Image

'മാധ്യമത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനം'; ലേഖനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് പതിവ് കോളം അവസാനിപ്പിച്ച് കെഇഎന്‍

Published on 03 October, 2026
 'മാധ്യമത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനം'; ലേഖനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് പതിവ് കോളം അവസാനിപ്പിച്ച് കെഇഎന്‍

 

കോഴിക്കോട്: മാധ്യമം വാരാന്ത്യപതിപ്പില്‍ എഴുതി വന്നിരുന്ന സ്ഥിരം കോളം അവസാനിപ്പിക്കുന്നുവെന്ന് കെഇഎന്‍ കുഞ്ഞഹമ്മദ്. മാധ്യമം വാരാന്ത്യപതിപ്പിലെ 'ഇടപെടല്‍' കോളം 2026 ഒക്ടോബര്‍ 2 മുതല്‍ നിര്‍ത്തുകയാണെന്നാണ് കെഇഎന്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കോളം അവസാനിപ്പിക്കുന്ന വിവരം കെഇഎന്‍ അറിയിച്ചിരിക്കുന്നത്. കുപ്പിച്ചില്ലും മഴവില്ലും എന്ന ഇടപെടല്‍ കോളത്തിലെ ലേഖനം പ്രസിദ്ധീകരിക്കാതെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് കെഇഎന്‍ കോളം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

'ശബ്‌നംനൂര്‍ജഹാന്റെ ശബ്ദവുംകൂടി ചേര്‍ന്നതാണ്, ചേര്‍ന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. 'കുപ്പിച്ചില്ലും മഴവില്ലും' എന്ന കോളം ഏത് അര്‍ത്ഥത്തിലും സംവാദഔന്നിത്യം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആ പ്രബന്ധം പതിവുപോലെ ഒക്ടോബര്‍ 4ന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിന്‍വലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല. മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് 'ഇടപെടല്‍ കോളം' ഇനിമുതല്‍ തുടരേണ്ട എന്ന് തീരുമാനിച്ചത്' എന്നാണ് ഫേസ്ബുക്കില്‍ കെഇഎന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാധ്യമം വാരാന്ത്യ പതിപ്പില്‍ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കില്‍, കോളം ഇന്നോടെ നിര്‍ത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണ് എന്നും കെഇഎന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'അച്ചടിക്കപ്പെടാതെ പോയ 'കുപ്പിച്ചില്ലും മഴവില്ലും' എന്ന കോളം അവസാനിക്കുന്നത് ഇങ്ങനെ: 'അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്‌നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാര്‍ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കള്‍ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളില്‍ മുള്ളുകള്‍ വിതറിയാണ് കടന്നുപോകുന്നത്...' എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെഇഎന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

'ഇതുവരെയും അനുകൂല-എതിര്‍ബന്ധങ്ങള്‍ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്‌നേഹം പങ്കുവെക്കുന്നു. ഓരോ ഇടപെടല്‍ കോളവും ഏറ്റവും ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നു. ഇതുവരെയും അത് തുടരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതല വഹിക്കുന്നവരോടും, പത്രാധിപര്‍ പ്രിയ സുഹൃത്ത് പ്രമോദ് ഗംഗാധരനോടും, പല പ്രകാരം പ്രതികരിച്ചവരോടും സ്‌നേഹമെന്നും' കെഇഎന്‍ കുറിച്ചിട്ടുണ്ട്.

കെഇഎന്നിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മാധ്യമം വാരാന്ത്യപതിപ്പില്‍ എഴുതിവന്നിരുന്ന ഇടപെടല്‍ കോളം 2026 ഒക്ടോബര്‍ 2 മുതല്‍ നിര്‍ത്തുകയാണ്. ഇതുവരെയും അനുകൂല-എതിര്‍ബന്ധങ്ങള്‍ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്‌നേഹം പങ്കുവെക്കുന്നു. ഓരോ ഇടപെടല്‍ കോളവും ഏറ്റവും ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നു. ഇതുവരെയും അത് തുടരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതല വഹിക്കുന്നവരോടും, പത്രാധിപര്‍ പ്രിയ സുഹൃത്ത് പ്രമോദ് ഗംഗാധരനോടും, പല പ്രകാരം പ്രതികരിച്ചവരോടും സ്‌നേഹം.

ശബ്‌നംനൂര്‍ജഹാന്റെ ശബ്ദവുംകൂടി ചേര്‍ന്നതാണ്, ചേര്‍ന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. 'കുപ്പിച്ചില്ലും മഴവില്ലും' എന്ന കോളം ഏത് അര്‍ത്ഥത്തിലും സംവാദഔന്നിത്യം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആ പ്രബന്ധം പതിവുപോലെ ഒക്ടോബര്‍ 4ന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിന്‍വലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല. മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് 'ഇടപെടല്‍ കോളം' ഇനിമുതല്‍ തുടരേണ്ട എന്ന് തീരുമാനിച്ചത്. മാധ്യമം വാരാന്ത്യ പതിപ്പില്‍ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കില്‍, കോളം ഇന്നോടെ നിര്‍ത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണ്. അച്ചടിക്കപ്പെടാതെ പോയ 'കുപ്പിച്ചില്ലും മഴവില്ലും' എന്ന കോളം അവസാനിക്കുന്നത് ഇങ്ങനെ: 'അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്‌നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാര്‍ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കള്‍ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളില്‍ മുള്ളുകള്‍ വിതറിയാണ് കടന്നുപോകുന്നത്...'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക