
ആരാണ് Gen Z ? എന്താണ് അവരുടെ ലോകം ? അവരിലേക്കെത്താൻ തലമുറകളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കേണ്ടിയിരിക്കുന്നു.
ഗ്രേറ്റസ്റ്റ് ജനറേഷൻ' (Greatest Generation : 1901-1927)
1901 നും 1927 നും ഇടയിൽ ജനിച്ച ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് Greatest Generation. ഈ തലമുറയിൽപ്പെട്ടവർ ചെറുപ്പത്തിൽ തന്നെ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തെ (Great Depression) നേരിടേണ്ടി വന്നു. ആ പ്രതിസന്ധി ഈ തലമുറയെ കഠിനാധ്വാനികളും, മിതവ്യയം പാലിക്കുന്നവരുമാക്കാൻ പഠിപ്പിച്ചു.
ദി സൈലന്റ് ജെനറേഷൻ (The Silent Generation: 1928–1945)
രണ്ടാം ലോകമഹായുദ്ധത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും കാലത്ത് ജനിച്ചവർ. കഠിനാധ്വാനം, പരമ്പരാഗത മൂല്യങ്ങൾ, സ്ഥാപനങ്ങളോടും കുടുംബത്തോടുമുള്ള വിശ്വസ്തത എന്നിവയ്ക്ക് മുൻഗണന നൽകുന്നവരാണ്.
ബേബി ബൂമറുകൾ (Baby Boomers: 1946–1964)
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകമെമ്പാടും ജനനനിരക്കിൽ വലിയ വർദ്ധനവുണ്ടായി (Baby Boom). അതിൽ നിന്നാണ് ഈ പേര് വന്നത്. തൊഴിലിന് വലിയ പ്രാധാന്യം നൽകുന്നവരാണ് (Workaholic nature) ബേബി ബുമേഴ്‌സ്. സമ്പാദ്യത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും വലിയ പ്രാധാന്യം അവർ നൽകുന്നു.
ജെനറേഷൻ X (Gen X: 1965–1980)
കമ്പ്യൂട്ടറുകളുടെയും ഇൻ്റർനെറ്റിന്റെയും ഉത്ഭവകാലത്ത് വളർന്നവർ. സ്വയം പര്യാപ്തതയുള്ളവരും അതേപോലെ മാറ്റങ്ങളോട് എളുപ്പത്തിൽ പൊരുത്തപ്പെടുന്നവരുമാണ്. അനലോഗ് ലോകത്ത് നിന്ന് ഡിജിറ്റൽ ലോകത്തിലേക്കുള്ള ചുവടുവെപ്പ് ഇവർ നേരിട്ട് കണ്ടു.
മില്ലെനിയലുകൾ / Gen Y (Millennials: 1981–1996)
ഇൻ്റർനെറ്റും സോഷ്യൽ മീഡിയയുടെയും വളർച്ചയുടെ കാലത്ത് കൗമാരപ്രായത്തിലെത്തിയവർ. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ അറിയാവുന്ന Tech-savvy വിഭാഗം . ജോലിയിൽ സ്വാതന്ത്ര്യത്തിനും ജീവിതാനുഭവങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു.
ജെനറേഷൻ Z (Gen Z: 1997–2012)
സ്മാർട്ട്‌ഫോണുകളും അതിവേഗ ഇൻ്റർനെറ്റും ഉള്ള ലോകത്ത് മാത്രം ജീവിച്ചു ശീലിച്ച Digital Natives. സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ളവർ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രതയുള്ളവർ, സുതാര്യത ഇഷ്ടപ്പെടുന്നവർ.
ജെനറേഷൻ ആൽഫ (Gen Alpha: 2013–2025)
നിർമ്മിത ബുദ്ധി (AI), സ്മാർട്ട് ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം വളരുന്ന ഏറ്റവും പുതിയ തലമുറ. ചെറുപ്പത്തിലെ തന്നെ ഡിജിറ്റൽ ലോകവുമായി പൂർണ്ണമായി ലയിച്ചു ജീവിക്കുന്നവർ.
നമുക്ക് Gen Z-ൻ്റെ പ്രധാന പ്രത്യേകതകളിലേക്കു ഒന്ന് കണ്ണോടിക്കാം, ആത്മവിശ്വാസവും പ്രസരിപ്പുമുള്ള ശരീരഭാഷയും, തങ്ങളുടെ നിലപാടുകളിൽ വ്യക്തതയുമുള്ള ഒരു തലമുറയാണിത്. അഭിപ്രായങ്ങളും ആവശ്യങ്ങളും തുറന്നുപറയാൻ ഇവർ മടിക്കാറില്ല. വെറും സ്വപ്നങ്ങൾക്കപ്പുറം യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും പ്രായോഗികമായ വഴികൾ തിരഞ്ഞെടുക്കാനും താല്പര്യപ്പെടുന്നു. പലപ്പോഴും "ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്ഷമയില്ലാത്തവർ" എന്ന വിമർശനം ഇവർ നേരിടാറുണ്ടെങ്കിലും, ലഭ്യമായ വിവരങ്ങളിൽ നിന്ന് വേഗത്തിൽ ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള അപാരമായ multi tasking capacity ഈ തലമുറയ്ക്കുണ്ട്.
അവരെ ഒന്ന് വെറുതെ ശ്രദ്ധിച്ചാൽ അറിയാം , അവർക്കു മാത്രമായി രൂപപ്പെടുത്തിയെടുത്ത ഒരു ഭാഷയുണ്ട് മുഖ്യധാരാ ഭാഷയുമായി അവരുടേതായ ചില പദങ്ങളും, ആശയങ്ങളും,വാചകങ്ങളും ഭംഗിയായി കോർത്തിണക്കിയാണ് അവർ സംസാരിക്കുന്നതും ആശയങ്ങൾ കൈമാറുന്നതും . ജെൻ-സി ഭാഷ ഒരു രാജ്യത്തിന്റെയോ ഒരു സമൂഹത്തിന്റെയോ പരിധിയിൽ ഒതുങ്ങുന്നില്ല. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, സിനിമ, സംഗീതം, ഗെയിമിംഗ്, പോപ്പ് സംസ്കാരം എന്നിവയുടെ സ്വാധീനത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ആശയവിനിമയരീതിയായി അത് വളർന്നിട്ടുണ്ട്.
Instagram, TikTok, YouTube, X തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ഈ ഭാഷയെ വളർത്തിയെടുത്തത് എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ജെൻ-സി ഭാഷയുടെ പ്രധാന സവിശേഷത അതിന്റെ അതിർത്തികളില്ലാത്ത സ്വഭാവമാണ്. ഒരു രാജ്യത്ത് രൂപപ്പെടുന്ന ഒരു തമാശ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോകമെമ്പാടും പ്രചരിക്കുന്നു. ഓരോ രാജ്യത്തെയും യുവാക്കൾ തങ്ങളുടെ ഭാഷയ്ക്കും സാമൂഹികസാഹചര്യത്തിനും അനുസരിച്ച് മാറ്റിയെടുക്കുന്നു. കൊറിയൻ സംഗീതം, ജാപ്പനീസ് ആനിമെഷൻ , അമേരിക്കൻ സിനിമകൾ, അറബ് സോഷ്യൽ മീഡിയ ട്രെൻഡുകൾ, എന്തിന് നമ്മുടെ സിനിമാ ഡയലോഗുകൾ തുടങ്ങിയവയിലൂടെയെല്ലാം യുവാക്കൾ തങ്ങളുടെ ഭാഷയെ രൂപപെടുത്തിയെടുക്കുന്നു.
ഭാഷ ഒരു സമൂഹത്തിന്റെ ആശയവിനിമയോപാധി മാത്രമല്ല; ഓരോ കാലഘട്ടത്തിന്റെയും ചിന്തകളും വികാരങ്ങളും, ജീവിതരീതികളും രേഖപ്പെടുത്തുന്ന സാംസ്‌കാരിക തലം കൂടിയാണ്. ഓരോ തലമുറയും ഭാഷയെ തങ്ങളുടെ അനുഭവങ്ങൾക്കനുസരിച്ച് മാറ്റുകയും പുതുക്കുകയും ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇന്ന് മലയാളഭാഷയിൽ മാത്രമല്ല ലോകത്തെവിടെയും പ്രകടമായി കാണുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് ജെൻ-സി കാലഘട്ടത്തിൽ ജനിച്ചുവളർന്ന പുതുതലമുറയുടെ ഭാഷാശൈലി. സോഷ്യൽ മീഡിയ, ഡിജിറ്റൽ സാങ്കേതികവിദ്യ, ആഗോളസംസ്‌കാരം എന്നിവയുടെ സ്വാധീനത്തിൽ വളർന്ന ഈ ഭാഷയുടെ സ്വാധീനം മലയാളസാഹിത്യത്തിലും പ്രകടമാണ്.
ജെൻ-സി ഭാഷയുടെ പ്രധാന സവിശേഷത അതിന്റെ വേഗതയും ലാളിത്യവുമാണ് പറഞ്ഞുവല്ലോ . നീണ്ട വിശദീകരണങ്ങൾക്കുപകരം ചുരുങ്ങിയ വാക്കുകൾ, ഇമോജികൾ, ഇംഗ്ലീഷ് കലർന്ന പ്രയോഗങ്ങൾ, ഇന്റർനെറ്റ് സ്ലാങ്ങുകൾ എന്നിവയിലൂടെയാണ് പുതുതലമുറ കുടുതലും ആശയവിനിമയം നടത്തുന്നത്. ഉദാഹരണമായി അവരൊക്ക സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളാണ് ഡാർക്ക് , “സീൻ”, “വൈബ്”, “ക്രിഞ്ച്”, “ബ്രോ”, ഈ വാക്കുകൾ എല്ലാം തന്നെ ഇന്ന് നമ്മുടെ ഇടയിലെ സംഭാഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവയൊന്നും മലയാള പദങ്ങളല്ല ,പക്ഷെ ഒരു തലമുറയുടെ മാനസികാവസ്ഥയെയും സാമൂഹികാനുഭവങ്ങളെയും വളരെ വേഗത്തിൽ അവതരിപ്പിക്കണമെങ്കിൽ ഈ ഭാഷയെ തന്നെ പിന്തുടരണം. ഈയിടെ മലയാളത്തിൽ കേട്ട ഒരു വാക്ക് -പൂക്കി , അതു കൊറിയൻ ഭാഷയിൽ നിന്ന് വന്നതാണ്, മുഖ്യമന്ത്രി വി ഡി സതീശനുമായി ബന്ധപെടുത്തിയപ്പോൾ മാത്രമാണ് അതിന്റെ ശരിയായ അർത്ഥം മലയാളിക്ക് മനസിലായത് ..അതേപോലെ മറ്റൊരു വാക്കാണ് --തൂക്കി "പള്ളിപ്പെരുന്നാൾ ഇത്തവണ സ്ത്രീകൾ തൂക്കി ..." എന്നൊരു വാർത്ത കണ്ടാൽ എന്താ തോന്നുക, ഒരുപക്ഷെ ഒരു വികലഭാഷയാണെന്ന് തോന്നുമെങ്കിലും ... മറ്റാരേക്കാളും മുന്നിലായി അല്ലെങ്കിൽ മറ്റാരുടെയും സഹായമില്ലാതെ സ്ത്രീകൾ തന്നെ സ്വന്തമായി പെരുന്നാൾ നടത്തി എന്നാണ് അതിന്റെ ജൻസി പൊരുൾ. ഒരു സിനിമ കണ്ടു "ചിരിച്ചു മരിച്ചു" എന്ന് പറയാറില്ലേ, ആ പ്രയോഗത്തിന്റെ നെഗറ്റീവ് സൈഡ് ആണ് "സിരിച്ചു ചത്തു ..". എന്നത്. എഴുതുവാൻ മടിയുള്ളതുകൊണ്ട് ഈ പ്രയോഗം ഒരു കറുത്ത തലയോട്ടിയുടെ ഇമോജി ആയിട്ടായിരിക്കും മിക്കവാറും ജെൻസികൾ രേഖപെടുത്തടുക.
ഇതേപോലെ നിരവധി വാക്കുകൾ ഉണ്ട് SUICIDE എന്നെഴുതിയാൽ പല സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും കരിമ്പട്ടികയിൽ പെടുത്തും, അത് മറികടക്കാനുള്ള വാക്കാണ് UNALIVE. PORN സൈറ്റിന് CORN സൈറ്റ് ആണ് മറുവാക്ക് . COOKED എന്ന വാക്ക് കേട്ടാൽ ഏറെ സന്തോഷമാണ് തോന്നുക, നല്ല വിഭവം എന്തങ്കിലുമായിരിക്കും cook ചെയ്തത് എന്ന് വിചാരിച്ചാൽ തെറ്റി. ആകെ തകർന്നു മുന്നോട്ട് ജീവിതമില്ല... എന്നാണ് അതിന്റെ ഭാഷ്യം. ഇനി GHOST എന്ന് ഏതെങ്കിലും ജെൻസി പറയുന്നത് കേട്ടാൽ ഭയപ്പെടരുത്...! ഇന്നുമുതൽ സകല ബന്ധവും അവസാനിപ്പിച്ചിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം.
നമ്മൾ സ്ഥിരം ചോദിക്കുന്നതും അല്ലെങ്കിൽ കേൾക്കുന്നതുമായ ഒരു സംഭാഷണം ..."മാഷെ ജീവിതം എങ്ങനെ പോകുന്നു ...?" ഈ ചോദ്യത്തിന് മിക്കവാറും നമ്മുടെ ഉത്തരങ്ങളിൽ ഒരു പാരഗ്രാഫിൽ നിറക്കാനുള്ള വാക്കുകൾ ഉണ്ടാകും ..പരിദേവനങ്ങളുടെയും പരിഭവങ്ങളുടേയുമൊക്കെ എടുത്താൽ പൊങ്ങാത്ത ഭാരം ഉണ്ടാകും ...പക്ഷെ ഒരു genz യോട് ചോദിച്ചുനോക്ക്, "How things are going ? " "ഓ ബ്രോ ജസ്റ്റ് ലൈക് മൈ ബാങ്ക് സ്റ്റേറ്റ്മെന്റ് ....ലോ ബാലൻസ് ...." ആ ഉത്തരത്തിൽ എല്ലാം ഉണ്ട്. ഇതേ അവസ്ഥ തന്നെയാണ് സാഹിത്യമേഖലയിലും. സാഹിത്യം എന്നത് ജീവിതത്തിന്റെ പ്രതിഫലനമാണെന്നാണല്ലോ പറയുന്നത് അപ്പോൾ, പുതുതലമുറയുടെ ഭാഷയും സാഹിത്യത്തിൽ കടന്നുകൂടുന്നത് സ്വാഭാവികമാണ്. ഇന്നത്തെ യുവജനങ്ങളുടെ ജീവിതം മൊബൈൽഫോണുകൾ, സോഷ്യൽ മീഡിയ, ഓൺലൈൻ സൗഹൃദങ്ങൾ, ഡിജിറ്റൽ പ്രണയം, മാനസികാരോഗ്യസംവാദങ്ങൾ, തൊഴിൽഅനിശ്ചിതത്വം, തിരിച്ചറിവിന്റെ സംഘർഷങ്ങൾ എന്നിവയുമായി ചേർന്നുനിൽക്കുന്നു.
ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഉണ്ടായ യുവാക്കളുടെ പ്രതികരണങ്ങൾ, "പാറ്റ വിപ്ലവം" എന്ന് പറഞ്ഞു എഴുതിത്തള്ളാൻ കഴിയുകയില്ല . അവരുടെ സമര രീതികൾ തന്നെ വ്യത്യസ്തമായിരുന്നു...കലഹരണപ്പെട്ട പഴഞ്ചൻ വിപ്ലവ ചരിത്രത്തെ പരമ്പരാഗവഴിയിൽ ഉപേക്ഷിച്ചു അവർ അവരുടേതായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. അതെ പോലെ ഭാഷയിലെ പരമ്പരാഗത രീതികളെ പിന്തള്ളി പുതിയവയെ അവർ ഉൾക്കൊള്ളുന്നു. ചില കഥകളും കവിതകളും വായിക്കുമ്പോൾ തന്നെ മനസ്സിലാകും പാരമ്പരഗത രീതിയെക്കാൾ അനുഭവങ്ങളുടെ സ്വാഭാവികതക്കു കൂടുതൽ ഊർജം നൽകുന്നത് genz ഭാഷക്കാണെന്ന് , ജെൻ-സി ഭാഷ ഉപയോഗിക്കുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും കൂടുതൽ യാഥാർഥ്യബോധത്തോടെ വായനക്കാരനിലേക്കെത്തുന്നു എന്ന് തോന്നാറുണ്ട്
ഇന്നത്തെ ചെറുപ്പക്കാർ ദൈനംദിന ജീവിതത്തിൽ സംസാരിക്കുന്നത് ഇംഗ്ലീഷും മലയാളവും പ്രാദേശിക പ്രയോഗങ്ങളും കലർന്ന (Code-mixing) രീതിയിലാണ്.അതുകൊണ്ടു തന്നെ കഥകൾക്ക് ജീവൻ ലഭിക്കുവാൻ അല്ലെങ്കലിൽ അവർക്ക് വായിക്കുവാനുള്ള സാഹചര്യം ഒരുക്കുവാൻ അവരുടേതായ വാക്കുകൾ മനഃപൂർവം ഉള്പെടുത്താറുണ്ട്, ഉദാഹരണം നേരത്തെ പറഞ്ഞ വാക്കുകൾ .. സീൻ , വള്ളി , വൈബ് , ഡാർക്ക് തുടങ്ങിയ പ്രയോഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ കഥാപാത്രങ്ങൾക്ക് കൂടുതൽ സ്വാഭാവികതയും ജീവസ്സുറ്റ അനുഭവവും ലഭിക്കുന്നു.
കഥകളിലും നോവലുകളിലും സംഭാഷണങ്ങൾക്ക് ജീവൻ നൽകുന്നതിൽ ഈ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ കോളേജ് വിദ്യാർഥിയോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോ പഴയകാല സാഹിത്യഭാഷയിൽ സംസാരിച്ചാൽ അത് വളരെ കൃത്രിമമായി തോന്നാം. കഥാപാത്രം ജീവിക്കുന്ന കാലത്തിന്റെയും സാമൂഹികപശ്ചാത്തലത്തിന്റെയും ഭാഷയാണ് സംസാരിക്കേണ്ടത്. അതുകൊണ്ടുതന്നെ ജെൻ-സി ഭാഷയുടെ ഉപയോഗം ഒരു സാഹിത്യകൃതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു.
കവിതയുടെ കാര്യത്തിലും ജെൻ-സി ഭാഷ പുതിയ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുന്നു. ഇൻസ്റ്റഗ്രാം കവിതകൾ, ചെറുകവിതകൾ, മൈക്രോ ഫിക്ഷൻ, ഡിജിറ്റൽ ഡയറിക്കുറിപ്പുകൾ എന്നിവ പുതുതലമുറയിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. കുറച്ച് വരികളിലൂടെ ശക്തമായൊരു വികാരം കൈമാറുക എന്നതാണ് ഇവയുടെ പ്രത്യേകത. പരമ്പരാഗത വഴികളുടെ സങ്കീർണമായ അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ, ദൈനംദിനജീവിതത്തിലെ ലളിതമായ വാക്കുകളിലൂടെ അനുഭവങ്ങളെ അവതരിപ്പിക്കാൻ പുതുതലമുറ ശ്രമിക്കുന്നു. ഇതുവഴി കവിത കൂടുതൽ ജനകീയവും എളുപ്പത്തിൽ സമീപിക്കാവുന്നതുമായിത്തീരുന്നു.
മുൻകാലങ്ങളിൽ ഒരു പുതിയ വാക്ക് സാഹിത്യത്തിന്റെ ഭാഗമാകാൻ പതിറ്റാണ്ടുകൾ എടുത്തിരുന്നു. എന്നാൽ ഇന്ന് ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സ്വാധീനത്താൽ മാസങ്ങൾക്കുള്ളിൽ പുതിയ വാക്കുകൾ വരികയും പഴയവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.ജെൻ സി ഭാഷയെ കേവലം താൽക്കാലികമായ ഒരു ഫാഷനായി തള്ളിക്കളയുന്നില്ല. മറിച്ച്, ഇന്റർനെറ്റ് യുഗത്തിലെ മനുഷ്യന്റെ വ്യക്തിത്വത്തെയും ആശയവിനിമയത്തിലെ പുതിയ മാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന സർഗ്ഗാത്മകതയുടെ മാർഗ്ഗങ്ങളായി സ്വീകരിച്ചിരിക്കുന്നു.
ജെൻ-സി ഭാഷ സാഹിത്യത്തിന്റെ വായനാവൃത്തവും വികസിപ്പിക്കുന്നു. സാഹിത്യം തങ്ങൾക്ക് അകലെയുള്ളതോ ബുദ്ധിമുട്ടുള്ളതോ ആണെന്ന് കരുതുന്ന യുവാക്കളെ അവരുടെ സ്വന്തം ഭാഷയിലൂടെ സാഹിത്യത്തിലേക്ക് ആകർഷിക്കാൻ കഴിയും. സോഷ്യൽ മീഡിയ പോസ്റ്റുകൾ, ബ്ലോഗുകൾ, വെബ് സീരീസ് തിരക്കഥകൾ, പോഡ്കാസ്റ്റുകൾ, ഓൺലൈൻ മാസികകൾ എന്നിവയിലൂടെ പുതിയ എഴുത്തുകാരും വായനക്കാരും രൂപപ്പെടുന്നു. പലപ്പോഴും സാഹിത്യം അച്ചടിച്ച പുസ്തകങ്ങളിൽ നിന്നും ഡിജിറ്റൽ രൂപങ്ങളിലൂടെ വളരുമ്പോൾ genz ഭാഷക്ക് പ്രാധാന്യം കൂടിവരുന്നു.
ഇന്റർനെറ്റ് സ്ലാങ്ങിൽ എഴുതപ്പെട്ട സാഹിത്യകൃതികൾ
ഹോണർ ലെവിയുടെ 'മൈ ഫസ്റ്റ് ബുക്ക്' (My First Book - Honor Levy): ഒരു ജെൻ സി എഴുത്തുകാരി രചിച്ച ചെറുകഥാ സമാഹാരമാണിത്. സോഷ്യൽ മീഡിയ സംസ്കാരം, ഇന്റർനെറ്റ് ഭാഷ, മീമുകൾ (Memes) എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്ന തലമുറയുടെ ചിന്തകളെയും മാനസികാവസ്ഥയെയും ഈ പുസ്തകം ചിത്രീകരിക്കുന്നു.
യൂജീൻ ലിമ്മിന്റെ 'സെർച്ച് ഹിസ്റ്ററി' (Search History - Eugene Lim): ചാറ്റ് ലോഗുകൾ, ഓൺലൈൻ സ്ട്രീമുകൾ, ഡിജിറ്റൽ ലോകത്തെ തിരച്ചിലുകൾ എന്നിവ ഉൾപ്പെടുത്തി രചിച്ച വേറിട്ടൊരു നോവലാണിത്.
പ്രശസ്തമായ ക്ലാസിക് സാഹിത്യ കൃതിയെ തമാശ രൂപത്തിലും ലളിതമായും ഇന്നത്തെ തലമുറയുടെ ഭാഷയിലേക്ക് മാറ്റി എഴുതിയ പുസ്തകമാണ് രോമിയോ ആൻഡ് ജൂലിയറ്റ്: ജെൻ സി എഡിഷൻ (Romeo and Juliet: Gen Z Edition): ഷേക്സ്പിയറിന്റെ പ്രശസ്തമായ പ്രണയകാവ്യത്തെ ആധുനിക ഇന്റർനെറ്റ് പദങ്ങൾ ഉപയോഗിച്ച് മാറ്റി എഴുതിയ പതിപ്പാണിത്.
ഇനി മലയാളത്തിലേക്ക് തിരിഞ്ഞാൽ അധികം പുസ്തകങ്ങൾ ഈ വിഭാഗത്തിൽ കടന്നുകൂടിയിട്ടില്ല എന്ന് കാണാം, എങ്കിലും ജെൻസിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊർജ്ജവും നർമ്മവും കലർന്ന ഭാഷയിൽ ആവിഷ്കരിച്ച നോവലാണ് വിനോയ് തോമസിന്റെ "ആകാശവിസ്മയം".
