
ന്യൂയോര്‍ക്ക്: സെപ്റ്റംബർ 26, 2026 ന് ഇന്ത്യൻ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ആർട്സ് അവയർനെസ് (ICHAA) ക്ലബിന്റെ ഓണാഘോഷത്തിൽ അംഗങ്ങളും കുടുംബങ്ങളും യുവജനങ്ങളും സാമൂഹിക നേതാക്കളും ഒത്തുചേർന്നു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന സംഗീതം, നൃത്തം, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി.

താലപ്പൊലി, ചെണ്ടമേളം, മഹാബലി എന്നിവ അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സിന്ഡി ,ആനി, ബീന, ലാലി, പ്രിയ, ഷീബ, ഓമന, സിജി, ലീന, ജൂബി എന്നിവർ തിരുവാതിര അവതരിപ്പിച്ചു. മഹാബലിയായി എത്തിയ വക്കച്ചൻ പള്ളിത്താഴത്ത് ഓണാശംസകൾ നേർന്നു. എസ്തർ ജോൺ അമേരിക്കൻ ദേശീയഗാനവും സാറാ ജോൺ ഇന്ത്യൻ ദേശീയഗാനവും മനോഹരമായി ആലപിച്ചു.
ഇച്ചാ ക്ലബ് ചെയർമാൻ ഡോ. ആനി പോൾ സ്വാഗതപ്രസംഗം നടത്തി. ക്ലബ് പ്രസിഡന്റ് മാത്യു വർഗീസ് സന്ദേശം നൽകി. മുഖ്യാതിഥി ഡെയ്സി ജോയ്-റോഡ്രിഗോ ഓണസന്ദേശം പങ്കുവച്ചു. അതിഥികളും സാമൂഹിക പ്രതിനിധികളും ഇച്ചാ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിച്ചു.

പരിപാടിയിൽ സെനറ്റർ ബിൽ വെബർ, അസംബ്ലി അംഗം പാട്രിക് കാരോൾ, ക്ലാർക്‌സ്‌ടൗൺ ടൗൺ സൂപ്പർവൈസർ ജോർജ് ഹോമാൻ, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർമാരായ ടോണി ഏൾ, ഡോ. ആനി പോൾ, ക്ലാർക്‌സ്‌ടൗൺ ടൗൺ കൗൺസിൽ അംഗം ബോബ് ആക്‌സൽറോഡ് എന്നിവർ ഓണാശംസകൾ അർപ്പിച്ചു.കോൺഗ്രസ് അംഗം മൈക്കൽ ലോലറുടെ ഓഫീസിനെ പ്രതിനിധീകരിച്ച് സീമയും പങ്കെടുത്തു.

ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, RISE ക്ലബ് ബോർഡ് അംഗവുമായ വർഗീസ് ഒലഹന്നാൻ;. ഫോമാ പ്രതിനിധികളായ റോയ് ചെങ്ങന്നൂർ, സണ്ണി കല്ലൂപ്പാറ ,ICSR പ്രസിഡന്റ് സുരേഷ് അയ്യർ, ജീവൻ ജ്യോതി ചെയർമാൻ സുരേഷ് ആര്യ എന്നിവരും ആശംസകൾ അർപ്പിച്ചു.

ഷാജി ജോസഫ്, ലവ്‌ലി, ജോയ് , ജോണി കുട്ടി, ഷാജി, റെജി എന്നിവർ ഹൃദ്യമായ ഗാനങ്ങൾ അവതരിപ്പിച്ചു. കവിത വിദ്യാസാഗറും പവിത്ര മനോജും ചേർന്ന് ആകർഷകമായ സംഘനൃത്തം അവതരിപ്പിച്ചു. വിൻജു സിറിയക്കിന്റെ മനോഹരമായ നൃത്തവും സദസ്സിന്റെ മനം കവർന്നു.

പുതുതലമുറയെ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും കേരളത്തിന്റെ പാരമ്പര്യം സമൂഹവുമായി പങ്കുവയ്ക്കാനുമുള്ള ഇച്ചാ ക്ലബിന്റെ ശ്രമങ്ങൾക്ക് ഓണാഘോഷം വേദിയായി.സാറാജോൺ, എസ്തർ, സാം, സ്റ്റീഫൻ, സൈമൺ, മെറി, ആഷാ എന്നിവർ സ്റ്റേജ് നിയന്ത്രിച്ചു.

ഷൈമി ജേക്കബ്, റിജോ ജോയ് എന്നിവരും സംഘവും ഓണസദ്യ ഏകോപിപ്പിച്ചു. കലാപരിപാടികൾക്ക് ഷാജി ജോസഫ്, മെറി ജേക്കബ്, സിന്ഡി രാജ് എന്നിവർ നേതൃത്വം നൽകി. സിത്താർ പാലസ് ഒരുക്കിയ രുചികരമായ ഓണസദ്യ അതിഥികളുടെ പ്രശംസ നേടി. അജി മീഡിയ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി. ശബ്ദസംവിധാനം ഒരുക്കിയത് ജെയ്‌സൺ മാത്യു ആയിരുന്നു. ICHAA ക്ലബ്ബിന്റെ ഓണാഘോഷം ഇത്രയും മനോഹരമാക്കിയ എല്ലാവർക്കും ഇച്ചാ ക്ലബ് സെക്രട്ടറി മാണിജോർജ് ഹൃദയം നിറഞ്ഞ രേഖപ്പെടുത്തി.