
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളിലായി നീളുന്ന കഥാപരിസരം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന അൻപതു വർഷങ്ങളിലായി വികസിക്കുന്ന കഥാതന്തു. പലപ്പോഴായി മിന്നിമറഞ്ഞുപോകുന്ന ഏകദേശം നാലു ഡസനോളം കഥാപാത്രങ്ങൾ. ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയ സംഘർഷങ്ങളും ഭരണമാറ്റങ്ങളും ഒരേസമയം ചർച്ചയാകുന്ന ഒരു ബൃഹദ് നോവൽ, അഫ്ഗാൻ-അമേരിക്കൻ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവലായ 'ദി കൈറ്റ് റണ്ണർ' (The Kite Runner) എന്ന കൃതിയെ ഇങ്ങനെ അടയാളപ്പെടുത്താം.
2003-ലാണ് ഈ നോവൽ പുറത്തിറങ്ങിയതെങ്കിലും, നിർഭാഗ്യവശാൽ എന്റെ വായനാലോകത്തേക്ക് ഇത് കടന്നുവരുന്നത് ഈ വർഷമാണ്. 'നിർഭാഗ്യവശാൽ' എന്ന് ഇവിടെ ആലങ്കാരികമായി പറഞ്ഞതല്ല. കാരണം, ഈ വായന അതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചുമുള്ള എല്ലാ മുൻവിധികളെയും ലോകവീക്ഷണങ്ങളെയും തകിടം മറിച്ചുകളഞ്ഞു; സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെ തികച്ചും പുതുമയുള്ള ഒരു കണ്ണിലൂടെ നോക്കിക്കാണാൻ പ്രേരിപ്പിച്ചു.
കാബൂളിലെ വസന്തവും തകർന്ന വന്യതയും
അമീർ ജാൻ എന്ന സമ്പന്ന പഷ്തൂൺ വംശജനായ കുട്ടിയും, അവന്റെ വേലക്കാരന്റെ മകനായ ഹസൻ എന്ന ഹസാര ബാലനും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ വികസിക്കുന്നത്. അവരുടെ കുട്ടിക്കാലത്ത് അഫ്ഗാനിൽ രാജവാഴ്ചയായിരുന്നു. കാബൂളിലെ തെരുവുകളിലും നഗരങ്ങളിലും സ്വാതന്ത്ര്യവും പ്രകാശവും നിറഞ്ഞാടിയിരുന്ന കാലം. ശീതകാലത്ത് കാബൂളിലും പരിസരപ്രദേശങ്ങളിലും നടന്നിരുന്ന പട്ടംപറത്തൽ മത്സരങ്ങളും, മത്സരത്തിനിടയിൽ നൂലറ്റു വീഴുന്ന പട്ടത്തിന്റെ ദിക്കറിഞ്ഞ് അത് സ്വന്തമാക്കാനായി ഓടുന്ന കുട്ടികളും (Kite Runners) അക്കാലത്തെ സജീവമായ കാഴ്ചകളായിരുന്നു. പാറ്റൺ ടാങ്കുകൾ ഉരുളുന്നതിന് മുൻപ് അഫ്ഗാന്റെ തെരുവുകൾ എത്രമാത്രം ആഘോഷഭരിതമായിരുന്നുവെന്ന് നോവലിന്റെ ആദ്യപകുതി നമുക്ക് കാണിച്ചുതരുന്നു. ഹസന് അമീറിനോടുണ്ടായിരുന്ന നിരുപാധികമായ സ്നേഹത്തിന്റെ ആഴം നോവലിലെ ഈ പ്രശസ്തമായ വരികളിൽ ദർശിക്കാം:
"നിനക്കുവേണ്ടി, ആയിരം തവണയെങ്കിലും ഞാൻ ആ പട്ടത്തിന് പുറകെ ഓടും..." (For you, a thousand times over...)
പുറത്തു കേൾക്കുന്ന വെടിയൊച്ചകളെയും ഇരമ്പിയകലുന്ന ടാങ്കുകളുടെ ശബ്ദത്തെയും പശ്ചാത്തലമാക്കിക്കൊണ്ടാണ് അഫ്ഗാനിൽ രാജവാഴ്ച അവസാനിക്കുന്നതും രാജ്യം റിപ്പബ്ലിക് ആകുന്നതുമായ ആഖ്യാനങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നത്. അതിൽ നോവലിസ്റ്റ് കൊണ്ടുവരുന്ന വിരോധാഭാസം (Irony) ഏറെ ശ്രദ്ധേയമാണ്. 'അഫ്ഗാനിസ്ഥാൻ ഇപ്പോൾ രാജവാഴ്ചയിൽ നിന്ന് മുക്തമായി ഒരു റിപ്പബ്ലിക് ആയിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള മുദ്രാവാക്യങ്ങൾ എങ്ങും മുഴങ്ങിക്കേൾക്കുന്നു.' എന്നതായിരുന്നു പ്രഖ്യാപനം. എന്നാൽ കാര്യങ്ങൾ ആ വഴിക്കല്ല നീങ്ങിയത്. അഫ്ഗാൻ മണ്ണിൽ പിന്നീട് നടന്ന റഷ്യൻ അധിനിവേശം ആ ദേശത്തെ വീണ്ടുമൊരു ദാരുണമായ യുദ്ധത്തിലേക്ക് തള്ളിവിട്ടു.
തുടർന്ന് അമീറിന്റെ കുടുംബം അവിടെനിന്നും പലായനം ചെയ്ത് പാകിസ്ഥാനിലെ പെഷവാറിലും അവിടെനിന്ന് അമേരിക്കയിലും അഭയം തേടുന്നു. എന്നാൽ ഹസൻ അപ്പോഴും അഫ്ഗാനിൽത്തന്നെ തുടരുകയാണ്. ഹസൻ മാത്രമല്ല, വിധിക്കു വിധേയരായി കഴിയേണ്ടിവരുന്ന ഒട്ടനവധി സാധാരണക്കാർ മറ്റെങ്ങും പോകാൻ കഴിയാതെ ആ യുദ്ധഭൂമിയിൽ ശേഷിക്കുന്നുണ്ട്. നോവലിന്റെ ആദ്യ പകുതി മനോഹരമായ ഒരു വായനാനുഭവം സമ്മാനിക്കുമ്പോൾ, രണ്ടാം പകുതി കുറച്ചുകൂടി നാടകീയത നിറഞ്ഞ ഒരു ഘടനയിലേക്ക് മാറുന്നുണ്ട്.
ആ നാടകീയ മുഹൂർത്തങ്ങൾക്കിടയിലാണ്, വർഷങ്ങൾക്ക് ശേഷം ഹസൻ തന്റെ അർധസഹോദരൻ (Half-brother) ആണെന്ന സത്യം അമീർ തിരിച്ചറിയുന്നത്. ഹസാര ഗോത്രവിഭാഗക്കാർക്കെതിരെ അഫ്ഗാനിൽ നടന്ന ക്രൂരമായ വംശീയ ആക്രമണങ്ങളിലൊന്നിൽ ഹസനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഒടുവിൽ, അനാഥനായിപ്പോയ ഹസന്റെ മകൻ സോഹ്റാബിനെ തേടി അമീർ കാബൂളിൽ എത്തുന്നതും, ഒരു താലിബാൻകാരൻ അടിമയാക്കി വെച്ചിരുന്ന അവനെ സാഹസികമായി രക്ഷപെടുത്തി അമേരിക്കയിൽ എത്തിക്കുന്നതുമായാണ് നോവൽ അവസാനിക്കുന്നത്. സംഭവബഹുലമായ ഈ കഥാപരിസരത്തിലൂടെ രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ നിരവധി വിഷയങ്ങൾ ഹൊസൈൻ ചർച്ച ചെയ്യുന്നുണ്ട്.
വംശീയതയും ഗോത്ര അസ്തിത്വവും
മധ്യേഷ്യയിൽ ചിന്നിച്ചിതറിക്കിടക്കുന്ന ഒട്ടനവധി ഗോത്രങ്ങളും അവരുടെ തനതായ സംസ്കാരങ്ങളും നിലവിലുണ്ട്. ഇവരിൽ ഭൂരിഭാഗവും ഒരു കാലത്ത് നാടോടികളായ ഇടയന്മാർ (Nomadic pastoralists) ആയിരുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് അവർ ഓരോ സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചുകൊണ്ടേയിരുന്നു. കന്നുകാലികൾക്കും മെച്ചപ്പെട്ട പുൽമേടുകൾക്കും വേണ്ടിയുള്ള ഇവരുടെ നിരന്തരമായ പോരാട്ടങ്ങളിൽ നിന്നാണ് ഈ ഗോത്രസംസ്കാരങ്ങൾ ആവിർഭവിച്ചിട്ടുള്ളത്.
