
“മരണം” മനുഷ്യന് മുന്നിൽ ഒരിക്കലും തുറക്കാനാകാത്ത അവസാന വാതിൽ. എപ്പോൾ, എവിടെ, എങ്ങനെ എന്നത് നമുക്ക് അറിയില്ല. മരണത്തെ തടയാൻ മനുഷ്യൻ എത്രയോ വഴികൾ തേടിയിട്ടുണ്ട്. എന്നാൽ മരണത്തിന്റെ നിമിഷം എത്തിയെന്ന് ലോകം വിധിച്ചിട്ടും, ആ മരണത്തെ തന്നെ ശരീരം നിരസിച്ചാൽ എന്ത് സംഭവിക്കും?
അമേരിക്കയിലെ ടെന്നസിയിൽ നടന്ന ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷാ ശ്രമം ഉയർത്തുന്ന ഏറ്റവും വലിയ ചോദ്യം അതാണ്. രണ്ട് തവണ മാരക മരുന്ന് ശരീരത്തിലേക്ക് കുത്തിവെച്ചു. എന്നിട്ടും മരണം വന്നില്ല.
50 വയസ്സുകാരിയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്റെ വധശിക്ഷ 2026 സെപ്റ്റംബർ 30-ന് നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ നടപ്പാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. 1995-ൽ 19 വയസ്സുകാരിയായ കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് പൈക്കിന് വധശിക്ഷ വിധിക്കപ്പെട്ടത്. നടപ്പായിരുന്നെങ്കിൽ, രണ്ട് നൂറ്റാണ്ടിലേറെയ്ക്ക് ശേഷം ടെന്നസിയിൽ വധിക്കപ്പെടുന്ന ആദ്യ വനിതയാകുമായിരുന്നു അവർ.
എന്നാൽ സംഭവിച്ചത് അമേരിക്കൻ വധശിക്ഷാ ചരിത്രത്തിൽ തന്നെ അപൂർവമായ സംഭവമായി മാറി. വധശിക്ഷാ മുറിയിൽ പൈക്കിനെ സ്ട്രെച്ചറിൽ കെട്ടിയിട്ടു. അവസാന വാക്കുകൾ പറയാൻ അവസരം ലഭിച്ചപ്പോൾ, താൻ സമാധാനത്തിലാണെന്നും സ്വതന്ത്രയാകാൻ തയ്യാറാണെന്നും അവർ പറഞ്ഞു.
പിന്നീട് മാരക മരുന്നായ പെന്റോബാർബിറ്റൽ നൽകാനുള്ള നടപടികൾ ആരംഭിച്ചു. സാധാരണ ആളുകൾ ഒരു മിനിട്ടിനുള്ളിൽ മരണത്തിന് കഴടങ്ങറാണുള്ളത്. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ല.
ഐവി ലൈൻ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് ഏറെ ബുദ്ധിമുട്ടുണ്ടായതായി പൈക്കിന്റെ അഭിഭാഷകർ പിന്നീട് പറഞ്ഞു. ഒരു മണിക്കൂറോളം ശ്രമിച്ചെന്നും ഇടത് കൈയിൽ നിരവധി തവണ സൂചി കുത്തിയെന്നും അവർ പറഞ്ഞു . കുറഞ്ഞത് ഏഴ് സൂചിക്കുത്തുകൾ ഉണ്ടായിരുന്നുവെന്നാണ് അഭിഭാഷകരുടെ വിശദീകരണം.

ഒടുവിൽ ആദ്യ ഡോസ് നൽകി. പക്ഷേ ക്രിസ്റ്റ പൈക്ക് മരിച്ചില്ല. അവൾ ശ്വാസമെടുത്തു കൊണ്ടിരുന്നു.
തുടർന്ന് രണ്ടാമത്തെ ഡോസ് പെന്റോബാർബിറ്റൽ നൽകി. എന്നിട്ടും അവളുടെ ഹൃദയമിടിപ്പ് നിലനിന്നു. ബോധം നഷ്ടപ്പെട്ടതുപോലെ തോന്നിയെങ്കിലും, മുറിക്കുള്ളിൽ നിന്ന് അവളുടെ ശ്വാസത്തിന്റെ ശബ്ദവും കൂർക്കംവലിപോലുള്ള ശബ്ദവും കേൾക്കാമായിരുന്നു.
സാധാരണയായി മാരക മരുന്ന് നൽകിയ ശേഷം ഏതാനും സമയത്തിനുള്ളിൽ വധശിക്ഷ പൂർത്തിയായതായി പ്രഖ്യാപിക്കേണ്ടതായിരുന്നു.പക്ഷേ ഇവിടെ ഓരോ നിമിഷവും ചോദ്യമായി മാറുകയായിരുന്നു. എന്താണ് ഇവിടെ സംഭവിച്ചത്.
പൈക്ക് ജീവനോടെയുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെ അഭിഭാഷകർ അടിയന്തരമായി കോടതിയെ സമീപിച്ചു. വധശിക്ഷാ നടപടികൾ നിർത്തിവയ്ക്കണമെന്നും അടിയന്തര വൈദ്യസഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത ദിവസം അഭിഭാഷകർ അവർ ജീവനോടെയുണ്ടെന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും അറിയിച്ചു.
മരണത്തിനായി ജയിലിൽ നിന്ന് പുറപ്പെട്ട ആംബുലൻസ്, ഒടുവിൽ ആശുപത്രിയിലേക്കാണ് പോയത്.
അത് തന്നെയാണ് ഈ സംഭവത്തിന്റെ ഏറ്റവും ഞെട്ടിക്കുന്ന ചിത്രം.
അഭിഭാഷകരുടെ വാദമനുസരിച്ച്, പൈക്കിന് ജീവിതകാലം മുഴുവൻ രക്തക്കുഴലുകളിൽ സൂചി സ്ഥാപിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. ഐവി ശരിയായ രീതിയിൽ സിരയിൽ പ്രവേശിച്ചില്ലെങ്കിൽ മരുന്ന് രക്തപ്രവാഹത്തിലേക്ക് എത്താതെ കൈയിലെ കോശങ്ങളിലേക്കു പോയിരിക്കാമെന്ന സംശയവും അഭിഭാഷകർ ഉന്നയിച്ചു. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഔദ്യോഗിക അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.
ടെന്നസി അധികൃതർ തങ്ങൾ അംഗീകരിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നാണ് വ്യക്തമാക്കിയത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്താൻ ടെന്നസി ഗവർണർ സമഗ്രമായ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. 2026-ൽ സംസ്ഥാനത്ത് ശേഷിച്ചിരുന്ന വധശിക്ഷകളും അദ്ദേഹം നിർത്തിവച്ചു.
മരണശിക്ഷയെക്കുറിച്ച് വീണ്ടും ഉയരുന്ന ചോദ്യങ്ങൾ, ക്രിസ്റ്റ പൈക്കിന്റെ സംഭവം ഒരു വ്യക്തിയുടെ വധശിക്ഷ പരാജയപ്പെട്ടതിൽ മാത്രം ഒതുങ്ങുന്നില്ല.ഒരു മനുഷ്യനെ കൊല്ലാൻ നിയമം അനുവദിച്ചപ്പോൾ, ആ മരണവും പരാജയപ്പെടാമോ?
മരണത്തിനായി നിശ്ചയിച്ച മരുന്ന് നൽകിയിട്ടും ഒരാൾ ജീവനോടെ തുടരുമ്പോൾ, അടുത്ത നിമിഷം നിയമം എന്താണ് പറയുന്നത്? മരണശിക്ഷ നടപ്പാക്കുന്ന സംവിധാനത്തിന് പിഴവുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആരുടേതാണ്? ഇത്തരം ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അവരുടെ ശിക്ഷ നടപ്പാക്കിയതിലൂടെ അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നാൽ അവർ ഇനിയുള്ള ശിക്ഷയിൽ നിന്ന് ഒഴിവാക്കുമോ?
1995-ലെ കൊലപാതകക്കേസിൽ 30 വർഷത്തിലേറെയായി മരണശിക്ഷ കാത്തിരുന്ന ഒരു സ്ത്രീ.
മരണത്തിനായി നിശ്ചയിച്ച ഒരു ദിവസം. മാരക മരുന്നിന്റെ ആദ്യ ഡോസ്. പിന്നെ രണ്ടാമത്തെ ഡോസ്.
എന്നിട്ടും...മരണത്തെ അതിജീവിച്ചു , അങ്ങനെ നാട്ടുഭാഷയിൽ പറഞ്ഞാൽ "കാലനെ തോൽപിച്ച ക്രിസ്റ്റ പൈക്ക്" ഇന്ന് സമൂഹത്തിൽ ചർച്ചയാവുകയാണ്.
മനുഷ്യൻ മരണത്തിന്റെ സമയവും രീതിയും നിയമത്തിലൂടെ നിശ്ചയിച്ചേക്കാം. എന്നാൽ ജീവനും മരണവും തമ്മിലുള്ള അവസാന അതിർത്തിയിൽ എന്താണ് സംഭവിക്കുക എന്നത് എല്ലായ്പ്പോഴും മനുഷ്യന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
അതുകൊണ്ടുതന്നെയാണ് ക്രിസ്റ്റ പൈക്കിന്റെ പേര് ഇപ്പോൾ അമേരിക്കൻ വധശിക്ഷാ ചരിത്രത്തിലെ ഒരു അസാധാരണ അധ്യായമായി മാറുന്നത്.
ജീവിതം അവസാനിച്ചുവെന്ന് ലോകം വിധിച്ച നിമിഷത്തിലും, ശരീരത്തിനുള്ളിൽ എവിടെയോ ഒരു ചെറിയ ശ്വാസം ജീവന്റെ പിടിവിടാതെ തുടരുമ്പോൾ, അത് മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറമുള്ള ഒരു അത്ഭുതമായി മാറുന്നു. മരണത്തിന്റെ വാതിൽക്കൽ എത്തിയിട്ടും ജീവിതം തിരികെ വിളിക്കുന്ന ആ നിമിഷം, ജീവിതം അവസാനിച്ചിട്ടില്ലെന്നുള്ള പ്രകൃതിയുടെ അവസാന പ്രഖ്യാപനം പോലെയാണ്. മരണം എത്തിയെന്ന് കരുതിയ നിമിഷത്തിൽ പോലും ജീവൻ ഒരു നിമിഷം കൂടി പൊരുതി നിന്നു. ജീവന്റെ അതിജീവനത്തിന്റെ കഥയാണ് ഇവിടെ എഴുതുന്നത്.