Image

അനില ബേബിയുടെ ജാമ്യ അപേക്ഷ നല്‍കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍; കോടതിയില്‍ നിര്‍ണായക നടപടികള്‍ക്ക് സാധ്യത

Published on 03 October, 2026
അനില ബേബിയുടെ ജാമ്യ അപേക്ഷ നല്‍കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍; കോടതിയില്‍ നിര്‍ണായക നടപടികള്‍ക്ക് സാധ്യത

മില്‍പിറ്റസ്: മലയാളി യുവതികളായ ആന്‍ മേരി മാത്യുവിനെയും അഞ്ജന ഹരിയെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ അനില ബേബിയുടെ അടുത്ത കോടതി ഹിയറിങ് നവംബര്‍ 17-ല്‍ നിന്ന് ഒക്ടോബര്‍ 8-ലേക്ക് മാറ്റിയതിന് പിന്നിലെ പ്രധാന കാരണം സംബന്ധിച്ച് സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ നിന്ന് നിര്‍ണായക വിവരം 'ഇമലയാളി'ക്ക് ലഭിച്ചു. പ്രതിഭാഗത്തിന് കോടതിയില്‍ കേസ് നേരിടാനുള്ള മാനസിക ശേഷി (competency) സംബന്ധിച്ച് സംശയം ഉന്നയിക്കുന്നതിനുള്ള നടപടികളാണ് ഒക്ടോബര്‍ 8-ലെ ഹിയറിങ്ങില്‍ ഉണ്ടാകുകയെന്ന് അസൈന്‍ ചെയ്ത പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് സാന്താക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സിന്തിയ സുമിഡ വ്യക്തമാക്കി.

കേസിന്റെ പുതിയ നടപടിക്രമത്തെക്കുറിച്ച് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് സുമിഡ ഇക്കാര്യം അറിയിച്ചത്. പ്രതിഭാഗമാണ് കേസ് ഒക്ടോബര്‍ 8-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും കോടതി ആ അപേക്ഷ അംഗീകരിക്കുമെന്നാണ് പ്രോസിക്യൂഷന് ലഭിച്ച വിവരമെന്നും അവര്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ 8-ലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ കോടതിയുടെ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയാണെന്നും, അന്നത്തെ ഹിയറിങ്ങില്‍ പ്രതിയുടെ competency സംബന്ധിച്ച് സംശയം രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നുമാണ് സുമിഡയുടെ വിശദീകരണം.

അതേസമയം, ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിവരം പ്രതിഭാഗം ഇതുവരെ ജാമ്യ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നതാണ്. 'The defense has not filed a bail motion'  എന്നാണ് സുമിഡ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ഒക്ടോബര്‍ 8-ലെ ഹിയറിങ് നേരിട്ട് ബെയില്‍ അനുവദിക്കുന്നതിനുള്ള വാദം കേള്‍ക്കലായിരിക്കുമെന്ന് ഇപ്പോഴത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയാനാകില്ല.

കാലിഫോര്‍ണിയ നിയമത്തില്‍, ഒരു പ്രതിക്ക് കോടതിയിലെ ക്രിമിനല്‍ നടപടികള്‍ മനസ്സിലാക്കാനും അഭിഭാഷകനുമായി യുക്തിപൂര്‍വം ആശയവിനിമയം നടത്താനും സ്വന്തം പ്രതിരോധത്തില്‍ സഹായിക്കാനും കഴിയുന്നുണ്ടോ എന്നതാണ് competency പരിശോധനയുടെ അടിസ്ഥാന വിഷയം. കോടതിക്ക് അത്തരമൊരു സംശയം ഉണ്ടായാല്‍ അത് രേഖപ്പെടുത്തി തുടര്‍നടപടികള്‍ ആരംഭിക്കേണ്ടതാണ്.

competency സംബന്ധിച്ച ഔദ്യോഗിക പരിശോധന ആരംഭിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പ്രതിയെ ലൈസന്‍സുള്ള സൈക്കോളജിസ്റ്റോ സൈക്യാട്രിസ്റ്റോ പരിശോധിക്കുന്ന നടപടിയിലേക്ക് കേസ് കടക്കാം. തുടര്‍ന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും ആവശ്യമായാല്‍ നടക്കുന്ന ഹിയറിങ്ങിന്റെയും അടിസ്ഥാനത്തിലാണ് പ്രതി വിചാരണ നേരിടാന്‍ competent ആണോ എന്ന് കോടതി തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ competency സംബന്ധിച്ച നടപടി ആരംഭിക്കുന്നു എന്നത് കുറ്റം തെളിഞ്ഞുവെന്നോ പ്രതി മാനസികമായി അയോഗ്യയാണെന്ന് കോടതി കണ്ടെത്തിയെന്നോ അര്‍ത്ഥമാക്കുന്നില്ല. അത് വിചാരണ നേരിടാനുള്ള പ്രതിയുടെ നിലവിലെ ശേഷി സംബന്ധിച്ച നിയമപരമായ പരിശോധന മാത്രമാണ്.

ഒക്ടോബര്‍ 8-ലെ ഹിയറിങ്ങില്‍ കോടതി competency സംബന്ധിച്ച സംശയം ഔദ്യോഗികമായി രേഖപ്പെടുത്തുകയാണെങ്കില്‍, തുടര്‍ന്നുള്ള നടപടികള്‍ അതനുസരിച്ചായിരിക്കും. വിദഗ്ധ പരിശോധനയ്ക്ക്  ഉത്തരവിടുകയോ competency hearing  സംബന്ധിച്ച നടപടികള്‍ ആരംഭിക്കുകയോ ചെയ്യാം. നിയമപ്രകാരം രീാുലലേിര്യ സംബന്ധിച്ച ചോദ്യം ഉയര്‍ന്നാല്‍ ക്രിമിനല്‍ നടപടികള്‍ അതിന്റെ തീരുമാനം വരുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥയുണ്ട്.

അതേസമയം, ജാമ്യം ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയില്ല. കാരണം, പ്രോസിക്യൂഷന്‍ ഓഫീസറുടെ ഔദ്യോഗിക മറുപടി പ്രകാരം പ്രതിഭാഗം ഇതുവരെ ബെയില്‍ അപേക്ഷ തന്നെ നല്‍കിയിട്ടില്ല. ഒക്ടോബര്‍ 8-ന് competency സംബന്ധിച്ച നടപടി നടക്കുമെന്നതാണ് ഇപ്പോഴത്തെ ഔദ്യോഗിക വിവരം. ഭാവിയില്‍ പ്രതിഭാഗം പ്രത്യേകമായി ബെയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അതിന്റെ അടിസ്ഥാനത്തിലാണ് ബെയില്‍ സംബന്ധിച്ച വാദവും കോടതിയുടെ തീരുമാനവും ഉണ്ടാകുക.

നവംബര്‍ 17, 2026-ന് നിശ്ചയിച്ചിരുന്ന അടുത്ത കോടതി നടപടിയാണ് പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ഒക്ടോബര്‍ 8-ലേക്ക് മാറ്റിയത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതിഭാഗം അഭിഭാഷകന്‍ ഷോണ്‍ എം ജോര്‍ജ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മക്കിയൂണുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നതായും, കേസ് നേരത്തെയാക്കുന്നതില്‍ പ്രോസിക്യൂഷന് എതിര്‍പ്പില്ലായിരുന്നുവെന്നും നേരത്തെ പുറത്തുവന്ന വിവരങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 8-ന് രാവിലെ 8.30-ന് ഡിപ്പാര്‍ട്ട്‌മെന്റ് 31-ല്‍ ജഡ്ജി ജോണി സെപെഡ ഗോഗോയുടെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക