
മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറിയ സർക്കാരാണ് കേരളത്തിലെ യൂ ഡി എഫ് സർക്കാർ. വി ഡി സതീശന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരത്തിൽ കയറിയിട്ട് നാല് മാസത്തോളം കഴിയുന്നു. കഴിഞ്ഞ പത്ത് വർഷം അധികാരത്തിന് പുറത്ത് നിന്ന ശേഷമാണ് യൂ ഡി എഫിന് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ കയറിയത്. അത് മുന്നണിക്ക് ആവേശവും ഉണർവും ഉണ്ടാകാൻ കാരണമായി. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ വളരെ ചിട്ടയോടും കർശന നിർദ്ദേശത്തോടും നയിച്ച തിരഞ്ഞെടുപ്പിൽ അവരുടെ പ്രതീക്ഷക്ക് ഒത്ത് വിജയം നേടാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വ പാടവം തെളിയിക്കുന്നതാണ്. ഒപ്പം തിരഞ്ഞെടുപ്പ് എൻജിനീയറിങ്ങിലെ മികവും വ്യക്തമാക്കുന്നതുമാണ്.
അങ്ങനെ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യൂ ഡി എഫ് സർക്കാർ അധികാരത്തിൽ കയറിയിട്ട് ഏകദേശം നാല് മാസത്തോളമായി. നൂറുദിവസത്തെ വി ഡി സതീശൻ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാൽ നൂറിൽ എൺപതിനും തൊണ്ണൂറിനുമിടയിൽ മാർക്ക് നൽകാം. അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും നിത്യ ചെലവിനായി കടമെടുക്കുന്ന ശബരിമലപോലും കൊള്ളയടിച്ച ഒരു സർക്കാരായിരുന്നു ഇടതുപക്ഷമെന്ന ആരോപണം. ജനദ്രോഹ സർക്കാർ എന്ന് വിളിപ്പേര് പോലും സമ്പാദിച്ച ഒരു സർക്കാരായിരുന്നു കഴിഞ്ഞ ഇടതുപക്ഷ സർക്കാർ. എന്നാൽ യൂ ഡി എഫ് സർക്കാരിന് തുടക്കത്തിൽ തന്നെ ഒരു മുഖച്ഛായ ഉണ്ടാക്കിയെടുക്കാൻ സാധിച്ചുയെന്ന് തന്നെ പറയാം.
അതിൽ ഒന്നാമതായി പറയാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെ ജനങ്ങളെ ചേർത്ത് നിർത്തുന്ന സമീപനമാണ്. ഇരുപതോളം വണ്ടികളുടെ അകമ്പടിയോടെ യാത്ര ചെയ്തിരുന്ന പിണറായി വിജയന്റെ സ്ഥാനത്ത് വി ഡി സതീശൻ രണ്ടോ മൂന്നോ കാറുകളുടെ അകമ്പടിയുമായി മാത്രമാണ് പോകുന്നത്. മുഖ്യമന്ത്രിക്ക് പോകാൻ വേണ്ടി മണിക്കൂറുകളോളം മറ്റ് വാഹനങ്ങൾ തടഞ്ഞ് നിർത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാറില്ല. മുഖ്യമന്ത്രി രാജാവല്ല സാധാരണക്കാരനാണെന്ന് തോന്നൽ ജനത്തിനുണ്ടായി. മുഖ്യമന്ത്രിയുടെ ആർക്കും പരാതി പറയാനോ സമർപ്പിക്കാനോ കഴുയുന്നുണ്ട് ഇപ്പോൾ. ഉമ്മൻ ചാണ്ടിയെപോലെ.
വി ഡി സതീശൻ സർക്കാരിന്റെ മറ്റൊരു നേട്ടം മയക്കുമരുന്നിനെതിരെയുള്ള ശക്തമായ നടപടിയാണ്. തൂഫാൻ എന്ന പേരിൽ ആഭ്യന്തരവകുപ്പ് നടപ്പാക്കിയ മയക്കുമരുന്ന് റെയ്ഡ് കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തെ ഇല്ലാതാക്കികൊണ്ടിരിക്കുന്നുയെന്ന് വേണം പറയാൻ. മിഡ്ഡിൽ സ്കൂൾ മുതൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ വരെയും പത്ത് വയസുമുതൽ പടുവൃദ്ധർ വരെ ഇന്ന് കേരളത്തിൽ മയക്കുമരുന്നിന് അടിമകളാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തിൽ ആണും പെണ്ണും കുട്ടികളും മുതിർന്നവരും വിദ്യാഭ്യാസമുള്ളവരും വിവര ദോഷികളും അങ്ങനെ എല്ലാ മേഖലയിൽ ഉള്ളവരും വാങ്ങുകയും വിൽക്കുകയും ഉപയോഗിക്കുകയും ഇടനിലക്കാരാകുകയും ചെയ്തിരുന്നു കേരളത്തിൽ. അല്പം മുതൽ മുടക്കിൽ ലക്ഷങ്ങൾ നേടുന്ന കേരളത്തിലെ ഏക വ്യവസായമായിരുന്നു മയക്കുമരുന്ന്. പോലീസിനെ നിർവീര്യമാക്കി പാർട്ടി മൗനാനുവാദം കൊടുത്ത മയക്കുമരുന്ന് വ്യാപനം കേരളത്തെ മയക്കുമരുന്നാലയമാക്കികൊണ്ടിരിക്കുമ്പോഴാണ് ഈ സർക്കാർ തൂഫാനുമായി രംഗത്ത് വരുന്നത്. അത് മയക്കുമരുന്ന് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ ഏറെ വിജയിച്ചു എന്ന് തന്നെ പറയാം. അതിൽ മുഖ്യമന്ത്രിയെക്കാൾ അഭിനന്ദനം അർഹിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്.
എടുത്ത് പറയാവുന്ന മറ്റൊരു കാര്യം സ്ത്രീകൾക്ക് കെ എസ് ആർ ടിസി ഓർഡിനറി ബസ്സിൽ നൽകിയ സൗജന്യ യാത്രയാണ്. ഇതിന് വിമര്ശിക്കുന്നവരുണ്ടെങ്കിലും സാധാരണക്കാരായ പാവപ്പെട്ടവരായ കേരളത്തിലെ സ്ത്രീകൾക്ക് അതൊരാശ്വാസം തന്നെയാണ്. എന്നാൽ അതിൽ ചില വിമർശങ്ങൾ ഉയരുന്നത് തള്ളിക്കളയാൻ കഴിയില്ല. ഒന്നാമതായി ഇതുമൂലം സ്വകാര്യ ബസ്സുകൾക്ക് ഉണ്ടാകുന്ന സാമ്പത്തീക ബുദ്ധിമുട്ട്. പല പ്രദേശത്തെയും ബസ്സുകളിൽ വേണ്ടത്ര യാത്രക്കാരെ ഇപ്പോഴും കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായി. ഇത് അവർക്ക് സാമ്പത്തീക നഷ്ടം ഉണ്ടാക്കുന്നുണ്ട്. അതിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. ബസ്സുടമകളുമായി സംസാരിച്ച് ഒരു പരിഹാരം ഉണ്ടാകണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തഴയപ്പെട്ട ആശാ വർക്കരന്മ്മാരുടെ ശമ്പള വർധന വി ഡി സതീശൻ സർക്കാർ വർധിപ്പിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. കേരള ജനത ഒന്നടങ്കം പിന്തുണ നല്കിയതായിരുന്നു അവരുടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സമരം. അതിന് പരിഹാം കാണാൻ വി ഡി സതീശൻ സർക്കാരിന് കഴിഞ്ഞു. അതോടൊപ്പം പാലക്കാട്ടെ നെൽകർഷകരുടെ കുടിശിക നൽകിയതാണ്. പിണറായി സർക്കാർ വര്ഷങ്ങളായി നൽകാമെന്ന് പറഞ്ഞ് കൊടുക്കാതിരുന്ന കുടിശിക ഈ സർക്കാർ അധികാരത്തിൽ കയറി ഒരു മാസത്തിനുള്ളിൽ കൊടുത്തുയെന്നത് ഒരു ചെറിയ കാര്യമല്ല. അത് മാത്രമല്ല ക്ഷേമ പെൻഷനുകൾ എല്ലാം എല്ലാമാസവും നൽകാനും തുടങ്ങി. അതും ഇടനിലക്കാരില്ലാതെ അവരുടെ അക്കൗണ്ടിൽ അത് എത്തിക്കാനുള്ള നടപടി യുണ്ടായി.
