
സാനോസെ: മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അനില ബേബിയുടെ കോടതിയിലെ തുടര്‍നടപടികള്‍ നേരത്തെയാക്കി. നവംബര്‍ 17- ന് നിശ്ചയിച്ചിരുന്ന കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 8 - ലേക്ക് മാറ്റി. ഒക്ടോബര്‍ 8-ന് രാവിലെ 8.30ന് ഡിപ്പാര്‍ട്ട് മെന്റ് 31-ല്‍ ഹോണറബിള്‍ ജോണി സെപെഡ ഗോഗോയുടെ കോടതിയിലാണ് കേസ് പരിഗണിക്കുക.
പ്രതിഭാഗം അഭിഭാഷകന്‍ ഷോണ്‍ എം. ജോര്‍ജ്, നവംബര്‍ 17-ന് നിശ്ചയിച്ചിരുന്ന കേസ് ഒക്ടോബര്‍ 8-ലേക്ക് മുന്നോട്ടാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അപേക്ഷ നല്‍കുന്നതിന് മുമ്പ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മക്കിയോണുമായി ഇക്കാര്യം അഭിഭാഷകന്‍ ചര്‍ച്ച ചെയ്തിരുന്നു. ഒക്ടോബര്‍ 8-ലേക്ക് ഹിയറിങ് മാറ്റുന്നതില്‍ പ്രോസിക്യൂഷന് എതിര്‍പ്പില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ കോടതിയുടെ പരിഗണനയിലെത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് തുടര്‍ നടപടികള്‍ നേരത്തെയാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അപേക്ഷ പരിഗണിച്ച ജഡ്ജി ജോണി സെപെഡ ഗോഗോ ഒക്ടോബര്‍ 8-ലേക്ക് കേസ് മാറ്റാന്‍ അനുമതി നല്‍കി. ഇതോടെ അനില ബേബിക്കെതിരായ കേസിലെ അടുത്ത പ്രധാന കോടതി നടപടികള്‍ ഒരു മാസത്തിലേറെ നേരത്തെയാകും നടക്കുക.
ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 12.01ഓടെ മില്‍പിറ്റാസിലെ ഡിക്സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രിക്ക് അപ്പാര്‍ട്ട്മെന്റിന് സമീപം വാഹനം ഒരാളെ ഇടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് പാര്‍ക്കിങ് ലോട്ടില്‍ കിടന്ന അഞ്ജന ഹരിയെ രക്ഷപ്പെടുത്താന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും 12.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒരാള്‍ പോലീസിനെ വിളിച്ച് നല്‍കിയ വിവരമാണ് പ്രതിയെ അന്നുതന്നെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.
കാട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിനിയായ അനില ബേബി, തിരുവനന്തപുരത്തെ കേശവദാസപുരം കാക്കനാട് ലെയ് നില്‍ താമസിച്ചിരുന്ന ആന്‍ മേരി മാത്യുവിനെ (40) കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അഞ്ജന ഹരിയെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ സാനോസെയിലും മില്‍പിറ്റാസിലുമായി രണ്ട് ഉറ്റ സുഹൃത്തുക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ഔദ്യോഗികമായി ചുമത്തിയിട്ടുണ്ട്.
ആന്‍ മേരി മാത്യുവിനെ സാനോസെയിലെ വീട്ടില്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ മില്‍പിറ്റാസിലെത്തി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടിലെ ആരോപണം. ഇതിനിടെ, കേസ് നവംബര്‍ 17-ല്‍ നിന്ന് ഒക്ടോബര്‍ 8-ലേക്ക് മാറ്റിയ കോടതി ഉത്തരവ് കേസിന്റെ തുടര്‍നടപടികള്‍ക്ക് കൂടുതല്‍ വേഗം നല്‍കുന്നതാണ്. ഒക്ടോബര്‍ 8-ന് രാവിലെ 8.30ന് ഡിപ്പാര്‍ട്ട്മെന്റ് 31-ല്‍ നടക്കുന്ന ഹിയറിങ്ങിലേക്ക് കേസിലെ തുടര്‍നടപടികള്‍ ഉറ്റുനോക്കുകയാണ്.