
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിപരമായ വിവരങ്ങളാണെന്നും വിവരാവകാശ നിയമപ്രകാരം അവ പുറത്തുവിടാനാകില്ലെന്നും ഗുജറാത്ത് ഹൈക്കോടതി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ തേടി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയും കോടതി തള്ളി.
സിഐസിയുടെ 2016ലെ ഉത്തരവ് റദ്ദാക്കിയതും വിവരാവകാശ നിയമ (RTI) വ്യവസ്ഥകൾ ദുരുപയോഗം ചെയ്‌തുവെന്നും നിസാരമായ സമീപനം സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടി കെജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ഡി. എൻ. റേ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.
പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വ്യക്തിപരമായ വിവരമാണെന്ന കാരണത്താൽ മാത്രം അത് സ്വമേധയാ ‘പൊതുതാൽപര്യം’ അല്ലെങ്കിൽ ‘വിപുലമായ പൊതുതാൽപര്യം’ എന്ന പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(e), 8(1)(j) പ്രകാരം ഫിഡ്യൂഷറി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളും ചില സാഹചര്യങ്ങളിൽ പുറത്തുവിടുന്നതിൽ നിന്ന് നിയമപരമായ ഇളവുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനകം പൊതുസഞ്ചയത്തിലുണ്ടെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിരീക്ഷണത്തിനും വിവരാവകാശ നിയമപ്രകാരമുള്ള ബാധ്യതകൾ പരിഗണിക്കുന്നതിൽ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.