
പാരീസ് ഫാഷന്‍ വീക്കില്‍ ലോറിയല്‍ പാരീസിന്റെ ലീഡ് അംബാസിഡറായി വീണ്ടും കളം നിറഞ്ഞ് ഐശ്വര്യ റായ്. കറുത്ത കോര്‍സെറ്റ് വെല്‍വെറ്റ് ഗൗണില്‍ റോയല്‍ ലുക്കിലെത്തിയ താരത്തിന്റെ കാറ്റ്വാക്കും ശൈലിയും ലോകവേദിയുടെ ശ്രദ്ധ പിടിച്ചുപറ്റി. സിറിയന്‍ ബ്രാന്‍ഡായ യാര ഷൂമേക്കര്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരം വേദിയിലെത്തിയത്.
എന്നാല്‍ ഫാഷന്‍ ഷോയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ ഐശ്വര്യയ്ക്കെതിരെ കടുത്ത ബോഡി ഷെയ്മിംഗ് വിമര്‍ശനങ്ങളും ഉയര്‍ന്നു.
ശരീരഭാരം നിയന്ത്രിക്കുന്നില്ലെന്നും, സൗന്ദര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെ മറ്റു നടിമാരെ കണ്ടുപഠിക്കണമെന്നും മോശം കമന്റുകള്‍ ഉയര്‍ന്നു.
നടി, ശില്‍പ്പ ഷെട്ടിയെ കണ്ടുപഠിക്കണമെന്നും വിമര്‍ശകര്‍ പറയുന്നു. ഐശ്വര്യ സ്‌റ്റൈലിസ്റ്റിനെ മാറ്റണമെന്നും മുന്‍ വര്‍ഷങ്ങളിലെ ഫാഷന്‍ വീക്കിനേതിന് സമാനമായാണ് ഇത്തവണയും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. ഇത്തരം കവര്‍ അപ് ഗൗണുകള്‍ ശരീരഭാരം മറയ്ക്കാനാണ് ഐശ്വര്യ തിരഞ്ഞെടുക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
അതേസമയം, ഇത്തരം നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വലിയൊരു വിഭാഗം ആരാധകര്‍ ശക്തമായ പിന്തുണയുമായി രംഗത്തെത്തി. അന്‍പത് കഴിഞ്ഞ ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ വിമര്‍ശിക്കുന്നത് തെറ്റാണെന്നും, ശരീരം എങ്ങനെ സൂക്ഷിക്കണം എന്നത് പൂര്‍ണ്ണമായും ഐശ്വര്യയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ആരാധകര്‍ വ്യക്തമാക്കി. ആഗോള വേദികളില്‍ ഇന്ത്യയുടെ അഭിമാനമായ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയെത്തിയത്.