എ.ഡി. പത്താം നൂറ്റാണ്ടിനു ശേഷം അറേബ്യയിൽ സംഭവിച്ച ഇസ്ലാമിക മുന്നേറ്റങ്ങളും ഖലീഫമാരുടെ ഭരണവും ഈ പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു ഏകീകൃത ഭരണം കൊണ്ടുവരാൻ സഹായിച്ചു. ഒരൊറ്റ മതത്താലും ഏകദൈവ വിശ്വാസത്താലും ആചാരങ്ങളെ ഒരു പരിധിവരെ ചിട്ടപ്പെടുത്താൻ സാധിച്ചെങ്കിലും, ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുപോരുന്ന ഗോത്രസംസ്കാരങ്ങളും അവ തമ്മിലുള്ള ആഭ്യന്തര സംഘട്ടനങ്ങളും പൂർണ്ണമായി അവസാനിച്ചില്ല. നോവലിൽ ഉടനീളം ഈ വംശീയ വൈരത്തിന്റെ നേർക്കാഴ്ചകൾ നമുക്ക് വായിച്ചെടുക്കാം.
അഫ്ഗാനിലെ പ്രബല വിഭാഗം പഷ്തൂണുകളാണ്. എണ്ണത്തിൽ മാത്രമല്ല, അഫ്ഗാന്റെ സാമ്പത്തിക-അധികാര മേഖലകളിലും അവർക്കാണ് മേൽക്കൈ. അമീറിന്റെ കുടുംബം ഈ വിഭാഗത്തിൽപ്പെട്ടവരും സുന്നി വിശ്വാസികളുമാണ്. നേരെമറിച്ച് ഹസനിലേക്ക് വന്നാൽ, അവനും പിതാവായ അലിയും ഹസാര ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്; അവർ ഷിയാ പാരമ്പര്യം പിന്തുടരുന്നവരുമാണ്. അവർ ഭൂരിഭാഗവും ദരിദ്രരും മറ്റ് പ്രബല ഗോത്രങ്ങളുടെ നിരന്തരമായ വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നവരുമാണ്. ഈ സാംസ്കാരിക വൈരുധ്യങ്ങളും, ഒടുവിൽ താലിബാന്റെ ഭരണകാലത്ത് ഹസാരകൾക്ക് അനുഭവിക്കേണ്ടിവരുന്ന വംശഹത്യയുടെ ദുരന്തങ്ങളും നോവലിൽ കൃത്യമായി പരാമർശവിധേയമാകുന്നുണ്ട്.
ശീതയുദ്ധവും അതിന്റെ പ്രത്യാഘാതങ്ങളും
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്ത് അരങ്ങേറിയ ശീതയുദ്ധത്തിൽ (Cold War), സോവിയറ്റ്-അമേരിക്കൻ ശക്തികളുടെ പരസ്യമായ പരീക്ഷണശാലയായി മാറിയത് മധ്യേഷ്യയാണ്; പ്രത്യേകിച്ചും അഫ്ഗാനിസ്ഥാൻ. ഒരർത്ഥത്തിൽ സോവിയറ്റ് യൂണിയന്റെ 'വിയറ്റ്നാം' (Vietnam) ആയി മാറുകയായിരുന്നു അഫ്ഗാൻ. 1979-ൽ ആരംഭിച്ച സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശവും പത്തു വർഷത്തോളം നീണ്ടുനിന്ന ചോരപ്പുഴയും ഒടുവിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് വരെ ആക്കം കൂട്ടി എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.
ശീതസമരത്തിന്റെ തുടക്കം മുതൽ അമേരിക്ക ഉൾപ്പെടുന്ന പാശ്ചാത്യശക്തികളും സോവിയറ്റ് യൂണിയനും അഫ്ഗാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ കനത്ത ഇടപെടലുകൾ നടത്തി. അവിടുത്തെ പ്രാദേശിക ഗോത്രവിഭാഗങ്ങൾക്കും മുജാഹിദീൻ ഗ്രൂപ്പുകൾക്കും ആയുധങ്ങൾ വാരിക്കോരി നൽകി അവരെ സായുധരാക്കി മാറ്റി. ഒടുവിൽ ശീതയുദ്ധം അവസാനിച്ചിട്ടും, അന്ന് വിതയ്ക്കപ്പെട്ട ആയുധങ്ങൾ അഫ്ഗാൻ മണ്ണിൽ ഇന്നും സമാധാനം പുലരാൻ അനുവദിക്കാത്ത വിധം കലുഷിതമായി തുടരുകയാണ്. നോവലിലെ ഒരു വാചകം ഈ ദുരന്തത്തെ വ്യക്തമാക്കുന്നുണ്ട്:
"അഫ്ഗാനിസ്ഥാനിൽ ഒട്ടനവധി കുട്ടികളുണ്ട്, എന്നാൽ അവിടെ ബാല്യം നഷ്ടപ്പെട്ടിരിക്കുന്നു." (There are a lot of children in Afghanistan, but little childhood.)
ഇരകളാക്കപ്പെടുന്ന ജനത (Vulnerable Communities)
യുദ്ധങ്ങളിലും കെടുതികളിലും പെട്ട്, രക്ഷപെടാൻ ഒരിടവുമില്ലാതെ സ്വന്തം മാതൃഭൂമിയിൽത്തന്നെ ഇരകളായി ഒടുങ്ങേണ്ടിവരുന്ന മനുഷ്യരുടെ നേർച്ചിത്രമാണ് ഈ നോവൽ. അമീർ താരതമ്യേന ഉയർന്ന, സമ്പന്ന വിഭാഗത്തിൽപ്പെട്ടവനായതുകൊണ്ട് സാഹസികമായിട്ടാണെങ്കിലും രാജ്യം വിടാനും അമേരിക്കയിലേക്ക് കുടിയേറാനും അയാൾക്ക് സാധിക്കുന്നു. എന്നാൽ ഹസനും കുടുംബവും അതേ യുദ്ധഭൂമിയിൽ തുടരാൻ നിർബന്ധിതരാകുന്നു; ഒടുവിൽ ഹസൻ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നു.
ഇരുപത് വർഷങ്ങൾക്ക് ശേഷം തിരികെ അഫ്ഗാനിസ്ഥാനിൽ എത്തുന്ന അമീർ കാണുന്നത് യുദ്ധം ബാക്കിവെച്ച നാശനഷ്ടങ്ങളാണ്. ബോംബാക്രമണത്തിൽ തകർന്നുപോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിത്യവൃത്തിക്കായി അലയുന്ന ദരിദ്രരായ മനുഷ്യരെ കണ്ട് അമീറിന് പതിവായി വരാറുള്ള 'കാർ സിക്നസ്' (Car sickness) അനുഭവപ്പെടുകയും വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി ഛർദ്ദിക്കുകയും ചെയ്യുന്ന ഒരു ആഖ്യാനമുണ്ട്. ആ ഛർദ്ദി യഥാർത്ഥത്തിൽ ഒരു ശാരീരിക അസ്വസ്ഥത മാത്രമല്ല, മറിച്ച് താൻ ഉപേക്ഷിച്ചുപോയ ജന്മദേശത്തിന്റെ ദാരുണമായ അവസ്ഥ കണ്ടപ്പോഴുണ്ടായ മാനസികാഘാതത്തിന്റെ പ്രതിഫലനം കൂടിയാണ്. കഴിഞ്ഞകാല തെറ്റുകൾ തിരുത്താൻ വൈകിയ വേളയിലും അമീർ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്:
"ഭൂതകാലത്തെ കുഴിച്ചുമൂടാൻ കഴിയുമെന്ന് ആളുകൾ പറയുന്നത് തെറ്റാണ്. കാരണം അത് എങ്ങനെയെങ്കിലും അതിന്റെ വഴി വെട്ടിത്തുറന്ന് പുറത്തുവരും." (It’s wrong what they say about the past, I’ve learned, about how you can bury it. Because the past claws its way out.)
ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവലാണെങ്കിൽക്കൂടിയും, ചരിത്രത്തിന്റെ ശക്തമായ പശ്ചാത്തലവും ഉദ്വേഗഭരിതമായ പ്ലോട്ടുകളും കൊണ്ട് വായനക്കാരനെ ഉലച്ചുകളയുന്ന ഒരു മികച്ച സാഹിത്യസൃഷ്ടിയാണ് 'ദി കൈറ്റ് റണ്ണർ'. ഈ നോവൽ ഉയർത്തുന്ന രാഷ്ട്രീയ-മനുഷ്യാവകാശ ചോദ്യങ്ങൾ ഇന്നും പ്രസക്തമായി തുടരുന്നു.
Rajesh AR