Image

കോട്ടയം ക്‌നാനായ സഭയ്ക്ക് ഇത് അഭിമാനനിമിഷം; മാര്‍ തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി

Published on 03 October, 2026
കോട്ടയം ക്‌നാനായ സഭയ്ക്ക് ഇത് അഭിമാനനിമിഷം; മാര്‍ തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി

 

കോട്ടയം: ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥനകളും സ്തുതിപ്പുകളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി.

ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കെസിബിസി പ്രസിഡന്റും കോഴിക്കോട് ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്‍കി. മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച് സിബിസിഐ വൈസ് പ്രസിഡന്റും തിരുവല്ല ആര്‍ച്ച്ബിഷപ്പുമായ തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്‍കി.

ഇന്ത്യയുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോ പ്രതിനിധി ഫാ. നിക്കോളാസ് ഗ്രാഫ് വോണ്‍ മാഗ്നിസ് ആശംസകളര്‍പ്പിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് അന്പതോളം ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി. കൊയിന രൂപതയുടെ സ്ഥാനിക മെത്രാന്‍കൂടിയായിരിക്കും മാര്‍ തോമസ് ആനിമൂട്ടില്‍.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നു നിയുക്ത ബിഷപ്പിനും കാര്‍മികര്‍ക്കുമൊപ്പം പ്രദക്ഷിണമായിട്ടാണ് ബിഷപ്പുമാരും വൈദികരും കത്തീഡ്രലിലേക്ക് എത്തിയത്. ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതമാശംസിച്ചു. ചാന്‍സലര്‍ ഫാ. ഡോ. തോമസ് ആദോപ്പിള്ളില്‍ നിയമനപത്രം (ബൂള) വായിച്ചു. തുടര്‍ന്ന് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങിയ അഭിഷിക്തന്‍ വിശ്വാസപ്രഖ്യാപനം നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.

മുഖ്യകാര്‍മികന്‍ മാര്‍ മാത്യു മൂലക്കാട്ട് മോണ്‍. ആനിമൂട്ടിലിന്റെ ശിരസില്‍ കൈവയ്പ് പ്രാര്‍ത്ഥന ചൊല്ലുകയും കുരിശടയാളം വരയ്ക്കുകയും മുടി ധരിപ്പിക്കുകയും അംശവടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനകാര്‍മികരും സഹകാര്‍മികരും ബിഷപ്പുമാരും നവാഭിഷിക്തന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ജനപ്രതിനിധികള്‍, രാഷ്ട്രീയ -സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, സന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, മാര്‍ തോമസ് ആനിമൂട്ടിലിന്റെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പടെ നിരവധിപേര്‍ ചടങ്ങുകളില്‍ പങ്കാളികളായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക