Image

ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 'മാധ്യമശ്രീ' 'മാധ്യമരത്ന' പുരസ്‌കാര വിതരണം ജനുവരി 8ന് കൊച്ചിയിൽ

Published on 02 October, 2026
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 'മാധ്യമശ്രീ' 'മാധ്യമരത്ന' പുരസ്‌കാര വിതരണം ജനുവരി 8ന് കൊച്ചിയിൽ

ന്യൂ ജേഴ്‌സി:  രണ്ടു പതിറ്റാണ്ടിനു മുൻപ്‌   ജൻമം കൊണ്ട്  ഇന്ന് പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ അമേരിക്കൻ മലയാളിസമൂഹത്തിലെ  നിറസാന്നിധ്യമായ  മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു.  മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാര ചടങ്ങു് 2027 ജനുവരി എട്ട്  വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു  മണിക്ക് കൊച്ചിയിലെ ഗോകുലം ഗ്രാൻഡ് പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറും.  

മുഖ്യമന്ത്രി വി ഡി സതീശൻ ഉത്ഘടകനാകുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, മറ്റു മന്ത്രിമാർ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ സായാഹ്നത്തിൽ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.

കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും.   മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങൾ നൽകും.

ഇതിനു വേണ്ടിയുള്ള നോമിനേഷൻ ഉടൻ തന്നെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ മാധ്യമങ്ങൾ വഴിയായി അറിയിക്കുന്നതായിരിക്കും.  മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത.  മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വന്തമായും മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷനുകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഉടൻതന്നെ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസിഡണ്ട് രാജു പള്ളത്ത്, ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ് എന്നിവർ അറിയിച്ചു.

മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

ആർ ശ്രീകണ്ഠൻ നായർ, എന്‍ പി രാജേന്ദ്രന്‍, ഡി വിജയമോഹന്‍, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍ വി.ബി. പരമേശ്വരൻ, ആർ, രാജഗോപാൽ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമര്തന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: രാജു പള്ളത്ത് 732-429-9529, അനിൽ ആറൻമുള 713-882-7272, ജയൻ ജോസഫ് 215-744-7242 www.indiapressclub.org 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക