Image

അഴിമതി അവസാനിപ്പിക്കാനും ജീവിതച്ചെലവ് കുറയ്ക്കാനും പോരാടും: കെയ്റ്റ് കോൺലി

Published on 04 October, 2026
അഴിമതി അവസാനിപ്പിക്കാനും ജീവിതച്ചെലവ് കുറയ്ക്കാനും പോരാടും: കെയ്റ്റ് കോൺലി

ഓറഞ്ച്ബർഗ്, ന്യൂയോർക്ക്: അഴിമതി അവസാനിപ്പിക്കുകയും സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിന് മുൻഗണന നൽകുമെന്ന് ന്യൂയോർക്കിലെ 17-ാം കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കെയ്റ്റ് കോൺലി. അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാപരമായ സംവിധാനങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും   അവർ പറഞ്ഞു.

ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിൽ റോക്ക് ലാൻഡിലെ  ആദ്യകാല മലയാളി രാഷ്ട്രീയ  നേതാവായ കുരുവിള ചെറിയാന്റെ  നേതൃത്വത്തിൽ  സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് പ്രചാരണ  യോഗത്തിൽ കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ അടക്കം ഒട്ടേറെ മലയാളികളും മാറ്റ് ഇന്ത്യൻ വംശജരും   പങ്കെടുത്തു.

തന്റെ സൈനിക സേവനാനുഭവങ്ങളും ദേശീയ സുരക്ഷാ രംഗത്തെ പ്രവർത്തനങ്ങളും വിശദീകരിച്ച കോൺലി, ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായി ആറ് സൈനിക ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിലിൽ ഭീകരവിരുദ്ധ വിഭാഗത്തിന്റെ ഡയറക്ടറായും പിന്നീട് രാജ്യത്തെ നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സൈബർ സുരക്ഷാ ചുമതലയുള്ള ഏജൻസിയിൽ മുതിർന്ന ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. 2024-ലെ തിരഞ്ഞെടുപ്പ് സുരക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയതായും അവർ കൂട്ടിച്ചേർത്തു.

അമേരിക്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതി, അധികാരദുർവിനിയോഗം, ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി എന്നിവ ഗൗരവമായി കാണേണ്ട വിഷയങ്ങളാണെന്ന് കോൺലി അഭിപ്രായപ്പെട്ടു. കോൺഗ്രസ് അംഗങ്ങളുടെ ഓഹരി വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുക, ഭരണകൂടത്തിലെ രാഷ്ട്രീയ നിയമനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു.

ആരോഗ്യപരിരക്ഷാ ചെലവുകൾ കുറയ്ക്കുന്നതിനും മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും മെഡികെയറിന് മരുന്നുവില ചർച്ച ചെയ്യാനുള്ള അധികാരം നൽകുന്നതിനും പിന്തുണ പ്രഖ്യാപിച്ചു. കുത്തക കമ്പനികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുകയും അനാവശ്യ ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് തടയുകയും വേണമെന്നും അവർ പറഞ്ഞു. വിദ്യാർഥികളുടെ വായ്പാഭാരം കുറയ്ക്കുന്നതിനും യുവാക്കൾക്ക് പൊതുസേവന രംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും നടപടികൾ വേണമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.

അതിർത്തി സുരക്ഷ ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ കോൺലി, നിലവിലെ കുടിയേറ്റ സംവിധാനം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും മനുഷ്യക്കടത്ത് സംഘങ്ങളെയും തടയുന്നതിനൊപ്പം, നിയമപരമായ കുടിയേറ്റ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

നിർമിതബുദ്ധി (എഐ) മേഖലയിൽ ഫെഡറൽ സർക്കാർ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൊണ്ടുവരണമെന്നും കോൺലി ആവശ്യപ്പെട്ടു. നിർണായക അടിസ്ഥാന സൗകര്യങ്ങളിൽ എഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ നേരിട്ട് കൈകാര്യം ചെയ്ത അനുഭവം തനിക്കുണ്ടെന്നും അവർ വിശദീകരിച്ചു.

ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളിൽ കോൺഗ്രസ് കൂടുതൽ നിയന്ത്രണാധികാരം വിനിയോഗിക്കേണ്ടതുണ്ടെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം കുറയ്ക്കണമെന്നും കോൺലി പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാർക്ക് കാലാവധി നിശ്ചയിക്കുന്നതിനുള്ള പരിഷ്കാരങ്ങളും കോൺഗ്രസിന്റെ മേൽനോട്ടാധികാരം ശക്തിപ്പെടുത്തുന്നതും പരിഗണിക്കേണ്ടതാണെന്ന് അവർ കൂട്ടിച്ചേർത്തു .

ന്യൂയോർക്കിലെ സംസ്ഥാന-പ്രാദേശിക നികുതികളുമായി ബന്ധപ്പെട്ട ഫെഡറൽ ഇളവുകളുടെ പരിധി നീക്കണമെന്നും സമ്പന്നരായ വ്യക്തികൾ നികുതി വെട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്ന പഴുതുകൾ അടയ്ക്കണമെന്നും കോൺലി ആവശ്യപ്പെട്ടു.

'ഇത് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള പോരാട്ടം മാത്രമല്ല, അമേരിക്കൻ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ജനാധിപത്യം സ്വയം സംരക്ഷിക്കപ്പെടില്ല. അതിനായി ഓരോരുത്തരും ധൈര്യത്തോടെ മുന്നോട്ടുവരണം' എന്ന ആഹ്വാനത്തോടെയാണ് കോൺലി പ്രസംഗം അവസാനിപ്പിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക