമ്മയെന്ന അക്ഷയഖനിയെക്കുറിച്ചാണ്. ആഴങ്ങളിലേക്ക് കൂപ്പുകുത്തിപ്പോയ ഓർമ്മയെ തിരിച്ചു വിളിക്കാനായുള്ള നെഞ്ചകം പിളർന്നുള്ള കേഴലാണ് ഈ കവിത. വീണ്ടും വീണ്ടും ചോദ്യങ്ങൾ വീർപ്പുമുട്ടിക്കുമ്പോഴും ആരുമറിയാതെ മനസ്സിൽ പിടയുന്ന ഉത്തരത്തെ തേടുകയാണ്.
പൂവ്, പച്ച, മഴ, മരം, പുഴ, പക്ഷി, ശലഭം, വീട്, കണ്ണാടി, വര, കാറ്റ്, വെളിച്ചം തുടങ്ങിയവ ഈ കവിതകളിൽ മനുഷ്യജീവിതത്തിൻ്റെ അകത്തളങ്ങളെ തുറന്നുകാട്ടുന്ന പ്രതീകങ്ങളായി ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷി - സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയാണ്, വീട് - അഭയവും തടവറയുമാണ്, മഴ - ബാല്യത്തിൻ്റെ കുളിരും കാലത്തിൻ്റെ ദുരന്തവുമാണ്, പൂവ് - മൃദുത്വമെന്നതിലുപരി മുറിവുകളിൽ മുറിവുകളിൽ നിന്നും വീണ്ടും ഉയർന്നുവരാനുള്ള ജീവൻ്റെ ശേഷിയാണ്.
പ്രകൃതി, സ്ത്രീജീവിതം, വീട്, കുട്ടിക്കാലം, ഓർമ്മ, ദേശാടനം, മരണം, സ്വാതന്ത്ര്യം, സാമൂഹ്യനീതി, അധികാരം, തുടങ്ങിയ വിഷയങ്ങൾ പലരൂപത്തിൽ കവിതയിലുണ്ട്.
ഈ പുസ്തകത്തിലെ ഓരോ കവിതയും സ്നേഹം പോലെ മധുരമൂറുന്നതാണെന്ന് പ്രസാധകക്കുറിപ്പിൽ കെ. ജി. അജിത്കുമാർ പറഞ്ഞിരിക്കുന്നു. 'മുറിവുകൾക്കിടയിൽ മുളയ്‌ക്കുന്ന പച്ച' എന്ന പേരിൽ തെരേസാ റ്റോമിൻ്റെ കവിതകളിലെ സ്ത്രീയും പ്രകൃതിയും ജീവിതവും എന്ന വിഷയത്തിൽ ഡോ. ഫാ. സുനിൽ ജോസിൻ്റെ വിശദമായ പഠനക്കുറിച്ച് ആമുഖമായി ചേർത്തിട്ടുണ്ട്. ആശയ സമ്പുഷ്ടമായ 57 കവിതകളുടെ ഈ സമാഹാരം കൊല്ലത്തുനിന്നുള്ള സൈന്ധവ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 82 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 140 രൂപയാണ്.
തെരേസാ ടോം
പത്തനംതിട്ട ജില്ലയിൽ മൈലപ്ര ചാമക്കാലാ കുടുംബത്തിൽ ജനനം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി. എഡും. ഇരുപത്തിയഞ്ച് വർഷത്തെ അധ്യാപന ജീവിതം. മൈലപ്രാ എസ്. എച്ച്. റ്റി. റ്റി. ഐയിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിക്കെ വിരമിച്ചു. പിന്നീട് നൈജീരിയയിലും അമേരിക്കയിലും ജോലി ചെയ്തു.
കേരളത്തിലും അമേരിക്കയിലും ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതയും എഴുതുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ സാഹിത്യ സാമൂഹ്യ സംഘടനകളിൽ സജീവമാണ്. നേതൃനിരയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സ്നേഹപൂർവ്വം കൊച്ചേച്ചി (ബാലസാഹിത്യം), അവളുടെ വെളിപാടുകൾ (ലേഖനം), സിൻസിറ്റി കഫേ (ലേഖനം), ഇവിടെ ഈ തുരുത്തിൽ (കവിത), നിലാവിൽ ഇത്തിരി നേരം (കവിത), മൗനത്തിൻ്റെ ചിറകടികൾ (കവിത), മഞ്ഞുപൂക്കുന്ന ഇടവഴികൾ (കവിത), തെരേസാ ടോമിൻ്റെ കവിതകൾ (കവിത) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ന്യുജേഴ്സിയിലും നാട്ടിൽ തിരുവന്തപുരത്തുമായി താമസിക്കുന്നു.
ഭർത്താവ് :- പരേതനായ റിട്ട. അധ്യാപകൻ തോമസ് നാടാവള്ളീൽ മാത്യു, മക്കൾ :- ഫിലിപ്പ്, റ്റിറ്റോ, റ്റീനാ
email :- teresatom10@yahoo.com