
ഒഹായോ: ഒക്ടോബർ മാസം ‘ഹിന്ദു പൈതൃക മാസമായി’ ഔദ്യോഗികമായി ആചരിക്കുന്നതിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് ഒഹായോ സംസ്ഥാനം. അമേരിക്കയിൽ ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി സ്ഥിരനിയമത്തിലൂടെ പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് ഒഹായോ.
മുൻ സംസ്ഥാന സെനറ്റർ നീരജ് അന്റാനിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നിയമനടപടികൾക്ക് തുടക്കമായത്. അദ്ദേഹം അവതരിപ്പിച്ച ബിൽ, 2024 ഡിസംബറിൽ മറ്റൊരു ബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തിന്റെ ഭാഗമായി. 2025 ജനുവരിയിൽ ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ നിയമത്തിൽ ഒപ്പുവച്ചു.
ഒഹായോയുടെ ചരിത്രത്തിലെ ആദ്യ ഹിന്ദു സംസ്ഥാന സെനറ്ററാണ് നീരജ് അന്റാനി. ഹിന്ദു അമേരിക്കക്കാർ സംസ്ഥാനത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകൾക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഹിന്ദു പൈതൃക മാസം നിയമപരമായി അംഗീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സമീർ കൽറ ഒഹായോയുടെ തീരുമാനത്തെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഹിന്ദു സമൂഹത്തിന്റെ സാംസ്കാരിക സംഭാവനകൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടികൾക്ക് നേതൃത്വം നൽകിയ നീരജ് അന്താനി, സംസ്ഥാന പ്രതിനിധികളായ ഡോ. അനിത സോമാനി, ആദം മാത്യൂസ് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഹിന്ദു അമേരിക്കക്കാരുടെ പൈതൃകവും സംഭാവനകളും ആഘോഷിക്കുന്നതിനൊപ്പം മത-സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ഈ മാസം സഹായിക്കുമെന്ന് കോയലിഷൻ ഓഫ് ഹിന്ദു അമേരിക്കൻസ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധി ഡോ. രാകേഷ് രഞ്ജൻ അഭിപ്രായപ്പെട്ടു. യുവതലമുറയ്ക്ക് സ്വന്തം പൈതൃകവും സംസ്കാരവും അഭിമാനത്തോടെ അവതരിപ്പിക്കാനുള്ള വേദിയായി ഈ നിയമം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, സാമൂഹിക ഇടപെടൽ, നേതൃത്വം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഹിന്ദുആക്ഷൻ പ്രസിഡന്റ് രേണു ഗുപ്തയും നിയമത്തെ സ്വാഗതം ചെയ്തു. നിയമനിർമാണത്തിനായി പ്രവർത്തിച്ച ജനപ്രതിനിധികളെയും സന്നദ്ധപ്രവർത്തകരെയും അവർ അഭിനന്ദിച്ചു. എല്ലാ പശ്ചാത്തലങ്ങളിൽപ്പെട്ട ഒഹായോ നിവാസികളും ഈ മാസം ഹിന്ദു പൈതൃകത്തെക്കുറിച്ച് പഠിക്കാനും ആഘോഷങ്ങളിൽ പങ്കുചേരാനും തയ്യാറാകണമെന്ന് അവർ ആഹ്വാനം ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ വിദ്യാഭ്യാസ-ബോധവത്കരണ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ജയ് ബൻസാലും മുൻ സെനറ്റർ നീരജ് അന്താനിയുടെ നേതൃത്വത്തെ പ്രശംസിച്ചു. ഹിന്ദു കുടുംബങ്ങൾക്ക് തങ്ങളുടെ പാരമ്പര്യങ്ങൾ അയൽസമൂഹങ്ങളുമായി പങ്കുവയ്ക്കാനും ഹിന്ദു അമേരിക്കക്കാരുടെ സംഭാവനകൾ കൂടുതൽ പേർക്ക് മനസ്സിലാക്കാനും ഈ നിയമം അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ മാസം ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നത് മതസൗഹാർദവും സാംസ്കാരിക പരസ്പരബോധവും ശക്തിപ്പെടുത്താനുള്ള അവസരമായാണ് വിവിധ സംഘടനകൾ വിലയിരുത്തുന്നത്.