Image

3 സെനറ്റ് സീറ്റുകളുടെ ഫലം നിർണായകമായേക്കും (ഏബ്രഹാം തോമസ്)

Published on 04 October, 2026
3 സെനറ്റ് സീറ്റുകളുടെ ഫലം നിർണായകമായേക്കും (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : ഇടക്കാല തിരഞ്ഞെടുപ്പിന് 29 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മൂന്നു സെനറ്റ് സീറ്റുകളുടെ പ്രാധാന്യം റിപ്പബ്ലിക്കൻ, ഡെമോക്രറ്റിക് പാർട്ടികൾ ധാരാളമായി തിരിച്ചറിഞ്ഞിരിക്കുകയാണ്. അലാസ്ക, ടെക്സസ്, ഓഹായോ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ സെനറ്റ് സീറ്റുകളാണ് രണ്ടു പാർട്ടികളും വലിയ പ്രാധാന്യം നൽകി മില്യൺ കണക്കിന് ഡോളറുകളുടെ പ്രചാരണവും ദേശീയ രാഷ്ട്രീയ നേതാക്കളുടെ വീണ്ടും വീണ്ടും സന്ദർശനവും നടത്തിക്കൊണ്ടിരിക്കുന്നത്.

സ്റ്റേറ്റ് ഓഫ് അലാസ്കയെ പ്രതിനിധീകരിക്കുവാൻ മത്സരിക്കുന്നത് നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ എസ് സള്ളിവനും മുൻ ജനപ്രതിനിധിയും ഡെമോക്രറ്റിക് സ്ഥാനാർത്ഥിയുമായ മേരി പെൽ ടോലയുമാണ്. 2008 നു ശേഷം ഒരു സെനറ്റ് സീറ്റിലും ഡെമോക്രറ്റിക് പാർട്ടി വിജയിച്ചിട്ടില്ല. പെൽട്ടോല 2024 ലെ കോൺഗ്രെസ്സിലേക്കുള്ള തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് വിജയിച്ചു വന്നതാണ്. ഇവർ ഗവർണർ സ്ഥാനത്തേക്കോ സെനറ്ററാകാനോ മത്സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അവർ തിരഞ്ഞെടുത്തത് സെനറ്റ് മത്സരമാണ്. സംസ്ഥാന നിയമം അനുസരിച്ചു കക്ഷി ഭേദമന്യേ എല്ലാ സ്ഥാനാർത്ഥികളും പ്രൈമറിയിൽ മത്സരിക്കും. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഓരോ പാർട്ടിക്കും പ്രത്യേകം പ്രൈമറി ഉണ്ടാകില്ല. ഇപ്പോൾ നടന്ന പ്രൈമറിയിൽ പെൽടോളക്കു 49.5% വും സള്ളിവന് 41.4% വും വോട്ടുകളാണ് ലഭിച്ചത്. അങ്ങനെ അവർ രണ്ടു പേരും ഏറ്റുമുട്ടുന്നു.

രണ്ടു തവണയായി സെനറ്ററായി തുടരുന്ന സള്ളിവന്റെ മൂന്നാമത്തെ മത്സരമാണിത്.

ഇവിടെ ജന സാന്ദ്രത കുറവാണെങ്കിൽ ടെക്സസിലെ സെനറ്റ് മത്സരം ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരങ്ങൾ ഉൾകൊള്ളുന്ന സെനറ്റ് സീറ്റിനു വേണ്ടിയാണു. ടെക്സസിൽ യു എസ് സെനറ്റിലേക്കു 1988 നു ശേഷം ഒരു സീറ്റിലും ടെക്‌സാസിൽ ഡെമോക്രറ്റിക് പാർട്ടി വിജയിച്ചിട്ടില്ല. റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിന് വീണ്ടും മത്സരിക്കുവാൻ ആഗ്രിഹിച്ചെങ്കിലും പാർട്ടി അനുകൂലിച്ചില്ല. പാക്സ്റ്റന് ചില വിവാദങ്ങളുണ്ടായിരുന്നുവെങ്കിലും പാർട്ടിക്ക് താല്പര്യം ഇദ്ദേഹത്തോടായിരുന്നു. പക്ഷെ ഗാലോപ് പോളുകൾ ഡെമോക്രറ്റിക് പാർട്ടി സ്ഥാനാർത്ഥി തലറികൊക്കു അനുകൂലമാണെന്ന് നിരീക്ഷകർ പറയുന്നു. ഫണ്ട് റെയ്‌സിംഗിൽ ആദ്യം മുതലേ തലറിക്കൊ വളരെ മുന്നിലാണ്.

ഒഹായോ സെനറ്റർ മത്സരം കുറെകൂടി കടുത്തതാണെന്നു പോളുകൾ പറയുന്നു. ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ റിപ്പബ്ലിക്കൻ ജോൺ ഹസ്റ്റഡിനെ നേരിടുന്ന മത്സരത്തിൽ 3% മുൻ‌തൂക്കം ബ്രൗണിനാണെന്നു അഭിപ്രായ സർവേകൾ പറയുന്നു. ഇത് 4.5 % മാർജിൻ ഓഫ് എറോറിനുള്ളിലാണെന്നു റിപ്പബ്ലിക്കനുകൾ പറയുന്നു. സംസ്ഥാനത്തെ മറ്റു ജനപ്രതിനിധികളുമായി ചേർന്ന് ഹസ്റ്റഡ് പല ബഹു ജന മുന്നേറ്റത്തിലും പങ്കാളിയായി. തിരഞ്ഞെടുപ്പു തീയതിയിൽ 18 തികയുന്നവർക്കും വോട്ട് അവകാശം നൽകണമെന്ന ഹസ്റ്റഡിന്റെ പ്രമേയം ഒരു ഒഹായോ ജഡ്ജ് അംഗീകരിച്ചു. വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ശേഷിച്ച സെനറ്റ് കാലാവധി പൂർത്തിയാക്കുവാൻ വേണ്ടി 2024 ൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി നോമിനേറ്റ് ചെയ്തതാണ് ഹസ്റ്റഡിനെ. നവംബര് 3 നു നടക്കുന്ന സ്പെഷ്യൽ എലെക്ഷനിലൂടെയായിരിക്കും ഹസ്റ്റഡ് ആണോ ബ്രൗൺ ആണോ സെനറ്റർ ആകേണ്ടതെന്നു തീരുമാനിക്കുക.

സെനറ്റ് മത്സരങ്ങൾ മറ്റു സംസ്ഥാനങ്ങളിലും വലിയ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. സർവേകളും പോളുകളും സംഘടിപ്പിക്കുന്നവർ അവരവരുടെ താല്പര്യങ്ങൾക്കനുസരിച്ചു ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏത് സംഘടനക്ക് ആരോടാണ് താല്പര്യം എന്ന വസ്തുത മറച്ചു വയ്‌ക്കാൻ പലരും സമർത്ഥരാണ്. ഒരു പക്ഷെ യഥാർത്ഥ തിരഞ്ഞെടുപ്പു ഫലങ്ങൾ ഈ പ്രവചനങ്ങൾക്കു വിപരീതമായി എന്നും വരാം.

നവംബർ 3 നു യു എസ് കോൺഗ്രസ്സിലെ എല്ലാ 435 ഡിസ്ട്രിക്ടുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നു. 27 സീറ്റുകളാണ് മാറിമറിയാൻ സാധ്യത ഉള്ളവ. 56 ഡിസ്ട്രിക്ടുകളിലാണ് പാർട്ടി ചായ്‌വ് പ്രകടവുന്നതു എന്നാണ് സർവേകൾ പറയുന്നത്. 352 ഡിസ്ട്രിക്ടുകളിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്കോ ഡെമോക്രറ്റിക് പാർട്ടിക്കോ ഫലം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ മേധാവിത്തം ഇത്തവണ അവസാനിപ്പിക്കുവാൻ കഴിയുമെന്നാണ് ഡെമോക്രറ്റുകൾ അവകാശപ്പെടുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക