Image

ഗാന്ധിജയന്തി-ഒരു സ്നേഹഗീതം...(അൻവർ ഷാ ഉമയനല്ലൂർ)

Published on 02 October, 2026
ഗാന്ധിജയന്തി-ഒരു സ്നേഹഗീതം...(അൻവർ ഷാ ഉമയനല്ലൂർ)

ശാന്തിദൂതനായിരുന്ന ഗാന്ധിതൻ സുമസ്മിതം
സാന്ത്വനപ്പുലരിപോലുണർന്നതല്ലെ,യീദിനം
വന്ദനം, മഹാവിശിഷ്ട സുദിനമാണു നിർണ്ണയം
ഭാരതം നുകർന്നിടുദയരമ്യ ജീവിതം.

എളിമതന്നുരമയായ് വളർന്നു പുണ്യ നന്മകൾ
കരളിനേകിയാർദ്രമാം വികാരവർണ്ണ പുലരികൾ
സഹാനുഭൂതിയാർന്ന മാതൃ-
ഹൃദയകാന്തിയാകയാൽ
വിടർന്നുവന്നു മലരുപോലുദയരമ്യ ബാല്യകം.

താതഹൃദയമാർദ്രമായ് നുകർന്നു വന്നയാ,മനം
ചേതനയിൽ ചേർത്തുവച്ചു കാവ്യമാർന്ന സുസ്മിതം
പുസ്തകത്തളിരുകൾത്തെളിച്ചു നൽകി ജീവനം
അർത്ഥപൂർണ്ണ ഹൃത്തുമായുണർന്നുദയ സൂര്യകം.

ഭാരതം നമിച്ചു പോയി, സ്തുത്യമാർന്ന ഹൃത്തടം
നിത്യ ധർമ്മ കർമ്മകാലമൊത്തു ചേർന്നനന്തരം
വൃദ്ധിനേടിയെത്രവേഗ,മത്ഭുത പ്രതിഭയായ്
ശുദ്ധഹൃദയമാർ ദ്രമായുണർത്തി കർമ്മഭാഷകൾ.

വാസനയ്ക്കു ചേർന്നതിന്നടുത്തുണർന്ന മനസ്സുകൾ
വാസരങ്ങൾ പൂർണ്ണമാക്കി സഹന സമരവീഥികൾ
ഗാഥപോലെഴുതിയില്ലെയാർദ്രമാർന്ന ജീവിതം
നമിച്ചിടുന്നുദയമേ,യരുമകൾക്കിതുത്സവം.

സൂര്യശോഭയാർന്ന കാവ്യ-
മെഴുതിടുന്നു പാരിടം
സാദരം നമിച്ചിടു,ന്നഖില ലോക വിസ്മയം
കാലമാണുണർച്ചതൻ കരളുകൾക്കു പ്രേരകം;
കാത്തിരിക്കിൽ നേടുമെന്നുണർത്തിയില്ലെയാ, സ്മിതം?

ഹൃദയവാക്യമായിടട്ടെയുലകിലാകെ, ഗാന്ധിസം
സദയമോർത്തുണർന്നു കൊൾക-
യാദ്യ സമരജീവിതം
മഹിതകാലമേകി,പിന്നെ-
യതിരുമാഞ്ഞ,യാ ദിനം
പുലരിപോലുണർന്നിടുന്നു
ഹൃദയഗാന്ധി തൻപ്രിയം..

ശാന്തമായനുഗ്രഹം ചൊരിഞ്ഞുനിന്ന താരകം
സത്യസ്നേഹഗീതപാടി,യുത്തമസ്സമസ്മിതം
മർത്യലോകമേ, നമിച്ചിടുന്നതില്ലെ ഹൃത്തടം;
ഈ ജയന്തിതന്നെയാണുണർച്ചതൻ ശുഭസ്മിതം....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക