Image

എത്യോപ്യയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഗുജറാത്തികൾ ഇന്ത്യയിൽ തിരിച്ചെത്തി; മോചനത്തിന് ആവശ്യപ്പെട്ടത് ഒരു കോടി രൂപ

Published on 01 October, 2026
എത്യോപ്യയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഗുജറാത്തികൾ ഇന്ത്യയിൽ തിരിച്ചെത്തി; മോചനത്തിന് ആവശ്യപ്പെട്ടത് ഒരു കോടി രൂപ

മെഹ്‌സാന: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റ മാർഗമായ ‘ഡങ്കി റൂട്ട്’ വഴി യാത്ര ചെയ്യുന്നതിനിടെ എത്യോപ്യയിൽ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന മൂന്ന് ഗുജറാത്ത് സ്വദേശികൾ ഇന്ത്യയിൽ തിരിച്ചെത്തി.റിത്വിക് ജൻസാരി, മംമത ചാവ്ദ, മയൂരി എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നിന് മുംബൈ വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രാദേശിക അധികാരികളുടെയും ഇടപെടലിനെ തുടർന്നാണ് ഇവരുടെ മടക്കയാത്ര സാധ്യമായതെന്ന് പോലീസ് അറിയിച്ചു. ഇവർ സ്വന്തം നാടായ മെഹ്‌സാനയിലേക്ക് തിരിച്ചു.

സെപ്റ്റംബർ 20നാണ് മൂന്ന് പേരും ഗുജറാത്തിൽനിന്ന് യാത്ര തിരിച്ചത്. അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാർക്ക് ലക്ഷക്കണക്കിന് രൂപ നൽകിയിരുന്നതായാണ് വിവരം. ജയ്പൂർ, അബുദാബി വഴി എത്യോപ്യയിലെത്തിയ ഇവരുമായി സെപ്റ്റംബർ 22നുശേഷം കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മംമതയുടെ പിതാവ് കിരിത് ചൗഹാൻ ലാംഗ്നജ് പോലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിക്കൊണ്ടുപോയവർ ‘ബാബാ ഖാൻ നെറ്റ്‌വർക്കുമായി’ ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചനയെന്ന് ലാംഗ്നജ് പോലീസ് ഇൻസ്പെക്ടർ അങ്കുഷ് ഗെഹ്‌ലോട്ട് പറഞ്ഞു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂവരുടെയും അമേരിക്കൻ യാത്രയ്ക്കായി ഒരാൾക്ക് 75 ലക്ഷം രൂപ വീതമാണ് നിശ്ചയിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. നേരത്തെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത് ഒരാൾക്ക് ഏകദേശം 70 ലക്ഷം രൂപ നൽകിയെന്നാണ്.

മംമതയുടെ ഭർത്താവ് ചിരാഗ്കുമാർ ആറുമാസം മുമ്പ് സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയിരുന്നു. മംമത ആറുതവണ അമേരിക്കൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടർന്നാണ് അനധികൃത മാർഗത്തിലൂടെ അമേരിക്കയിലെത്തിക്കാൻ ഇടനിലക്കാരെ സമീപിച്ചതെന്നാണ് പരാതി.

ജിതുഭായ് എന്നയാളിലൂടെയാണ് കുടുംബം ആദ്യം ഏജന്റുമാരെ സമീപിച്ചത്. ഇയാൾ മെഹ്‌സാന സ്വദേശിയായ ഏജന്റ് അൽപേഷ് പട്ടേലുമായി ബന്ധപ്പെടുത്തി. തുടർന്ന് അൽപേഷ് വഡോദര സ്വദേശിയായ ഭാർഗവ് പട്ടേലുമായി ഇവരെ പരിചയപ്പെടുത്തി.

എത്യോപ്യയിലെത്തിയശേഷം ‘ഖാൻ’ എന്ന് പരിചയപ്പെടുത്തിയ ഒരാൾ കുടുംബത്തെ വിളിച്ച് മൂവരുടെയും മോചനത്തിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടതായാണ് പരാതി. റുത്വിക്കിന്റെ മുത്തച്ഛൻ കനുഭായ് ജൻസാരിയുടെ വെളിപ്പെടുത്തൽ പ്രകാരം, ഇവരെ തടവിലാക്കിയശേഷം 60 ലക്ഷം രൂപ നൽകിയെങ്കിലും ഒരു കോടി രൂപയെന്ന ആവശ്യത്തിൽനിന്ന് തട്ടിക്കൊണ്ടുപോയവർ പിന്മാറിയില്ല. തുടർന്ന് കുടുംബങ്ങൾ സർക്കാർ ഇടപെടൽ തേടുകയായിരുന്നു.

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമങ്ങൾക്കിടെ ഗുജറാത്ത് സ്വദേശികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. 2022 ജനുവരിയിൽ ഗാന്ധിനഗർ ജില്ലയിലെ ഡിങ്കുച ഗ്രാമത്തിൽനിന്നുള്ള നാലംഗ കുടുംബം കാനഡയിൽനിന്ന് അമേരിക്കയിലേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അതിശൈത്യത്തിൽ മരിച്ചിരുന്നു. 2023ൽ സമാനമായ ശ്രമത്തിനിടെ സെന്റ് ലോറൻസ് നദിയിൽ വീണ് മെഹ്‌സാന സ്വദേശികളായ ഒരു കുടുംബം മുങ്ങിമരിച്ചു. 2025 മേയിൽ മെക്സിക്കോയിൽനിന്ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച മെഹ്‌സാന കുടുംബം ഉൾപ്പെട്ട ബോട്ട് കാലിഫോർണിയ തീരത്ത് മറിഞ്ഞിരുന്നു.

മൂവരുടെയും തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യ ആവശ്യം, യാത്ര ക്രമീകരിച്ച ഏജന്റുമാരുടെ പങ്ക് എന്നിവയിൽ പോലീസ് അന്വേഷണം തുടരുകയാണ്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക