
ന്യൂ ജേഴ്‌സി/തിരുവനന്തപുരം: മാധവന്‍ ബി നായര്‍ രചിച്ച, ''സനാതന ധര്‍മ്മദര്‍ശനം'' എന്ന പുസ്തകത്തിന്റെ പ്രകാശനം, ഒക്ടോബര്‍ 4 ഞായറാഴ്ച്, രാവിലെ 10.30 ന്, തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ (ശ്രീനീലകണ്ഠപുരം) ജ്യോതിക്ഷേത്രവേദിയില്‍, ''വിശ്വശാന്തി സമ്മേളന'' ത്തോടനുബന്ദിച്ച് നടക്കും. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 91-ാം ജയന്തി യാഘോഷങ്ങള്‍ നടക്കുന്ന ശുഭവേളയിലാണ് പുസ്തക പ്രകാശനം എന്നതാണ് സവിശേഷത.
''മാറ്റങ്ങള്‍ക്കതീതമായി നിലകൊള്ളുന്ന അമൂല്യവും വിശാലവുമായ തത്ത്വചിന്തയായ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും ലളിതമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം, ആധുനിക ജീവിത സാഹചര്യങ്ങളില്‍ ധര്‍മ്മബോധത്തോടെ ജീവിക്കാനുള്ള വഴികാട്ടിയാണ്. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ധര്‍മ്മം പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ പുസ്തകം വിശദീകരിക്കുന്നു'', എന്ന് പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേശ് ബാബു പ്രസ്താവിച്ചു.

'നാനാത്വങ്ങളെ ഉള്‍ക്കൊള്ളുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന അമൂല്യസിദ്ധാന്തമാണ് ഭാരത സംസ്‌കാരത്തിന്റെ അടിത്തറ. ഉല്പത്തി സ്ഥിതി ലയങ്ങളെ ശാസ്ത്രീയമായി വീക്ഷിച്ചുകൊണ്ടാണ് സനാതന ധാര്‍മ്മികമൂല്യം പ്രഖ്യാപിതമായത്. എന്നാല്‍ ചാതുര്‍വര്‍ണ്ണ്യ സിദ്ധാന്തത്തെയും വര്‍ണ്ണാശ്രമധര്‍മ്മങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് അധിനിവേശ ശക്തികള്‍ ഭാരതത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അതില്‍ കുറയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ണ്ണങ്ങള്‍ ജനങ്ങളിലൂടെ കെട്ടുപിണഞ്ഞുകിടക്കുന്ന ജാതി വ്യവസ്ഥയല്ല. എന്നാലും അതിനെ ജാതിയാക്കിത്തന്നെ ചിത്രീകരിക്കുവാനുള്ള അപ്രസക്ത ചിന്ത ഇന്നും ശക്തമായി നിലനില്‍ക്കുന്നു. ജാതിയചിന്തയ്ക്കതീതമായ ഒരു ഏകലോകദര്‍ശനം എങ്ങനെ പ്രായോഗികമാക്കുമെന്ന ചോദ്യത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി വിഭാവന ചെയ്ത കര്‍മ്മമാര്‍ഗ്ഗമാണ് ലോകഹിന്ദു പാര്‍ലമെന്റും പ്രോജക്ട് ഹരിയും. ഈ കാഴ്ച്ചപ്പാട് ഉദ്‌ഘോഷിക്കുന്ന വിശ്വശാന്തി സമ്മേളനത്തില്‍, മാധവന്‍. ബി. നായര്‍ രചിച്ച 'സനാതന ധര്‍മ്മദര്‍ശനം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കുന്നു എന്നുള്ളത്, ആ കൃതി മുന്നോടു വയ്ക്കുന്ന ആശയങ്ങളുടെ അമൂല്യത വ്യക്തമാക്കുന്നു'' എന്ന് രമേശ് ബാബു വ്യക്തമാക്കി.

ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥ കര്‍ത്താവ് മാധവന്‍ നായര്‍ ഇങ്ങനെ കുറിയ്ക്കുന്നു: ''ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതീ തൃപ്പാദങ്ങളുടെ ദര്‍ശനം തേടി ശ്രീരാമദാസ ആശ്രമത്തിലേക്ക് നടത്തിയിട്ടുള്ള ഓരോ യാത്രയും ആത്മീയ തീര്‍ത്ഥാടനങ്ങളായാണ് അനുഭവപ്പെട്ടിട്ടുള്ളത്. സ്വാമിയുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതും രചനകള്‍ പരായണം ചെയ്യുന്നതും ആത്മബോധത്തിന്റെ ഔന്നത്യങ്ങളിലേക്കും ആര്‍ഷഭാരതസംസ്‌കാരത്തിന്റെ ആഴങ്ങളിലേക്കുമാണ് സാധകനെ കൂട്ടിക്കൊണ്ടുപോകുന്നത്. സ്വാമി പകര്‍ന്നുതന്ന അറിവിന്റെ വെളിച്ചത്തില്‍ തെളിയുന്ന പാതകളിലൂടെയുള്ള ആത്മസഞ്ചാരം സനാതന ധര്‍മ്മത്തെയും ഉപനിഷദ് സംസ്‌കൃതിയെയും കുറിച്ചുള്ള ജ്ഞാനമണ്ഡലങ്ങളാണ് തുറന്നുതരുന്നത്.
നാനാത്വത്തില്‍ ഏകത്വം കാണുന്ന ഹൈന്ദവദര്‍ശനങ്ങളെ സ്വാമി വ്യാഖ്യാനിക്കുമ്പോള്‍ ലോകജനതയ്ക്ക് ഇതല്ലാതെ മോക്ഷമാര്‍ഗമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടുന്നു. ഹിന്ദു മതം മുന്നോട്ടുവയ്ക്കുന്ന സമദര്‍ശിത്വം അനന്യ സുന്ദരമായി നിലകൊള്ളുന്നു. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഈ ദര്‍ശനത്തിനില്ല. മതനിയമങ്ങളെ ചോദ്യം ചെയ്തു ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നല്‍കുന്നു. ഹിന്ദു എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‍പം അനന്തം, അവ്യയം, അവര്‍ണ്ണനീയം എന്നിങ്ങനെയേ വിവരിക്കാനാവൂ അത് അദൃശ്യവും നിര്‍ഗുണവും ആയിരിക്കുന്നു. അത് ശാസ്ത്രീയവും സത്യവുമാണ്. ഹിന്ദുമതം ഭൗതിക ശാസ്ത്രവും അതേസമയം ജീവശാസ്ത്രവുമാണ്. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്തു സമര്‍ത്ഥിക്കുന്നു. വര്‍ഗം, വര്‍ണ്ണം, ജാതി, മതം, തേജോ ഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെയ്ല്ലാം ഒരു പൊതുതത്വം കണ്ടെത്തുന്നതില്‍ ഹിന്ദുമതം വിജയിച്ചു. ഹിന്ദുമതം സനാതനതത്വങ്ങളില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സര്‍വ്വത്തിലും ഏകത്വം ദര്‍ശിക്കുന്നു. അതിലൂടെ സമര്‍ദ്ദര്‍ശിത്വമുള്ള സര്‍വ്വ വ്യാപിയായ സര്‍വ്വശക്തനായ, സര്‍വ്വജ്ഞനായ പൂര്‍ണ്ണത്തെ ഈശ്വരനായി കാണുന്നു. സൃഷ്ടിയും (പ്രകൃതിയും) സൃഷ്ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി അതില്‍ നിരീക്ഷിച്ചിരിക്കുന്നു. ഈശ്വരനില്‍ നിന്ന് അന്യമായി മറ്റൊന്നു നില്‍ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണ്ണനാവുകയില്ല. ഹിന്ദുമതത്തില്‍ പ്രകൃതിക്കും ഈശ്വരനും അഭേദം കല്‍പ്പിച്ചിരിക്കുന്നു. സൃഷ്ടിയും സമഷ്ടിയും ഒന്നാണെന്നും സമര്‍ത്ഥിക്കുന്നു. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാര്‍ഗം (ജീവമുക്താവസ്ഥ, ഭാവ സമാധി) നിര്‍ദ്ദേശിക്കുന്നു. വിഷയ സാധനങ്ങളെ വര്‍ണ്ണിച്ച് സ്വര്‍ഗസുഖം കണ്ടെത്തുന്നില്ല പകരം സര്‍വം ത്യജിക്കുന്നതിലൂടെ നിത്യസുഖം കണ്ടെത്തുന്നു.
