
ലോസ് ഏഞ്ജലസ് മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന സിറ്റി കൗൺസിലർ നിത്യാ രാമനു വേണ്ടി ധനസമാഹരണം നടത്തിയ ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം സജീവമായി പങ്കെടുത്തു. സമൂഹ നേതാക്കൾ, ബിസിനസുകാർ, പ്രഫഷനലുകൾ, സുഹൃത്തുക്കൾ എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു.
മേയർ കാരൻ ബാസിനു കനത്ത വെല്ലുവിളി ഉയർത്തിയ രാമൻ സർവേകളിൽ മുന്നിട്ടു നിൽക്കയാണ്. ഏറ്റവുമൊടുവിൽ യുസി ബെർക്കിലി ഇൻസ്റ്റിറ്റ്യൂട്ട്, ലോസ് ഏഞ്ജലസ് ടൈംസ് എന്നിവ ചേർന്നു നടത്തിയ പോളിംഗിൽ രാമന് 39%, ബാസിനു 28% എന്നിങ്ങനെയാണ് പിന്തുണ കണ്ടത്.
നഗരം നേരിടുന്ന വെല്ലുവിളികൾ യോഗത്തിൽ ചർച്ചയായി. ബാസിന്റെ ഭരണപരാജയവും രാമൻ മുന്നോട്ടു വയ്ക്കുന്ന പരിഹാരങ്ങളുമാണ് അവർക്കു മുന്നേറ്റം നൽകുന്നത്.
വിനോദ്-ജയ്‌ശ്രീ ജീവരാജ്‌ക, അനിൽ-രേണുക ബദ്‌ലാനി, നവനീത്-ഋതു ചുഗ്, ഡോക്ടർ നിതിൻ നന്ദ, മുൻ മിസ് ഇന്ത്യ മനസ്‌വി മംഗായ് എന്നിവരാണ് ചടങ്ങു നയിച്ചത്.
നഗരാസൂത്രണത്തിൽ വിദഗ്ധയായ രാമൻ തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രണ്ടു മക്കളുടെ അമ്മയായ കുടിയേറ്റക്കാരിയുടെ കുടുംബത്തിനു കേരളത്തിലാണ് വേരുകൾ. 2020ൽ സിറ്റി കൗൺസിലിലേക്കു ജയിച്ച ആദ്യ ഏഷ്യൻ അമേരിക്കനും സൗത്ത് ഏഷ്യനുമാണ് അവർ. 2024ൽ വീണ്ടും ജയിച്ചു.
നഗരത്തിലെ പാർപ്പിട പ്രശ്നത്തെ കുറിച്ചു രാമൻ സംസാരിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുണ്ട്. സുരക്ഷയും ഗതാഗതവും പരിസ്ഥിതിയും മറ്റു വിഷയങ്ങളാണ്.
പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കു രാമൻ മറുപടി നൽകി.
Community comes together for Nithya Raman fundraiser