ഓണത്തിന് ഇക്കുറി സാധന ലഭ്യതയുണ്ടതും എടുത്തുപറയാവുന്ന നേട്ടമാണ്. കഴിഞ്ഞ സർക്കാരിനേക്കാൾ ഈ സർക്കാർ അതിൽ വിജയിച്ചുയെന്നുതന്നെ പറയാം. പോലീസുകാർക്ക് നിർബന്ധ അവധി ആഴ്ചയിൽ ഒരു ദിവസം എടുക്കാനും അവരുടെ ജോലി ഭാരം കുറയ്ക്കാൻ കൂടുതൽ ആളുകളെ സേനയിൽ എടുക്കാനും ഉത്തരവിട്ടത് വർഷങ്ങളായി അവരുടെ ആവശ്യവും ആഗ്രഹവുമായിരുന്നു. തകർന്നടിഞ്ഞ സംസ്ഥാനത്തെ സാമ്പത്തീക നില മെച്ചപ്പെടുത്തനുള്ള നടപടികൾ അടുത്ത ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.
ചുരുക്കത്തിൽ നാല് മാസ്സം കൊണ്ട് ജാനകിയ വിഷയങ്ങളിൽ നടപടിയെടുക്കാൻ വി ഡി സതീശൻ സർക്കാരിന് കഴിഞ്ഞു. അതും മൂന്നാല് മാസങ്ങൾക്കുള്ളിൽ തന്നെ. എന്നാൽ ചില പ്രവർത്തങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈദ്യുതി മേഖലയിലെ വൈദ്യുതി പ്രതിസന്ധിയാണ്. പവർ കട്ട് എന്ന മലയാളികളുടെ ദേശീയ വാക്യം ഈ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. കഴിഞ്ഞ സർക്കാർ കൂടിയ വിലക്ക് കറന്റ് വാങ്ങിയത് ഈ സർക്കാർ അത് നിർത്തലാക്കി പകരം വില കുറഞ്ഞ രീതിയിൽ വൈദ്യുതി വാങ്ങുമെന്നാണ് പറയുന്നതെങ്കിലും അതിന് കാലതാമസം എടുക്കുന്നു. അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുയെന്ന് മാത്രമല്ല അവരുടെ എതിർപ്പും ഉണ്ടാകുന്നു.
മന്ത്രിമാരുടെ വിദേശ യാത്രയിൽ സുതാര്യത വരുത്താത്തത് ഒരു പോരായ്മ തന്നെയാണ്. സർക്കാർ ചിലവിലല്ലെങ്കിലും അവരുടെ വിദേശ യാത്ര എന്തിനെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ സർക്കാർ നടത്തിയ ഏറ്റവും വലിയ ധുർത്ത് വിദേശ യാത്രയായിരുന്നു. അതിൽ ജനത്തിന് വൻ എതിർപ്പുമുണ്ടായിരുന്നു. ആ നിലയിലേക്ക് ഈ സർക്കാർ പോകുന്നത് അവരുടെ പ്രതിച്ഛായക്ക് കോട്ടം തട്ടും. ചുരുക്കത്തിൽ നാല് മാസംകൊണ്ട് മികച്ച നേട്ടം വി ഡി സതീശൻ സർക്കാർ നടത്തിയെന്നുതന്നെ പറയാം. ഒപ്പം ചെറിയ കോട്ടങ്ങളുമുണ്ടായി.