
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലിനെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ കൗൺസിലിന്റെ നാലാമത്തെ അനൗപചാരിക വോട്ടെടുപ്പിലും കോസ്റ്ററിക്കയുടെ റെബേക്ക ഗ്രിൻസ്പാൻ മുന്നിലെത്തി. സെപ്റ്റംബർ 29ന് നടന്ന രഹസ്യ ‘സ്ട്രോ പോളിൽ’ ഗ്രിൻസ്പാന് 10 ‘എൻകറേജ്’, മൂന്ന് ‘ഡിസ്കറേജ്’, രണ്ട് ‘നോ ഒപ്പീനിയൻ’ വോട്ടുകളാണ് ലഭിച്ചതെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗയാനയുടെ മുൻ വിദേശകാര്യ മന്ത്രി കരോളിൻ റോഡ്രിഗ്സ്-ബിർക്കറ്റ് എട്ട് അനുകൂല വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടർന്നു. അർജന്റീനയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റഫയേൽ ഗ്രോസ്സിക്കും എട്ട് ‘എൻകറേജ്’ വോട്ടുകൾ ലഭിച്ചു.
അഞ്ച് സ്ഥിരാംഗങ്ങളായ അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവരുടെ നിലപാടാണ് അന്തിമ ഘട്ടത്തിൽ നിർണായകമാകുക. നിലവിലെ അനൗപചാരിക വോട്ടെടുപ്പിൽ ഏത് വോട്ട് സ്ഥിരാംഗങ്ങളിൽ നിന്നാണെന്ന് വ്യക്തമല്ല. ഔദ്യോഗിക ഫലങ്ങൾ സുരക്ഷാ കൗൺസിൽ പുറത്തുവിട്ടിട്ടില്ല; മാധ്യമങ്ങളിലൂടെയും നയതന്ത്ര വൃത്തങ്ങളിലൂടെയുമാണ് കണക്കുകൾ പുറത്തുവന്നത്.
നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഈ വർഷം അവസാനിക്കും. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 97 പ്രകാരം സുരക്ഷാ കൗൺസിൽ ഒരു സ്ഥാനാർഥിയെ ശുപാർശ ചെയ്യുകയും ജനറൽ അസംബ്ലി നിയമനം അംഗീകരിക്കുകയും വേണം. സുരക്ഷാ കൗൺസിലിൽ കുറഞ്ഞത് ഒൻപത് അനുകൂല വോട്ടുകളും അഞ്ച് സ്ഥിരാംഗങ്ങളിൽ ആരുടെയും എതിർപ്പില്ലാത്തതുമാണ് ഔദ്യോഗിക ശുപാർശയ്ക്ക് ആവശ്യമായത്.
നിലവിൽ ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഗ്രിൻസ്പാനും റോഡ്രിഗ്സ്-ബിർക്കറ്റും ഉൾപ്പെടെ ലാറ്റിൻ അമേരിക്കൻ, കരീബിയൻ മേഖലയിൽ നിന്നുള്ള സ്ഥാനാർഥികൾക്ക് ഇത്തവണ പ്രത്യേക ശ്രദ്ധ ലഭിക്കുന്നുണ്ട്. എൺപത് വർഷത്തിലേറെയായി പുരുഷന്മാർ മാത്രം നയിച്ച യുഎന്നിന് ആദ്യമായി ഒരു വനിതാ സെക്രട്ടറി ജനറലിനെ ലഭിക്കണമെന്ന ആവശ്യം ശക്തമായതും മത്സരത്തിന് പുതിയ പ്രാധാന്യം നൽകുന്നു.
ഉഗാണ്ടയുടെ മുൻ വിദേശകാര്യ മന്ത്രി ഒലാറ ഒട്ടുന്നു, സെനഗൽ മുൻ പ്രസിഡന്റ് മാക്കി സാൽ, ഇക്വഡോറിന്റെ മുൻ വിദേശകാര്യ മന്ത്രി മരിയ ഫെർണാണ്ട എസ്പിനോസ, ഇക്വഡോറിന്റെ മുൻ യുഎസ്-ഫ്രാൻസ് അംബാസഡർ ഇവോൺ എ-ബാക്കി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
അടുത്ത ഘട്ടത്തിൽ സ്ഥിരാംഗങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും വോട്ടുകൾ വേർതിരിച്ച് രേഖപ്പെടുത്തുന്ന ‘കളർ-കോഡഡ്’ ബാലറ്റിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. ഇത് സ്ഥാനാർഥികൾക്ക് സ്ഥിരാംഗങ്ങളുടെ പിന്തുണയുണ്ടോ എന്നതിൽ കൂടുതൽ വ്യക്തത നൽകും.