'തത്വമസി-അത് നീയാകുന്നു.' എന്ന് തത്വത്തെയും വ്യക്തിയെയും രണ്ടായി കാണുന്ന അവസ്ഥയില്‍ നിന്ന് ഘട്ടം ഘട്ടമായി വളര്‍ത്തി പ്രജ്ഞാനം ബ്രഹ്‌മ, അയമാത്മാബ്രഹ്‌മ, അഹം ബ്രഹ്‌മാസ്മി എന്നിവരെയുള്ള അനന്തത വരെ വളരാന്‍ വ്യക്തിക്ക് ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വിധി നിഷേധങ്ങളും സംഹിതകളില്‍ ക്രമമായി വിവരിച്ചിട്ടുണ്ട്. അണുജീവി മുതല്‍ ആഗോളതലം വരെ കൂട്ടയിണക്കുകയും ഏകത്വം ദര്‍ശിക്കുകയും ചെയ്യുന്ന വീക്ഷണം ഹിന്ദുമതം പുലര്‍ത്തുന്നു. അത് വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാര്‍ഗമല്ല.

''മാ മനുസ്മര യുദ്ധ്യച'' എന്ന ഗീതാസൂക്തത്തില്‍ അധിഷ്ഠിതമായ പ്രോജക്ട് ഹരിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ ത്രികോണ ഘടനയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മതം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയെയാണ് ത്രികോണഘടന പ്രതിനിധീകരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്നതിനുമായി വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദസരസ്വതിയുടെ ആഗ്രഹം സാക്ഷാത്കാരത്തോടടുക്കുകയാണ്. സ്വാമിജിയുടെ ദര്‍ശനങ്ങള്‍ അറിയാനും മനസ്സിലാക്കാനും നടത്തിയ എളിയ ശ്രമത്തിനിടയില്‍ ഞാന്‍ ഉള്‍ക്കൊണ്ട വസ്തുതകളെ പകര്‍ത്തിയതാണ് ഈ പുസ്തകം. ധര്‍മ്മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം എന്ന സ്വാമിജിയുടെ ഉദ്‌ബോധനമാണ് ഈ രചനയ്ക്ക് പ്രചോദനം'' എന്നാണ് മാധവന്‍ നായര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
'' പുസ്തകം എഡിറ്റ് ചെയ്ത. രമേശ് ബാബു, ലേ ഔട്ട് ആര്‍ട്ടിസ്റ്റ് സുകുമാരന്‍, പ്രസാധകരായ അണിയറ പ്രവര്‍ത്തകര്‍ എന്നിവരോടുള്ള നിസീമമായ നന്ദി അറിയിക്കുന്നു'' എന്നും അദ്ദേഹം പറഞ്ഞു.
പ്രസാധക വിവരങ്ങള്‍ (Publisher Details): Published by MBN FOUNDATION 1107 St Georges Ave, Colonia, New Jersey 07067, USA. Tel: 732-325-3952 E-mail: madhavanbnair@yahoo.com www.madhavanbnair.com www.mbnfoundation.org.Price: Rs. 470/- ISBN: 9789359182842