ജെൻ-സി ഭാഷയുടെ അമിതമായ ഉപയോഗത്തെക്കുറിച്ച് ആശങ്കകളും നിലനിൽക്കുന്നു. ഇംഗ്ലീഷ് പദങ്ങളുടെ അതിരുകടന്ന ഉപയോഗം മലയാളത്തിന്റെ തനിമയെ ദുർബലപ്പെടുത്തുമോ എന്ന ചോദ്യം പ്രസക്തമാണ്. ചുരുക്കെഴുത്തുകളും സ്ലാങ്ങുകളും സ്ഥിരമായി ഉപയോഗിക്കുന്നത് ഭാഷയുടെ സമ്പന്നമായ പദസമ്പത്ത് നഷ്ടപ്പെടുത്തുമെന്ന ഭയവും ഉണ്ട്. എന്നാൽ ഭാഷാമാറ്റത്തെ പൂർണമായി എതിർക്കുന്നതിനു പകരം അതിനെ വിവേകത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. പുതിയ പദങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം മലയാളത്തിന്റെ സൗന്ദര്യവും വ്യാകരണശുദ്ധിയും സംരക്ഷിക്കപ്പെടണം.
ഒരു ഭാഷ ജീവിച്ചിരിക്കുന്നതിന്റെ അടയാളമാണ് അതിന്റെ മാറ്റം. മലയാളം ചരിത്രത്തിലുടനീളം സംസ്കൃതം, തമിഴ്, അറബി, പോർച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽനിന്ന് നിരവധി പദങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് പുതുതലമുറ കൊണ്ടുവരുന്ന മാറ്റങ്ങളെ ഭാഷയുടെ തകർച്ചയായി മാത്രം കാണേണ്ടതില്ല. മറിച്ച്, മലയാളത്തിന്റെ തുടർച്ചയായ പരിണാമത്തിന്റെ ഭാഗമായാണ് അവയെ വിലയിരുത്തേണ്ടത്.
ജെൻ-സി ഭാഷയുടെ ഏറ്റവും വലിയ പ്രസക്തി അതിന്റെ സത്യസന്ധതയിലാണ്. ഔപചാരികതയുടെ മറകൾ നീക്കി വ്യക്തികളുടെ മാനസികാവസ്ഥകളും ആശങ്കകളും പ്രതിഷേധങ്ങളും തമാശകളും നേരിട്ട് അവതരിപ്പിക്കാൻ ഈ ഭാഷയ്ക്ക് കഴിയും. മാനസികാരോഗ്യം, ലിംഗസമത്വം, വ്യക്തിസ്വാതന്ത്ര്യം, സാമൂഹികനീതി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെ തുറന്നുപറയുന്നതിലും പുതുതലമുറയുടെ ഭാഷ നിർണായക പങ്കുവഹിക്കുന്നു.
ജെൻ-സി ഭാഷയെ മലയാളസാഹിത്യത്തിന്റെ എതിരാളിയായി കാണേണ്ട ആവശ്യമില്ല, പകരം പുതിയൊരു സൃഷ്ടിപരമായ സാധ്യതയായി കാണണം. പാരമ്പര്യത്തിന്റെ ആഴവും പുതുതലമുറയുടെ വേഗതയും കൂട്ടിച്ചേർക്കുമ്പോഴാണ് സമകാലിക മലയാളസാഹിത്യം കൂടുതൽ ശക്തമാകുന്നത്. പഴയ വാക്കുകളുടെ സൗന്ദര്യവും പുതിയ പ്രയോഗങ്ങളുടെ ഊർജവും ഒരുമിക്കുന്നിടത്ത് മലയാളഭാഷയ്ക്ക് പുതിയ ഭാവിയും പുതിയ വായനക്കാരും ലഭിക്കും.
മലയാളസാഹിത്യം കാലത്തിനൊപ്പം സഞ്ചരിക്കണമെങ്കിൽ ഓരോ തലമുറയുടെയും ശബ്ദത്തെ ഉൾക്കൊള്ളേണ്ടതുണ്ട്. ഇന്നത്തെ യുവതലമുറയുടെ ചിരിയും പ്രതിഷേധവും പ്രണയവും ആശയക്കുഴപ്പവും പ്രതീക്ഷയും രേഖപ്പെടുത്തുന്ന ജെൻ-സി ഭാഷ, നാളെയുടെ സാഹിത്യചരിത്രത്തിലെ പ്രധാനപ്പെട്ടൊരു സാംസ്‌കാരിക അടയാളമായി മാറിയേക്കാം...!