Image

ആവേശം സിനിമയില്‍ ഞാന്‍ ഇട്ട ഗോള്‍ഡ് നസ്രിയയുടേതാണ്, അവളുടെ അമ്പാനാണ് ഞാന്‍; ഫഹദ് ഫാസില്‍

Published on 01 October, 2026
 ആവേശം സിനിമയില്‍ ഞാന്‍ ഇട്ട ഗോള്‍ഡ് നസ്രിയയുടേതാണ്, അവളുടെ അമ്പാനാണ് ഞാന്‍; ഫഹദ് ഫാസില്‍

 

രംഗണ്ണനും, രംഗണ്ണന്‍ തീര്‍ത്ത ആവേശവും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡിംഗ് ആയ ചിത്രമായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശം. ജിത്തു മാധവന്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നായിരുന്നു നിര്‍മിച്ചിരുന്നത്. നസ്രിയയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഫഹദിന്റെ കഥാപാത്രങ്ങളില്‍ ഒന്നാണ് രംഗണ്ണന്‍ എന്ന് പറയുകയാണ് ഫഹദ്.

പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്. ആവേശത്തില്‍ വെള്ളയും വെള്ളയുമായിരുന്നു രംഗണ്ണന്റെ വേഷം. കഴുത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. ഈ സ്വര്‍ണാഭരണങ്ങള്‍ നസ്രിയയുടേതായിരുന്നു എന്നാണ് ഫഹദ് പറയുന്നത്. വ്യക്തി ജീവിതത്തില്‍ നസ്രിയ രംഗയും താന്‍ അവളുടെ അമ്പാനുമാണെന്നും ഫഹദ് പറയുന്നു.

'ഇത് ആവേശത്തിന്റെ കോസ്റ്റ്യും ട്രയലില്‍ നിന്നുള്ളതാണ്. ആദ്യമായി വെള്ളയും വെള്ളയും ഇട്ടു നോക്കുകയായിരുന്നു. നസ്രിയയുടെ ഗോള്‍ഡ് ആണിത്. അതുകൊണ്ടാണ് അവള്‍ക്കിത് ഏറെ ഇഷ്ടപ്പെട്ടത്. എന്റെ പിന്നില്‍ നില്‍ക്കുന്നത് അമ്പാനാണ്. എന്റെ ജീവിതത്തില്‍ നസ്രിയയാണ് രംഗ, ഞാന്‍ അവളുടെ അമ്പാനാണ്.'' എന്നാണ് ഫഹദ് പറയുന്നത്.

നടന്‍ കമല്‍ ഹാസനെക്കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. ''കമല്‍ സാറിനെ എപ്പോള്‍ കണ്ടാലും മൂന്ന്-നാല് മണിക്കൂര്‍ സംസാരിക്കും. മാലിക് സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സീന്‍ കടലില്‍ വച്ചാണ് നടക്കുന്നത്. എത്ര ചെയ്തിട്ടും ശരിയാകുന്നത്. അപ്പോഴാണ് ഓര്‍മ വന്നത്, ഇതുപോലൊരു ഷോട്ട് നായകനില്‍ ഉണ്ടെന്ന്. അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. ഇതുപോലെ ചെയ്തു നോക്കൂവെന്ന് പറഞ്ഞു തന്നു'' ഫഹദ് പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക