
തിരുവനന്തപുരം/പാലക്കാട്: മുന്‍ ഡിജിപിയും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ അപ്രതീക്ഷിതമായി കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതോടെ തിരുവനന്തപുരം നഗരസഭയില്‍ ഭരണപ്രതിസന്ധി രൂക്ഷമായി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മേയര്‍ വി.വി. രാജേഷിന്റെ ഓഫീസിലാണ് ശ്രീലേഖ രാജിക്കത്ത് കൈമാറിയത്. തിങ്കളാഴ്ച ജില്ലാ കലക്ടര്‍ക്കും ഔദ്യോഗികമായി കത്തു നല്‍കുമെന്നാണ് വിവരം. ശ്രീലേഖയുടെ രാജി സെക്രട്ടറി സ്വീകരിച്ചതോടെ 101 അംഗ കോര്‍പറേഷനില്‍ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം നിലനിര്‍ത്തിപ്പോന്ന ബിജെപിക്ക് പുതിയ നീക്കം വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവില്‍ എല്‍ഡിഎഫിന് 29-ഉം യുഡിഎഫിന് 20-ഉം സ്വതന്ത്രര്‍ക്ക് രണ്ടും സീറ്റുകളാണുള്ളത്.
ശ്രീലേഖയുടെ രാജി ബിജെപിയുടെ ആഭ്യന്തര വിഷയമാണെന്നും അവര്‍ രാഷ്ട്രീയത്തിലെത്തിയത് വാഗ്ദാനങ്ങള്‍ മോഹിച്ചാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാലക്കാട്ട് പ്രതികരിച്ചു. പ്രത്യേക രാഷ്ട്രീയ ചായ്‌വില്ലാത്ത ശ്രീലേഖയ്ക്ക് എങ്ങോട്ട് വേണമെങ്കിലും പോകാമെന്നും, ആദ്യം മേയര്‍ സ്ഥാനവും പിന്നീട് കേന്ദ്ര ഭരണ സംവിധാനത്തില്‍ സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചാണ് അവര്‍ ബിജെപിയിലെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയെ സംരക്ഷിക്കേണ്ട യാതൊരു ബാധ്യതയും എല്‍ഡിഎഫിനില്ലെന്നും രാഷ്ട്രീയമായി അനുകൂല സാഹചര്യമുണ്ടായാല്‍ അത് തീര്‍ച്ചയായും വിനിയോഗിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, ഭരണത്തെ പിടിച്ചുകുലുക്കിയ രാജി നീക്കത്തില്‍ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സൂചന. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ കത്ത് നല്‍കിയതെന്ന് സ്ഥിരീകരിച്ച മേയര്‍ വി.വി. രാജേഷ്, പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നേതൃത്വം ഇടപെടുന്നുണ്ടെന്ന് അറിയിച്ചു. കൗണ്‍സിലര്‍ പദവി രാജിവയ്ക്കാനുള്ള കത്ത് കോര്‍പറേഷന്‍ സെക്രട്ടറിക്കാണ് കൈമാറേണ്ടതെന്നും നിലവിലെ അനിശ്ചിതത്വം ഉടന്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.